ടി.എന്‍. പ്രതാപന്‍ തീരദേശ യാത്ര നടത്തും
ടി.എന്‍. പ്രതാപന്‍  തീരദേശ യാത്ര നടത്തും
Monday, February 2, 2015 1:24 AM IST
കൊച്ചി: തീരദേശ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളി ദ്രോഹ നടപടികള്‍ക്കും എതിരായി കേരളാപ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തീരദേശയാത്ര സംഘടിപ്പിക്കും.

പിറന്ന മണ്ണില്‍ ജീവിക്കാനായി എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന യാത്ര 15നു കാസര്‍കോഡ് കടപ്പുറത്തു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. കെ.വി. തോമസ് എംപി അധ്യക്ഷത വഹിക്കും. 16നു കാസര്‍കോഡ്, 17നു കണ്ണൂര്‍, 18നു കോഴിക്കോട്, 19നു മലപ്പുറം, 20നു തൃശൂര്‍, 21-22 എറണാകുളം, 22നു കോട്ടയം, 23-24 ആലപ്പുഴ, 25- കൊല്ലം, 26-28 തിരുവനന്തപുരം എന്നിങ്ങനെയാണു യാത്ര കടന്നു പോകുന്നത്. 28നു തിരുവനന്തപുരത്തു നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.

വിവിധ ജില്ലകളിലെ പര്യടനങ്ങളില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം എ.കെ. ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, സംസ്ഥാന മന്ത്രിമാര്‍, എഐസിസി-കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയ നേതാക്കളും ഘടകകക്ഷി നേതാക്കളും പങ്കെടുക്കും.

ഡോ. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുക, തീരദേശ പരിപാലന നിയമത്തിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തുക, മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ സബ്സിഡി നിരക്കില്‍ അനുവദിക്കുക, തീരദേശത്തെ അര്‍ഹരായ മുഴുവന്‍ ജനങ്ങള്‍ക്കും പട്ടയം നല്‍കുക, മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു യാത്ര. പത്രസമ്മേളനത്തില്‍ കെ.വി. തോമസ് എംപി, ടി.എന്‍. പ്രതാപന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.