പ്രഫ.പി.കെ. അബ്ദുള്‍ അസീസ് ഗവേണിംഗ് കൌണ്‍സില്‍ ചെയര്‍മാന്‍
പ്രഫ.പി.കെ. അബ്ദുള്‍ അസീസ് ഗവേണിംഗ് കൌണ്‍സില്‍ ചെയര്‍മാന്‍
Thursday, October 23, 2014 11:59 PM IST
കൊച്ചി: സംസ്ഥാനത്തെ ആദ്യ സ്വയംഭരണ സര്‍ക്കാര്‍ കോളജായ എറണാകുളം മഹാരാജാസ് കോളജിന്റെ ഗവേണിംഗ് കൌണ്‍സില്‍ ചെയര്‍മാനായി പ്രഫ.പി.കെ. അബ്ദുള്‍ അസീസ് നിയമിതനായി.

കൊച്ചി സര്‍വകലാശാല, അലിഗഡ് മുസ്ലിം സര്‍വകലാശാല, മേഘാലയയിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളില്‍ വൈസ് ചാന്‍സലറായിരുന്നു അദ്ദേഹം. സര്‍വകലാശാലയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും യുജിസിയുടെയും പ്രതിനിധികള്‍ അടങ്ങുന്നതാണു ഗവേണിംഗ് കൌണ്‍സില്‍.

ശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണു ഡോ.അബ്ദുള്‍ അസീസ്. വൈസ് ചാന്‍സലറായിരിക്കെ അലിഗഡ് സര്‍വകലാശാലയെ ഇന്ത്യയിലെ മികച്ച അഞ്ചാമത്തെ സര്‍വകലാശാലയാക്കി മാറ്റിയതില്‍ ശ്രദ്ധേയ പങ്കുവഹിച്ചു. സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിയതും ഇദ്ദേഹത്തിന്റെ കാലത്താണ്. ഒമ്പതു വര്‍ഷം സൌദി അറേബ്യ ഗവണ്‍മെന്റിന്റെ ഇക്കോളജി- മറൈന്‍ ബയോളജി ഡിപ്പാര്‍ട്ടുമെന്റ് ചെയര്‍മാനായിരുന്നു. മഹാരാജാസ് കോളജിന്റെ അക്കാഡമിക നിലവാരം ഉയര്‍ത്തുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ ഡോ.അബ്ദുള്‍ അസീസിന്റെ അക്കാഡമിക ഭരണപരിചയം പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷ.


മഹാരാജാസ് കോളജ് ഗവേണിംഗ് കൌണ്‍സിലിലേക്ക് അധ്യാപക പ്രതിനിധികളായി പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേറ്റ് പ്രഫസര്‍ ഡോ.ജയകുമാര്‍, അറബിക് വിഭാഗം മേധാവി ഡോ. ലിയാഖത്ത് അലി, മ്യൂസിക് വിഭാഗം അസിസ്റന്റ് പ്രഫസര്‍ ഡോ.പൂജ എന്നിവരെയും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.