മലങ്കര കത്തോലിക്കാ സഭയ്ക്കു ലഭിച്ചതു രാജ്യം മുഴുവന്‍ അജപാലനാധികാരം
മലങ്കര കത്തോലിക്കാ സഭയ്ക്കു ലഭിച്ചതു രാജ്യം മുഴുവന്‍ അജപാലനാധികാരം
Friday, March 27, 2015 1:20 AM IST
തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭയ്ക്കു ഡല്‍ഹി ഗുഡ്ഗാവ് കേന്ദ്രമായി പുതിയ രൂപതയും പൂന - കട്ക്കി കേന്ദ്രമായി എക്സാര്‍ക്കേറ്റും സ്ഥാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ കല്പന പുറപ്പെടുവിച്ചതോടെ മലങ്കര സഭാ മക്കള്‍ ആഹ്ളാദത്തിന്റെ നിറവില്‍. മലങ്കര കത്തോലിക്കാ സഭയ്ക്ക് രാജ്യം മുഴുവന്‍ സഭാപരമായ അജപാലനാധികാരം കൂടി ലഭിക്കുന്ന ധന്യനിമിഷമാണിത്.

ഇന്ത്യയിലെ പൌരസ്ത്യ കത്തോലിക്കാ സഭകളില്‍ ആദ്യം ഈ അംഗീകാരം ലഭിക്കുന്നത് മലങ്കര കത്തോലിക്കാ സഭയ്ക്കെന്ന പ്രത്യേകതയുമുണ്ട്. കേരളത്തിന് പുറത്തേക്കു മലങ്കര കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ട ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ജന്മശതാബ്ദി വര്‍ഷത്തിലാണു പുതിയ തീരുമാനമെന്നതും ഏറെ ശ്രദ്ധേയം. ഗുഡ്ഗാവ് രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ ജേക്കബ് മാര്‍ ബര്‍ണബാസ് സഭയുടെ നിലവിലുള്ള അധികാര പരിധിക്കു പുറത്തുള്ള വിശ്വാസികളുടെ അപ്പോസ്തോലിക വിസിറ്ററായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. അതിനിടെയാണു പുതിയ ദൌത്യം.

1955 ഒക്ടോബര്‍ 24നു പൂനെയില്‍ ബഥനി ആശ്രമം ആരംഭിക്കുന്നതോടുകൂടിയാണു കേരളത്തിനു പുറത്തു മലങ്കര കത്തോലിക്കാസഭാ വിശ്വാസികളുടെ രൂപീകരണം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലുള്ള മലങ്കര കത്തോലിക്കാ വിശ്വാസികള്‍ക്കായി ഇടവകകളും സ്ഥപനങ്ങളും നിലവില്‍ വന്നു. ഡല്‍ഹി, ബോംബെ, ചെന്നൈ, ബംഗളൂരു, ഭോപ്പാല്‍, ഭിലായ്, സൂററ്റ്, ബറോഡ തുടങ്ങിയ നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഡല്‍ഹി- ഗുഡ്ഗാവ് രൂപത ബിഷപ്പായി നിയമിതനായ ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ് പത്തനംതിട്ട ജില്ലയില്‍ റാന്നി കരിക്കുളം ഏറത്ത് ഗീവര്‍ഗീസ് - റേച്ചല്‍ ദമ്പതികളുടെ മകനായി 1960 ഡിസംബര്‍ ഏഴിനാണു ജനിച്ചത്.

കരികുളം എല്‍പി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. റാന്നി എസ്സി ഹൈസ്കൂളില്‍ നിന്നു ഹൈസ്കൂള്‍ പഠനവും പൂര്‍ത്തിയാക്കി.

1975ല്‍ ബഥനി ആശ്രമത്തില്‍ ചേര്‍ന്നു. 1986 ല്‍ ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസില്‍ നിന്നു വൈദിക പട്ടം സ്വീകരിച്ചു. ബഥനി ആശ്രമത്തില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ അടക്കം നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു മോറല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടി. 2007-ലാണ് മലങ്കര കത്തോലിക്കാ സഭയുടെ അധികാരപരിധിക്കു പുറത്തുള്ള വിശ്വാസികളുടെ അപ്പസ്തോലിക വിസിറ്ററായി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചത്. മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവായില്‍ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്.

