|
Middle East & Gulf |
|
|
|
|
നവയുഗം കാനം രാജേന്ദ്രൻ പുരസ്കാരം ബിനോയ് വിശ്വത്തിന്
ദമാം: നവയുഗം സാംസ്കാരികവേദിയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള 2024ലെ കാനം രാജേന്ദ്രൻ സ്മാരക പുരസ്കാരത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വത്തിനെ തെരഞ്ഞെടുത്തു.
നവയുഗം സാംസ്കാരികവേദി എല്ലാവർഷവും നൽകി വരുന്ന അവാർഡിന് ഇത്തവണ പരേതനായ കാനം രാജേന്ദ്രന്റെ പേര് നൽകാൻ നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തനരംഗത്തും കേരളരാഷ്ട്രീയത്തിലും സാമൂഹ്യ, സാംസ്കാരിക, പരിസ്ഥിതി രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബിനോയ് വിശ്വത്തെ ഈ അവാർഡിന് നവയുഗം കേന്ദ്രകമ്മിറ്റി തെരഞ്ഞെടുക്കുകയായിരുന്നു.
മുൻ വൈക്കം എംഎൽഎയും കമ്യൂണിസ്റ്റ് നേതാവുമായ സി.കെ. വിശ്വനാഥൻ, സി.കെ. ഓമന എന്നിവരുടെ മകനായി 1955 നവംബർ 25ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ച ബിനോയ് വിശ്വം, വൈക്കം ഗവ. ബോയ്സ് ഹൈസ്കൂളിലെ എഐഎസ്എഫ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി.
എഐഎസ്എഫ് സംസ്ഥാനപ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ വൈസ് പ്രസിഡന്റ് തുടങ്ങി ഒട്ടേറെ പദവികളിൽ പ്രവർത്തിച്ചു.
എംഎ, എൽഎൽബി പരീക്ഷകളിൽ മികച്ച വിജയം നേടിയ അദ്ദേഹം 2001, 2006 നിയമസഭാതെരഞ്ഞെടുപ്പുകളിൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നും നിന്നും രണ്ടുതവണ തുടർച്ചയായി മത്സരിച്ചു വിജയിക്കുകയും 20062011 കാലയളവിലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയായി മികച്ച പ്രവർത്തനം നടത്തുകയും ചെയ്തു.
2018 മുതൽ 2024 വരെ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകനും ഗ്രന്ഥകാരനും, പത്രപ്രവർത്തകനുമായ അദ്ദേഹം ആനുകാലികങ്ങളിലൂടെ നിരവധി ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ പൊതുപ്രവർത്തകനും അദ്ദേഹം മാതൃകയാണ് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി നിരീക്ഷിച്ചു.
ഡിസംബർ ആറിന് ദമാമിൽ നടക്കുന്ന നവയുഗസന്ധ്യ2024 എന്ന മെഗാപരിപാടിയുടെ സാംസ്കാരിക സമ്മേളനത്തിൽ വച്ച് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എംഎൽഎയുമായ സത്യൻ മൊകേരി അദ്ദേഹത്തിന് അവാര്ഡ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറയും അറിയിച്ചു.
സർവ്വശ്രീ വെളിയം ഭാർഗവൻ, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ശ്രീദേവി ടീച്ചർ, മുഹമ്മദ് നജാത്തി, പി.എ.എം. ഹാരിസ്, ഡോ. സിദ്ദിഖ് അഹമ്മദ്, ഇ.എം. കബീർ, ടി.സി. ഷാജി, കെ.രാജൻ എന്നിവരായിരുന്നു മുൻവർഷങ്ങളിൽ നവയുഗം പുരസ്ക്കാരം നേടിയ വ്യക്തിത്വങ്ങൾ.
|
അബുദാബി മാർത്തോമ്മാ ദേവാലയത്തിൽ കൊയ്ത്തുത്സവം ഞായറാഴ്ച
അബുദാബി: ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കുന്ന പഴയ കാല കാർഷിക സംസ്കാരത്തിന്റെ ഓർമയുണർത്തുന്ന കൊയ്ത്തുത്സവത്തിനു അബുദാബി മാർത്തോമ്മാ ദേവാലയത്തിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു.
ഞായറാഴ്ച മുസഫ ദേവാലയാങ്കണത്തിലാണ് ഇടവകയിലെ രണ്ടായിരത്തിലേറെ കുടുംബങ്ങൾ ചേർന്നൊരുക്കുന്ന വമ്പൻ മേളയ്ക്ക് അരങ്ങൊരുങ്ങുക. രാവിലെ 9.30നു നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ വിശ്വാസികൾ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കും.
ഈ വർഷത്തെ ചിന്താ വിഷയം "സുസ്ഥിര ജീവിതം ദൈവസ്നേഹത്തിൽ എന്നതാണ്'. വൈകുന്നേരം മൂന്നിനു നടക്കുന്ന വർണാഭമായ വിളംബര യാത്രയോടെയാണ് കൊയ്ത്തുത്സവത്തിനു തുടക്കം കുറിക്കുക.
പ്രശസ്ത പിന്നണി ഗായകൻ ഇമ്മാനുവേൽ ഹെന്റി, വിജയ് ടിവി സ്റ്റാർ സിംഗർ ഫെയിം അഫിനാ അരുൺ എന്നിവർ നയിക്കുന്ന ഗാനസന്ധ്യ, അറബിക്, ഫ്യൂഷൻ നൃത്തങ്ങൾ തുടങ്ങിയ പരിപാടികൾ ഉൾപ്പെടുന്ന സ്നേഹതാളം എന്ന സാംസ്കാരിക പരിപാടിയും അരങ്ങേറും.
52 ഭക്ഷണ സ്റ്റാളുകളിലൂടെ നടക്കുന്ന ഭക്ഷ്യമേളയാണ് മുഖ്യാകർഷണം. കേരളത്തനിമ നിറഞ്ഞ ഭക്ഷണവിഭവങ്ങളും ലൈവ് തട്ടുകടകളും വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയുടെ ഭാഗമാകും.
ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എ.തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോസഫ് മാത്യു, ഇടവക സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോൺ വർഗീസ്, റോജി മാത്യു,
ജോയിന്റ് ജനറൽ കൺവീനർ ബോബി ജേക്കബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് .ആർ, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തയ്ക്ക് സ്വീകരണം നൽകി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ എത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തയ്ക്ക് സ്വീകരണം നൽകി.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാളിനു മുഖ്യാതിഥിയായി എത്തിച്ചേർന്നതായിരുന്നു മെത്രാപ്പോലീത്ത.
ഇടവക വികാരി റവ.ഫാ.ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ.ഫാ. തോമസ് മാത്യൂ, മഹാഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ഷാജി വർഗീസ്, ആദ്യഫലപ്പെരുന്നാൾ കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്നാണ് കുവൈറ്റ് വിമാനത്താവളത്തിൽ മെത്രാപ്പോലിത്തയെ സ്വീകരിച്ചത്.
|
വാഹനാപകടം: ബീഹാർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ലിഫ്റ്റ് ചോദിച്ച് കയറിയ വാഹനം അപകടത്തിൽ പെട്ട് ബീഹാർ സ്വദേശി അഷ്റഫ് അലി(25) മരിച്ചു. റിയാദിലെ അൽഖർജ് അൽമറായ് റോഡിലാണ് സംഭവം.
20 ദിവസമായി തിരിച്ചറിയാത്ത ഇന്ത്യക്കാരന്റെ മൃതദേഹവുമായി ബന്ധപ്പെട്ട് കേളി അൽഖർജ് ജീവകാരുണ്യ കമ്മിറ്റി കൺവീനർ നാസർ പൊന്നാനിയെ പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
പോലീസ് പറയുന്നത് അനുസരിച്ച് 20 ദിവസങ്ങൾക്ക് മുൻപ് അൽമറായ് റോഡിൽ രണ്ട് ട്രെയിലറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരണമടഞ്ഞിരുന്നു. പൂർണമായും തകർന്ന രണ്ടു വാഹനങ്ങളിലെയും ഡ്രൈവർമാരായ പാക്കിസ്ഥാനിയും നേപ്പാളിയും തിരിച്ചറിഞ്ഞു.
എന്നാൽ മൂന്നാമത്തെ ആൾ ആരെന്നോ ഏത് രാജ്യക്കാരാണെന്നോ അറിയാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പാക്കിസ്ഥാനിയുടെ വാഹനത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലിഫ്റ്റ് ചോദിച്ചു കയറിയതാവാം എന്ന് പോലീസ് പറഞ്ഞു.
ആശുപത്രിയിൽ എത്തിച്ച സമയത്ത് മൃതദേഹത്തിൽ നിന്നും ലഭിച്ച വസ്തുക്കളിൽ നിന്നും പോലീസിന് ഇഖാമ നമ്പർ ലഭിക്കുകയും അതുമായി നടത്തിയ പരിശോധനയിൽ ഇന്ത്യക്കാരനാണെന്ന് മനസിലായതിനെ തുടർന്നാണ് പോലീസ് നാസറിനെ വിളിച്ചു വരുത്തി വിവരങ്ങൾ കൈമാറിയത്.
നാസർ പൊന്നാനി ഇന്ത്യൻ എംബസിയിൽ വിവരമറിയിക്കുകയും പോലീസ് നൽകിയ രേഖകളിൽ നിന്നും കൂടുതൽ അന്വേഷണം നടത്തി അഷ്റഫ് അലിയുടെ കൂടുതൽ വിവരങ്ങൾ തരപ്പെടുത്തുകയുമായിരുന്നു. തുടർനടപടികൾ സ്വീകരിക്കാൻ നാസർ പൊന്നാനിയെ ചുമതല പെടുത്തുകയും ചെയ്തു.
തുടർന്ന് സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ ഒരു വർഷം മുൻപ് ഹെവി ഡ്രൈവർ ജോലിക്കായി എത്തിയ അഷ്റഫ് അലി, ഇക്കാമ കിട്ടിയതിനു ശേഷം ജോലിക്ക് ഹാജരായിട്ടില്ലെന്നും തുടർന്ന് ഉറൂബ് ആക്കിയതായും അതിനാൽ തന്നെ മറ്റ് നടപടികളുമായി സഹകരിക്കാൻ തയാറല്ലെന്നും സ്പോൺസർ അറിയിച്ചു.
ഇന്ത്യൻ എംബസി നാടുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുകയും നാസർ പൊന്നാനി മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച വൈകിട്ടുള്ള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു
ഇന്ത്യൻ എംബസി ഡത്ത് വിഭാഗം ഉദ്യോഗസ്ഥന്മാരായ പ്രവീൺകുമാർ, ഹരീഷ്, ശ്യാമ പ്രസാദ്, റിനീഫ് എന്നിവർ മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെലവ് ഇന്ത്യൻ എംബസി വഹിക്കുകയും ചെയ്തു.
|
"നവയുഗസന്ധ്യ2024' മെഗാപ്രോഗ്രാം ഡിസംബർ ആറിന്
ദമാം: നവയുഗം സാംസ്കാരികവേദി സംഘടിപ്പിക്കുന്ന "നവയുഗസന്ധ്യ2024' എന്ന കലാസാംസ്കാരിക മെഗാപ്രോഗ്രാം, ഡിസംബർ ആറിന് ഉച്ചയ്ക്ക് രണ്ടു മുതൽ ദമാമിൽ വച്ച് നടക്കുമെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അറിയിച്ചു. പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി വൈവിധ്യങ്ങളായ ഒട്ടേറെ ആഘോഷപരിപാടികൾ നവയുഗസന്ധ്യയിൽ ഒരുക്കിയിട്ടുണ്ട്.
വിവിധ മത്സരങ്ങൾ, പുസ്തകമേള, ചിത്രപ്രദർശനം, കുടുംബസംഗമം, ഭക്ഷ്യമേള, മെഡിക്കൽ ക്യാംപ്, സാംസ്കാരിക സദസ്, "നവയുഗം കാനം രാജേന്ദ്രൻ സ്മാരക പുരസ്കാരം' വിതരണം, പ്രവാസലോകത്തു വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന സമൂഹം ആദരിക്കുന്ന പ്രമുഖവ്യക്തിത്വങ്ങളെ ആദരിക്കൽ, നൂറിലധികം കലാകാരൻമാർ അണിനിരക്കുന്ന വിവിധ സംഗീത, നൃത്ത, അഭിനയ, ഹാസ്യ, കലാപ്രകടനങ്ങൾ, മത്സരവിജയികൾക്കുള്ള സമ്മാനദാനം എന്നീ പരിപാടികളാണ് നവയുഗസന്ധ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി, ഉണ്ണി മാധവം (രക്ഷാധികാരി), ഗോപകുമാർ അമ്പലപ്പുഴ (ചെയർമാൻ), ബിജു വർക്കി (ജനറൽ കൺവീനർ), സാജൻ കണിയാപുരം, അരുൺ ചാത്തന്നൂർ, നിസാം കൊല്ലം, ജാബിർ മുഹമ്മദ്, ബിനു കുഞ്ഞു, മുഹമ്മദ് റിയാസ് (സബ്ബ് കമ്മിറ്റി കൺവീനർമാർ) എന്നിവർ നേതൃത്വം നൽകുന്ന നൂറ്റിഇരുപതംഗ സ്വാഗതസംഘം നവയുഗം രൂപീകരിച്ചിട്ടുണ്ട്.
നവയുഗസന്ധ്യ2024ന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ചിത്രരചന, കളറിംഗ് എന്നീ മത്സരങ്ങളും സ്ത്രീകൾക്കായി മെഹന്ദി, കേക്ക് മേക്കിംഗ് എന്നീ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0572287065, 0596567811, 0503383091 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാം. മത്സരവിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ ഉണ്ടായിരിക്കും.
പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. പരിപാടിയിലേയ്ക്ക് എല്ലാ പ്രവാസികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, ജനറൽ സെക്രെട്ടറി വാഹിദ് കാര്യറ എന്നിവർ അറിയിച്ചു.
|
രാജൻ പള്ളിത്തടത്തിന് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും അൽഖർജ് ഏരിയ സെക്രട്ടറിയുമായ രാജൻ പള്ളിത്തടത്തിന് അൽഖർജ് ഏരിയ യാത്രയയപ്പ് നൽകി. 33 വർഷമായി അൽഖർജ് സനയ്യ വർക്ക്ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്ന രാജൻ പള്ളിത്തടം പത്തനംതിട്ട മുണ്ടു കോട്ടക്കൽ സ്വദേശിയാണ്.
അൽഖർജ് റൗള റസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേളി ട്രഷറുമായ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്,
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ വളവിൽ, ഷാജി റസാക്ക്, ലിപിൻ പശുപതി, കേന്ദ്ര കമ്മിറ്റി അംഗവും അൽഖർജ് ഏരിയ രക്ഷാധികാരി സമിതി കൺവീനറുമായ പ്രദീപ് കൊട്ടാരത്തിൽ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, അൽ ഖർജിലെ ജനകീയ ഡോക്ടർ എന്നറിയപ്പെടുന്ന അൽ ദോസരി ക്ലിനിക്കിലെ ഡോ. അബ്ദുൾ നാസർ,
കെഎംസിസി അൽഖർജ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, കെഎംസിസി ടൗൺ കമ്മറ്റി ട്രഷറർ നൗഫൽ, ഡബ്ലുഎംഎഎഫ് പ്രതിനിധി അയൂബ് പനച്ചമൂട്, ഗോപൻ, യൂണിറ്റ് സെക്രട്ടറിമാർ, മറ്റ് പ്രവർത്തകർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ രാജൻ പള്ളിത്തടത്തിന് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ജോയിന്റ് സെക്രട്ടറി റാഷിദ് അലി സ്വാഗതവും രാജൻ പള്ളിത്തടം നന്ദിയും പറഞ്ഞു.
|
കുവൈറ്റ് സാംസ്കാരിക കാര്യ മന്ത്രിയുമായി ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് ഇൻഫർമേഷൻ, യുവജനകാര്യ, സാംസ്കാരിക മന്ത്രി അബ്ദുൾറഹ്മാൻ ബദ്ദ അൽ മുതൈരിയുമായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങൾക്കുമിടയിലെ സാംസ്കാരിക വിവര കൈമാറ്റ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ചർച്ച ചെയ്തു.
|
യുഎഇ പ്രവാസി സാഹിത്യോത്സവ് ഞായറാഴ്ച അബുദാബി നാഷണല് തിയറ്ററില്
അബുദാബി: കലാലയം സാംസ്കാരിക വേദിയുടെ കീഴില് നടത്തുന്ന പതിനാലാം എഡിഷന് യുഎഇ പ്രവാസി സാഹിത്യോത്സവ് ഞായറാഴ്ച അബുദാബി നാഷനല് തിയറ്ററില് നടക്കും.
