തങ്ക അങ്കി ഘോഷയാത്ര നാളെ
തങ്ക അങ്കി ഘോഷയാത്ര നാളെ
Monday, December 22, 2014 12:22 AM IST
ആറന്മുള: ശബരിമലയില്‍ മണ്ഡല പൂജയ്ക്കു ചാര്‍ത്താനുള്ള തങ്ക അങ്കിയുമായുള്ള രഥഘോഷയാത്ര നാളെ രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും.

തിരുവിതാംകൂര്‍ മഹാരാജാവ് നടയ്ക്കുവച്ച തങ്ക അങ്കി അലങ്കരിച്ച രഥത്തിലാണു ഘോഷയാത്രയായി പുറപ്പെടുന്നത്. 26നു ശബരമലയില്‍ എത്തിച്ചേരും. അന്നു വൈകുന്നേരം തങ്ക അങ്കി ചാര്‍ത്തിയാണ് ദീപാരാധന. 27നു നടക്കുന്ന മണ്ഡലപൂജയ്ക്കും തങ്ക അങ്കി ചാര്‍ത്തും. നാളെ പുലര്‍ച്ചെ അഞ്ചുമുതല്‍ രാവിലെ ഏഴു വരെ തങ്ക അങ്കി ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വയ്ക്കും.

പ്രത്യേക രഥത്തില്‍ ദേവസ്വം അധികൃതരുടെയും സായുധ പോലീസിന്റെയും അകമ്പടിയോടെയാണ് ഘോഷയാത്ര പുറപ്പെടുന്നത്. കോഴഞ്ചേരി, ഇലന്തൂര്‍, പ്രക്കാനം വഴി നാളെ വൈകുന്നേരം ഓമല്ലൂരില്‍ വിശ്രമിക്കും. 24നു രാവിലെ എട്ടിന് ഓമല്ലൂരില്‍ നിന്നും പുറപ്പെട്ടു പത്തനംതിട്ട, കടമ്മനിട്ട വഴി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തും. 25നു രാവിലെ കോന്നിയില്‍ നിന്നും പുറപ്പെട്ട് മലയാലപ്പുഴ, മണ്ണാരക്കുളഞ്ഞി, റാന്നി, വടശേരിക്കര വഴി പെരുനാട് ക്ഷേത്രത്തിലെത്തി വിശ്രമിക്കും. 26നു രാവിലെ എട്ടിനു പെരുനാട്ടില്‍ നിന്നും പുറപ്പെട്ട് ളാഹ സത്രം, പ്ളാപ്പള്ളി, നിലയ്ക്കല്‍ വഴി ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തും. ഉച്ചകഴിഞ്ഞു അയ്യപ്പസേവാസംഘം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തങ്ക അങ്കി സന്നിധാനത്തേക്കു കൊണ്ടുപോകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.