അഞ്ച് പോസ്റുകള്‍ സൌജന്യമായി നല്‍കും: മന്ത്രി ആര്യാടന്‍ മുഹമ്മദ്
അഞ്ച് പോസ്റുകള്‍ സൌജന്യമായി നല്‍കും: മന്ത്രി ആര്യാടന്‍ മുഹമ്മദ്
Sunday, December 21, 2014 12:19 AM IST
മലപ്പുറം: കാഴ്ചയില്ലാത്ത വ്യക്തികളുടെ വീടുകളില്‍ വൈദ്യുതി ലഭ്യമാക്കാന്‍ സൌജന്യമായി അഞ്ചു പോസ്റുകള്‍വരെ അനുവദിക്കുമെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ളൈന്‍ഡ് ഓഫീസുകള്‍ക്കു വൈദ്യുതി നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കാന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഫെഡറേഷന്റെ 47-ാമത് സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് സി.കെ. അബൂബക്കര്‍ പതാക ഉയര്‍ത്തിയതോടെയാണു ദ്വിദിന സമ്മേളനം ആരംഭിച്ചത്.

പി. ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. ടി.എ. അഹമ്മദ് കബീര്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെംബറും സ്വാഗതസംഘം ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ഉമ്മര്‍ അറയ്ക്കല്‍, എഡിഎം എം.ടി. ജോസഫ്, നെഹ്റു യുവകേന്ദ്ര കോ-ഓര്‍ഡിനേറ്റര്‍ കെ. കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ടി. എന്‍. മുരളീധരന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന കാഴ്ചയില്ലാത്തവരുടെ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിലെ മലയാളി അംഗങ്ങളായ എ. മുഹമ്മദ് ഫര്‍ഹാന്‍, യു.പി. വിഷ്ണു എന്നിവര്‍ക്കു മന്ത്രി ഉപഹാരങ്ങള്‍ നല്‍കി.


ഗൂഗിള്‍ കോഡിംഗ് സംരംഭം വഴി ലിനക്സില്‍ കാഴ്ചയില്ലാത്തവര്‍ക്കുവേണ്ടി രണ്ട് പ്രധാനപ്പെട്ട സോഫ്റ്റ്വെയറുകള്‍ വികസിപ്പിച്ചെടുത്ത നളിന്‍ സത്യനു ചടങ്ങില്‍ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു. മികച്ച ജില്ലാ യൂണിറ്റിനുള്ള പുരസ്കാരം കണ്ണൂര്‍ ജില്ലാ യൂണിറ്റ് ഏറ്റുവാങ്ങി.

സംസ്ഥാനത്തെ അന്ധവിദ്യാലയങ്ങളിലെ മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡുകളും സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.