രജിസ്റ്റർ ചെയ്ത 7119 മത്സരികളിൽ നിന്ന് യൂണിറ്റ്, സെക്ടർ, സോൺ ഘടകങ്ങളിൽ മത്സരിച്ച് വിജയിയായ ആയിരം പ്രതിഭകളാണ് നാഷണൽ സാഹിത്യോത്സവിൽ മത്സരിക്കുന്നത്.
"പരദേശിയുടെ നിറക്കൂട്ട്’ എന്ന പ്രമേയത്തില് സംഘടിപ്പിക്കപ്പെടുന്ന പ്രവാസി സാഹിത്യോത്സവില് ജൂണിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. യുഎഇയിലെ വിവിധ സ്കൂളുകളിൽ നിന്ന് ക്യാമ്പസ് വിഭാഗത്തിൽ പ്രത്യേക മത്സരങ്ങളും നടക്കും
പ്രവാസി വിദ്യാർഥി യുവജനങ്ങളിൽ നിന്ന് കലാ സാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തി അവസരവും പരിശീലനവും നല്കി പ്രതിഭാത്വം ഉയർത്തി കൊണ്ടുവരികയും സാമൂഹിക പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സാഹിത്യോത്സവിലൂടെ ലക്ഷ്യമാക്കുന്നത്.
മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, മദ്ഹ്ഗാനം, സൂഫിഗീതം, മലയാള പ്രസംഗം, കഥാരചന, കവിതാരചന, കോറൽ റീഡിങ്, കൊളാഷ്, സ്പോട് മാഗസിൻ തുടങ്ങി 73 മത്സര ഇനങ്ങള് 12 വേദികളിലായി നടക്കുന്ന സാഹിത്യോത്സവ് രാവിലെ ഏഴിന് ആരംഭിക്കും.
വൈവിധ്യമായ പ്രാചാരണ പ്രവർത്തനങ്ങൾ സംഘാടക സമിതി യുടെ നേതൃത്വത്തിൽ നടക്കുന്നു. വൈകുന്നേരം ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ശൈഖ് അലി അൽ ഹാഷ്മി ഉത്ഘാടനം നിർവഹിക്കും.
എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക വ്യവസായ പ്രമുഖർ പങ്കെടുക്കും. ഗ്ലോബൽ കലാലയം കഥ, കവിത പുരസ്കാര ജേതാക്കൾക്കുള്ള പുരസ്കാര വിതരണവും സാംസ്കാരിക സമ്മേളനത്തിൽ നടക്കും.
സംഘാടക സമിതി ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര, കൺവീനർ ഹംസ അഹ്സനി, ആർഎസ്സിസി ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി, ഗ്ലോബൽ സെക്രട്ടറി മുസ്തഫ കൂടല്ലൂർ, ആർഎസ്സി യുഎഇ നാഷണൽ സെക്രട്ടറിമാരായ സിദ്ധീഖ് പൊന്നാട്, സഈദ് സഅദി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അബുദാബി മലയാളീസ് സംഘടനയുടെ പ്രവർത്തനോദ്ഘാടനം നടന്നു
അബുദാബി: അബുദാബി മലയാളീസ് 202425 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നടന്നു. പ്രസിഡന്റ് വിദ്യ നിഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റാഫി വാസ്മ സ്വാഗതവും ട്രെഷറർ മുബാറക് നന്ദിയും പറഞ്ഞു.
60ൽ പരം ടീം അംഗങ്ങൾ പങ്കെടുത്തു. കമ്മിറ്റി ചെയർമാൻ ഗ്രൂപ്പ് ഫൗണ്ടർ മമ്മിക്കുട്ടി കുമരനെല്ലൂർ ചടങ്ങിൽ സംബന്ധിച്ചു. അബുദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സമീർ, ലേഡീസ് കൺവീനർ നാദിയ മുസ്തഫ, പ്രോഗ്രാം ഡയറക്ടർ ഫിറോസ് ഇ.എം.കെ, ആർട്ട് സെക്രട്ടറി ശ്രീജ, അസിസ്റ്റന്റ് ആർട്ട് സെക്രട്ടറി സുബിന, ലേഡീസ് ജോയിന്റ് കൺവീനർ രാജി, ഗ്രൂപ്പ് കോഓർഡിനേറ്റർ സുമോദ് എന്നിവർ ആശംസകൾ നേർന്നു.
|
എന്വിബിഎസിന് കാലിക്കറ്റ് സർവകലാശാലയുടെ ആദരം
ദോഹ: ഖത്തറിലെ പ്രമുഖ ബാഡ്മിന്റണ് അക്കാദമിയായ എന്വിബിഎസിന് കാലിക്കറ്റ് സർവകലാശാലയുടെ ആദരം. നൂതനമായ മാര്ഗങ്ങളിലൂടെ വിദഗ്ധമായ പരിശീലനം നല്കി മികച്ച റിസല്ട്ട് നിലനിര്ത്തുന്നത് പരിഗണിച്ചാണ് സർവകലാശാല കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് എന്വിബിഎസ് ഫൗണ്ടറും സിഇഒയുമായ ബേനസീര് മനോജ്, ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന് എന്നിവരെ ഇന്റര്നാഷണല് എക്സലന്സ് അവാര്ഡ് നല്കി ആദരിച്ചത്.
യൂണിവേര്സിറ്റി ഇഎംഎസ് സെമിനാര് കോംപ്ലക്സില് നടന്ന നാഷണല് മാനേജ്മെന്റ് കോണ്ഫറന്സായ അസന്റ് 2024 സമാപന ചടങ്ങില് സർവകലാശാല സിണ്ടിക്കേറ്റ് മെമ്പറും ഫിസിക്സ് വകുപ്പിലെ സീനിയര് പ്രഫസറുമായ ഡോ. പ്രദ്യുപ്നന് അവാര്ഡ് സമ്മാനിച്ചു.
സെന്റര് ഫോര് ഇന്നൊവേഷന് ആന്റ് എന്ട്രപ്രണര്ഷിപ്പ് ഡയറക്ടര് ഡോ. മുഹമ്മദ് ഷാഹീന് തയ്യില്, സർവകലാശാല കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് മേധാവി ഡോ. ശ്രീഷ സി.എച്ച്, ഫാക്കല്ട്ടി കോഓര്ഡിനേറ്റര് ഡോ.നതാഷ, അസിസ്റ്റന്റ് പ്രഫസര് ഡോ.ഹരികുമാര്, അസന്ഡ് കോഓര്ഡിനേറ്റര് മുഹമ്മദ് ബിലാല്, കണ്വീനര് നബീഹ് ഫാറൂഖ് എന്നിവര് സംസാരിച്ചു.
ബാഡ്മിന്റണ് പരിശീലന രംഗത്തെ എന്വിബിഎസിന്റെ മികവിനെ അംഗീകരിക്കുകയും പുരസ്കാരം നല്കി ആദരിക്കുകയും ചെയ്തതില് അഭിമാനമുണ്ടെന്നും കൂടുതല് ഇന്നൊവേഷനുകളുമായി മുന്നോട്ടുപോകുവാന് ഇത് പ്രചോദനമാകുമെന്നും ചടങ്ങില് സംസാരിച്ച എന്വിബിഎസ് ഫൗണ്ടറും സിഇഒയുമായ ബേനസീര് മനോജും ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാനും പറഞ്ഞു.
|
തനിമ കുവൈറ്റ് ദേശീയ വടംവലി മത്സരവും അവാർഡ് ദാനവും ഡിസംബർ ആറിന്
കുവൈറ്റ് സിറ്റി: തനിമ കുവൈറ്റിന്റെ ബാനറിൽ സൻസീലിയ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 18ാം ദേശീയ വടംവലി മത്സരം ഡിസംബർ ആറിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ട് വരെ നടക്കും.
കുവൈറ്റിലെ മുപ്പതോളം ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാർഥികൾക്കുള്ള ഡോ. അബ്ദുൽ കലാം പേൾ ഓഫ് ദ സ്കുൾ അവാർഡ് ദാനവും ഇതോട് അനുബന്ധിച്ച് നടക്കും.
20ലധികം ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ഇത്തവണ ആദ്യമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വടംവലി കായികതാരങ്ങൾ പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കും.
|
സൗദി എംഒഎച്ചിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്കുളള സ്റ്റാഫ് നഴ്സ് (വനിതകൾ) ഒഴിവുകളിലേക്കു നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു.
ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾറ്റ്), ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്, റിക്കവറി എന്നീ സ്പെഷാലിറ്റികളിലാണ് ഒഴിവുകൾ.
നഴ്സിംഗിൽ ബിഎസ്സി പോസ്റ്റ് ബിഎസ്സി വിദ്യാഭ്യാസയോഗ്യതയും സ്പെഷാലിറ്റികളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോർട്ട്, മറ്റ് അവശ്യരേഖകൾ എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org, www. nifl.norkaroots.org വെബ്സൈറ്റുകൾ സന്ദർശിച്ച് 30 നകം അപേക്ഷ സമർപ്പിക്കണം.
സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷലിസ്റ്റുകളിൽ നിന്നുള്ള പ്രഫഷണൽ ക്ലാസിഫിക്കേഷൻ (മുമാരിസ് + ) യോഗ്യതയും, ഡാറ്റാഫ്ലോ വെരിഫിക്കേഷൻ, എച്ച്ആർഡി അറ്റസ്റ്റേഷനും രജിസ്റ്റർ ചെയ്യുന്നതിനാവശ്യമാണ്.
അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറു മാസത്തെ കാലാവധിയുള്ള സാധുതയുള്ള പാസ്പോർട്ടും ഉള്ളവരാകണം. അഭിമുഖ സമയത്ത് പാസ്പോർട്ട് ഹാജരാക്കണം.
അഭിമുഖം ഡിസംബർ രണ്ടാംവാരം കൊച്ചിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളിൽ 18004253939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാം.
|
ഇശൽ ഓണം വർണാഭമായ പരിപാടികളോടെ അരങ്ങേറി
അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബിയുടെ ഓണാഘോഷ പരിപാടി ഇശൽ ഓണം മാവേലി എഴുന്നള്ളത്ത്, പുലിക്കളി, താലപ്പൊലി, തിരുവാതിര, കൈകൊട്ടിക്കളി, നാടൻ പാട്ട് എന്നിങ്ങനെ വർണാഭമായ ഓണപ്പരിപാടികളോടെ അരങ്ങേറി.
സിനിമാ നടൻ സെൻതിൽ കൃഷ്ണ മുഖ്യ അതിഥിയായി പങ്കെടുത്തു. അബുദാബി കമ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറന്റ് ഓഫീസർ ആയിഷ അലി അൽഷഹീ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇശൽ ബാൻഡ് അബുദാബി മുഖ്യരക്ഷാധികാരി ഹാരിസ് തായമ്പത്ത്, ഉപദേശക സമിതി അംഗം മഹ്റൂഫ് കണ്ണൂർ, ചെയർമാൻ റഫീക്ക് ഹൈദ്രോസ്, ഇവന്റ് കോഓർഡിനേറ്റർ ഇഖ്ബാൽ ലത്തീഫ്, ട്രഷറർ സാദിഖ് കല്ലട, ബേയ്പ്പുർ ബോട്ട് റസ്റ്റോറന്റ് മാനേജർ ഷിഹാജ് റഹീം, ഹാപ്പി ബേബി മൊബൈൽസ് ഉടമ മുഹമ്മദ് എന്നിവര് പങ്കെടുത്തു.
ബിസിനസ് രംഗത്തെ മികവിനെ പരിഗണിച്ച് റഹ്മത്ത് കാലിക്കറ്റ് റസ്റ്റോറന്റ് ഉടമ കോഴിക്കോട് കുറ്റിയാടി തൊട്ടിൽപ്പാലം സ്വദേശി കുനിയിൽ ഇസ്മായിൽ അഹമ്മദിനെ ബിസിനസ് എക്സലൻസ് അവാർഡ് നൽകി ചടങ്ങിൽ ആദരിച്ചു.
ഇശൽ ബാൻഡ് അബുദാബിയുടെ രണ്ട് ലക്ഷം രൂപയുടെ ധനസഹായ വിതരണം ബെൻസർ ട്രാൻസ്പോർട്ട് ഉടമ മുഹമ്മദ് ഷരീഫ്, ക്യുപ്കോ ജനറൽ ട്രെഡിംഗ് ഉടമ ഒ.കെ. മൻസൂർ, ഡീപ് സീ ഫിഷ് ട്രെഡിംഗ് ഉടമ ഹാരിസ് പാങ്ങാട്ട് എന്നിവർ ചേർന്ന് നിർവഹിച്ചു.
ഇശൽ ബാൻഡ് അബുദാബി കലാകാരന്മാർ അണിനിരന്ന മെഗാ മ്യൂസിക്കൽ ഷോയിൽ ഇൻസ്റ്റാഗ്രാമിലൂടെ വയറലായ ഹിഷാം അങ്ങാടിപ്പുറവും മീരയും പങ്കെടുത്തു. തുടർന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായ മിസി മാത്യൂസ് നയിച്ച ഓണം തീം ഫാഷൻ ഷോയും അരങ്ങേറി.
ഇശൽ ബാൻഡ് അബുദാബി ഓർഗനൈസിംഗ് സെക്രട്ടറി അൻസർ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് അംഗങ്ങളായ സമീർ മീന്നേടത്ത്, സിയാദ് അബ്ദുൾ അസിസ്, നിഷാൻ അബ്ദുൾ അസിസ്, മുഹമ്മദ് ഇർഷാദ്, വോളണ്ടിയർ ക്യാപ്റ്റൻ മുജീബ് എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു.
|
പീഡനക്കേസ്; പ്രതിയെ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി
റിയാദ്: പീഡനക്കേസ് പ്രതിയെ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. സൗദിയിലെ അല്ഖസീമില് ആണ് സംഭവം.
അഹ്മദ് ബിന് സുനൈതാന് ബിന് ഹമദ് അല്റശൂദ് അല്നോംസിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇയാളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിലും ഇയാള് പ്രതിയായിരുന്നു.
|
കുവൈറ്റ് കെഎംസിസി "തംകീൻ' മഹാസമ്മേളനം വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി "തംകീൻ' മഹാസമ്മേളനം അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ മർഹൂം ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം ആറിന് ആരംഭിക്കുന്ന സമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറി കെ.എം. ഷാജി തുടങ്ങിയവർ പങ്കെടുക്കും.
മൂന്നാമത് ഇ. അഹമ്മദ് എക്സലൻസി അവാർഡിന് അർഹനായ എം.എ. ഹൈദർ ഗ്രൂപ്പ് ചെയർമാൻ ഡോ. എസ്.എം. ഹൈദറലിക്ക് അവാർഡ് കൈമാറും.
"തംകീൻ' അഥവാ "ശാക്തീകാരണം' എന്ന സമ്മേളനപ്രമേയത്തെ അടിസ്ഥാനപെടുത്തി സാമൂഹിkകസാംസ്കാരികരാഷ്ട്രീയസാമ്പത്തിക രംഗങ്ങളിൽ കുവൈറ്റ് കെഎംസിസി അംഗങ്ങളെയും പ്രവാസികളെയും ശാക്തീകരിക്കാൻ ആവശ്യമായ ചർച്ചകളും പദ്ധതികളും നടപ്പിൽ വരുത്തുക എന്നതാണ് സമ്മേളനം ലക്ഷ്യം വയ്ക്കുന്നത്.
