സംഘര്‍ഷം മുറുകുന്ന ലിബിയയില്‍ ബന്ദികളായി മലയാളി നഴ്സുമാര്‍
Saturday, November 22, 2014 12:05 AM IST
ഡേവിസ് പൈനാടത്ത്

തൃശൂര്‍: സംഘര്‍ഷം മുറുകിയ ലിബിയയില്‍ ബന്ദികളെപ്പോലെ അകപ്പെട്ട മലയാളി നഴ്സുമാര്‍ രക്ഷയ്ക്കായി കേഴുന്നു. സര്‍ക്കാര്‍ സൈന്യത്തിനും തീവ്രവാദികള്‍ക്കും ഇടയില്‍ വിശപ്പകറ്റാന്‍പോലും മാര്‍ഗമില്ലാതെ ഒരു മാസമായി കഴിയു ന്ന അമ്പതോളം നഴ്സുമാര്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിലൂടെ മാത്രമേ ജന്മനാട്ടില്‍ തിരിച്ചെത്താനാവൂ എന്നതാണ് അവസ്ഥ.

ലിബിയയിലെ ബെന്‍ഗാസിയിലുള്ള അല്‍ജോ മൊഹോറിയ മെറ്റേണിറ്റി ആശുപത്രിയില്‍ ജോലിക്കാരായിരുന്നു ഇവര്‍. മറ്റേണിറ്റി ആശുപത്രിയായതുകൊണ്ട് സംഘര്‍ഷത്തിന്റെ ആദ്യദിനങ്ങളില്‍ ആശുപത്രിക്കെതിരേ ആക്രമണമൊന്നും നടന്നിരുന്നില്ല. എന്നാല്‍, പിന്നീട് ആശുപത്രിയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്െടന്നു കണ്ടതോടെ നഴ്സുമാരെയെല്ലാം ഒഴിപ്പിച്ച് ആശുപത്രി അടച്ചുപൂട്ടി. ബെന്‍ഗാസി മെഡിക്കല്‍ സെന്ററിലേക്കു കുടിയൊഴിപ്പിക്കപ്പെട്ട നഴ്സുമാര്‍ക്കു പിന്നീടു ദുരിതത്തിന്റെ നാളുകളാണെന്ന് ഇവരിലൊരാളായ ചിത്ര രാജന്‍ ഇ- മെയിലിലൂടെ അറിയിച്ചു.

നാലു മാസമായി ജോലിയോ ശമ്പളമോ ഇല്ലാത്ത അവസ്ഥയില്‍ കഴിയുന്ന ഇവരുടെ കൈവശം വീസയോ മറ്റു രേഖകളോ ഇല്ല. രണ്ടു ജോടി ഡ്രസുകള്‍ മാത്രമെടുത്തു ഹോസ്റല്‍ വിട്ട നഴ്സുമാര്‍ക്ക് ഒരുനേരം മാത്രമാണു ഭക്ഷണം ലഭിക്കുന്നത്. വെള്ളം പോലും വേണ്ടത്ര ലഭിക്കുന്നില്ല. താമസസൌകര്യവും ദയനീയമാണ്. തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളടക്കം എല്ലാം ഹോസ്റലിലായതിന്റെ സങ്കടവും നഴ്സുമാര്‍ പങ്കുവയ്ക്കുന്നു.

ബോംബ് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടു ജീവഭയത്തോടെ വീട്ടുതടങ്കലിലെന്ന വണ്ണം കഴിയുന്ന നഴ്സുമാര്‍ തങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞയാഴ്ച ഇന്ത്യന്‍ എംബസിക്കും നോര്‍ക്കയ്ക്കും മെയില്‍ അയച്ചിരുന്നു. നഴ്സുമാരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെയും സമീപിച്ചു. എംബസിയുമായി ബന്ധപ്പെട്ടു കഴിയാവുന്നതൊക്കെ ചെയ്യാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്കിയിട്ടുണ്െടങ്കിലും ഇറാക്കില്‍നിന്നു നഴ്സുമാരെ രക്ഷിച്ചുകൊണ്ടുവന്നതുപോലെ ഒരു നടപടി കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നാണു നഴ്സുമാരും ബന്ധുക്കളും ആവശ്യപ്പെടുന്നത്.


സംഘര്‍ഷത്തെത്തുടര്‍ന്നു ബെന്‍ഗാസിക്കടുത്തുള്ള തുറമുഖവും വിമാനത്താവളവും അടച്ചുപൂട്ടിയിരിക്കുകയാണ്. പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിലെത്താന്‍ നാലര മണിക്കൂര്‍ യാത്രചെയ്യണം. ഏറ്റുമുട്ടലും കനത്ത ഷെല്ലിംഗും ബോംബിംഗും തുടരുന്ന സാഹചര്യത്തില്‍ അതത്ര എളുപ്പമല്ല; അപകടകരവുമാണ്.

നഴ്സുമാരില്‍ പകുതിയോളം പേരുടെ തൊഴില്‍കരാര്‍ ഒക്ടോബര്‍ 30ന് അവസാനിച്ചു. ശേഷിച്ചവരും എങ്ങനെയെങ്കിലും ജീവനും കൊണ്ട് രക്ഷപ്പെടണമെന്ന ആഗ്രഹത്തില്‍ ഭയന്നുവിറച്ചു കഴിയുകയാണെന്നു ബന്ധുക്കള്‍ പറഞ്ഞു. മേഴ്സി തോമസ്, ഡെയ്സമ്മ ആന്റണി, അജിതമോള്‍ കുര്യന്‍, രേഖ ജോണ്‍, ജിനു അബി, സവിത സഹദേവന്‍, സുനിത കുമാരി, സീന മാത്യു, അനു പോള്‍, ഷീന തോമസ്, ചിത്ര രാജന്‍, സൌമ്യ വിജയന്‍, ജോയ്സി തോമസ്, വി.ആര്‍. ജിഷ, ഷൌമ, ധന്യ മാത്യു, ബിന്‍സി ജോസ്, സിജി പൌലോസ്, ശ്രീകാന്ത് ആര്‍. നായര്‍, ജസ്റിന്‍ ജോസഫ്, ഡെറിന്‍ ഫ്രാന്‍സിസ്, സിജു എന്നിവരാണ് തങ്ങളെ രക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് ഇ-മെയിലിലൂടെ നോര്‍ക്കയ്ക്ക് അപേക്ഷ അയച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.