തെരഞ്ഞെടുപ്പിലെ തോല്‍വി സംഘടനാദൌര്‍ബല്യം മൂലമെന്നു സിപിഎം
തെരഞ്ഞെടുപ്പിലെ തോല്‍വി സംഘടനാദൌര്‍ബല്യം മൂലമെന്നു സിപിഎം
Thursday, October 2, 2014 12:22 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം മത്സരിച്ച കൊല്ലം, വടകര, കോഴിക്കോട്, ആലപ്പുഴ മണ്ഡലങ്ങളിലും സിപിഐ മത്സരിച്ച തിരുവനന്തപുരത്തും തോല്‍വിക്കു കാരണമായതു സംഘടനാ ദൌര്‍ബല്യങ്ങളാണെന്നു റിപ്പോര്‍ട്ട്. കമ്മീഷനംഗങ്ങളുടെ കണ്െടത്തലുകളും ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തലുകളും അടങ്ങുന്ന റിപ്പോര്‍ട്ട് ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. ഇന്നു ചേരുന്ന സംസ്ഥാന സമിതി റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യും.

പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കേ തെരഞ്ഞെടുപ്പു തോല്‍വിയും അതിനിടയാക്കിയ സാഹചര്യങ്ങളും സമ്മേളനങ്ങളില്‍ പരിശോധിക്കപ്പെടുന്നതിനുകൂടി വേണ്ടിയാണു ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ വച്ചത്. അഞ്ചു മണ്ഡലങ്ങളിലെയും തോല്‍വിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന്റെ സാരാംശം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. മതന്യൂനപക്ഷങ്ങള്‍ക്കൊപ്പം ഭൂരിപക്ഷ സമുദായങ്ങളും യുഡിഎഫിനെ സഹായിച്ചുവെന്നായിരുന്നു പിണറായിയുടെ പ്രധാന പരാമര്‍ശം.

ആലപ്പുഴയില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെത്തന്നെ മത്സരിപ്പിച്ചതു മണ്ഡലം പിടിക്കാനാണ്. മാതൃകാപരമായ സംഘടനാ പ്രവര്‍ത്തനമാണു ആലപ്പുഴയില്‍ നടന്നത്. എന്നാല്‍, ഈഴവ സമുദായത്തിന്റെ വോട്ടുകള്‍ പൂര്‍ണമായി പാര്‍ട്ടി സ്ഥാനാര്‍ഥിക്കു ലഭിച്ചില്ല. ആലപ്പുഴയിലെ പാര്‍ട്ടി വോട്ടുകളില്‍ ഒരു ചോര്‍ച്ചയും സംഭവിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്ലത്ത് ആര്‍എസ്പിയുടെ അസാന്നിധ്യം എം.എ. ബേബിയുടെ തോല്‍വിക്കു പ്രധാന കാരണമായെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ബേബിയുടെ സ്ഥാനാര്‍ഥിത്വം ക്രിസ്ത്യന്‍ വോട്ടുകളെ സ്വാധീനിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രചാരണരംഗത്തു ഏറെ മുന്നേറി. എന്നാല്‍ ഈ മുന്‍തൂക്കം നിലനിര്‍ത്താന്‍ കഴിയാത്തതു തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ വന്ന ഗുരുതരമായ സംഘടനാ വീഴ്ചയാണെന്നും ഈ സമ്മേളനത്തോടെ കൊല്ലത്തെ സംഘടനാ ദൌര്‍ബല്യങ്ങള്‍ പരിഹരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.


തിരുവനന്തപുരത്തു മത്സരിച്ച സിപിഐ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതു ഗൌരവമായി കാണേണ്ട കാര്യമാണ്. സ്ഥാനാര്‍ഥിയുടെ സമുദായത്തില്‍ നിന്നുപോലും പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പിഴവു സംഭവിച്ചുവെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ലെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപിക്കു ലഭിക്കാനിടയായ സാഹചര്യം ഗൌരവമായി കാണണമെന്നും പറയുന്നു.

കോഴിക്കോട്ടും വടകരയും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുന്നതു ഭാവിയില്‍ ഗുണകരമാകില്ലെന്നു പിണറായി വിജയന്‍ ഇന്നലെയും ആവര്‍ത്തിച്ചു. എതിരാളികളുടെ ആക്രമണങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ പാര്‍ട്ടിക്കു സാധിക്കാത്തതാണു തോല്‍വിക്കുള്ള പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ഒറ്റക്കെട്ടായി മുന്നോട്ടുപോയാല്‍ ഈ രണ്ടു മണ്ഡലങ്ങളും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും പിണറായി പറഞ്ഞു. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെ ഇക്കാര്യങ്ങളെല്ലാം പരിശോധിക്കപ്പെടേണ്ടതാണ്.

സമ്മേളനങ്ങളില്‍ വിഭാഗീയത ഒരിക്കലും അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു. ചില മാധ്യമങ്ങള്‍ പാര്‍ട്ടിക്കെതിരേ അസത്യപ്രചാരണങ്ങള്‍ നടത്തുകയാണ്. പാര്‍ട്ടിയുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. എന്നാല്‍, സിപിഎമ്മിന് ഇപ്പോള്‍ എല്ലാം ആകാമെന്ന തരത്തില്‍ ചില കേന്ദ്രങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. ഇതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പിണറായി സംസ്ഥാന സമിതിയില്‍ പറഞ്ഞു.

അഞ്ചു മണ്ഡലങ്ങളിലേയും തോല്‍വിയെ സംബന്ധിച്ചുള്ള പരിശോധനയും ചര്‍ച്ചയും നേരത്തേ നടന്നതിനാല്‍ ഇന്നത്തെ സംസ്ഥാന സമിതി യോഗം റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യാനിടയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.