സമ്മേളന വിജയത്തിനായി 359 അംഗങ്ങൾ ഉൾകൊള്ളുന്ന സ്വാഗതസംഘം രൂപീകരിച്ച് രണ്ടു മാസത്തോളം വിവിധ സംഘടനാ തലങ്ങളിൽ വ്യത്യസ്തവും ആകർഷകവുമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. തംകീൻ എന്ന സമ്മേളന പ്രമേയം കുവൈറ്റിലുടനീളം ചർച്ച ചെയ്തു.
മുസ്ലിം ലീഗ് നേതാക്കളുടെ കുവൈറ്റിലേക്കുള്ള വരവ് പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് മുന്നോട്ട് വയ്ക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി കുവൈറ്റിലെ പ്രവാസി പൊതു സമൂഹത്തിൽ പ്രചരിപ്പിക്കുകയും ലീഗിന്റെ രാഷ്ട്രീയധാരയിലേക്ക് പ്രവാസികളെ ആകർഷിക്കുകയുമാണ് കെഎംസിസിയുടെ ലക്ഷ്യങ്ങളിലൊന്ന്.
മുൻകാലങ്ങളിൽ കുവൈറ്റ് കെഎംസിസി നടപ്പിൽ വരുത്തിയിരുന്ന പല ജനക്ഷേമ പദ്ധതികളും തിരിച്ചുകൊണ്ടുവരാനും സോഷ്യൽ സെക്യൂരിറ്റി സ്കീം പോലുള്ള സുപ്രധാനമായ പദ്ധതികളിൽ കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരാനും കമ്മിറ്റി ഉദ്ദേശിക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഓർഗനൈസിംഗ് സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, മീഡിയ ചാർജുള്ള വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
സലാം പാപ്പിനിശേരിയുടെ ഒലീസിയ എന്ന പുസ്തകം പ്രകാശനം ചെയ്തു
ഷാർജ: യുഎഇയിൽ നിയമ പ്രതിസന്ധികളിൽ അകപ്പെട്ട് നീതിക്കുവേണ്ടി പ്രയാസപ്പെട്ട നിരാശ്രയരായ പ്രവാസികളുടെ അനുഭവങ്ങൾ കോർത്തിണക്കി യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരി എഴുതിയ ഒലീസിയ എന്ന പുസ്തകം പ്രകാശനം ചെയ്തു.
43ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ യുഎഇ പൗരനും ഇനായ ഗ്രൂപ്പിന്റെ ചെയർമാനുമായ റിയാദ് അഹമ്മദ് ടിം മുൻ റേഡിയോ അവതാരകൻ കെ.പി.കെ. വേങ്ങരയ്ക്ക് നൽകി കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്.
നിയമ കുരുക്കിൽ അകപ്പെട്ട് പ്രതിസന്ധിയിലായവരുടേതുൾപ്പടെ പ്രവാസലോകത്തെ അനുഭവങ്ങൾ വരച്ചു കാട്ടുന്ന പുസ്തകമാണ് ഒലീസിയ.
മരുപ്പച്ചയ്ക്കും മണൽക്കാറ്റിനുമിടയിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പ്രതിസന്ധികളുടെ പ്രവാസത്തിൽ നീതിക്ക് വേണ്ടി വിലപിക്കുന്ന കുറെയേറെ മനുഷ്യരുടെ കഥയാണ് ഒലീസിയ എന്ന പുസ്തകത്തിൽ പറയുന്നത്. ലിപി പബ്ലിക്കേഷൻസാണ് പുസ്തകത്തിന്റെ പ്രസാധകർ.
ചടങ്ങിൽ യുഎഇ അഭിഭാഷകരായ അഡ്വ. ഇബ്രാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ സുവൈദി, സഫ്വാൻ അറഫ, എഴുത്തുകാരൻ ബഷീർ തിക്കോടി, ലിപി പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ലിപി അക്ബർ, മുന്ദിർ കൽപകഞ്ചേരി, അഡ്വ. ഷൗക്കത്തലി സഖാഫി, അഡ്വ. ഷുഹൈബ് സഖാഫി, ഫർസാന അബ്ദുൾജബ്ബാർ, അൻഷീറ അസീസ്, ഷഫ്ന ഹാറൂൺ, ആയിഷ മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
|
മീഡിയ പ്ലസും ഖത്തര് ഡയബറ്റിക് അസോസിയേഷനും പ്രമേഹ ബോധവത്കരണം സംഘടിപ്പിച്ചു
ദോഹ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസും ഖത്തര് ഡയബറ്റിക് അസോസിയേഷനും സംയുക്തമായി സ്കില് ഡലവപ്മെന്റ് സെന്ററില് സംഘടിപ്പിച്ച പ്രമേഹ ബോധവത്കരണം ശ്രദ്ധേയമായി.
മോഡേണ് മെഡിസിനും ആയുര്വേദയും കുംഗ്ഫുവും യോഗയും അക്യപംക്ചറുമൊക്കെ പ്രമേഹം നിയന്ത്രിക്കുവാന് എങ്ങനെ സഹായകമാകുമെന്നാണ് ബോധവത്കരണ പരിപാടിയില് ശ്രദ്ധ കേന്ദീകരിച്ചത്.
ഖത്തര് ഡയബറ്റിക് അസോസിയേഷനിലെ ഹെല്ത്ത് ആൻഡ് വെല്വനസ് എഡ്യൂക്കേറ്റര് ഡോ. ഫഹദ് അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. അഹ് മദ് മുഖ്യ പ്രഭാഷണം നടത്തി. ജീവിത ശൈലി മാറ്റുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാമെന്നും ഭക്ഷണം, ഉറക്കം, നടത്തം എന്നിവ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ആയുര്വേദ പരിശീലിക്കുന്നതിലൂടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്ത്താനും പ്രമേഹത്തെ പ്രതിരോധിക്കുവാനും സാധിക്കുമെന്ന് ആയുര്വേദ ഡോക്ടര് ഡോ. ഫസീഹ അസ്കര് പറഞ്ഞു.
രാവിലെ എഴുന്നേല്ക്കുന്നതുമുതല് ഉറങ്ങുന്നതുവരേയും ആരോഗ്യം സംരക്ഷിക്കുന്നതില് ശ്രദ്ധവേണമെന്നും ശാസ്ത്രീയമായ രീതിയിലുള്ള ബോഡി സ്ട്രച്ചിംഗ്, ബ്രീത്തിംഗ് എക്സര്സൈസ്, നടത്തം എന്നിവ ജീവിത ശൈലി മെച്ചപ്പെടുത്താനും പ്രമേഹം പോലുള്ള പ്രയാസങ്ങളെ നിയന്ത്രിക്കുവാനും സഹായിക്കുമെന്ന് യുഎംഎഐ ഫൗണ്ടറും ഗ്രാൻഡ് മാസ്റ്ററുമായ ഡോ. ആരിഫ് സിപി അഭിപ്രായപ്പെട്ടു.
ശാസ്ത്രീയമായ രീതിയില് യോഗ പരിശീലിക്കുന്നത് രക്തസംക്രണം അനായാസമാക്കാനും വിവിധ തരം രോഗങ്ങളെ പ്രതിരോധിക്കുവാനും സഹായിക്കുമെന്ന് യോഗ ഇന്സ്ട്രക്ടര് ഇറ്റി ബെല്ല പറഞ്ഞു.
നേരത്തെ ഉണരുക, വ്യായാമം പരിശീലിക്കുക, രാത്രി നേരത്തെ ഭക്ഷണം കഴിച്ച് ഉറങ്ങുക തുടങ്ങിയവ ആരോഗ്യ സംരംക്ഷണത്തില് പ്രധാനമാണെന്നും ജീവിത ശൈലി ക്രമീകരിക്കുന്നതിലൂടെ നിരവധി രോഗങ്ങളെ പ്രതിരോധിക്കാനാകുമെന്നും അക്യൂപംക്ചറിസ്റ്റ് നിജാസ് ഹസൈനാര് അഭിപ്രായപ്പെട്ടു.
ജീവിതത്തല് സമ്മര്ദ്ധങ്ങള് ഒഴിവാക്കുകയും ആത്മാര്ഥമായ സൗഹൃദങ്ങള് സ്ഥാപിച്ചും പൊട്ടിച്ചിരിച്ചും ജീവിതം മനോഹരമാക്കുവാന് ചടങ്ങില് സംസാരിച്ച ഖത്തര് ഇന്ത്യന് പ്രവാസി അസോസിയേഷന് പ്രതിനിധി ഉണ്ണികൃഷ്ണന് പറഞ്ഞു. ആരോഗ്യ സംരംക്ഷണത്തിന്റെ ഉദാത്തമായ മാതൃകയാണ് പ്രവാചക വചനങ്ങളെന്നും അവ ജീവിതത്തില് പാലിക്കുന്നതിലൂടെ വ്യക്തിയിലും സമൂഹത്തിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നും സൂപ്പര്ഫൈന് ഡോക്യൂമെന്റ് ക്ളിയറന്സ് മാനേജര് മുഹമ്മദ് ഫാറുഖ് പറഞ്ഞു.
ഖത്തര് ഡയബറ്റിക് അസോസിയേഷനിലെ ഇവന്റ് ഓഫീസര് അഷ്റഫ് പി എ നാസര് ചടങ്ങില് അധ്യക്ഷത വഹിച്ചു. മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. നേരത്തെ ഖത്തര് ഡയബറ്റിക് അസോസിയേഷനിലെ ഹെല്ത്ത് ആന്റ് വെല്വനസ് എഡ്യൂക്കേറ്റര് ഡോ.ഫഹദ് അബ്ദുല്ലയുടേയും ഇവന്റ് ഓഫീസര് അഷ്റഫ് പി എ നാസറിന്റേയും നേതൃത്വത്തില് പരിപാടിക്കെത്തിയ മുഴുവനാളുകളേയും രക്ത പരിശോധനയ്ക്ക് വിധേയരാക്കുകയും ആവശ്യമായ മാര്ഗനിര്ദേശങ്ങള് നല്കുകയും ചെയ്തു.
അല് സുവൈദ് ഗ്രൂപ്പ് ഡയറക്ടര് ഫൈസല് റസാഖ് ചടങ്ങില് വിശിഷ്ട അതിഥിയായിരുന്നു.
|
ഖത്തര് ബിസിനസ് കാര്ഡ് ഡയറക്ടറിയുടെ ഓണ്ലൈന് പതിപ്പും മൊബൈല് ആപ്ലിക്കേഷനും പുറത്തിറക്കി
ദോഹ: ഖത്തറിലെ പ്രമുഖ അഡ് വര്ട്ടൈസിംഗ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തര് ബിസിനസ് കാര്ഡ് ഡയറക്ടറി പതിനെട്ടാമത് എഡിഷന്റെ ഓണ്ലൈന് പതിപ്പും മൊബൈല് ആപ്ലിക്കേഷനുകളും പുറത്തിറക്കി.
സീ ഷെല് റസ്റ്റോറന്റ് ഹാളില് നടന്ന ചടങ്ങില് ഓണ്ലൈന് പതിപ്പിന്റെ ഉദ്ഘാടനം ഏജ് ഇന്റര്നാഷണല് മാനേജിംഗ് ഡയറക്ടര് ശെല്വ കുമാരന് നിര്വഹിച്ചു. ഐഒഎസ് ആപ്ലിക്കേഷന് ദോഹ ബ്യൂട്ടി സെന്ററര് മാനേജിംഗ് ഡയറക്ടര് ഡോ.ഷീല ഫിലിപ്പോസും അക്കോണ് പ്രിന്റിംഗ് പ്രസ് ഡയറക്ടര് പി.ടി. മൊയ്തീന്കുട്ടിയും ചേര്ന്നാണ് പുറത്തിറക്കിയത്.
ആന്ഡ്രോയിഡ് ആപ്ലിക്കേഷന് ഗുഡ് വില് കാര്ഗോ മാനേജിംഗ് ഡയറക്ടര് നൗഷാദ് അബുവും അല് മവാസിം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര് ഡോ.ഷഫീഖ് ഹുദവിയും ചേര്ന്ന് പ്രകാശനം ചെയ്തു. ഖത്തര് ടെക് മാനേജിംഗ് ഡയറക്ടര് ജെബി കെ. ജോണ്, യുഎംഎഐ ഫൗണ്ടറും ഗ്രാന്ഡ് മാസ്റ്ററുമായ ഡോ. ആരിഫ് സിപി എന്നിവര് വിശിഷ്ട അതിഥികളായിരുന്നു.
പ്രിന്റ്, ഓണ്ലൈന്, മൊബൈല് ആപ്ലിക്കേഷന് എന്നീ മൂന്ന് പ്ലാറ്റ്ഫോമുകളിലും ലഭ്യമായ ഖത്തര് ബിസിനസ് കാര്ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതല് പുതുമകള് അവതരിപ്പിക്കുവാന് ശ്രമിക്കാറുണ്ടെന്നും മീഡിയ പ്ലസ് സിഇഒയും ഖത്തര് ബിസിനസ് കാര്ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ഡയറക്ടറിയുടെ സൗജന്യ കോപ്പികള്ക്ക് ഖത്തറിലുള്ളവര് 4324853 എന്ന നമ്പറില് ബന്ധപ്പെടണം. ഓണ്ലൈന് വിലാസം www.qatarcontact.com.
|
ക്യുകെഐസി കലണ്ടർ പ്രകാശനം ചെയ്തു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ പുറത്തിറക്കുന്ന 2025 വർഷത്തെ കലണ്ടർ ട്രഷറർ മുഹമ്മദലി മൂടാടിക്ക് നൽകി പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി പ്രകാശനം ചെയ്തു. ഇസ്ലാമിലെ പ്രധാനപ്പെട്ട മസ്ജിദുകൾ എന്ന തീമിൽ തയാറാക്കിയ കലണ്ടർ ഏതാനും ദിവസങ്ങൾക്കകം വിതരണത്തിന് തയാറാവും.
ചടങ്ങിൽ ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, ശബീറലി അത്തോളി, ഉമർ ഫൈസി, ഷാനിബ്, കബീർ എന്നിവർ സംബന്ധിച്ചു. കോപ്പികൾ ആവശ്യമുള്ളർ 6000 4485 എന്ന നമ്പറിൽ ബന്ധപ്പെടുക.
|
അൽഫസാഹ: ടീം റെഡ് ഓവറോൾ ചാമ്പ്യന്മാർ
ദോഹ: അൽമനാർ മദ്റസ ആർട്സ് ഡേ അൽഫസാഹ'24ൽ 150 പോയിന്റ് നേടി ടീം റെഡ് ഓവറോൾ ചാമ്പ്യന്മാരായി. 131 പോയിന്റോടെ ടീം ബ്ലൂ റണ്ണേഴ്സ് അപ്പായി. നാലു ടീമുകളായി തിരിച്ച് അഞ്ച് കാറ്റഗറികളിലായി നടത്തിയ കലാമത്സരങ്ങൾ പങ്കാളിത്തം കൊണ്ടും അവതരണ മികവ് കൊണ്ടും ഏറെ മികച്ചതായിരുന്നു.
കിഡ്സ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി ഫാതിമ അബ്ദുൽ ഗഫൂറും(റെഡ്) സബ്ജൂനിയർ വിഭാഗത്തിൽ ആയിഷ അബ്ദുൽ ഗഫൂറും(ബ്ലൂ) ജൂണിയർ വിഭാഗത്തിൽ ഇഹാൻ അബ്ദുൽ വഹാബും(റെഡ്) സീനിയർ ബോയ്സിൽ ഇജാസ് അബ്ദുല്ലയും(ബ്ലൂ) സീനിയർ ഗേൾസിൽ റന ഫാതിമയും(യെല്ലൊ) തെരഞ്ഞെടുക്കപ്പെട്ടു.
ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വിഐപി റിക്രിയേഷൻ ഹാളിൽ നടന്ന പരിപാടി ആസ്വദിക്കാൻ രക്ഷിതാക്കൾ അടക്കമുള്ള നൂറുകണക്കിനാളുകൾ സന്നിഹിതരായിരുന്നു.
