സേവ്യര്‍ തോമസിനും കുടുംബത്തിനും പുനഃസമാഗമം
സേവ്യര്‍ തോമസിനും കുടുംബത്തിനും പുനഃസമാഗമം
Wednesday, October 22, 2014 12:29 AM IST
മുളങ്കുന്നത്തുകാവ്: കാലത്തിനും കാഴ്ചയ്ക്കുമപ്പുറത്തേക്കു നീളുന്ന കാത്തിരിപ്പിനു വിരാമമിടുന്നതു പലപ്പോഴും കൂടിക്കാഴ്ചകളാണ്. ഇത്തരമൊരു കൂടിക്കാഴ്ചയ്ക്കാണു മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് കഴിഞ്ഞദിവസം സാക്ഷിയായത്.

കടുത്ത സാമ്പത്തികബാധ്യതമൂലം 20 വര്‍ഷം മുമ്പ് വീടു വിട്ടുപോയ ഗൃഹനാഥനെ തേടി കുടുംബാംഗങ്ങള്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ കണ്ണുകളെ ഈറനണിയിക്കുന്ന വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണു വേദിയൊരുങ്ങിയത്. കോട്ടയം പാലാ പൂവയ്ക്കല്‍ കട്ടയ്ക്കല്‍ സേവ്യര്‍ തോമസ് (57) എ ന്ന അപ്പച്ചനെ തേടിയാണു കുടുംബം തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിയത്. ഇക്കുറി അതു പുനഃസമാഗമത്തിനുള്ള വേദിയായി മാറുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ പാവപ്പെട്ട രോഗികള്‍ക്കുവേണ്ടി സന്നദ്ധപ്രവര്‍ത്തനം നട ത്തുന്ന മുളങ്കുന്നത്തുകാവ് സ്വദേശി മൈക്കിള്‍, ഗുരുവായൂര്‍ സ്വദേശി ജോഷി വര്‍ഗീസ് എന്നിവരുടെ ഇടപെടലാണു രണ്ടുപതിറ്റാണ്ടിനുശേഷം ഈ കുടുംബത്തെ ഒന്നിപ്പിച്ചത്.

ഭാര്യ ഫിലോമിനയും രണ്ടാമ ത്തെ മകന്‍ തോമസുകുട്ടിയുമാണ് ആശുപത്രിയിലെത്തി സേവ്യറിനെ തിരിച്ചറിഞ്ഞത്. ജോര്‍ജുകുട്ടി, തോമസുകുട്ടി, സിറിയക് എന്നിങ്ങനെ മൂന്നുമക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. ഇളയമകന്‍ സിറിയക്കിനു നാലു വയസുള്ളപ്പോഴാണു സേവ്യര്‍ നാടുവിടുന്നത്. സിറിയക് ഇപ്പോള്‍ എംഎസ്സി പഠനം കഴിഞ്ഞു ബാങ്കിംഗ് പരീക്ഷയ്ക്കു കോച്ചിംഗിനു പോകുകയാണ്. ജോര്‍ജുകുട്ടി പ്ളംബറായും തോമസുകുട്ടി ഒരു കമ്പനിയില്‍ സൂപ്പര്‍വൈസറായും ജോലി ചെയ്യുന്നു.

നാലേക്കറോളം വരുന്ന റബര്‍ കൃഷിയിടവും ഭൂമിയും സ്വന്തമായി ഉണ്ടായിരുന്നയാളാണു സേവ്യര്‍ തോമസ്. കൂടാതെ ടാപ്പിംഗ് തൊഴിലാളിയുമായിരുന്നു. കൂട്ടുകെട്ടും ധൂര്‍ത്തും ജീവിതത്തിനു സാ മ്പത്തിക ബാധ്യത സമ്മാനിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ നാടുവിട്ടു. ആരാധനാലയങ്ങളുള്‍പ്പെടയുള്ള സ്ഥലങ്ങളില്‍ കുടുംബാംഗങ്ങള്‍ സേവ്യറിനെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒരാഴ്ച മുമ്പാണു ക്ഷയരോഗ ബാധിതനായ സേവ്യറിനെ ചിലര്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്. ശുശ്രൂഷിക്കാന്‍ ആരുമില്ലാതെ, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കാതിരുന്ന ഇദ്ദേഹത്തെ സന്നദ്ധപ്രവര്‍ത്തകരായ മൈക്കിളും ജോഷിയും കണ്െടത്തുകയായിരുന്നു. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണു നാടുവിട്ട വിവരം പറയുന്നത്. തൊണ്ടയിലെ വേദനമൂലം സംസാരിക്കാന്‍ കഴിയാത്തതിനാല്‍ എഴുതിയും അവ്യക്തമായി സംസാരിച്ചുമാണു വിവിരങ്ങള്‍ ധരിപ്പിച്ചത്. പിന്നീടു നടന്ന പരിശോധനയില്‍ ഇദ്ദേഹത്തിനു കാന്‍സര്‍ രോഗലക്ഷണങ്ങളുള്ളതായും കണ്െടത്തി. ഇതേത്തുടര്‍ന്ന് മൈക്കിളും ജോഷിയും കോട്ടയത്തുള്ള വീട്ടിലെത്തി ഭാര്യയെയും മക്കളെയും വിവരമറിയിച്ചു. തുടര്‍ന്നാണ് ഭാര്യ ഫിലോമിനയും രണ്ടാമത്തെ മകന്‍ തോമസുകുട്ടിയും ആശുപത്രിയിലെത്തിയത്. ഒറ്റനോട്ടത്തില്‍തന്നെ സേവ്യറിനു ഭാര്യയെ മനസിലായെങ്കിലും ശാരീരികമായി അവശനിലയിലായ സേവ്യറിനെ പെട്ടെന്നു മനസിലാക്കാന്‍ ഫിലോമിനയ്ക്കു കഴിഞ്ഞി ല്ല. മുതിര്‍ന്ന ഡോക്ടര്‍മാരുമായി രോഗവിവരം ചര്‍ച്ചചെയ്തശേഷം ഇദ്ദേഹത്തെ വീട്ടിലേക്കു കൊണ്ടുപോകാനാണു തീരുമാനമെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. തങ്ങളുടെ ഇടപെടല്‍മൂലം ഒരു കുടുംബത്തിനു പുനഃസമാഗമം ഒരുക്കാന്‍ കഴിഞ്ഞതിന്റെ ചാരിഥാര്‍ഥ്യത്തിലാണ് മെഡിക്കല്‍ കോളജിലെ സന്നദ്ധപ്രവര്‍ത്തകരായ മൈക്കിളും ജോഷിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.