മുഖപ്രസംഗം: വേരുപടര്‍ത്തുന്ന മയക്കുമരുന്നു മാഫിയ
Wednesday, May 27, 2015 11:42 PM IST
കേരളം മയക്കുമരുന്നു സംഘങ്ങളുടെ താവളമാവുകയാണോ? ചില പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും സിനിമാ പ്രവര്‍ത്തകരുടെയുമൊക്കെ പേരുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടു കേള്‍ക്കുമ്പോള്‍ സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ പടരുന്ന വിഷത്തെക്കുറിച്ച് ഉത്കണ്ഠപ്പെടാതെ വയ്യ. യുവജനങ്ങളെ അത്യന്തം ആപത്കരമായ ലഹരിമരുന്നുകളിലേക്ക് അടുപ്പിക്കുന്ന നിശാപാര്‍ട്ടികള്‍ കൊച്ചി പോലുള്ള നഗരങ്ങളില്‍ അരങ്ങേറുന്നത് അതീവ ഗൌരവത്തോടെ കാണേണ്ട പ്രശ്നമാണ്. ലഹരിമരുന്ന് ഇടപാടുകളുമായി സിനിമാതാരങ്ങള്‍ക്കും മറ്റു വന്‍തോക്കുകള്‍ക്കും ബന്ധമുള്ളതായി കണ്െടത്തിയിരിക്കേ, വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒരു വിപത്തായി ഇതിനെ കണക്കാക്കണം.

ഏതാനും മാസം മുമ്പാണ് ഒരു ന്യൂജനറേഷന്‍ സിനിമാതാരവും ഏതാനും മോഡലുകളും കൊച്ചിയില്‍ മയക്കുമരുന്നു പാര്‍ട്ടിയുടെ പേരില്‍ പിടിയിലായത്. ആ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പൊടിപടലം അടങ്ങും മുമ്പ് ഇതാ മറ്റൊരു മയക്കുമരുന്നുവേട്ടയുടെ കഥകൂടി കൊച്ചിയില്‍നിന്നെത്തുന്നു. ഇത്തവണ നഗരത്തിലെ മുന്തിയ ഹോട്ടലായിരുന്നു രംഗം. നവമാധ്യമങ്ങളിലൂടെ അതിഥികളെ കണ്െടത്തി സംഘടിപ്പിച്ച നിശാപാര്‍ട്ടിയില്‍ പങ്കെടുത്തു റഷ്യന്‍ സംഗീതജ്ഞന്‍ വാസിലി മര്‍ക്കലോവും പോലീസ് പിടിയിലായി. അതിന്റെ തൊട്ടുപിന്നാലെ മറ്റൊരു ന്യൂജനറേഷന്‍ താരവും മയക്കുമരുന്നിന്റെ പേരില്‍ പിടിയിലായിരിക്കുന്നു. ഈ താരം നടത്തിയ വെളിപ്പെടുത്തലുകള്‍ മയക്കുമരുന്നു മാഫിയയുടെ വേരുകള്‍ വളരെ വിസ്തൃതിയില്‍ പടര്‍ന്നിട്ടുണ്െടന്ന സൂചനയാണു നല്‍കുന്നത്.

കഴിഞ്ഞദിവസം പിടികൂടിയ ന്യൂജന്‍ താരത്തില്‍നിന്നു ഹാഷിഷ്, കഞ്ചാവ്, മൂക്കിലൂടെ വലിക്കുന്ന ലഹരിവസ്തു തുടങ്ങിയവ കണ്െടടുത്തുവെന്നാണു റിപ്പോര്‍ട്ട്. ഗോവയില്‍ ഷൂട്ടിംഗ് നടക്കുന്ന ഒരു മലയാള സിനിമയുടെ സെറ്റില്‍നിന്നാണു തനിക്ക് ഇതൊക്കെ കിട്ടിയതെന്നു താരം വെളിപ്പെടുത്തിയത്രേ. സിനിമാ പ്രവര്‍ത്തകരും വന്‍കിട ഹോട്ടലുടമകളും ഉള്‍പ്പെടെയുള്ളവരുടെമേല്‍ സംശയത്തിന്റെ നിഴല്‍ വീഴുന്നുണ്െടങ്കിലും വലിയ സ്വാധീനശക്തിയുള്ള ഒരു മേഖലയാണിതെന്നതിനാല്‍ കേസുകള്‍ എത്ര പുരോഗമിക്കുമെന്നു കണ്ടറിയണം.

സിനിമാരംഗത്തുള്ളവരില്‍ പലര്‍ക്കും നല്ല സാമൂഹ്യ ബന്ധങ്ങളും അധികാരസ്ഥാനങ്ങളില്‍ പിടിപാടും ഉണ്ടാവും. പോലീസിലും അവര്‍ക്കു കൂട്ടാളികളും സഹായികളും കണ്േടക്കാം. ഇത്തരം പല കോണുകളില്‍നിന്നു കിട്ടുന്ന സഹായമാണ് ഇവര്‍ക്ക് ഇവിടെ നിയമത്തെ കബളിപ്പച്ചു ജീവിക്കാനുള്ള അവസരമൊരുക്കുന്നത്. പിടിയിലായ റഷ്യന്‍ സംഗീതജ്ഞന്‍ പോലീസിനോടു പറഞ്ഞത് തന്റെ കൈവശമുണ്ടായിരുന്ന ലഹരിവസ്തു വിദേശത്തു യഥേഷ്ടം ലഭ്യമാണെന്നാണ്. പ്രതികളുടെ കൈവശം കണ്െടത്തിയ ലഹരിവസ്തുവിന്റെ അളവനുസരിച്ചാണ് ഇന്ത്യയില്‍ കേസിന്റെ ഗൌരവം കണക്കാക്കുന്നത്. പിടിച്ചെടുക്കുന്ന ലഹരിവസ്തുവിന്റെ അളവു കുറവാണെങ്കില്‍ ജാമ്യം ലഭിക്കാനും വഴിയൊരുങ്ങും. പോലീസിനെ സ്വാധീനിച്ചു കുറഞ്ഞ അളവു മഹസറില്‍ രേഖപ്പെടുത്തി പ്രതികള്‍ക്കു രക്ഷപ്പെടാന്‍ കഴിഞ്ഞെന്നുവരാം.


പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ സാമ്പത്തികമായും സാമൂഹ്യമായും ഉന്നതരാകാനാണു സാധ്യത. അവരുടെ ലാവണങ്ങളിലേക്കു കടന്നുചെല്ലണമെങ്കില്‍ പോലീസിനും എക്സൈസിനുമൊക്കെ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉറച്ച പിന്തുണ ലഭിക്കേണ്ടതുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ കര്‍ശന നിലപാടു സ്വീകരിക്കുമെന്നതാണു സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഇത്തരം കേസുകളില്‍ കര്‍ശനനിലപാടു സ്വീകരിക്കുകതന്നെ വേണം. ഇപ്പോള്‍ ഇത്തരം കേസുകള്‍ പിടിക്കപ്പെടുന്നതിന്റെ കാരണംതന്നെ ഭരണാധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശക്തമായ പിന്തുണ പോലീസിനു ലഭിക്കുന്നുവെന്നതാവും. എന്നാല്‍, തുടര്‍നടപടികളിലും ഈ കാര്‍ക്കശ്യം ഉണ്ടാവണം.

മയക്കുമരുന്നുമായി ബന്ധപ്പെട്ടു പിടികൂടുന്നവര്‍ക്കു പിന്നിലുള്ള ശക്തികളെ കണ്െടത്തിയെങ്കില്‍ മാത്രമേ ഈ ബിസിനസ് തകര്‍ക്കാന്‍ കഴിയൂ. തലമുറകളെ നാശത്തിലേക്കു തള്ളിവിടുന്ന ഈ വ്യാപാരത്തിന്റെ ഗ്ളാമര്‍ മുഖംമൂടി പിച്ചിച്ചീന്തണം. സിനിമാക്കാരെയും മോഡലുകളെയുമൊക്കെ ഉപയോഗപ്പെടുത്തി ബിസിനസ് വിപുലീകരിക്കുന്നതിനു പിന്നില്‍, വിദേശത്തും മറ്റും കഴിയുന്ന അധോലോക രാജാക്കന്മാരുണ്ടാവാം. അവര്‍ എപ്പോഴും രക്ഷപ്പെടുന്നു. പിടികൂടപ്പെടുന്നവര്‍ ചെറുമീനുകളാണെന്ന ആരോപണം പലപ്പോഴും ഉയരാറുണ്ട്.

സിനിമാ പ്രവര്‍ത്തകരും താരങ്ങളും ഇത്തരം കേസുകളില്‍ പിടികൂടപ്പെടുന്നതു സിനിമാ ലോകത്തിനു മൊത്തത്തില്‍ നാണക്കേടായിട്ടുണ്ട്. സിനിമാ താരങ്ങളുടെയും പ്രവര്‍ത്തകരുടെയും സംഘടനകള്‍ മയക്കുമരുന്നുകള്‍ക്കെതിരേ ഫലപ്രദമായ പ്രചാരണങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും നടത്താന്‍ വൈകരുത്. കൊച്ചിയില്‍ കഴിഞ്ഞദിവസം പിടികൂടപ്പെട്ട ആറുപേര്‍ക്കും കോടതി ജാമ്യം നല്‍കി. പിടിയിലായ റഷ്യന്‍ സംഗീതജ്ഞന്‍ മാര്‍ക്കലോവിന്റെ പാസ്പോര്‍ട്ട് പോലീസ് കണ്ടുകെട്ടിയതിനാല്‍ അദ്ദേഹത്തിനു രാജ്യം വിട്ടുപോകാനാവില്ല. വിദേശികള്‍ ഉള്‍പ്പെടുന്ന തട്ടിപ്പുകേസുകളും മയക്കുമരുന്നു കേസുകളും രാജ്യത്തു വര്‍ധിച്ചുവരുന്നത് ഏറെ ഉത്കണ്ഠയോടെ കാണേണ്ടതുണ്ട്.

മയക്കുമരുന്നു സംഘങ്ങളുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍ അതിശക്തമാണ്. ഇത്തരം സംഘങ്ങള്‍ക്കു ഭരണകൂടങ്ങളെപ്പോലും അസ്ഥിരപ്പെടുത്താന്‍ കഴിഞ്ഞേക്കും. ഭീകരസംഘങ്ങള്‍ പലതിനും പണം ലഭിക്കുന്നതിനുള്ള പ്രധാന വഴികളിലൊന്ന് മയക്കുമരുന്നു വ്യാപാരമാണ്. കൊച്ചിയിലെ മയക്കുമരുന്നുവേട്ട സംസ്ഥാനത്ത് ഈ ഭീകരവസ്തുക്കളുടെ വ്യാപനം ഇനിയുമുണ്ടാകാതിരിക്കാന്‍ പര്യാപ്തമാകണം. രാജ്യത്തിന്റെ സുരക്ഷയും പൌരന്മാരുടെ ക്ഷേമവും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഏറെ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട മേഖലയാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.