സമാപന സെഷനിൽ സ്വലാഹുദ്ധീൻ സ്വലാഹി, മുജീബ് റഹ്മാൻ മിഷ്കാത്തി, കെ.ടി. ഫൈസൽ സലഫി, ഉമർ ഫൈസി, ഷാനിബ്,ഷബീറലി അത്തോളി എന്നിവർ സംബന്ധിച്ചു.
|
പ്രവാസി സാഹിത്യോത്സവ് കിരീടം കുവൈറ്റ് സിറ്റി സോണിന്
കുവൈറ്റ് സിറ്റി: രിസാല സ്റ്റഡി സർക്കിളിനു കീഴിലുള്ള കലാലയം സാംസ്കാരിക വേദിയുടെ പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിൽ കുവൈറ്റ് സിറ്റി സോണിന് കലാ കിരീടം.
ദഫ്മുട്ട്, ഖവാലി, സംഘഗാനം, മാപ്പിളപ്പാട്ട്, മദ്ഹ്ഗാനം, പ്രസംഗം, പ്രബന്ധരചന, കഥ കവിതാരചന, മാഗസിൻ ഡിസൈനിംഗ് തുടങ്ങിയ 59 ഇന മത്സരങ്ങളിൽ കുവൈത്തിലെ അഞ്ചു സോണുകളിൽ നിന്നായി നാന്നൂറോളം മത്സരാർഥികൾ പങ്കെടുത്തു.
ഫാമിലി, യൂണിറ്റ്, സെക്ടർ മത്സരങ്ങൾക്ക് ശേഷം സോൺ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് ഖൈത്താനിൽ മൂന്ന് വേദികളിലായി നടന്ന നാഷനൽ സാഹിത്യോത്സവിൽ മാറ്റുരച്ചത്.
ഫർവാനിയ സോൺ ഫസ്റ്റ് റണ്ണറപ്പും, ജലീബ് സോൺ സെകന്റ് റണ്ണറപ്പുമായി. കലാപ്രതിഭയായി നവീൻ ബദറുദ്ദീൻ (ജലീബ്), സർഗപ്രതിഭയായി അൻസില സവാദ് (ജഹ്റ) എന്നിവരെ തെരെഞ്ഞെടുത്തു.
സാംസ്കാരിക സമ്മേളനം അലവി സഖാഫി തെഞ്ചേരിയുടെ അധ്യക്ഷതയിൽ അഹമ്മദ് കെ. മാണിയൂർ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് ഇന്ത്യ സെക്രട്ടറി ജഅഫർ സ്വാദിഖ് സി.എൻ സാംസ്കാരിക പ്രഭാഷണം നടത്തി.
മത്സരങ്ങളും സ്വാർഥതയും കൊടികുത്തുന്ന ആധുനിക ലോകത്ത് പരസ്പ്പരം ഉൾക്കൊള്ളാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്നും കഴിഞ്ഞ കുറേ കാലങ്ങളിലായ് സാഹിത്യോത്സവിലൂടെ അത് സാധ്യമാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുജിസി നെറ്റ് പരീക്ഷയിൽ വിജയം നേടിയ മുൻ ആർഎസ്സി സെക്രട്ടറി സലീം മാസ്റ്ററെ അനുമോദിച്ചു. ഷിഫ അൽജസീറ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് അസീം സേട്ട് സുലൈമാൻ, അബ്ദുല്ല വടകര, സത്താർ ക്ലാസിക്ക്, ഹാരിസ് പുറത്തീൽ, അൻവർ ബലക്കാട്, ശിഹാബ് വാരം തുടങ്ങിയവർ സംബന്ധിച്ചു.
|
കേരളാ ദിനം ആഘോഷിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി വൈവിധ്യമാർന്ന പരിപാടികളോടെ കേരളാ ദിനം ആഘോഷിച്ചു. ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി മലയാളി അസോസിയേഷനുകൾ കേരളത്തിന്റെ പരമ്പരാഗതവും വൈവിധ്യമാർന്നതുമായ കലാരൂപങ്ങൾ അവതരിപ്പിച്ചു.
ചെണ്ട മേളത്തോടെ ആരംഭിച്ച പരിപാടിയിൽ ആയോധനകലയായ കളരിപ്പയറ്റ്, അനുഷ്ഠാന കലാരൂപമായ തെയ്യം, തിരുവാതിര, കേരളനടനം, നടവിളി, മാർഗംകളി, ദഫ് മുട്ട്, കോൽക്കളി, കൊളുന്ത് പാട്ട്, ഒപ്പന, ഗസൽ എന്നിവയുമുണ്ടായിരുന്നു.
മഹാരാജ മാർത്താണ്ഡവർമ, പഴശിരാജ, കുഞ്ഞാലി മരക്കാർ, ആനി മസ്കരീൻ, ദാക്ഷായണി നാരായണൻ, അമ്മു സ്വാമിനാഥൻ, ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയ ചരിത്രപ്രസിദ്ധമായ കേരളത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന സ്കിറ്റുകളും മോണോലോഗുകളും അവതരിപ്പിക്കപ്പെട്ടു.
വിജയകരമായ ആഘോഷം സംഘടിപ്പിച്ചതിനും അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവച്ചതിനും അംബാസഡർ ഇന്ത്യൻ സമൂഹത്തെ അഭിനന്ദിച്ചു.
|
ലിറ്റിൽവേൾഡ് എക്സിബിഷന് ബുധനാഴ്ച തുടക്കമാകും
കുവൈറ്റ് സിറ്റി: വിവിധ രാജ്യങ്ങളുടെ സാംസ്കാരിക, പൈതൃക പ്രദർശനങ്ങൾ ഉൾക്കൊള്ളുന്ന ലിറ്റിൽവേൾഡ് എക്സിബിഷൻ ബുധനാഴ്ച ആരംഭിക്കുമെന്ന് പ്രൊമോട്ടർമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിവിധ രാജ്യങ്ങളുടെ പവലിയനുകൾ, സാംസ്കാരിക പരിപാടികൾ, വൈവിധ്യങ്ങളായ ഭക്ഷണങ്ങൾ തുടങ്ങിയവ ഒരേ കുടക്കീഴിൽ ഒരുക്കുന്ന കുവൈറ്റിലെ ആദ്യ സംരംഭമായിരിക്കുമിത്.
മിശിരിഫ് എക്സിബിഷൻ സെൻട്രൽ ഏരിയയിൽ ഹാൾ നമ്പർ ആറിന് സമീപത്തുള്ള പാർക്കിംഗ് ഏരിയയിൽ തുറസായ സ്ഥലത്താണ് കാണികൾക്ക് വിസ്മയം ഒരുക്കി ലിറ്റിൽ വേൾഡ് ഒരുങ്ങുന്നത്.
കുവൈറ്റ്, ഇന്ത്യ, ചൈന, കൊറിയ, ജപ്പാൻ, തായ്ലൻഡ്, വിയറ്റ്നാം, ഫിലിപ്പിൻസ്, തുർക്കി, ഈജിപ്ത്, വിവിധ യൂറോപ്യൻ രാജ്യങ്ങൾ, ജിസിസി രാജ്യങ്ങൾ എന്നിവയുടെ പതിനാലോളം പവലിയനായാണ് ലിറ്റിൽ വേൾഡ് ആദ്യ സീസണിൽ ഉണ്ടാവുക.
വിവിധ രാജ്യങ്ങളില് നിന്നുള്ള ഉത്പന്നങ്ങള്, സാംസ്കാരിക പ്രകടനങ്ങള്, അന്താരാഷ്ട്ര ഭക്ഷണ അനുഭവങ്ങള്, കുട്ടികള്ക്കായി പ്രത്യേകമായി രൂപകല്പന ചെയ്ത വിനോദങ്ങള്ക്കായുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും.
വിവിധ പവലിയനുകളിൽ അതാത് രാജ്യങ്ങളുടെ തനത് ഉത്പന്നങ്ങൾ വാങ്ങാനുള്ള സുവർണാവസരമാണ് സന്ദർശകർക്കായി ഒരുങ്ങിയിരിക്കുന്നത്. വ്യത്യസ്തമായ കാഴ്ച ഒരുക്കുന്നതിന്റെ ഭാഗമായി സന്ദർശകർക്കായി മിനി മൃഗശാല കൂടി ഒരുക്കുന്നതാണ് സംഘാടകർ അറിയിച്ചു.
സർക്കാർ സംവിധാനമായ കുവൈറ്റ് ഇന്റർനാഷണൽ ഫെയർ അതോറിറ്റിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം ദുബായി ഗ്ലോബൽ വില്ലേജിൽ വിവിധ പവലിയനുകൾ ഒരുക്കിയ വേഗ ഇന്റർനാഷണൽ എക്സിബിഷൻസ് ആണ് പരിപാടിയുടെ മുഖ്യസംഘാടകർ. മേളയിലെ ഏറ്റവും വലിയ പവലിയനുകളിൽ ഒന്നായ ഇന്ത്യ പവലിയൻ തലയെടുപ്പോടെ മുഖ്യ ആകർഷകമായി മേളയിൽ ഒരുങ്ങിക്കഴിഞ്ഞു.
ഇന്ത്യയുടെ വിവിധ മേഖലയിൽ നിന്നുള്ള തുണിത്തരങ്ങൾ, തനത് ആഭരണങ്ങൾക്കായുള്ള പ്രത്യേക വിഭാഗം, ലോക പ്രശസ്തമായ കാശ്മീർ തുണിത്തരങ്ങൾ, ഇന്ത്യൻ നിർമ്മിത സുഗന്ധ വസ്തുക്കൾ, ആസ്സാമിൽ നിന്നുള്ള ഊദ് അനുബന്ധ ദ്രവ്യങ്ങൾ, ഇന്ത്യൻ ചാറ്റ് വിഭവങ്ങൾ,
ഹോം ഡെക്കറേഷൻ, കൈത്തറി വസ്ത്രങ്ങൾ, പഞ്ചാബി തുകൽ ചെരിപ്പുകൾ, ഫാഷൻ തുണിത്തരങ്ങൾ, ആദിവാസി ഹെർബർ എണ്ണകൾ, പരമ്പരാഗത രീതിയിൽ ഉണ്ടാക്കിയ വേദന സംഹാരികൾ ഹെർബൽ എണ്ണ അനുബന്ധ വസ്തുക്കൾ, ആയുവേദ വസ്തുക്കൾ എന്നിവയുടെ വിശാലമായ ശേഖരം തന്നെ ഇന്ത്യ പവലിയനിൽ ഉണ്ടാകും.
സാധാരണ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും അവധി ദിവസങ്ങളിൽ മൂന്നു മുതൽ രാത്രി 10 വരെയാകും സന്ദർശന സമയം. ലിറ്റിൽവേൾഡിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും മാർച്ച് ഒന്ന് വരെ നീണ്ടു നിൽക്കുമെന്നും സംഘാടകർ പറഞ്ഞു.
|
ഫോക്ക് ഫഹാഹീൽ സോണൽ പിക്നിക് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഫഹാഹീൽ സോണൽ "ഒരു ഓർഡിനറി യാത്ര' എന്ന പേരിൽ വഫ്രയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു.
പ്രസിഡന്റ് പി. ലിജീഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സോണൽ ചാർജുള്ള വൈസ് പ്രസിഡന്റ് നിഖിൽ രവീന്ദ്രൻ അധ്യക്ഷനായിരുന്നു. പ്രോഗ്രാം കൺവീനർ സുരേഷ് ബാബു സ്വാഗതവും പ്രോഗ്രാം ജോയിന്റ് കൺവീനർ സുവിത ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
ജനറൽ സെക്രട്ടറി ഹരിപ്രസാദ് യുകെ, ട്രെഷറർ ടി.വി. സാബു, ഉപദേശക സമിതി അംഗം കെ.ഇ. രമേശ്, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, വനിതാ വേദി സോണൽ കോഓർഡിനേറ്റർ രമ സുധീർ, ബാലവേദി കൺവീനർ ജീവ സുരേഷ് എന്നിവരും മറ്റു ഫോക്ക് ഭാരവാഹികളും ആശംസകൾ നേർന്നു.
കണ്ണൂർ മഹോത്സവത്തിൽ അവതാരികയായിരുന്ന രശ്മി രമേശിന് ഫോക്കിന്റെ ഉപഹാരം ചടങ്ങിൽ വച്ച് കൈമാറി. ഫഹാഹീൽ സോണലിലെ മഹ്ബുള, അബുഹലിഫ, മംഗഫ്, മംഗഫ് ഈസ്റ്റ്, മംഗഫ് സെൻട്രൽ, ഫഹാഹീൽ നോർത്ത്, ഫഹാഹീൽ എന്നീ യൂണിറ്റിലെ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
കുട്ടികളുടെ കലാപരിപാടികളും വിവിധ ഗെയിംസും വടം വലിയും വിനോദ യാത്രയ്ക്ക് ആവേശം നൽകി.
|
റഹീമിനുവേണ്ടി പിരിച്ചതില് ബാക്കിയുള്ളത് 11.60 കോടി
കോഴിക്കോട്: സൗദി അറേബ്യയിലെ ജയിലില് കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനത്തിനായി പിരിച്ചെടുത്തതില് ബാക്കി തുക 11.60 കോടി. ക്രൗഡ് ഫണ്ടിംഗില് പിരിഞ്ഞുകിട്ടിയത് 47.87 കോടി രൂപയാണ്.
സൗദി കുടുംബത്തിനു ദിയ ധനവും അഭിഭാഷക ഫീസും നല്കിയശേഷമുള്ള തുകയാണ് 11,60,30,420 രൂപ. 36,27,34,927 രൂപ ചെലവ് വന്നതായി അബ്ദുറഹീം ലീഗല് അസ്സിസ്റ്റന്സ് ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികള് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
2024 മാര്ച്ച് പത്തുമുതല് ഏപ്രില് 12 വരെയാണ് ആപ്പ് വഴി ധനസമാഹരണം നടന്നത്. റഹീമിന്റെ ഉമ്മ ഫാത്തിമയുടെ പത്ത് ബാങ്ക് അക്കൗണ്ടുകളിലേക്ക് 3,54,96,942 രൂപയും ട്രസ്റ്റിന്റെ അക്കൗണ്ടുകളിലേക്ക് 44,32,68,404 രൂപയുമാണ് പിരിഞ്ഞുകിട്ടിയത്. റിയാദ് ഓഡിറ്റ് റിപ്പോര്ട്ട് ഉള്പ്പടെ വ്യക്തമായ കണക്കുകള് കമ്മിറ്റി പുറത്ത് വിട്ടു.
ബാങ്കില് ബാക്കിയുള്ള തുക അബ്ദുറഹീം ജയില് മോചിതനായി നാട്ടില് തിരിച്ചെത്തിയ ശേഷം എന്ത് ചെയ്യണമെന്ന് സര്വകക്ഷി സമിതിയുടെ മേല്നോട്ടത്തിലുള്ള ട്രസ്റ്റ് തീരുമാനമെടുക്കും. സമാനതകളില്ലാത്ത ദൗത്യമാണ് നിറവേറ്റിയത്.
റിയല് കേരള സ്റ്റോറിയായി മാറിയ ഫണ്ട് സമാഹരണത്തില് ലോകം കൈകോര്ത്തത് കേരള ചരിത്രത്തില് സുവര്ണ രേഖയായി അവശേഷിക്കുമെന്നു ഭാരവാഹികള് പറഞ്ഞു. നാളെയാണ് റിയാദിലെ ക്രിമിനല് കോടതിയുടെ സിറ്റിംഗ്.
ദിയ ധനം സ്വീകരിച്ചതിന് ശേഷം സൗദി കുടുംബം മാപ്പ് നല്കാന് തയാറാണെന്ന് റിയാദ് ക്രിമിനല് കോടതിയെ അറിയിച്ചതിനെത്തുടര്ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. കോടതിയുടെ സ്വാഭാവികമായ നടപടികള് പൂര്ത്തിയായാല് ഉടനെ അബ്ദുറഹീം നാട്ടിലെത്തും.
