എംജിയില്‍ ഉത്തരക്കടലാസുകള്‍ തിരികെ നല്‍കും
Thursday, April 2, 2015 2:27 AM IST
കോട്ടയം: എംജി സര്‍വകലാശാലയിലെ പരീക്ഷാ മൂല്യനിര്‍ണയ പ്രക്രിയ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ഉത്തരക്കടലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി തിരികെ നല്‍കാനുള്ള സംവിധാനം നടപ്പിലാക്കുമെന്ന കാര്യം സജീവ പരിഗണനയിലാണെന്നു വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്യന്‍ പറഞ്ഞു. സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ ഇന്നു നടന്ന യുജി, പിജി പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്മാരുടെ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂല്യനിര്‍ണയത്തില്‍ ചില അധ്യാപകരുടെ ഉത്തരവാദിത്വരാഹിത്യം സര്‍വകലാശാലയെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ ഭാവികൊണ്ട് പന്താടുകയാണവര്‍. ഇവര്‍ക്കെതിരേ നിയമപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. അധ്യാപകവൃത്തിയുടെ മഹിമ ഓര്‍മിപ്പിക്കുന്നതും മൂല്യനിര്‍ണയത്തിലെ പിഴവുകള്‍ ഒഴിവാക്കാനും കൃത്യത ഉറപ്പാക്കാനും അഭ്യര്‍ഥിക്കുന്ന ഒരു കത്ത് എല്ലാ അധ്യാപകര്‍ക്കും വൈസ് ചാന്‍സലര്‍ അയയ്ക്കുമെന്നും പറഞ്ഞു.


യോഗത്തില്‍ പ്രൊ.വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. അവസാന വര്‍ഷത്തിലെ മൂല്യനിര്‍ണയം സുഗമമാക്കുവാന്‍ പരീക്ഷകള്‍ ഒഎംആര്‍ സമ്പ്രദായത്തിലാക്കുന്നകാര്യം സജീവമായി പരിഗണിക്കുമെന്ന് ഡോ.ഷീന ഷുക്കൂര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവിക്കു കോട്ടം വരുന്ന രീതിയിലുള്ള പ്രവൃത്തികള്‍ അധ്യാപകരുടെ ഭാഗത്തു നിന്ന് ഉണ്ടാകാതിരിക്കാനുള്ള നിയമ നടപടികള്‍ സ്വീകരിക്കും സിന്‍ഡിക്കേറ്റ് പരീക്ഷാ സമിതി കണ്‍വീനര്‍ ഡോ.എന്‍.ജയകുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.തോമസ് ജോണ്‍ മാമ്പറ, പിആര്‍ഒ ജി.ശ്രീകുമാര്‍, അസിസ്റന്റ് രജിസ്ട്രാര്‍ ഡോ.സി.ജസ്ലറ്റ് ബായി എന്നിവര്‍ പ്രസംഗിച്ചു.

മൂല്യനിര്‍ണയത്തില്‍ വീഴ്ച വരുത്തുന്ന അധ്യാപകര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പരീക്ഷാ ബോര്‍ഡ് അധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടു. 117 പേര്‍ യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.