സഭയുടെ വളര്‍ച്ചയക്കായി ഏറെ ശ്രമിക്കുമെന്നും ദൈവത്തിന്റെ വലിയ ഒരു കരുതലും പരിപാലനവുമാണ് ലഭിച്ചിരിക്കുന്നതെന്നും പുതിയ രൂപതയുടെ ബിഷപ്പായി നിയമിതനായ ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ബിഷപ് തോമസ് മാര്‍ അന്തോണിയോസ് സഭാകേന്ദ്രമായ കാതോലിക്കേറ്റ് സെന്ററിന്റെ ചുമതല വഹിക്കുന്ന കുരിയാ ബിഷപ്പാണ്. പൂന - കട്കി എക്സാര്‍ക്കേറ്റ് ബിഷപ്പായി നിയമിതനായ അദ്ദേഹത്തിനു സഭയുടെ കേരളത്തിന്റെ പുറത്തുള്ള വളര്‍ച്ചയ്ക്ക് നിരവധി സംഭാവനകള്‍ ചെയ്യാന്‍ സാധിക്കുമെന്നു പ്രഖ്യാപനച്ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ അടൂര്‍ വലിയവിളയില്‍ കോശി-കുഞ്ഞമ്മ ദമ്പതികളുടെ പുത്രനായി 1955-ല്‍ നവംബര്‍ 25 നാണ് ബിഷപ് തോമസ് മാര്‍ അന്തോണിയോസിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം അടൂരിലും കറ്റാനം പോപ്പ് പയസ് സ്കൂളിലും പൂര്‍ത്തിയാക്കി. ബഥനി ആശ്രമത്തില്‍ 1974 ല്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി. 1980-ല്‍ ഡിസംബര്‍ 27ന് സിറില്‍ മാര്‍ ബസേലിയോസ് കാതോലിക്കാ ബാവാ യില്‍നിന്നു വൈദിക പട്ടം സ്വീകരിച്ചു. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. ബഥനി ആശ്രമത്തിലെ വിവിധ ചുമതലകള്‍ വഹിച്ചു.

ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ നാമകരണ പരിപാടികളുടെ പോസ്റുലേറ്റര്‍ ആണ് . 2010 മാര്‍ച്ച് 13ന് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ യില്‍നിന്നു മെത്രാഭിഷേകം സ്വീകരിച്ചു. പുതിയ സ്ഥാനലബ്ദി പ്രഖ്യാപനം നടന്ന സമയത്തു ബിഷപ് തോമസ് മാര്‍ അന്തോണിയോസ് വിശുദ്ധവാരച്ചടങ്ങുകള്‍ക്കായി ഓസ്ട്രേലിയയിലാണ്.

യാഥാര്‍ഥ്യമാകുന്നതു ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ സ്വപ്നങ്ങള്‍: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് കാതോലിക്കാബാവ

തിരുവനന്തപുരം: പുതിയ രൂപതയുടേയും എക്സാര്‍ക്കേറ്റിന്റെയും പ്രഖ്യാപനത്തോടെ യാഥാര്‍ഥ്യമാകുന്നത് ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ സ്വപ്നങ്ങളാണെന്നു മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ. പുതിയ രൂപതാ പ്രഖ്യാപനത്തോട് അനുബന്ധിച്ചു പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ പ്രംസഗിക്കുകയായിരുന്നു അദ്ദേഹം.


മലങ്കര കത്തോലിക്കാ സഭയുടെ പരിപൂര്‍ണമായ ഭരണസ്വാതന്ത്യ്രവും ഭാരതം മുഴുവന്‍ യേശുവിന്റെ സ്നേഹം പങ്കുവയ്ക്കാനുള്ള അധികാര സ്വാതന്ത്യ്രവും ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ സ്വപ്നമായിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിട്ടുള്ളത്. കേരളത്തിനു പുറത്തു മലങ്കര കത്തോലിക്കാസഭയുടെ ശുശ്രൂഷകള്‍ക്കു തുടക്കം കുറിച്ച ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ജന്മശതാബ്ദി വര്‍ഷത്തിലാണു പുതിയ പ്രഖ്യാപനം വന്നിരിക്കുന്നതെന്നതും ഏറെ ശ്രദ്ധേയമാണ്.

എന്നും സാര്‍വത്രിക സഭാ കൂട്ടായ്മയില്‍ ഒരു സഭയായി വളരാന്‍ ശ്രമിച്ചതിന്റെയും തിരുസിംഹാസനത്തോട് കൂറു പുലര്‍ത്തിയതിന്റെയും ഫലമാണു പുതിയ അംഗീകാരം. ഫ്രാന്‍സിസ് മാര്‍പാപ്പയോടും പൌരസ്ത്യ തിരുസംഘത്തോടും ഇന്ത്യയിലെ മാര്‍പാപ്പയുടെ പ്രതിനിധിയോടും ഭാരതത്തിലെ ലത്തീന്‍ സഭയോടും മലങ്കര കത്തോലിക്കാ സഭയ്ക്ക് എന്നും കടപ്പാട് ഉണ്ടായിരിക്കും. ദീര്‍ഘകാലമായി സഭ ആഗ്രഹിച്ച കാര്യത്തിലാണ് ഇപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനമെടുത്തിരിക്കുന്നതെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ രൂപതകളില്‍ 49 ഇടവകകള്‍

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ പുതിയ രൂപതയുടെ പ്രഖ്യാപനത്തിനു മുന്നോടിയായി ഇന്നലെ വൈകുന്നേരം 4.25നു കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവയും സഭയിലെ മറ്റു മെത്രാപ്പോലീത്താമാരും ഒരുമിച്ച് പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ മദ്ബഹയില്‍ പ്രവേശിച്ചു.