അതിനിടെ റിയാദിലെത്തിയ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും ജയിലില് റഹീമുമായി കൂടിക്കാഴ്ച്ച നടത്തിയത് ഈ മഹാ ദൗത്യത്തില് പങ്കാളികളായിരുന്ന എല്ലാവര്ക്കും ഏറെ സന്തോഷം പകര്ന്നുവെന്ന് അവര് പറഞ്ഞു.
സൗദി പൗരന്റെ മരണത്തെ തുടര്ന്ന് കഴിഞ്ഞ പതിനെട്ട് വര്ഷമായി റിയാദിലെ ജയിലില് കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് സൗദി കുടുംബം 15 മില്യണ് റിയാലായിരുന്നു ആവശ്യപ്പെട്ടത്.
റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതിയുടെ കഴിഞ്ഞ 17 വര്ഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് സൗദി കുടുംബത്തിന്റെ വക്കീല് മുഖാന്തരം നടത്തിയ പ്രത്യേക ഇടപെടല് മൂലം പതിനഞ്ച് മില്യണ് റിയാലിന് മോചനംനല്കാന് തീരുമാനിച്ചത്.
മലപ്പുറത്തെ സ്പെയിന് കോഡ് എന്ന കമ്പനിയുടെ പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം നടത്തിയത്. സോഷ്യല് മീഡിയ വഴി ചിലര് അപവാദ പ്രചാരണങ്ങള് നടത്തുന്ന സാഹചര്യത്തിലാണ് കമ്മിറ്റി കണക്കുകള് പുറത്തുവിട്ടത്. പ്രചാരണങ്ങള് അടിസ്ഥാന രഹിതമാണ്.
ജയില്മോചനത്തിന് ഇടപെടുന്നതില് കാലതാമസമുണ്ടായെന്ന വിമര്ശനമാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. റിയാദിലെത്തി ഉമ്മയും സഹോദരനും റഹീമിനെ കാണുകയും നിയമസഹായ സമിതി സ്വീകരണത്തില് പങ്കെടുക്കുകയും ചെയ്തതോടെ യഥാര്ഥ വസ്തുതകള് കുടുംബത്തിനു മനസിലാക്കാന് കഴിഞ്ഞതായി അവര് പറഞ്ഞു.
ചെയര്മാന് കെ.സുരേഷ്കുമാര്, കെ.കെ.ആലിക്കുട്ടി, ഓഡിറ്റര് പി.എം. സമീര്, അഷ്റഫ് വേങ്ങാട്, എം.മൊയ്തീന്കോയ, ഷക്കീബ് കൊളക്കാടന് എന്നിവര് വാര്ത്താസമ്മേളനത്തില് സംബന്ധിച്ചു.
|
ശ്രവണ സഹായി കൈമാറി കേളി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സാമൂഹ്യക്ഷേമ പദ്ധതി പ്രകാരമുള്ള ശ്രവണ സഹായി മന്ത്രി വി.എൻ. വാസവൻ കൈമാറി. കേളി നാട്ടിൽ നടത്തുന്ന സാമൂഹ്യ ഇടപെടലുകളുടെ ഭാഗമായാണ് ശ്രവണ സഹായി കൈമാറിയത്.
കോട്ടയം പാമ്പാടി സ്വദേശിയായ സ്കൂൾ വിദ്യാർഥിക്ക് ജന്മനാടായുള്ള കേൾവി പരിമിതി മൂലം തുടർ വിദ്യാഭ്യാസത്തിന് തടസം നേരിടുന്നതായി മന്ത്രി വാസവൻ സംഘടനയെ അറിയിക്കുകയും സാമ്പത്തികമായി പരാധീനതയുള്ള കുടുബത്തെ സഹായിക്കാൻ കേളി കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
കോട്ടയത്തെ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രവാസി സംഘം കോട്ടയം ജില്ലാ ട്രഷറർ സി. ജോർജ്, പ്രവാസി സംഘം ഏറ്റുമാനൂർ ഏരിയ പ്രസിഡന്റ് ഷിൻസി തോമസ്, സെക്രട്ടറി അജയകുമാർ, കേളിയുടെ കോട്ടയം ജില്ലാ കോഓര്ഡിനേറ്റർ പ്രതീപ് രാജ് എന്നിവർ സന്നിഹിതരായി.
ആംബുലൻസ്, ഡയാലിസിസ് മിഷ്യനുകൾ, ഭക്ഷണ വിതരണം, വിശ്രമ ജീവിതം നയിക്കുന്ന അംഗങ്ങൾക്കുള്ള പെൻഷൻ, മുൻ അംഗങ്ങൾക്കുള്ള ചികിത്സാ സഹായം, എസ്എംഎ രോഗികൾക്കുള്ള ബൈപാസ് മിഷ്യനുകൾ തുടങ്ങി ഒട്ടനവധി ഇടപെടലുകൾ കൂടാതെ നാട് അഭിമുഖീകരിക്കുന്ന പ്രകൃതിക്ഷോഭങ്ങളിലും മറ്റും കേളി ക്രിയാത്മകമായി നാട്ടിൽ ഇടപെടുന്നുണ്ട്.
|
കേളി സംഘടിപ്പിക്കുന്ന ക്യാന്പ് "കരുതലും കാവലും' വെള്ളിയാഴ്ച
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ സംഘടിപ്പിക്കുന്ന "കരുതലും കാവലും' എന്ന ക്യാമ്പ് വെള്ളിയാഴ്ച്ച നടക്കും. രാവിലെ ഒന്പത് മുതൽ രാത്രി ഏഴ് വരെ അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ നോർക്കയുമായി ബന്ധപ്പെട്ട സേവനങ്ങളും രോഗനിർണയ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കും.
രാവിലെ ഒന്പത് മുതൽ വൈകുന്നേരം നാലു വരെ നോർക്കയുമായി ബന്ധപ്പെട്ട ഐഡി രജിസ്റ്റ്ട്രേഷൻ പ്രവാസിരക്ഷ ഇൻഷുറൻസ് പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ തുടങ്ങി പ്രവാസികൾക്ക് നോർക്കയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നൽകും.
ഒപ്പം തന്നെ മലാസിലെ നൂറാന പോളിക്ലിനിക്കുമായി സഹകരിച്ച് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ സൗജന്യ ആരോഗ്യ പരിശോധനയും നാലു മുതൽ ഡോ. അബ്ദുൾ അസീസ് ജീവിത ശൈലീ രോഗങ്ങളെകുറിച്ചും ഡോ. കെ.ആർ ജയചന്ദ്രൻ ആരോഗ്യ രംഗത്തെ കരുതലും കാവലും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന പ്രഭാഷണവും പ്രാഥമിക മുൻകരുതലുകളെ കുറിച്ച് ഡോ. എൻ. ആർ. സഫീറും നടത്തുന്ന ആരോഗ്യ ബോധവത്കരണ ക്ലാസുകളും അരങ്ങേറും.
സൗജന്യമായി നടത്തുന്ന ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: നൗഫൽ 053 862 9786, മുകുന്ദൻ 050 944 1302, സിംനേഷ് 056 975 6445, ഗിരീഷ് കുമാർ 050 090 5913 എന്നിവരുമായി ബന്ധപെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
|
കുവൈറ്റിൽ വാഹനാപകടം; മലയാളി ഹോം നഴ്സ് മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഹോം നഴ്സ് മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി(51) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ജോലിക്കു പോകാനായി ടാക്സിയിൽ സഞ്ചരിക്കുമ്പോൾ കുവൈറ്റിലെ ഫർവാനിയയിൽവച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അബ്ബാസിയ നിർവാഹക സമിതിയംഗമായ ജയകുമാരി കുവൈറ്റിൽ തന്നെ ജോലി ചെയ്യുന്ന സഹോദരിയോടൊപ്പമായിരുന്നു താമസം.
ഭർത്താവ്: പരേതനായ ബാബു. മക്കൾ: പരേതനായ മിഥുൻ, മീദു. മരുമകൻ രാഹുൽ.
|
ഷാര്ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില് ശ്രദ്ധയാകര്ഷിച്ച് മലയാളിയുടെ അറബി മോട്ടിവേഷണല് ഗ്രന്ഥം
ഷാര്ജ: ഷാര്ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില് ജനശ്രദ്ധയാകര്ഷിച്ച് മലയാളി ഗ്രന്ഥകാരന്റെ അറബി മോട്ടിവേഷണല് ഗ്രന്ഥം. ഗ്രന്ഥകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബി വിഭാഗം ഗവേഷകനുമായ അമാനുല്ല വടക്കാങ്ങരയുടെ തഅ് വീദാത്തുന്നജാഹ് എന്ന മോട്ടിവേഷണല് ഗ്രന്ഥമാണ് ഷാര്ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ വിവിധ ദേശക്കാരെ വായനക്കാരെ ആകര്ഷിക്കുന്നത്.
ഈ വര്ഷം ഷാര്ജ പുസ്തകോത്സവത്തില് പുറത്തിറങ്ങിയ മലയാളി ഗ്രന്ഥകാരന്റെ ഏക അറബി ഗ്രന്ഥം എന്നതും പുസ്തകത്തിന്റെ സവിശേഷതയാകും. മലയാളത്തിലും ഇംഗ്ലീഷിലും മോട്ടിവേഷണല് ഗ്രന്ഥങ്ങള് പ്രസിദ്ധീകരിച്ച് ശ്രദ്ധേയനായ അമാനുല്ല വടക്കാങ്ങരയുടെ എണ്പത്തിയാറാമത് പുസ്തകമാണ് തഅ് വീദാത്തുന്നജാഹ്.
കഴിഞ്ഞ ദിവസം ഷാര്ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേര്സ് ഫോറം ഹാളില് നടന്ന ചടങ്ങില് പ്രശസ്ത ഇമാറാത്തി എഴുത്തുകാരിയും സാമൂഹ്യ സാംസ്കാരിക പ്രവര്ത്തകയുമായ ഡോ. മറിയം ശിനാസിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
അറബി ഭാഷയോടും സാഹിത്യത്തോടും ഇന്ത്യന് സമൂഹം പൊതുവിലും മലയാളി സമൂഹം വിശേഷിച്ചും കാണിക്കുന്ന താത്പര്യം പ്രശംസനീയമാണെന്നും അറബി ഭാഷയിലുള്ള ഇന്ത്യന് ഗ്രന്ഥകാരന്റെ മോട്ടിവേഷണല് ഗ്രന്ഥം ഏറെ ശ്ലാഘനായീമണെന്നും അവര് പറഞ്ഞു.
ഖത്തറിലെ പ്രമുഖ ബാഡ്മിന്റണ് അക്കാദമിയായ എന്വിബിഎസ് കോഫൗണ്ടറും സിഇഒയുമായ ബേനസീര് മനോജ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. എന്വിബിഎസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്, ഗ്രന്ഥകാരനായ സലീം അയ്യനത്ത്, ലിപി അക്ബര്, ഷാജി ,സുഹൈല് തുടങ്ങിയവര് സംബന്ധിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ലിപി പബ്ലിക്കേഷന്സാണ് പുസ്തകത്തിന്റെ പ്രസാധകര്.
|
ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിംഗ് ജോയ്’ ഇനി അറബി ഭാഷയിലും
കൊച്ചി: പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിംഗ് ജോയ് ഹൗ ജോയ് ആലുക്കാസ് ബികേം ദ വേള്ഡ്സ് ഫേവറിറ്റ് ജുവലര്’ എന്ന പുസ്തകം അറബി ഭാഷയില് പ്രകാശനം ചെയ്തു.
ദുബായിയില് നടന്ന പരിപാടിയില് യുഎഇയുടെ ഫോറിന് ട്രേഡ് സഹമന്ത്രി ഡോ. താനി ബിന് അഹ്മദ് അല് സെയൂദി മുഖ്യാതിഥിയായി. നിരവധി ബിസിനസ് സംരംഭകരെ വാര്ത്തെടുക്കാന് സഹായിച്ച ദുബായി നഗരത്തോടുള്ള ആദരക സൂചകമായാണ് അറബി പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയില് ആരംഭിച്ച് യുഎഇയില് വളർന്ന ജോയ്ആലുക്കാസ് എന്ന സംരംഭം ലോകമെമ്പാടും പ്രശസ്തി നേടി എന്നത് ഏറെ അഭിമാനകരമാണെന്ന് യുഎഇയുടെ ഫോറിന് ട്രേഡ് സഹമന്ത്രി ഡോ. താനി ബിന് അഹ്മദ് അല് സെയൂദി പറഞ്ഞു.
സ്വര്ണ വ്യവസായത്തിന്റെ വളര്ച്ചയ്ക്ക് മികച്ച പിന്തുണ നല്കി യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്താന് ജോയ് ആലുക്കാസ് ഏറെ സഹായിച്ചിട്ടുണ്ട്. ഇത്തരത്തില് വിജയകരമായ ബിസിനസ് നേതാക്കള് കൊണ്ടുവന്ന പ്രചോദനത്തെയും ഐക്യത്തെയും കുറിച്ച് പുസ്തകം പറയുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അറബ് ലോകത്തേക്ക് ‘സ്പെഡിംഗ് ജോയ്’ എത്തിക്കണമെന്നത് ഒരു സ്വപ്നമായിരുന്നെന്നും എന്നെപ്പോലെ തന്നെ നിരവധി ആളുകളുടെ സ്വപ്നങ്ങള് സാക്ഷാത്ക്കരിക്കാന് യുഎഇ സഹായിച്ചിട്ടുണ്ടെന്നും ജോയ് ആലുക്കാസ് പറഞ്ഞു.
ബിസിനസിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചതിന് ഈ രാഷ്ട്രത്തിലെ നേതാക്കളോടുള്ള നന്ദിസൂചകം കൂടിയാണ് ഈ പുസ്തകം. എല്ലാ വായനക്കാര്ക്കും പിന്തുണച്ചവര്ക്കും നന്ദി രേഖപ്പെടുത്തുവാന് ഈ അവസരം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര് ജില്ലയില് ആരംഭിച്ച്, മികച്ച നേതൃപാടവത്തിലൂടെയും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയിലൂടെയും ജോയ്ആലുക്കാസ് എന്ന ബ്രാന്ഡിനെ ആഗോളതലത്തില് പ്രശസ്തമാക്കിയ ജോയ് ആലുക്കാസിന്റെ സംരംഭകത്വയാത്രയാണ് സ്പ്രെഡിംഗ് ജോയ് എന്ന പുസ്തകത്തില് പറയുന്നത്. യുഎഇയിലും മറ്റ് സ്ഥലങ്ങളിലും അറബി പതിപ്പ് ലഭ്യമാണ്.
|
ഇരുനൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്തയാളെ പരസ്യമായി തൂക്കിലേറ്റി
ടെഹ്റാന്: ഇരുനൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത യുവാവിനെ ഇറാനിൽ പരസ്യമായി തൂക്കിലേറ്റ. മുഹമ്മദ് അലി സലാമത്തി (43) നെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
ഹമേദാൻ നഗരത്തിൽ ബുധനാഴ്ച പുലര്ച്ചെയാണ് വധശിക്ഷ നടപ്പിലാക്കിയത്. ഈ വര്ഷം ജനുവരിയിലാണ് ഇയാള് അറസ്റ്റിലാകുന്നത്. 20 വര്ഷമായി സ്ത്രീകളെ വലയിലാക്കി പീഡിപ്പിച്ചെന്നാണു കുറ്റം.
ഇറാന്റെ ചരിത്രത്തില് ആദ്യമായാണ് ഒരാള്ക്കെതിരേ ഇത്രയേറെ ബലാത്സംഗ പരാതികള് ലഭിക്കുന്നത്. ഇയാൾക്ക് വധശിക്ഷ നല്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
|
എല്ലാം നേരിൽ കണ്ട് ബോധ്യപ്പെട്ട് റഹീമിന്റെ കുടുംബം; തെറ്റിദ്ധാരണകൾ നീങ്ങിയതായി സഹോദരൻ
റിയാദ്: കൊലപാതകക്കുറ്റത്തിന് വധശിക്ഷ വിധിച്ച് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുൽ റഹീമിനെ സന്ദർശിക്കാനായി റിയാദിലെത്തിയ ഉമ്മയും ബന്ധുക്കളും എല്ലാം നേരിൽ കണ്ട് ബോധ്യപ്പെട്ടതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പലരുടെയും വാക്കുകൾ കേട്ട് റഹീമിന്റെ മോചനത്തിനായി വർഷങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്ന നിയമസഹായ സമിതിയെ തെറ്റിദ്ധരിച്ചിരുന്നതായും ഇന്ത്യൻ എംബസിയിൽ വച്ച് വിധിപ്പകർപ്പ് അടക്കമുള്ള എല്ലാ രേഖകളും കണ്ടതോടെ അതെല്ലാം മാറിയതായും സഹോദരൻ നസീർ കോടമ്പുഴ പറഞ്ഞു.
