മതവിദ്വേഷ പ്രസംഗം: പ്രവീണ്‍ തൊഗാഡിയയ്ക്കെതിരേയുള്ള കേസ് പിന്‍വലിച്ചതിനെച്ചൊല്ലി വിവാദം
Saturday, November 22, 2014 12:07 AM IST
കോഴിക്കോട്: മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ 2003ല്‍ കോഴിക്കോട് മുതലക്കുളത്ത് നടന്ന പൊതുയോഗത്തില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്കെതിരേയെടുത്ത കേസ് പിന്‍വലിച്ചതിനെച്ചൊല്ലി വിവാദം. സ്വകാര്യചാനലാണു പ്രവീണ്‍ തൊഗാഡിയയ്ക്കെതിരായ കേസ് പിന്‍വലിച്ചതായി ആദ്യം വാര്‍ത്ത നല്‍കിയത്. വിഎച്ച്പി നേതാവിനെതിരേയുള്ള കേസ് സംസ്ഥാന ആഭ്യന്തരവകുപ്പ് പിന്‍വലിക്കുന്നുവെന്നു പറഞ്ഞാണു വിവാദം കത്തിപ്പടര്‍ന്നത്. എന്നാല്‍, മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്കെതിരായ കേസ് കോഴിക്കോട് കോടതിയില്‍ നിലവിലില്ലാത്തതാണെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. നിശ്ചിത സമയത്തു കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നു കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി 2014 ഫെബ്രുവരി 28ന് കേസ് തള്ളുകയായിരുന്നു. ഇക്കാര്യം കമ്മീഷണറും അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടറും ശരിവച്ചിട്ടുണ്ട്.

2003ല്‍ കോഴിക്കോട് കസബ പോലീസ് ആണു കേസ് രജിസ്റര്‍ ചെയ്തിരുന്നത്. അതേസമയം കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പിന്നീട് ഉത്തരവിറക്കിയിരുന്നു. ഇതിനെച്ചൊല്ലിയാണു വിവാദമുയര്‍ന്നത്. എന്നാല്‍, കേസ് കോടതി തളളാനിടയാക്കിയ സാഹചര്യമുണ്ടായത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കസബ സ്റേഷനില്‍ 2003ല്‍ രജിസ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും കത്തയച്ചത്. തൊഗാഡിയയ്ക്കെതിരായ ഈ കേസ് പിന്‍വലിക്കുന്നതിനെതിരേ 2013 ജൂണ്‍ അഞ്ചിനു സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാറും വിയോജനക്കുറിപ്പെഴുതിയിരുന്നു. എന്നാല്‍, കേസ് 2014 ല്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നു കോടതി തള്ളുകയായിരുന്നു.


മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടായിരുന്നു തൊഗാഡിയയുടെ വിവാദ പ്രസംഗം. വര്‍ഗീയവിദ്വേഷത്തിനു കാരണമാകുന്ന പ്രഭാഷണം, അനുമതിയില്ലാതെ പൊതുപരിപാടി, അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ക്രൈം നമ്പര്‍ 218/2003 പ്രകാരമാണു തൊഗാഡിയയ്ക്കെതിരേ കേസെടുത്തിരുന്നത്. പ്രവീണ്‍ തൊഗാഡിയ, ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി മാസ്റര്‍, മാറാട് സുരേഷ് തുടങ്ങി ഏഴു പേരായിരുന്നു പ്രതികള്‍.

അതേസമയം, വിവാദമുയര്‍ന്നപ്പോള്‍ തൊഗാഡിയയ്ക്കെതിരേ കസബ പോലീസ് എടുത്ത കേസ് റദ്ദാക്കുന്നതു ശരിയല്ലെന്നു പറഞ്ഞ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി. അബു പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇക്കാര്യം പുനഃപരിശോധിക്കണമെന്നും അത് പിന്‍വലിക്കാനുള്ള ശ്രമങ്ങളെ ഡിസിസി ചെറുക്കുമെന്നും കെ.സി. അബു പറഞ്ഞു.

കേസ് പിന്‍വലിച്ചതില്‍ ആഭ്യന്തരമന്ത്രിക്കു പങ്കില്ലെന്നു മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേസ് പിന്‍വലിച്ചതു മുഖ്യമന്ത്രിയുടെ കീഴിലുള്ള വിഭാഗമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.