മാള അന്തരിച്ചു
മാള അന്തരിച്ചു
Thursday, January 29, 2015 12:07 AM IST
സ്വന്തം ലേഖകര്‍

കോയമ്പത്തൂര്‍/തൃശൂര്‍/മാള: മലയാളസിനിമയില്‍ ചിരിയുടെ തിരമാലകളുയര്‍ത്തിയ പ്രശസ്തനടന്‍ മാള അരവിന്ദന്‍ അന്തരിച്ചു. 76 വയസായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 6.20നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.അന്ത്യസമയത്തു ഭാ ര്യ ഗീതയും മക്കളായ കിഷോറും കലയും സമീപ ത്തുണ്ടായിരുന്നു.

മൃതദേഹം സര്‍ക്കാരിന്റെ ഔദ്യോഗികബഹുമതികളോടെ ഇന്നുരാവിലെ എട്ടിനു മാളയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.

ആശുപത്രിയിലെ നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം ബ ന്ധുക്കള്‍ ഏറ്റുവാങ്ങി. ഉച്ചയോടെ റോഡുമാര്‍ഗം മൃതദേഹം ആദ്യം തൃശൂരില്‍ കൊണ്ടുവന്നു കേരള സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്നു മാള പഞ്ചായത്ത് ഹാളിലും പൊതുദര്‍ശനത്തിനുവച്ചശേഷം വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോയി. ഒരാഴ്ച മുമ്പാണു മാള അരവിന്ദനു ഹൃദയാഘാതമുണ്ടായത്. സ്ഥിതി ഗുരുതരമായതിനാല്‍ വിദഗ്ധചികിത്സയ്ക്കായി തൃശൂരില്‍നിന്നു കോവൈ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തോടൊപ്പം ശ്വാസതട സവും അനുഭവപ്പെട്ടിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുറച്ചുദിവസമായി ശ്വാസോച്ഛാസം ചെയ്തിരുന്നത്. കഴിഞ്ഞദിവസം സ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്നു വെന്റിലേറ്ററില്‍നിന്നു മാറ്റിയിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ സ്ഥിതി ഗുരുതരമാകുകയും ഇന്നലെ രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.


അഞ്ഞൂറിലധികം മലയാളസിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എറണാകുളം വടവുകോട്ട് അയ്യപ്പന്റെയും പൊന്നമ്മയുടെയും മൂത്ത മകനായാണ് അരവിന്ദന്‍ ജനിച്ചത്.

ചെറുപ്പകാലത്തു തബലിസ്റായിരുന്ന അരവിന്ദന്‍, നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്കു വരുന്നത്. ആദ്യം നാടകങ്ങളുടെ അണിയറയില്‍ തബലിസ്റായി. അധ്യാപികയായ അമ്മയ്ക്കൊപ്പം മാളയില്‍ വന്നുതാമസമാക്കിയ അരവിന്ദന്‍ പിന്നീടു മാള അരവിന്ദന്‍ എന്ന പേരില്‍ പ്രശസ്തനാവുകയായിരുന്നു.

കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണല്‍ തിയേറ്റേഴ്സ്, നാടകശാല, സൂര്യസോമ എന്നിവയുടെ ഏറെ നാടകങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നാടകനടനുള്ള അവാര്‍ഡും കരസ്ഥമാക്കി. 1968ല്‍ ഡോ. ബാലകൃഷ്ണന്റെ 'സിന്ദൂരം' എന്ന ചിത്രത്തിലൂടെയാണു സിനിമാരംഗത്തെത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.