തുടര്‍ന്നു പ്രാരംഭ പ്രാര്‍ഥനകള്‍ക്കുശേഷമാണു നിയമനകല്പന സംബന്ധിച്ച പ്രഖ്യാപനം കാതോലിക്കാബാവ നടത്തിയത്. കര്‍ദിനാളിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്നു സഭാ സുന്നഹദോസ് സെക്രട്ടറി ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് മാര്‍പാപ്പയുടെ കല്പനകള്‍ വായിച്ചു.

ചടങ്ങില്‍ തിരുവനന്തപുരം ല ത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം, ബിഷപ്പുമാരായ ഏബ്രഹാം മാര്‍ യൂലീയോസ്,ജോസഫ് മാര്‍ തോമസ്, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റം, ഫിലിപ്പോസ് മാര്‍ സ്റെഫാനോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സന്നിഹിതരായിരുന്നു.

ഡല്‍ഹി രൂപതയില്‍ 22 ഇടവകകളാണുള്ളത്. കൂടാതെ രണ്ടു കോളജുകളും മൂന്നു ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും രണ്ടു ഹൈസ്കൂളുകളും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ വിവിധ രൂപതകളില്‍ നിന്നും ബഥനി ആശ്രമത്തില്‍ നിന്നുമായി 16 വൈദികരും ബഥനി, മേരിമക്കള്‍, ഹോളി സ്പിരിറ്റ് സമൂഹങ്ങളുടെ 11 കോണ്‍വെന്റുകളിലായി 29 സന്യാസിനികളും സേവനം അനുഷ്ടിച്ചുവരുന്നു.

പൂനെ-കട്ക്കി പുതിയ എക്സാര്‍ക്കേറ്റില്‍ 27 ഇടവകകളിലായി 21 വൈദികരാണു ദൈവശുശ്രൂഷ ചെയ്തുവരുന്നത്.കൂടാതെ നാലു ബഥനി ആശ്രമങ്ങളും 13 കോണ്‍വെന്റുകളും 38 സന്ന്യാസിനികളും പ്രവര്‍ത്തിക്കുന്നു. രണ്ടു കോളജുകളും മൂന്നു ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും നാലു ഹൈസ്കൂളുകളും ഉള്‍പ്പെടെ 18 സ്ഥാപനങ്ങളും ഇതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ഗുഡ്ഗാവ് രൂപത വിശുദ്ധ ജോണ്‍ ക്രിസോസ്റം (മാര്‍ ഈവാനിയോസിന്റെ ഗ്രീക്കുനാമം) ത്തിന്റെ പേരിലും എക്സാര്‍ക്കേറ്റ് സുറിയാനി പിതാവായ വിശുദ്ധ അപ്രേമിന്റെ പേരിലുമാണു സ്ഥാപിതമായിരിക്കുന്നത്. ഡല്‍ഹിയിലെ നേബ്സറായി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി ഗുഡ്ഗാവ് രൂപതയുടെ താത്കാലിക കത്തീഡ്രലാകും. പൂന- കിര്‍ക്കി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി പുതിയ എക്സാര്‍ക്കേറ്റിന്റെ കത്തീഡ്രലാകും.


ഡല്‍ഹിയിലും പ്രഖ്യാപനം

ഗുഡ്ഗാവില്‍ പുതിയ രൂപതയുടെയും പൂന-കിര്‍ക്കി കേന്ദ്രമാക്കി പുതിയ എക്സാര്‍ക്കേറ്റിന്റെയും പ്രഖ്യാപനം ഡല്‍ഹിയിലും നടന്നു. പുതിയ രൂപതയും എക്സാര്‍ക്കേറ്റും പ്രഖ്യാപിച്ചു കൊണ്ടുള്ള മാര്‍പാപ്പയുടെ കല്‍പന ഡല്‍ഹി നെബ്സരായി സെന്റ് മേരീസ് കത്തീഡ്രലില്‍ രൂപത ചാന്‍സലര്‍ ഫാ. വര്‍ഗീസ് മറ്റവന വായിച്ചു. സിബിസിഐ സെന്ററില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയനും മാര്‍പാപ്പായുടെ കല്‍പന വായിച്ചു. ഡല്‍ഹി സെന്റ് മേരീസ് പ്രോ-കത്തീഡ്രലില്‍ നടന്ന പ്രഖ്യാപനത്തില്‍ സിബിസിഐ ടീം കോഡിനേറ്റര്‍ ഫാ. ജോണ്‍ കൊച്ചു തുണ്ടില്‍, ഫാ. സാം പതാക്കല്‍, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ എബ്രഹാം പട്യാനി എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.