റിയാദിൽ ഇതിനായി പ്രയത്നിച്ച സമിതി അംഗങ്ങളോടും മാധ്യമ പ്രവർത്തകരോടും മുഴുവൻ നാട്ടുകാരോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നസീറിനോടൊപ്പം ഉമ്മ ഫാത്തിമയും അമ്മാവൻ അബ്ബാസും അമ്മാവന്റെ ഭാര്യയുമാണ് സൗദിയിലെത്തിയത്.
രണ്ടാഴ്ച മുൻപ് സൗദിയിലെ അബഹയിൽ എത്തിയെങ്കിലും കഴിഞ്ഞദിവസമാണ് അവർക്ക് അബ്ദുറഹീമിനെ ജയിലിൽ സന്ദർശിക്കാനായത്. അതിന് ശേഷം റിയാദിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അടക്കമുള്ള ഉദ്യോഗസ്ഥരെ കണ്ടിരുന്നു.
തങ്ങൾക്കുള്ള അറിവുകൾ പരിമിതമായിരുന്നെന്നും അതുകൊണ്ടു തന്നെ പലരും ഈ വിഷയത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ മനഃപൂർവം ശ്രമിച്ചിരുന്നതായാണ് ഇപ്പോൾ തിരിച്ചറിയുന്നതിനും മുഴുവൻ രേഖകളുടെയും കോപ്പികൾ തന്റെ കെെയിലുണ്ടെന്ന് അബ്ദുറഹീം തന്നെ പറഞ്ഞതായും നസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ കേസുമായി വർഷങ്ങളായി റഹീമിന്റെ കൂടെയുള്ള റിയാദ് റഹീം നിയമ സഹായ സമിതിയെയും അതിന്റെ തലപ്പത്തുള്ള നാട്ടുകാരൻ കൂടിയായ അഷ്റഫ് വേങ്ങാട്ടിനെയും പൂർണ വിശ്വസമാണെന്നും സഹോദരൻ പറഞ്ഞു.
അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കിയ സ്ഥിതിക്ക് ഇനി സാങ്കേതികമായ ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയായാൽ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മയും ബന്ധുക്കളും പറഞ്ഞു. ഇതിനായി പ്രയത്നിച്ചവർ ഇനിയും കൂടെയുണ്ടാകണമെന്നും എന്നും തങ്ങൾ അവരോട് കടപ്പെട്ടിരിക്കുന്നതായും നസീർ അറിയിച്ചു. .
|
ചലച്ചിത്രക്കാഴ്ചപ്പാടുകൾ നവീകരിക്കപ്പെടണം: വി.കെ. ജോസഫ്
റിയാദ്: ഇന്ത്യൻ സിനിമയെന്നാൽ ഹിന്ദി സിനിമയാണെന്ന പൊതുബോധത്തിൽ പ്രാദേശിക ഭാഷാസിനിമകളെയെല്ലാം ആസൂത്രിതമായി പാർശ്വവത്കരിക്കുകയാണ് ചെയ്തതെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകൻ വി.കെ. ജോസഫ്.
റിയാദിലെ ചില്ലയുടെ ചലച്ചിത്ര സംവാദത്തിന് ആമുഖപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഫിലിം ക്രിട്ടിക്സ് ഇന്ത്യ ചാപ്റ്ററിന്റെ അധ്യക്ഷനായ അദ്ദേഹം സൗദി മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് ഫിലിം കമ്മീഷൻ സംഘടിപ്പിക്കുന്ന ഫിലിം ക്രിട്ടിക്സ് കോൺഫറൻസിൽ പങ്കെടുക്കുന്നതിനാണ് റിയാദിൽ എത്തിയത്.
ചലച്ചിത്രപഠനത്തിന് ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് സുവർണകമലം ഏറ്റുവാങ്ങിയിട്ടുള്ള വി.കെ. ജോസഫ് ചലച്ചിത്ര സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.
ഇന്ത്യൻ സിനിമയുടെയും മലയാള സിനിമയുടെയും പശ്ചാത്തലത്തിൽ ജോസഫ് നടത്തിയ വിലയിരുത്തലുകൾ സംവാദത്തിൽ പങ്കെടുത്തവരുടെ കാഴ്ച്ചകളെ കൂടുതൽ തെളിച്ചമുള്ളതാക്കാൻ സാധിക്കുന്നതായിരുന്നു.
സിനിമ കാണുന്നതിന്റെയും അതിനെ വിലയിരുത്തുന്നതിന്റെ സമീപനങ്ങളും നവീകരിക്കപ്പെടേണ്ടതുണ്ടെന്നും അത് നിരന്തരമായ ഒരു വിദ്യാഭ്യാസമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൗദി അറേബ്യയിൽ നടന്ന ചലച്ചിത്രമേളകളിൽ ക്ഷണിക്കപ്പെട്ട ഡെലിഗേറ്റായി പങ്കെടുക്കാൻ കഴിഞ്ഞതിന്റെ അനുഭവത്തിൽ സൗദി അറേബ്യ ചലച്ചിത്രമേഖലയിൽ നടത്തുന്ന ഇടപെടലുകളും പരീക്ഷണങ്ങളും വലിയ പ്രതീക്ഷ നൽകുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.
ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ സ്വഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച പരിപാടിയിൽ എം. ഫൈസൽ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി കമ്മിറ്റി കൺവീനർ കെ.പി.എം. സാദിഖ് സംസാരിച്ചു.
വി.കെ. ജോസഫിന്റെ ദീർഘമായ പ്രഭാഷണത്തിന് ശേഷം നടന്നചർച്ചയിൽ സിജിൻ കൂവള്ളൂർ, നജീം കൊച്ചുകലുങ്ക്, ബിനീഷ്, റസൂൽ സലാം, സുമിത്, സതീഷ് വളവിൽ, ഇസ്മായിൽ, നാസർ കാരക്കുന്ന്, വിപിൻ കുമാർ, ഷമീർ കുന്നുമ്മൽ, ബീന, പ്രഭാകരൻ കണ്ടോന്താർ തുടങ്ങിയവർ പങ്കെടുത്തു. സീബ കൂവോട് നന്ദി പറഞ്ഞു.
|
സൗദിയിൽ മലയാളി ദമ്പതികൾ മരിച്ചനിലയിൽ
റിയാദ്: സൗദി അറേബ്യയിൽ താമസസ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ ചിതറ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്ത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരെയാണ് അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മുറിയിൽ ശരത് തൂങ്ങിനിൽക്കുന്ന നിലയിലും പ്രീതി തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാതെ അന്വേഷിച്ച് ഫ്ലാറ്റിലെത്തുകയായിരുന്നു.
പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിൽ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പോലീസിന്റെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹങ്ങൾ ബുറൈദ സെൻട്ര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണങ്ങൾ വ്യക്തമല്ല.
|
എം.എ. അബ്ബാസിന് യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്റി അംഗവും ഏരിയകമ്മിറ്റി അംഗവും പവർ ഹൗസ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന എം.എ. അബ്ബാസിനു കേളി ന്യൂസനയ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.
30 വർഷമായി റിയാദിലെ സി.എം.സി കമ്പനിയിൽ ഫോർമാനായി ജോലിചെയ്തു വരുകയായിരുന്ന അബ്ബാസ് തൃശൂർ ജില്ലയിലെ മുള്ളൂർക്കര സ്വദേശിയാണ്.
ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രന്റെ അധ്യക്ഷതയിൽ ന്യൂ സനയ്യ ഒയാസിസ് ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പു യോഗത്തിൽ കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കുട്ടായി, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി ഏരിയ ചാർജുകാരനായ കേന്ദ്രകമ്മിറ്റി അംഗം ലിബിൻ പശുപതി,
അൽഖർജ് ഏരിയ സെക്രട്ടറി രാജൻ പള്ളിടത്തടം, ന്യൂ സനയ്യ രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുൽ നാസർ, നിസാർ മണ്ണഞ്ചേരി, ജയപ്രകാശ്, ഷിബു എസ്, ഷമൽ രാജ് ഏരിയകമ്മിറ്റി അംഗങ്ങളായ ഷൈജു ചാലോട്, സജീഷ്, കരുണാകരൻ മണ്ണടി പവർ ഹൗസ് യൂണിറ്റ് അംഗങ്ങളായ രാജശേഖരൻ, വിജയാനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കൂടാതെ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങളും യാത്രയയപ്പു ചടങ്ങിൽ പങ്കെടുത്തു. ഏരിയ രക്ഷധികാരി സമിതി കൺവീനവർ, ഏരിയ ആക്ടിങ് സെക്രട്ടറി സുവി പയസ് എന്നിവർ ഉപഹാരങ്ങൾ നൽകി.ഏരിയ ആക്ടിംഗ് സെക്രട്ടറി താജുദീൻ സ്വാഗതവും യാത്ര പോകുന്ന എം. എ. അബ്ബാസ് നന്ദിയും പറഞ്ഞു.
|
ഉത്സവരാവായി കണ്ണൂർ മഹോത്സവം
കുവൈറ്റ് സിറ്റി: ആസ്വാദനത്തിന്റെ ഉത്സവരാവൊരുക്കി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്റെ 19ാം വാർഷികമായ കണ്ണൂർ മഹോത്സവം 2024 സമാപിച്ചു. പ്രശസ്ത പിന്നണി ഗായിക ജ്യോത്സ്ന, ഭാഗ്യരാജ്, ശ്രീനാഥ്, വയലിനിസ്റ്റ് മാളവിക എന്നിവർ ചേർന്നൊരുക്കിയ സംഗീത വിരുന്ന്, അഹമ്മദി ഡിപിഎസ് ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസിനെ ഇളക്കി മറിച്ചു.
ഫോക്ക് പ്രസിഡന്റ് ലിജീഷ് പിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി ജെയിംസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് ചടങ്ങിന് സ്വാഗതവും പ്രോഗ്രാം കൺവീനർ വിനോജ് കുമാർ നന്ദിയും പറഞ്ഞു.
പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ അൽ മുല്ല എക്സ്ചേഞ്ച് ഡിജിറ്റൽ മാർക്കറ്റിംഗ് ഹെഡ് നജിബുൽ ഹക്കിം, ദാർ അൽ സഹ പോളിക്ലിനിക് മാർക്കറ്റിംഗ് മാനേജർ നിതിൻ മേനോൻ എന്നിവർ ചേർന്ന് വാർഷിക സുവനീർ "അലോഹ' പ്രകാശന കർമ്മം നിർവഹിച്ചു.
ഫോണിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് കൺട്രി ഹെഡ് രാജീവ്, വർബ ഇൻഷുറൻസ് പ്രതിനിധി അദീപ്, യമാമ ഫുഡ്സ് ഓപ്പറേഷൻ മാനേജർ സുരേഷ് കുമാർ, ടി.വി.എസ് പ്രതിനിധി ഗംഗേയി ഗോപാൽ, ഫോക്ക് ട്രഷറർ സാബു ടി.വി, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, വനിതാവേദി ജനറൽ കൺവീനർ അഖില ഷാബു, ബാലവേദി കൺവീനർ ജീവ സുരേഷ്, രക്ഷാധികാരി അനിൽ കേളോത്, ഉപദേശക സമിതി അംഗം ഓമനക്കുട്ടൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പതിനേഴാമത് ഗോൾഡൻ ഫോക് അവാർഡും ചടങ്ങിൽ സമർപ്പിച്ചു. വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം നൽകുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ നൽകി വരുന്ന അവാർഡിന് ഇത്തവണ പ്രവാസി സംരംഭകൻ മുസ്തഫ ഹംസ ആണ് അർഹനായത് അവാർഡ് കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ പ്രശസ്തി പത്രം വായിച്ചു.
പ്രസിഡന്റ് ലിജീഷ് അവാർഡ് കൈമാറി പ്രശസ്തിപത്രം ജനറൽ സെക്രട്ടറി ഹരിപ്രസാദും ക്യാഷ് അവാർഡ് ട്രെഷറർ സാബുവും കൈമാറി. പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച ഫോക്ക് മെമ്പർമാരുടെ കുട്ടികളെ വേദിയിൽ ആദരിച്ചു.
സുഗതാഞ്ജലി കാവ്യാലപന മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച ആവണി പേരോട്ടിനും അന്വിത പ്രതീശനും മികവുറ്റ മെമ്പർഷിപ് പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച സജിൽ പി.കെ, ഗിരീശൻ എം.വി എന്നിവരെയും ചടങ്ങിൽ ആദരങ്ങൾ കൈമാറി.
|
ജികെപിഎ കുവൈറ്റ് ചാപ്റ്റർ സെൻട്രൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു
കുവൈറ്റ് സിറ്റി: ഗ്ലോബൽ കേരള പ്രവാസി അസോയിയേഷൻ (ജികെപിഎ) കുവൈറ്റ് ചാപ്റ്റർ സെൻട്രൽ അഡ്ഹോക്ക് കമ്മിറ്റി സാൽമിയയിൽ ചേർന്ന ഓർഗനൈസേർസ് മീറ്റിംഗിൽ വച്ചു രൂപീകരിച്ചു. ഏരിയ കോഓർഡിനേറ്റർമാർ വഴി ഏരിയ കമ്മിറ്റികൾ വിപുലീകരിച്ച് ജെനറൽ ബോഡി മീറ്റിംഗ് വിളിക്കാൻ തീരുമാനമായി.
ജസ്റ്റിൻ പി ജോസ് (പ്രസിഡന്റ്), ബിനു യോഹന്നാൻ (ജെനറൽ സെക്രട്ടറി), ലെനീഷ് കെ.വി.(ട്രഷറർ), അംബിളി നാരായണൻ (വനിതാ ചെയർപെർസ്സൺ), സലീം കൊടുവള്ളി (വൈസ് പ്രസിഡന്റ്), വനജ രാജൻ (ജോയിന്റ് സെക്രെട്ടറി), ലിസ്സി ബേബി (ജോയിന്റ് ട്രഷറർ), റസിയത്ത് ബീവി (വനിതാ സെക്രെട്ടറി) എന്നിവർ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായി ചുമതലയേറ്റു.
ഏരിയ കമ്മിറ്റികളുടെ വിപുലീകരണത്തിന്റെ ചുമതല പ്രസീത, മെനീഷ് വാസ് (സാല്മിയ), ജലീൽ കോട്ടയം, സലീം കൊടുവള്ളി ( ഹവല്ലി), റഹീം ആരിക്കാടി, റഷീദ് കണ്ണവം (റിഗഗായ്) അഷറഫ് ചൂരൂട്ട്, മുജീബ് കെ.ടി, ലത്തീഫ് (മഹ്ബൂല), ഗിരീഷ് ഗോവിന്ദൻ, പ്രീത ശ്രീഹരി (മംഗഫ്), ഷിയാസ്, അജിത ഷാജി (ഫഹഹീൽ), ബിനു യോഹന്നാൻ, സജിനി ബിജു (ഫർവാനിയകൈത്താൻ), ഷാജി, ഷാനവാസ്, ഉലാസ് (അബ്ബാസിയ) എന്നിവർക്കാണ്.
