കോഴിക്കോട്: സൗദി അറേബ്യയില്‍ ഹജ്ജ് തീര്‍ഥാടനത്തിനു പോയ മലയാളികളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കകം മരിച്ചത് 13 പേർ. കടുത്ത ചൂടും വാര്‍ധക്യസംബന്ധമായ വിവിധ രോഗങ്ങളും കാരണമാണു മരണം.
68 ഇന്ത്യക്കാര്‍ ഈ സീസണില്‍ മരിച്ചതായാണു റിപ്പോര്‍ട്ട്. തീര്‍ഥാടകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു സംസ്ഥാന ഹജ്ജ് മന്ത്രി വി. അബ്ദുറഹിമാന് കേന്ദ്രസര്‍ക്കാരിനു കത്തയച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്നുള്ളവര്‍ മരിച്ചവരില്‍ ഉള്‍പ്പെടും. കഴിഞ്ഞ ഹജ്ജ് സീസണില്‍ ഹജ്ജ് തീര്‍ഥാടനത്തിനു പോയ പന്ത്രണ്ടു പേര് മരിച്ചിരുന്നുവെന്നും ഇത്തവണ എണ്ണം കൂടിയതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. വ്യത്യസ്ത കാരണങ്ങളാലാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 13 പേര് മരിച്ചത്.
മൂന്നു പേരെ കാണാതായിട്ടുമുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണെന്ന് ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി മുഹമ്മദലി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ 52 ഡിഗ്രിയാണ് ചൂട്. മക്കയില്‍ തിങ്കളാഴ്ച 51.8 ഡിഗ്രിയാണ് ചൂട് അനുഭവപ്പെട്ടത്.
ഹജ്ജ് കര്‍മത്തിനായി ലക്ഷങ്ങള്‍ എത്തുന്ന തിരക്കുപിടിച്ച സമയമാണിത്. സംസ്ഥാനത്തുനിന്ന് ഇത്തവണ 18,200 പേരാണ് ഹജ്ജ് കര്‍മത്തിനു പോയത്. കഴിഞ്ഞ തവണ ഇത് 12,000 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 28 വോളന്റിയര്‍മാര്‍ ഹാജിമാരെ സഹായിക്കാനായി പോയെങ്കില്‍ ഇത്തവണ അത് 92 ആയി ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദിയില്‍ വലിയ തോതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി മന്ത്രി വി. അബ്ദുറഹിമാന് കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹാജിമാരുടെ കാര്യത്തിനായി സൗദി സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയുടെ പ്രതിനിധികള്‍ വേണ്ടത്ര ശ്രദ്ധപുലര്ത്തുന്നില്ലെന്നു കത്തില്‍ പറഞ്ഞു. ഈ പ്രതിനിധികളെ കണ്ടെത്താന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്നതായി കത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്തുനിന്നു ഹാജിമാരുടെ കാര്യങ്ങള്‍ നോക്കാന്‍ ഇത്തവണ നോഡല്‍ ഓഫീസറെ സര്‍ക്കാര്‍ അയച്ചിട്ടില്ല. സൗദിയിലെ കോണ്‍സുലേറ്റുമായും ഹജ്ജ് മിഷനുമായുമുള്ള ഏകോപനത്തിനു ഡയറക്ടര്‍ തലത്തിലുള്ള ഓഫീസറെയാണ് അയച്ചിരുന്നത്.
ഇത്തവണ ഇത് ഒഴിവാക്കിയത് ഏകോപനത്തെ ബാധിച്ചതായി പരാതി ഉണ്ട്. ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും കാര്യത്തില്‍ ഹാജിമാര്‍ ബുദ്ധിമുട്ട് നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്.
മക്കയിൽ മരിച്ച മലയാളികൾ
മുഹമ്മദ് മുസ്ലിയാർ
മലപ്പുറത്തിനടുത്ത് ഊരകം കീഴ്മുറിയിലെ നെടുമ്പറമ്പ് ചെനക്കൽ ഹൗസിലെ മുഹമ്മദ് മുസ്ലിയാർ (68). ഭാര്യ: ബിരിയക്കുട്ടി. മക്കൾ: ആബിദ, ഉമ്മുഹബീബ, ആദിൽ, ആദില, ഹാരിഫ, ആത്തിഫ.
ഹംസക്കുട്ടി ഹാജി
കൊണ്ടോട്ടി 17ൽ ഫെഡറൽ ബാങ്കിനു സമീപം താമസിക്കുന്ന വെള്ളമാർ തൊടിക ഹംസക്കുട്ടി ഹാജി (74). റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഭാര്യ സുലൈഖയോടൊപ്പമാണു ഹജ്ജിനു പോയിരുന്നത്.
ഹജ് കർമങ്ങൾക്കു ശേഷം ഇന്നലെ മരിച്ചു. മക്കൾ: അബ്ദുൽ റഷിദ്, ഫരിദ, അബ്ദുൽ ഫാരിഖ് , റഹ്ബാനൂൽ ഹംന. മരുമക്കൾ: ടി.എ. സലിം (കൊട്ടപ്പുറം), മുഹമ്മദ് ഖലിൽ (ഖത്തർ), നജ്മുന്നിസ , സബ്ന.
