ജയലക്ഷ്മി: ലതാ മങ്കേഷ്കറെ വിസ്മയിപ്പിച്ചു കേരള വാനമ്പാടി
ജയലക്ഷ്മി: ലതാ മങ്കേഷ്കറെ വിസ്മയിപ്പിച്ചു കേരള വാനമ്പാടി
Sunday, November 23, 2014 11:50 PM IST
ചേര്‍ത്തല: ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കറെ അദ്ഭുതപ്പെടുത്തിയ കേരളത്തിലെ കൊച്ചുഗായികയ്ക്ക് അഭിനന്ദനപ്രവാഹം. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാര്‍ഡ് കളത്തുംവാതുക്കല്‍ ജയകുമാര്‍-പ്രീത ദമ്പതികളുടെ മകള്‍ ജയലക്ഷ്മിയാണ് ലതാ മങ്കേഷ്കറുടെ പ്രശംസ നേടിയത്.

ലതാ മങ്കേഷ്കറുടെ പ്രശസ്ത ഗാനമായ സത്യം ശിവം സുന്ദരം എന്ന പാട്ടാണ് ജയലക്ഷ്മിയെ ശ്രദ്ധേയയാക്കിയത്. ജയലക്ഷ്മി ആലപിച്ച ഗാനം യുടൂബ്,വാട്സ്അപ്പ്,ഫെയ്സ്ബുക്ക് എന്നീ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായി.

ജയലക്ഷ്മിയെ തേടി ഡല്‍ഹിയില്‍ നിന്നും ചാനല്‍ സംഘം നാട്ടിലെത്തി. ചേര്‍ത്തല ഗവ.ഗേള്‍സ് സ്കൂളിലെ ആറാംക്ളാസ് വിദ്യാര്‍ഥിനി ജയലക്ഷ്മി, ലിറ്റില്‍ ലതാ മങ്കേഷ്കര്‍ എന്ന പേരിലാണ് ഉത്തരേന്ത്യയിലെ ചാനലുകളില്‍ ഇപ്പോള്‍ നിറയുന്നത്. ആറുവയസുമുതല്‍ സംഗീതം അഭ്യസിക്കുന്ന ജയലക്ഷ്മി വീട്ടിലിരുന്ന് പാടിയ സത്യം ശിവം സുന്ദരം ഹിന്ദി ഗാനം മാതാവ് പ്രീത മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും ഇത് ഉത്തരേന്ത്യയിലെ പ്രമുഖ ചാനലായ സീടിവി വാര്‍ത്തയാക്കുകയായിരുന്നു.


ലതാ മങ്കേഷ്കര്‍ പാടിയ പാട്ടും ജയലക്ഷ്മി പാടിയ പാട്ടും താരതമ്യപ്പെടുത്തിയാണ് ഇവര്‍ സംപ്രേക്ഷണം ചെയ്തത്. സരസ്വതിദേവിയുടെ കടാക്ഷമെന്നാണ് ചാനലുകാര്‍ വിശേഷിപ്പിച്ചത്.

സീടിവി ചാനല്‍ അധികൃതര്‍ ജയലക്ഷ്മിയുടെ വീട്ടുകാരുമായി ബന്ധപ്പെടുകയും കുടുംബസമേതം ഡല്‍ഹിക്ക് ക്ഷണിക്കുകയും ചെയ്തു. ജയലക്ഷ്മിയുടെ പാട്ട് കേട്ട ലതാമങ്കേഷ്കര്‍ അദ്ഭുതപ്പെട്ടെന്നും കുട്ടിയെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നും ചേര്‍ത്തലയിലെത്തിയ ചാനല്‍ പ്രതിനിധികള്‍ പറഞ്ഞു.

ഇന്നലെ ഉച്ചയോടെ കേരളത്തിലെത്തിയ ചാനലിന്റെ പ്രതിനിധികളോടൊപ്പം ജയലക്ഷ്മിയും മാതാപിതാക്കളും സഹോദരന്‍ അനന്ദകൃഷ്ണനും സംഗീതാധ്യാപകന്‍ മനോജ് കുമാറും ഡല്‍ഹിക്ക് പോയി. സംഗീതലോകത്തെ ഒട്ടേറെ പ്രമുഖരുടെ പ്രശംസ പിടിച്ചുപറ്റിയ കൊച്ചുഗായിക ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ ഗാനാലാപനം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.