അനധികൃത കെട്ടിടനിര്‍മാണം ക്രമവത്കരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് 300 കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമവത്കരിക്കുന്നതിലൂടെ 300 കോടിയുടെ വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി. നിയമസഭയില്‍ കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. വിജിലന്‍സിന്റെ സഹായത്തോടെ സംസ്ഥാനത്തെ 300 ഓളം കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 80 ശതമാനത്തോളം അനധികൃത നിര്‍മാണങ്ങളാണു കണ്െടത്തിയത്. മൂന്നുനില നിര്‍മിക്കാന്‍ അനുമതി വാങ്ങിയശേഷം ആറുനില പണിയുക, എഴു വില്ലകളടങ്ങുന്ന കോംപ്ളക്സുകള്‍ക്ക് അനുമതി വാങ്ങിയശേഷം 25 വില്ലകള്‍ പണിയുക എന്നിവയാണ് പരിശോധനയില്‍ കണ്െടത്താന്‍ കഴിഞ്ഞത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.


നിയമം ലംഘിച്ച് ഇവര്‍ ഉണ്ടാക്കിയ ലാഭം സര്‍ക്കാര്‍ തിരിച്ചുപിടിക്കും. ഇവര്‍ക്കു കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരിലും നടപടി സ്വീകരിക്കും. രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയകക്ഷികളുടെയും പ്രാദേശിക നേതാക്കളുടെയും പഞ്ചായത്ത് മെംബര്‍മാരുടെ കൂടെ അറിവോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.