പാത്തുമോൾ ഹജ്ജുമ്മ
താനൂർ പള്ളിപറമ്പ് റോഡിൽ പരേതനായ കള്ളിയത്ത് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കള്ളിയത്ത് പാത്തുമോൾ ഹജ്ജുമ്മ (68).സർക്കാർ തല ഗ്രൂപ്പിലാണ് ഹജ്ജിനു പോയത്.
കബറടക്കം മക്കയിൽ നടക്കും. മക്കൾ: സാബിറ, ഹഫ്സത്ത്, സെമീർ, സെഹീർ. മരുമക്കൾ: കരീം (എസ്ടിയു ഓട്ടോ യൂണിയൻ മുനിസിപ്പൽ ട്രഷറർ), ശിഹാബ്, ഹബീബ, റെയ്സ.
ഉസ്മാൻ
ഹജ്ജ് തീർഥാടകൻ മലപ്പുറം വെന്നിയൂർ വാളക്കുളം പാറമ്മൽ പള്ളിക്കടുത്ത് താമസിക്കുന്ന കരുമ്പിൽ ഉസ്മാൻ (67) മിനയിലാണ് അന്തരിച്ചത്. സർക്കാർ ഹജ്ജ് ഗ്രൂപ്പ് വഴി വന്നതായിരുന്നു.
ഭാര്യാ സഹോദരൻ ഇബ്രാഹിം പൊക്കശേരിയും ഹജ്ജിന് ഒരുമിച്ചുണ്ടായിരുന്നു. ഭാര്യ: ഉമ്മാച്ചു കരുമ്പിൽ. മക്കൾ: മുഹമ്മദ് റഫീഖ്, നൗഷാദ് കരുമ്പിൽ, സുമയ്യ. മരുമക്കൾ: ഹഫ്സ, ആത്തിക്ക, അഷ്റഫ്. സഹോദരങ്ങൾ: ഉമർ, അലി.
ഖൈറുന്നീസ ആലയിൽ
കെ. കണ്ണപുരം സിദിഖ് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ പി.വി.ഹംസകുഞ്ഞിയുടെ ഭാര്യ ഖൈറുന്നീസ ആലയിൽ (57) ആണ് മരിച്ചത്. സർക്കാർ ക്വാട്ടയിൽ ഹജ്ജിന് ഈ മാസം ഏഴിന് പോയതാണ്. കഴിഞ്ഞ 17ന് അറഫയിൽ നിന്ന് മിനയിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
അറഫയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കബറടക്കം മക്കയിൽ നടത്തി. മക്കൾ: എ. റയീസ് (പോപ്പുലർ ഹാർഡ്വേർസ് ആൻഡ് പെയിന്റ്സ്), റസിയ, റിയാസ്, റമീസ് (ദുബായ്), റംസിയ, റാസി, റംഷാദ് (ദുബായ്).
മരുമക്കൾ: നൗഷാദ്, മുജീബ് (അബുദാബി), റദീഹ, അഫ്സീറ, ബുസ്താന.സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, മുഹമ്മദ് കുഞ്ഞി (ലിബർട്ടി), സുബൈർ, അബൂബക്കർ (അബുദാബി), പരേതരായ അബ്ദുള്ള, സൈനബ.
ഫാത്തിമ
മലപ്പുറം ജില്ലയിലെ തിരൂർ തൃപ്രങ്ങോട് ആലിങ്ങൽ എടശേരി ഫാത്തിമ (66). ഭർത്താവ്: പരേതനായ മൂസക്കുട്ടി. മക്കൾ: ഷംസുദീൻ, മുഹമ്മദ്, ശിഹാബുദീൻ, ഫൗസിയ,ആഷിഖ്. മരുമക്കൾ: സാബിറ, ലൈല, ഉമ്മുഹബീബ, മുഹ്സിന . അലവിക്കുട്ടി
തിരൂർ നോർത്ത് മുത്തൂരിലെ കാവുങ്ങപ്പറമ്പിൽ അലവിക്കുട്ടി (70). ഭാര്യ കദീജയോടൊപ്പമാണ് ഹജ്ജിന് പോയത്. കബറടക്കം മക്കയിൽ നടക്കും. മക്കൾ: ഫിറോസ്, ഫവാസ്, ഫായിസ്, ആയിഷ ഫർസിൻ. മരുമക്കൾ: ഷഹനാസ്, ഷാദിയ, റിൽഷാന.
എൻ.പി. മുസ്തഫ
ഹജ്ജിനോടനുബന്ധിച്ചു ജുമ്രയിൽ കല്ലെറിയൽ കർമം നടത്തവെ മലയാളി കുഴഞ്ഞുവീണു മരിച്ചു. പാവറട്ടി പുതുമനശേരിയിൽ താമസിക്കുന്ന നാലകത്ത് എൻ.പി. മുസ്തഫ (70)യാണ് മരിച്ചത്.
ഈ മാസം ആറിനാണ് ഭാര്യ റസിയയുമൊത്ത് സർക്കാർക്വാട്ടയിൽ മക്കയിലേക്കു പോയത്. മക്കൾ: മുർഷിദ്, മിർസാ, ഫർസ. മരുമക്കൾ: ഈശാന, ആരിസ്, തഹ്സി.
|