മാണിക്കെതിരേ ശിവന്‍കുട്ടിയുടെ പരാതി
Thursday, March 5, 2015 12:35 AM IST
തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിയുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കണമെന്നു വി.ശിവന്‍കുട്ടി എംഎല്‍എ വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കി. അഴിമതി നിരോധന നിയമത്തിലെ 7,13 വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 406, 409, 420 വകുപ്പുകള്‍ പ്രകാരവുമുള്ള കുറ്റകൃതൃങ്ങള്‍ക്കു കേസെടുത്ത് അന്വേഷണം നടത്തണമെന്നാണു ഹര്‍ജിയിലെ ആവശ്യം. അന്വേഷണ ഏജന്‍സികള്‍ മാണിയെ സംരക്ഷിക്കുന്നതിനാലാണു കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനു 1965ല്‍ നല്‍കിയ സ്വത്ത് വിവരത്തില്‍ മാണിക്കും ഭാര്യക്കുമായി 2.58 ഹെക്ടര്‍ ഭൂമി മാത്രമാണ് ഉണ്ടായിരുന്നത്. 2006ലെ കണക്കില്‍ 75,000 രൂപ വിലയുള്ള ഒരു അംബാസഡര്‍ കാറും ഉണ്ടായിരുന്നു. 2011ല്‍ തെരഞ്ഞെടുപ്പില്‍ കമ്മീഷനു നല്‍കിയ കണക്കില്‍ ഏഴു ലക്ഷത്തിന്റെ ഒരു ലാന്‍സര്‍ കാറും 12 ലക്ഷത്തിന്റെ ഒരു ടൊയോട്ട കാറും ഉള്‍പ്പെടെ 2,65,63,350 രൂപയുടെ സ്വത്തുള്ളതായി വെളിപ്പെടുത്തിയിരുന്നു. ഈ കണക്കുകള്‍ പ്രകാരം മാണി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കാണാമെന്നും ശിവന്‍കുട്ടി ആരോപിക്കുന്നു. കോട്ടയം പട്ടണത്തില്‍ 70 സെന്റ് സ്ഥലവും കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന ബഹുനില മന്ദിരവും മാണിയുടെ പേരില്‍ ഉണ്ട്. മാണിക്കെതിരേ നിരവധി അഴിമതി ആരോപണങ്ങള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ധനമന്ത്രിയായിരിക്കവേ കോഴി വിതരണക്കാരായ തോംസണ്‍ ഗ്രൂപ്പിനും ആയുര്‍വേദ കമ്പനിയായ ശ്രീധരീയം ഗ്രൂപ്പിനും വഴിവിട്ടു നികുതി ഇളവ് നല്‍കിയെന്നും മെറ്റല്‍ ക്രഷര്‍ ലോബികളെ സഹായിച്ചതായും ഉത്തരേന്ത്യന്‍ ലോബിയെ സഹായിക്കുന്നതിനായി മൈദയ്ക്കും ഗോതമ്പിനുമുള്ള നികുതി ഒഴിവാക്കിയതായും പല പ്രമുഖര്‍ക്കുമെതിരേയുള്ള റവന്യു റിക്കവറിക്ക് അനധികൃതമായി മന്ത്രി തന്നെ സ്റേ നല്‍കിയതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. നികുതി ഒഴിവാക്കാന്‍ പെട്രോള്‍ പമ്പ് ഉടമകളില്‍നിന്നു മൂന്നു കോടി രൂപ ആവശ്യപ്പെട്ടു, ബേക്കറി ഉടമകളില്‍നിന്നു രണ്ടു കോടി രൂപ ആവശ്യപ്പെട്ടു, ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി ബാര്‍ ഉടമകളില്‍നിന്ന് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടു എന്നിവയാണു ഹര്‍ജിയിലെ ആരോപണങ്ങള്‍. എപ്രില്‍ നാലിനു ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ കേസ് വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.