കെ.എം. മാണിക്കെതിരേ പി.സി. ജോര്‍ജ് ഹൈക്കോടതിയിലേക്ക്
Saturday, April 18, 2015 12:13 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ പദവി വഹിക്കുന്നയാള്‍ സര്‍ക്കാര്‍ തലത്തില്‍ മന്ത്രി, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ പദവികള്‍ വഹിക്കണമെങ്കില്‍ പാര്‍ട്ടി പദവികള്‍ രാജിവയ്ക്കണമെന്ന പാര്‍ട്ടിയുടെ ഭരണഘടന കെ. എം. മാണി ലംഘിച്ചുവെന്നും ഇതിനെതിരേ ഹൈക്കോടതിയില്‍ തിങ്കളാഴ്ച അഡ്വ. കാളീശ്വരം രാജ് മുഖേന ക്വോ വാറന്റോ ഹര്‍ജി നല്‍കുമെന്നും പിസി ജോര്‍ജ്.

ജോയി ഏബ്രഹാം എംപി 2013 ഫെബ്രുവരി 28ന് കേന്ദ്ര ഇലക്ഷന്‍ കമ്മീഷനു സമര്‍പ്പിച്ച പാര്‍ട്ടി ഭരണഘടനയില്‍ നല്‍കിയ സത്യവാങ്മൂലം മാണി ലംഘിച്ചുവെന്നും ജോര്‍ജ് ആരോപിച്ചു. ഇലക്ഷന്‍ കമ്മീഷനു സമര്‍പ്പിച്ച ഭരണഘടനയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന പേരില്‍ ഒപ്പിട്ടിരിക്കുന്നത് സി.എഫ് തോമസ് എംഎല്‍എയാണ്. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാനായ സി.എഫ് തോമസ് ഒരിക്കലും ജനറല്‍ സെക്രട്ടറി പദം വഹിച്ചിട്ടില്ല.

ഈ നിലയില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിക്കു വേണ്ടി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലും സത്യവിരുദ്ധമായ കാര്യങ്ങളാണ് ഉള്ള തെന്നും ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിവിധ തലങ്ങളിലെ കമ്മിറ്റികളില്‍ മൂന്നു തവണ തുടര്‍ച്ചയായി പങ്കെടുക്കാത്തവര്‍ക്കു അംഗത്വം നഷ്ടപ്പെടുമെന്നാണു പാട്ടിയുടെ ഭരണഘടന പറയുന്നത്. എല്ലാ കമ്മിറ്റിയിലും പങ്കെടുത്തിട്ടുള്ള തന്നെ അയോഗ്യനാക്കുന്നതു പാര്‍ട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണ്. പ്രത്യേക സാഹചര്യത്തില്‍ ചെയര്‍മാന് ഒരംഗത്തിനെതിരേ ശിക്ഷണ നടപടി സ്വീകരിക്കാമെന്നു ഭരണഘടനയില്‍ പറയുന്നുണ്െടങ്കിലും സംസ്ഥാന കമ്മിറ്റി അംഗത്തെയോ ഉയര്‍ന്ന ഭാരവാഹിയെയോ ശിക്ഷണനടപടിക്കു വിധേയനാക്കാന്‍ ചെയര്‍മാന് അധികാരമില്ലെന്നും ഭരണഘടനയില്‍ പറയുന്നുണ്ട്. പുറത്താക്കണമെങ്കില്‍ സംസ്ഥാന കമ്മിറ്റി ചേരണം. ഇന്നേവരെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ചേര്‍ന്നിട്ടില്ലെന്നിരിക്കെ ഇപ്പോഴത്തെ നടപടികള്‍ സാധുവല്ലെന്നു ജോര്‍ജ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.


പാര്‍ട്ടി ചെയര്‍മാന്‍ മന്ത്രിയാകാന്‍ പാടില്ലെന്നു വാദിച്ചാണു കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായ കെഎം ജോര്‍ജിനെ മാറ്റിനിറുത്തി 1975ല്‍ മാണി മന്ത്രിയായത് ഇതേ മാണി സ്വന്തം മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ ഭരണഘടന നിര്‍വീര്യമാക്കിയിരിക്കുന്നു.

കര്‍ഷക പ്രീണന പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കേരള കോണ്‍ഗ്രസ് റബര്‍ വിലത്തകര്‍ച്ചയുടെ നടുവിലും കൃഷിയിട നികുതിയും ഭൂമി ക്രയവിക്രയ നികുതിയും വര്‍ധിപ്പിച്ചു കര്‍ഷകരെ ദ്രോഹിച്ചെ ന്നു ജോര്‍ജ് ആരോപിച്ചു.

രാജ്യസഭാ ഇലക്ഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായ വയലാര്‍ രവി, പിവി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കു വോട്ടു ചെയ്യുമെന്നു ജോര്‍ജ് പറഞ്ഞു. അതേ സമയം രാജ്യസഭാ ഇലക്ഷനില്‍ വിപ്പ് ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.