ഡോ. സാജു, സാബു മാത്യു, ഷിയാസ്, മിനി കൃഷ്ണ, മനോജ് കോന്നി, നളിനാക്ഷൻ, അജിതാ ജോയ്, മൻസൂർ കിനാലൂർ, സാബു മാത്യു, പ്രമോദ് കുറുപ്പ്, നസീർ അസ്സൈനാർ, വിബിൻ, ഷെരീഫ, ഷീജ സജീവൻ, ഷിൽജു പി.വി, ഗഫൂർ, ഷോബി ജോർജ് എന്നിവർ പ്രസംഗിച്ചു.
|
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ "സ്മൃതിലയം' പുസ്തകം പ്രകാശനം ചെയ്തു
ദുബായി: ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയായ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പൂർവ വിദ്യാർഥികൾ രചിച്ച "സ്മൃതിലയം' എന്ന കൃതി ഡോ. മുരളി തുമ്മാരുകുടി പ്രകാശനം ചെയ്തു.
കേരളത്തിലെ കോളേജ് പൂർവ വിദ്യാർഥികളുടെ സംഘടനയായ അക്കാഫ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ഹരിതം ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ചരിത്രത്തിലാദ്യമായാണ് പത്തു കോളേജുകളിലെ ഇത്രയധികം പൂർവ്വ വിദ്യാർഥികൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലിരുന്ന് രചിച്ച പത്തു പുസ്തകങ്ങൾ ഒരു വേദിയിൽ ഒന്നിച്ച് പ്രസിദ്ധീകരിക്കുന്നതെന്ന് അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പൂർവ്വ വിദ്യാർഥിയായിരുന്ന സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആശംസകൾ എഴുതിയ സ്മൃതിലയം, കലാലയ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
അനുഭവങ്ങളുടെ രസച്ചരടിൽ കോർത്തിണക്കിയ, കലാലയ സ്മരണകളുടെ കഥയും കവിതയും ലേഖനവും കൊണ്ടു നിറച്ച നിറക്കൂട്ട് ആയിരിക്കും ഈ ഓർമച്ചെപ്പ് എന്ന് എഡിറ്റർമാരായ മോഹൻ ജോർജ് പുളിന്തിട്ട, ഡോ. ചെറിയാൻ ടി. കീക്കാട് എന്നിവർ അറിയിച്ചു.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അലുമിനൈ ഫെഡറേഷൻ (യുഎഇ) ഭാരവാഹികളായ ഡോ. തോമസ് കോയാട്ട് (പ്രസിഡന്റ്), ഉദയവർമ്മ (സെക്രട്ടറി), ബിജി സ്ക്കറിയ(ട്രഷറർ), ജേക്കബ് ഈപ്പൻ (അക്കാഫ് പ്രതിനിധി) എന്നിവർ പങ്കെടുത്തു.
|
ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: കോൺസുലാർ സേവനങ്ങൾ വേഗത്തിലും ആയാസരഹിതമായും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് ലഭ്യമാക്കുന്നതിനായി വഫ്രയിൽ കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നതായിൽ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഈ മാസം 29നു രാവിലെ 9.30 മുതൽ ഉച്ച കഴിഞ്ഞു 3.30 വരെയാണ് ക്യാമ്പ്. വഫ്ര ജംഇയ്യക്ക് സമീപമുള്ള അൽ ഫൈസൽ ഫാമിൽ നടക്കുന്ന ക്യാമ്പിൽ പാസ്പോർട്ട് പുതുക്കൽ, റിലേഷൻഷിപ് സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് ലൈസൻസ് എക്സ്ട്രാക്ട്, പവർ ഓഫ് അറ്റോർണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, തൊഴിൽ പരാതികളുടെ രജിസ്ട്രഷൻ തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമായിരിക്കും.
ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ മേൽനോട്ടത്തിൽ സൗജന്യ മെഡിക്കൽ പരിശോധനയും ഉണ്ടായിരിക്കും.
|
ഇടപ്പാളയം അബുദാബി ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു
അബുദാബി: ഇടപ്പാളയം അബുദാബി ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു. മാവേലിയും താലപ്പൊലിയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻ കുട്ടി ഉൽഘാടനം ചെയ്തു. ഇടപ്പാളയം അബുദാബി ചാപ്റ്റർ പ്രസിഡന്റ് രാജേഷ് കായലം പള്ളത്ത് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർപേഴ്സൺ റബിത രാജേഷ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഗഫൂർ എടപ്പാൾ, കെഎസ്സി സെക്രട്ടറി നൗഷാദ് യൂസഫ്, ചാപ്റ്റർ ചീഫ് കോഓർഡിനേറ്റർ റഹീദ്, ഉപദേശക സമിതി അംഗങ്ങളായ അഷ്റഫ് ലിവ, ബഷീർ കെ.വി, പ്രകാശ് പള്ളിക്കാട്ടിൽ, നൗഷാദ് എൻ.പി, ഇടപ്പാളയം യുഎഇ സെൻട്രൽ കമ്മിറ്റി കോഓർഡിനേറ്റർ ഷറഫ് സി.വി എന്നിവർ ആശംസകൾ നേർന്നു. വിവിധ കലാ കായിക പരിപാടികൾ അരങ്ങേറി.
|
അബുദാബി മലയാളി സമാജം കോഡിനേഷൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു
അബുദാബി: അബുദാബി മലയാളി സമാജം കോർഡിനേഷൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ബി. യേശുശീലനെ ചെയർമാനായും സുരേഷ് പയ്യന്നൂർ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു.
സമാജം ഭരണ സമിതിയിലെ 12 സംഘടനകളെ ഏകോപിപ്പിച്ച് സമാജത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനു വേണ്ടിയാണ് കോർഡിനേഷൻ കമ്മിറ്റി.
ബാബു വടകര, എ.എം. അൻസാർ എന്നിവർ വൈസ് ചെയർമാന്മാരും രഖിൻ സോമൻ, ബഷീർ.കെ.വി, ദശപുത്രൻ, നസീർ പെരുമ്പാവൂർ എന്നിവർ ജോയിന്റ്കൺവീനർമാരുമാണ്.
12 സംഘടനകളിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരും കോഡിനേഷൻ കമ്മിറ്റിയിൽ അംഗങ്ങളാണ്.
|
നിരന്തരമായ പ്രചോദനം കര്മ രംഗത്ത് വിപ്ലവം സൃഷ്ടിക്കും: താഹ മുഹമ്മദ്
ദോഹ: കുട്ടികള്ക്കും മുതിര്ന്നവര്ക്കും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രചോദനം പ്രധാനമാണെന്നും നിരന്തരമായ പ്രചോദനം കര്മ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നും ഖത്തറിലെ ഇന്ത്യന് ബിസിനസ് ആൻഡ് പ്രഫഷണല് കൗണ്സില് പ്രസിഡന്റ് താഹ മുഹമ്മദ് അഭിപ്രായപ്പെട്ടു.
ദോഹ സ്കില്സ് ഡവലപ്മെന്റ് സെന്റര് ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് പ്രവാസി ഗ്രന്ഥകാരനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയ മന്ത്രങ്ങള് എന്ന പുസ്തക പരമ്പരയുടെ ഏഴാം ഭാഗത്തിന്റെ പ്രകാശനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില് പ്രതിസന്ധികളും വെല്ലുവിളികളും സ്വാഭാവികമാണെന്നും അത്തരം ഘട്ടങ്ങളില് മോട്ടിവേഷണല് സന്ദേശങ്ങള്ക്കും പുസ്തകങ്ങള്ക്കും ജീവിതം മാറ്റി മറിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരക്ക് പിടിച്ച ജീവിതയാത്രയില് പലപ്പോഴും വായന പരിമിതപ്പെടുകയാണെന്നും ഏത് പ്രായത്തില്പെടുന്നവര്ക്കും പ്രയോജനപ്പെടുന്ന ചരിത്ര കഥകളും പ്രചോദിപ്പിക്കുന്ന ഉദ്ധരണികളും ഉള്കൊള്ളുന്ന വിജയ മന്ത്രങ്ങള് എന്ന പുസ്തക പരമ്പര വായന സംസ്കാരം പുനര്ജീവിപ്പിക്കുവാന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ഖത്തര് ടെക് മാനേജിംഗ് ഡയറക്ടര് ജെബി കെ ജോണ്, അല് സുവൈദ് ഗ്രൂപ്പ് ഡയറക്ടര് ഫൈസല് റസാഖ്, ക്ളിക്കോണ് ഖത്തര് മാനേജര് അബ്ദുല് അസീസ്, ഡോം ഖത്തര് പ്രസിഡന്റ് ഉസ്മാന് കല്ലന്, ഡോ.സിമി പോള്, ലോക കേരള സഭ അംഗം അബ്ദുല് റഊഫ് കൊണ്ടോട്ടി, ഐ സിസി മാനേജിംഗ് കമ്മറ്റി അംഗം അഡ്വ. ജാഫര് ഖാന് കേച്ചേരി, അബ്ദുല്ല പൊയില്, വെസ്റ്റ് പാക് മാനേജര് മശ്ഹൂദ് തങ്ങള്, ശൈനി കബീര്, മീഡിയ പെന് ജനറല് മാനേജര് ബിനു കുമാര്, സോഷ്യല് മീഡിയ ഇന്ഫ്ളുവന്സര് ഏയ്ഞ്ചല് റോഷന് എന്നിവര് സംസാരിച്ചു.
എന്വിബിഎസ് കോ ഫൗണ്ടറും സിഇഒയുമായ ബേനസീര് മനോജ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. എന്വിബിഎസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന് ചടങ്ങില് അധ്യക്ഷത വഹിച്ചു. ഡോ.അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.
ഏഴ് വാല്യങ്ങളായുള്ള വിജയമന്ത്രം യുവാക്കള്ക്കും മുതിര്ന്നവര്ക്കും ഒരു പോലെ പ്രചോദനമുണ്ടാക്കുന്ന ഗ്രന്ഥമാണെന്ന് പ്രസംഗകര് അഭിപ്രായപ്പെട്ടു.
കോവിഡ് കാലത്ത് ചലചിത്ര നടനും അധ്യാപകനുമായ ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീത ശബ്ദത്തില് ലോകമെമ്പാടുമുള്ള മലയാളികള് നെഞ്ചേറ്റിയ പോഡ്കാസ്റ്റാണ് വിജയമന്ത്രങ്ങള് എന്ന പേരില് പുസ്തക പരമ്പരയായത്.
കോഴിക്കോട് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ലിപി പബ്ലിക്കേഷന്സാണ് പുസ്തകത്തിന്റെ പ്രസാധകര്.
|
മലയാളം മിഷൻ അബുദാബി ചാപ്റ്റർ ഭരണസമിതി നിലവിൽ വന്നു
അബുദാബി: സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ 202426 പ്രവർത്തനകാലയളവിലേക്കുള്ള ഭരണസമിതിയെ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പ്രഖ്യാപിച്ചു.
സൂരജ് പ്രഭാകർ (ഉപദേശകസമിതി ചെയർമാൻ), എ. കെ. ബീരാൻകുട്ടി (ചെയർമാൻ), സഫറുള്ള പാലപ്പെട്ടി (പ്രസിഡന്റ്), ടി. എം. സലിം (വൈസ് പ്രസിഡന്റ്), സി. പി. ബിജിത്കുമാർ (സെക്രട്ടറി), ടി. ഹിദായത്തുള്ള (ജോ. സെക്രട്ടറി), എ. പി. അനിൽകുമാർ (കൺവീനർ), എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.
മലയാളം അബുദാബി ചാപ്റ്ററിനു കീഴിൽ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ മേഖലകളുടെ കോർഡിനേറ്റർമാരായി പ്രീത നാരായണൻ (കേരള സോഷ്യൽ സെൻർ), ബിൻസി ലെനിൻ (അബുദാബി മലയാളി സമാജം), രമേശ് ദേവരാഗം (അബുദാബി സിറ്റി), ഷൈനി ബാലചന്ദ്രൻ (ഷാബിയ), സെറിൻ അനുരാജ് (അൽ ദഫ്റ) എന്നിവരെയും 17 അംഗ ഉപദേശകസമിതിയെയും, 15 അംഗ വിദഗ്ധസമിതിയെയും, 31 അംഗ ജനറൽ കൗൺസിലിനെയും തെരഞ്ഞെടുത്തു. 114 അധ്യാപകരുടെ കീഴിൽ രണ്ടായിരത്തിലേറെ വിദ്യാർഥികളാണ് സൗജന്യമായി മലയാള ഭാഷ പഠിച്ചുവരുന്നത്.
|
പാറശാല സ്വദേശിക്ക് പുതു ജീവനേകി കേളി ജീവകാരുണ്യ വിഭാഗം
റിയാദ് : ശരീരം തളർന്നു കിടപ്പിലായ പാറശാല സ്വദേശിക്ക് നാടണയുന്നതിന്ന് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി. മൂന്നു വർഷം മുമ്പാണ് കന്യാകുമാരി പാറശാല സ്വദേശി സ്റ്റാലിൻ ശരീരം തളർന്ന് കിടപ്പിലാകുന്നത്.
റിയാദിലെ അൽഖർജ് പ്രവിശ്യയിൽ കെട്ടിട നിർമാണ തൊഴിലാളിയായ സ്റ്റാലിൻ, അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ പ്രദേശവാസികൾ അൽഖർജ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരീരം തളർന്ന് അബോധാവസ്ഥയിലായി. ഒന്നരമാസത്തെ ചികിത്സക്ക് ശേഷം ബോധം തിരിച്ചു കിട്ടിയെങ്കിലും പിന്നീട് ആറു മാസത്തോളം സമയമെടുത്തു ആരോഗ്യം വീണ്ടെടുക്കാൻ.
അതിനിടയിൽ വിദഗ്ദ ചികിൽസക്ക് നാട്ടിലയക്കാനായി സ്പോൺസർ എക്സിറ്റ് അടിക്കുന്നതിനായി ശ്രമിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ പേരിൽ കേസ് ഉള്ളതായി അറിയുന്നത്. തുടർന്ന് വിവിധ സംഘടനകളുടെ സഹായത്തോടെ കേസിന്റെ വിശദാംശങ്ങൾ ആരായാൻ ശ്രമിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചില്ല.
അപ്പോഴേക്കും ആറുമാസത്തിലേറെയായിരുന്നു. ഇതിനിടെ അൽഖർജ് ജനറൽ ആശുപത്രിയിലെ ചികിത്സയിൽ അസുഖം ഒരുവിധം ഭേദമായി. തുടർന്ന് സ്റ്റാലിൻതന്നെ നാടണയാനുള്ള ശ്രമം നടത്തി. പക്ഷെ തന്റെ പേരിലുള്ള കേസ് എന്താണ് അറിയാതെ കുഴഞ്ഞു. ഒടുവിൽ സഹായത്തിനായി കേളി പ്രവർത്തകരെ സമീപിക്കുകയായിരുന്നു.
2013ൽ സൗദിയിലെത്തിയ സ്റ്റാലിൻ2018ലാണ് അവസാനമായി നാട്ടിൽ പോയി വന്നത്. മൂത്ത മകളുടെ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു 2018ൽ നാട്ടിൽ പോയത്. രണ്ടാമത്തെ മകളുടെ വിവാഹത്തിന് 2021ൽ നാട്ടിൽ പോകാനിരിക്കുന്ന സമയത്താണ് ശരീരം തളർന്ന് കിടപ്പിലാകുന്നത്. സ്റ്റാലിന്റെ പേരിലുണ്ടായിരുന്ന കേസ് പിൻവലിച്ച് ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ എക്സിറ്റ് തരപെടുത്തി.
ദീർഘകാലം രോഗാവസ്ഥയിലും ജോലിയില്ലാതെയും കഴിഞ്ഞ സ്റ്റാലിന് സഹപ്രവർത്തകരും, സുമനസുകളുമാണ് തുണയായത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ശരിയാവാനെടുത്ത കാലതാമസം ഒരു തരത്തിൽ അനുഗ്രഹമായി മാറി.
ഈ കാലയളവിനുള്ളിൽ അസുഖം പൂർണമായി മാറുകയും പൂർണ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. എക്സിറ്റ് ലഭിച്ച സ്റ്റാലിന് യാത്രാ ടിക്കറ്റും, വസ്ത്രങ്ങളുമെല്ലാം സുഹൃത്തുക്കൾ നൽകി. ആറുവർഷത്തിനു ശേഷം സ്റ്റാലിൻ വെറും കയ്യോടെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.
|
ഹൃദയാഘാതം: കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു
റിയാദ്: റിയാദിൽ ചികിത്സയിലായിരുന്ന കൊല്ലം കരുനാഗപ്പള്ളി ആദിനാട് വീണാഭവനിൽ വേണു(58) അന്തരിച്ചു. വീണാഭവനിൽ രാഘവന്റെയും കുഞ്ഞുലക്ഷ്മിയുടെയും മകനാണ്.
