ലാന്‍ഡ് ഫോണിനെ രക്ഷിക്കാന്‍ സൌജന്യവുമായി ബിഎസ്എന്‍എല്‍
ലാന്‍ഡ് ഫോണിനെ രക്ഷിക്കാന്‍ സൌജന്യവുമായി ബിഎസ്എന്‍എല്‍
Sunday, April 19, 2015 11:25 PM IST
തിരുവനന്തപുരം: ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ കൂട്ടമായി ഉപയോക്താക്കള്‍ ഉപേക്ഷിക്കുന്നതിനെത്തുടര്‍ന്നു കണക്ഷന്‍ നിലനിര്‍ത്താന്‍ അദ്ഭുതപ്പെടുത്തുന്ന ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. മേയ് ഒന്നു മുതല്‍ ലാന്‍ഡ് ഫോണുകളില്‍നിന്നു രാത്രി ഒന്‍പതിനും രാവിലെ ഏഴിനുമിടയില്‍ രാജ്യത്ത് ഏതു സംസ്ഥാനത്തുള്ള ഏതു നെറ്റുവര്‍ക്കിലേക്കും സൌജന്യമായി ഫോണ്‍ ചെയ്യാം, അതും പരിധിയില്ലാതെ.

ഗ്രാമീണ മേഖലയില്‍നിന്നു വന്‍തോതില്‍ ലാന്‍ഡ് ഫോണുകള്‍ ഉപേക്ഷിക്കുന്ന സ്ഥിതി എത്തിയതോടെയാണ് ഇത്തരമൊരു സൌജന്യം ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുള്ളത്. നിലവിലുള്ള മാസ വാടകയില്‍ ചെറിയ വര്‍ധനയും വരുത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ പ്രതിമാസ വാടക 120ല്‍നിന്നു 140 ആയി ഉയര്‍ത്തി. നഗരമേഖലയിലെ പ്രതിമാസ വാടക 195 രൂപയില്‍നിന്നു 220 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്നു മുതലാണു വാടക നിരക്കില്‍ വര്‍ധന.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ ഉപേക്ഷിക്കുന്നതിന്റെ നിരക്ക് കുറവാണെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം അഭൂതപൂര്‍വം വര്‍ധിക്കുകയാണ്. ഇതില്‍ കൂടുതലും സ്വകാര്യ മൊബൈല്‍ കമ്പനികളുടെ കണക്ഷനുകളാണു സ്വന്തമാക്കുന്നതെന്നുമാണു ബിഎസ്എന്‍എലിന്റെ കണ്െടത്തല്‍. ഗ്രാമീണ മേഖലയില്‍ 540 രൂപയുടെ ഓഫര്‍ എടുത്താല്‍ സമയക്രമീകരണമില്ലാതെ 30 ദിവസവും മുഴുവന്‍ സമയവും അണ്‍ലിമിറ്റഡായി എല്ലാ ബിഎസ്എന്‍എല്‍ ഫോണുകളിലേക്കും വിളിക്കാം. സംസ്ഥാനത്ത് ബിഎസ്എന്‍എലിന് 25 ലക്ഷത്തോളം ലാന്‍ഡ് ഫോണ്‍ കണക്ഷനുകളും 66 ക്ഷം മൊബൈല്‍ കണക്ഷനുകളുമാണുള്ളത്.


ഒരു നെറ്റ്വര്‍ക്കില്‍നിന്നു മറ്റൊരു നെറ്റ്വര്‍ക്കിലേക്കു വിളിക്കുമ്പോള്‍ കമ്പനികള്‍ പരസ്പരം ഇന്റര്‍ യൂസേജ് ചാര്‍ജ് ഈടാക്കിയിരുന്നതു മേയ് ഒന്നുമുതല്‍ ഒഴിവാക്കുന്നതിനെത്തുടര്‍ന്നാണു സൌജന്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ ലാന്‍ഡ് ലൈന്‍ ഉപേക്ഷിക്കുന്നതു തടയാന്‍ ബിഎസ്എന്‍എലിന്റെ പുതിയ ഓഫര്‍ സഹായിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.