ട്രെയിന്‍ യാത്രക്കാരിയുടെ ഏഴരപ്പവന്‍ കവര്‍ന്ന പ്രതി പിടിയില്‍
Saturday, February 28, 2015 12:26 AM IST
കണ്ണൂര്‍: തൃശൂര്‍ സ്വദേശിനിയായ ട്രെയിന്‍ യാത്രക്കാരിയുടെ ഏഴരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് കൊള്ളയടിച്ച സംഭവത്തിലെ പ്രതി മുംബൈയില്‍ പിടിയിലായി.

മുംബൈ താനെ സ്വദേശി ലക്ഷ്മി ചന്ദ് വട്ടവാനി (60) ആണു പിടിയിലായത്. പൂന യേര്‍വാഡ ജയിലില്‍ കഴിയുന്ന പ്രതിയെ വിട്ടുകിട്ടാന്‍ കണ്ണൂര്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടുമായി കണ്ണൂര്‍ റെയില്‍വേ പോലീസ് മുംബൈയിലെത്തിയിട്ടുണ്ട്. മറ്റൊരു കേസില്‍ മുംബൈ റെയില്‍വേ പോലീസ് പിടികൂടിയ ലക്ഷ്മി ചന്ദ് വട്ടവാനി മാല കവര്‍ന്ന സംഭവത്തിലും ബന്ധമുണ്െടന്നു പോലീസിനു മൊഴിനല്‍കിയതിനെത്തുടര്‍ന്നു മഹാരാഷ്ട്ര പോലീസ് കേരള പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്നു കണ്ണൂര്‍ ജുഡീഷല്‍ ഒന്നാംക്ളാസ് കോടതിയുടെ (രണ്ട്) പ്രൊഡക്ഷന്‍ വാറണ്ട് ഉത്തരവുമായി കണ്ണൂര്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ എസ്ഐ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യേര്‍വാഡ ജയിലിലെത്തുകയായിരുന്നു.


മുംബൈയില്‍നിന്നു തൃശൂരിലേക്കു ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്ത റിട്ട. ഗവ. ജീവനക്കാരി തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ലില്ലി റാഫേലിന്റെ ഏഴരപ്പവന്‍ സ്വര്‍ണാഭരങ്ങള്‍ അടങ്ങിയ ബാഗാണ് 2014 നവംബര്‍ 11ന് പുലര്‍ച്ചെ മംഗളൂരു സൂറത്ത്കല്ലിനുസമീപം കൊള്ളയടിച്ചത്. കവര്‍ച്ച നടന്ന സ്ഥലം കര്‍ണാടക പോലീസിന്റെ പരിധിയിലായതിനാല്‍ യാത്രക്കാരിയുടെ പരാതി പ്രകാരം കണ്ണൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് നേരത്തെ കര്‍ണാടക പോലീസിനു കൈമാറിയിരുന്നു.

എന്നാല്‍ കര്‍ണാടക പോലീസ് ഫയല്‍ തിരിച്ചയച്ചതിനെത്തുടര്‍ന്നു കേസ് ഇവിടെ തന്നെ അന്വേഷിക്കാന്‍ റെയില്‍വേ എസ്പി വി.സി. മോഹനന്‍ നിര്‍ദേശം നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.