24 വർഷമായി ബുറൈദ ഉനൈസയിലെ ഒരു കമ്പനിയിൽ പ്ലമ്പറായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബുറൈദ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി റിയാദിലേക്ക് മാറ്റുകയായിരുന്നു.
ഖസീം പ്രവാസി സംഘം ഉനൈസ ടൗൺ യുണിറ്റ് അംഗമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
ഭാര്യ വി. മണി. മക്കൾ: വീണ, വിപിൻ.
|
ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ നേതൃത്വം
അബുദാബി: മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ നേതൃത്വം. പ്രസിഡന്റ് എൻ.എം. അബൂബക്കറിന്റെ അധ്യക്ഷതയിൽ ഇന്ത്യ സോഷ്യൽ കൾച്ചറൽ സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിൽ സെക്രട്ടറി ടി.എസ്. നിസാമുദ്ധീൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ
സമീർ കല്ലറ (പ്രസിഡന്റ്), റാശിദ് പൂമാടം (ജനറൽ സെക്രട്ടറി), ഷിജിന കണ്ണൻദാസ് (ട്രഷറർ), റസാഖ് ഒരുമനയൂർ (വൈസ് പ്രസിഡന്റ്), ടി.എസ്. നിസാമുദ്ധീൻ (ജോയിന്റ് സെക്രട്ടറി).
അനിൽ സി. ഇടിക്കുള, പി.എം. അബ്ദുൽ റഹ്മാൻ, സഫറുള്ള പാലപ്പെട്ടി, ടി.പി. ഗംഗാധരൻ, എൻ.എം. അബൂബക്കർ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
|
18 വർഷത്തെ കാത്തിരിപ്പ്; റഹീമിനെ ജയിലിലെത്തി ഒരുനോക്ക് കണ്ട് ഉമ്മയും ബന്ധുക്കളും
റിയാദ്: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അബ്ദുൽ റഹീമിനെ ജയിലിലെത്തി ഒരുനോക്ക് കണ്ട് ഉമ്മ ഫാത്തിമ. റഹീമിന്റെ മാതാവ് ഫാത്തിമയ്ക്കൊപ്പം സഹോദരൻ, അമ്മാവൻ എന്നിവരാണ് റഹീമിനെ കണ്ടത്.
റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് കുടുംബം റഹീമിനെ കണ്ടത്. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയാണ് ഫാത്തിമ മകനെ കണ്ടത്. കഴിഞ്ഞ ദിവസം ഫാത്തിമ ജയിലിൽ എത്തിയിരുന്നെങ്കിലും കൂടിക്കാഴ്ചയ്ക്ക് റഹീം തയാറായിരുന്നില്ല.
ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അന്ന് പ്രതികരിച്ചത്. കോഴിക്കോട് കോടമ്പുഴ സ്വദേശി ആണ് അബ്ദുൽ റഹീം. 18 വർഷമായി അദ്ദേഹം റിയാദിലെ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്.
|
ഹരിദാസൻ ആചാരിക്ക് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയ അൽഗുവയ്യ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഹരിദാസൻ ആചാരിക്ക് യൂണിറ്റ് തലത്തിൽ കേളി യാത്രയയപ്പ് നൽകി.
22 വർഷമായി അൽഗുവയ്യയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്ന ഹരിദാസൻ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്ക് പൊതിനൂർ തോനക്കാട് സ്വദേശിയാണ്. യൂണിറ്റ് പ്രസിഡന്റ് നൗഷാദിന്റെ അധ്യക്ഷത വഹിച്ചു.
ഏരിയ രക്ഷധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശേരി, ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ നിസാർ റാവുത്തർ, കേന്ദ്ര കമ്മിറ്റി അംഗം കിഷോർ ഇ. നിസാം, ഏരിയ പ്രസിഡന്റ് നടരാജൻ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ രതിൻ ലാൽ, ശ്യാം, നെൽസൺ, സുരേഷ്, ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
കൂടാതെ നിരവധി യൂണിറ്റംഗങ്ങളും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി അനീസ് അബൂബക്കർ യൂണിറ്റിന്റെ ഉപഹാരം യാത്രപോകുന്ന ഹരിദാസന് കൈമാറി. യാത്രയയപ്പ് യോഗത്തിന് യൂണിറ്റ് സെക്രട്ടറി സ്വാഗതവും ഹരിദാസൻ ആചാരി നന്ദിയും പറഞ്ഞു.
|
കൊല്ലം പ്രവാസി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് 29ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമ്മദ്ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാഡ്മിന്റ്ൺ ടൂർണമെന്റ് സീസൺ2 സംഘടിപ്പിക്കുന്നു. ഈ മാസം 29ന് വൈകുന്നേരം നാലു മുതൽ എട്ട് വരെ മുഹറഖ് സ്പോർട്സ് ക്ലബിൽ വച്ചാണ് മത്സരങ്ങൾ.
ലെവൽ 1, 2 വിഭാഗങ്ങളിലായി നടക്കുന്ന ഡബിൾസ് ടൂർണമെന്റിലേക്കുള്ള ടീം രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 35021944, 37795068, 33738091 എന്നീ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
|
പ്രവാസി സംഘടനകള് സംഘടിപ്പിക്കുന്ന ഡയസ്പോറ സമ്മിറ്റ് ഡിസംബർ അഞ്ചിന്
അബുദാബി: സീസണ് സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്ധനവിനും പ്രവാസി വോട്ടവകാശത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനുമുള്ള ശാശ്വത പരിഹാരം തേടി വിവിധ പ്രവാസി സംഘടനകള് ഡല്ഹിയില് സംഘടിപ്പിക്കുന്ന "ഡയസ്പോറ സമ്മിറ്റ് ഇന് ഡല്ഹി' ഡിസംബർ അഞ്ചിന് നടക്കും.
ഡൽഹി കോണ്സ്റ്റിറ്റിയൂഷന് ക്ലബ് ഹാളിലാണ് സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ പ്രചാരണ കൺവൻഷൻ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്നു. കൺവൻഷൻ ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി ഉദ്ഘടാനം ചെയ്തു. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു.
ലുലു എക്സ്ചേഞ്ച് മാനേജർ അജിത് ജോൺസൻ, കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ, ബി. യേശുശീലൻ (ഇൻകാസ് യുഎഇ കമ്മറ്റി), സലിം ചിറക്കൽ, ടി.വി. സുരേഷ് കുമാർ, ടി.എം. നാസിർ (അബുദാബി മലയാളി സമാജം), ജോൺ പി വർഗീസ് (വേൾഡ് മലയാളി ഫോറം ), ഹിദായത്തുള്ള പറപ്പൂര്,
ബി.സി. അബൂബക്കർ (ഇന്ത്യൻ ഇസ്ലാമിക് സെന്റർ), മുഹമ്മദ് അലി (കെഎസ്സി അബുദാബി), എം.യു. ഇർഷാദ് (ഗാന്ധി വിചാർ വേദി), മുഹമ്മദ് അലി, അബ്ദുൽ കരീം (ഇന്ദിര ഗാന്ധി വീക്ഷണം ഫോറം), ബഷീർ, നൗഷാദ് എ.കെ.(അനോറ), ഫസലുദ്ധീൻ (കുന്നംകുളം എൻആർഐ ), ജിഷ ഷാജി, ശരീഫ് സി.പി (അബുദാബി മലയാളി ഫോറം), റഷീദ് ഇ.കെ, അലി അക്ബർ (വഫ അബുദാബി ) എന്നിവർ സംസാരിച്ചു.
അബുദാബി കെഎംസിസി വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത് കായക്കണ്ടി സ്വാഗതവും ട്രഷറർ പി.കെ. അഹമ്മദ് നന്ദിയും പറഞ്ഞു.
|
സൗദിയിൽ വാഹനാപകടം: വയനാട് സ്വദേശി മരിച്ചു
ബുറൈദ: പിന്നിലേക്ക് എടുത്ത വാഹനം തട്ടി ഗുരുതര പരിക്കുകളോടെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫി(54) മരിച്ചു.
കൊക്കനാടൻ വീട്ടിൽ മുഹമ്മദ് മരക്കാർ ഖദീജ മുഹമ്മദ് ദമ്പതികളുടെ മകനാണ്. കഴിഞ്ഞമാസം 28ന് രാത്രി സുഹൃത്തിനൊപ്പം ബുറൈദ ദാഹിലിയ മാർക്കറ്റിൽ(സൂക്ക് ദാഹിലിയ) നിന്നും അവശ്യ സാധനങ്ങൾ വാങ്ങി മടങ്ങവെയായിരുന്നു അപകടം.
പിന്നിൽ നിന്നും അമിത വേഗതയിൽ വന്ന സ്വദേശി പൗരന്റെ കാർ റാഫിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഉടൻ തന്നെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും അഞ്ചാം ദിവസം മരിക്കുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപെട്ടു. വയനാട് സുൽത്താൻബത്തേരി സ്വദേശിയായ റാഫി 32 വർഷമായി ബുറൈദയിൽ തയ്യൽ ജോലി ചെയ്തു വരികയായിരുന്നു.
ഖസീം പ്രവാസി സംഘം ഷാര സന യൂണിറ്റ് അംഗമായിരുന്ന റാഫി പ്രദേശത്തെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഒരുപോലെ സ്വീകാര്യതയുള്ള വ്യക്തികൂടിയായിരുന്നു.
പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്ത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുറൈദ ഖലീജ് ഖബറിസ്ഥാനിൽ മറവ് ചെയ്തു.
ഭാര്യ ഹാജറ. മക്കൾ: അനസ്, അനീഷ്, റഫാൻ.
|
റിയാദിൽ മെട്രോ ഓടിക്കാൻ ഇന്ത്യക്കാരി ഇന്ദിര
റിയാദ്: സൗദിയിലെ റിയാദിൽ മെട്രോ ഓടിക്കാൻ ഇന്ത്യക്കാരി ഇന്ദിര ഈഗലപാട്ടിയും. അടുത്തവർഷം ആദ്യം ഓടിത്തുടങ്ങുന്ന മെട്രോ നിയന്ത്രിക്കാൻ ചുരുക്കം വനിതാ ലോക്കോ പൈലറ്റുമാരിൽ ഒരാളായി ഇന്ദിരയുമുണ്ടാകും.
നിലവിൽ മെട്രോ ട്രയൽ റണ്ണുകൾ നടന്നുകൊണ്ടിരിക്കുകയാണ്. റാപ്പിഡ് ട്രാൻസിറ്റ് സംവിധാനം പൂർത്തിയാകുമ്പോൾ മെട്രോ ഓടിത്തുടങ്ങും. ഈ ലോകോത്തര പദ്ധിയുടെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് മുപ്പത്തുമൂന്നുകാരിയായ ഇന്ദിര പറയുന്നു.
അഞ്ച് വർഷമായി റിയാദ് മെട്രോയിലെ ട്രെയിൻ പൈലറ്റായും സ്റ്റേഷൻ മാസ്റ്ററായും ഇന്ദിര ജോലി ചെയ്തുവരികയാണ്. ഹൈദരബാദ് മെട്രോയിൽ ജോലി ചെയ്യുമ്പോഴാണ് റിയാദ് മെട്രോയിലെ ജോലിക്കായി അപേക്ഷിച്ചത്. ഇന്ത്യയിൽനിന്ന് ഇന്ദിരയും മറ്റ് രണ്ട് പേരും 2019ൽ ജോലിക്ക് പ്രവേശിച്ചു.
സ്ത്രീയെന്ന നിലയിൽ ഒരു വെല്ലുവിളിയും താൻ ഇവിടെ നേരിട്ടിട്ടില്ലെന്ന് ഇന്ദിര പറയുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ധുള്ളിപ്പള്ള സ്വദേശിയാണ് ഇന്ദിര. 2006മുതൽ ഹൈദരാബാദിൽ സ്ഥിരതാമസമാണ്.
ഇന്ദിരയുടെ ഇളയ സഹോദരി സായി ഗംഗയും ലോക്കോ പൈലറ്റാണ്. സായി ഹൈദരാബാദ് മെട്രോയിലാണ് ജോലി ചെയ്യുന്നത്. മൂത്ത സഹോദരി ശ്രീലക്ഷ്മി അധ്യാപികയാണ്. ഇവർ കുടുംബമായി സ്വദേശത്താണ്.
ഇന്ദിരയുടെ ഭർത്താവ് ലോകേശ്വരസ്വാമിയും റിയാദ് മെട്രോയിലെ ജീവനക്കാരനാണ്. ഇദ്ദേഹം ഇവിടെ മെയിന്റനൻസ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.
|
കുവൈറ്റ് കെഎംസിസി ജില്ലാ കമ്മിറ്റികൾ ഉപതെരെഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസിയുടെ മൂന്ന് ജില്ലാ കമ്മിറ്റികൾ സംയുക്തമായി ഉപ തെരെഞ്ഞെടുപ്പ് കൺവൻഷനും തംകീൻ മഹാ സമ്മേളന പ്രചരണവും സംഘടിപ്പിച്ചു. ദജീജ് മെട്രോ കോർപ്പറേറ്റ് ഹാളിൽ നടന്ന പരിപാടി കുവൈറ്റ് കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൽ നാസർ കൈപ്പഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് ജില്ലാ പ്രസിഡന്റ് അഷ്റഫ് അപ്പക്കാടൻ തംകീൻ മഹാ സമ്മേളനം പ്രമേയം അവതരിപ്പിച്ചു.
കെഎംസിസി സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, സ്റ്റേറ്റ് സെക്രട്ടറി ഗഫൂർ വയനാട്, സലാം പട്ടാമ്പി, ഒഐസിസി വയനാട് ജില്ലാ പ്രസിഡന്റ് അക്ബർ വയനാട്, ഒഐസിസി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ, ഒഐസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ജലിൻ തൃപ്രയാർ,
കെഎംസിസി വയനാട് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഹാജി, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ തെങ്കര, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി പി.കെ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി, മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മൽ വേങ്ങര എന്നിവർ സംസാരിച്ചു.
സ്റ്റേറ്റ് ഭാരവാഹികൾ ആയ ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, അബ്ദുൽ റസാഖ് വാളൂർ, ഷാഹുൽ ബേപ്പൂർ, എഞ്ചിനീയർ മുഷ്താഖ്, ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, തൃശൂർ ജില്ലാ ട്രഷറർ അസീസ് പാടൂർ, വയനാട് ജില്ലാ ട്രഷറർ മുഹമ്മദലി ബാവ എന്നിവർ സന്നിഹിതാരായി.
ആബിദ് ഖാസിമി ഖിറാഅത് നടത്തി. വയനാട് ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്റഫ് ദാരിമി സ്വാഗതവും പാലക്കാട് ജില്ലാ ട്രഷറർ റസാഖ് കുമരനെല്ലൂർ നന്ദിയും പറഞ്ഞു.
|
കേരള സോഷ്യൽ സെന്ററിൽ ലൈബ്രറി ഫെസ്റ്റിവൽ
അബുദാബി : കേരള സോഷ്യൽ സെന്റർ ലൈബ്രറി വിഭാഗം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന ലൈബ്രറി ഫെസ്റ്റിവലിന്റെ ഉദ്ഘാടനം മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയര്മാന് സൂരജ് പ്രഭാകർ നിർവഹിച്ചു.പുസ്തക സമാഹരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയിൽ നിന്നും ലഭിച്ച 205 പുസ്തകങ്ങൾ ലൈബ്രേറിയൻ ധനേഷ് കുമാറിന് കൈമാറി.
പുസ്തക ചർച്ച, കുട്ടികളുടെ വായനോത്സവം , അംഗത്വ പ്രചാരണം , സിനിമ പ്രദർശനം ,പുസ്തക സമാഹരണം തുടങ്ങിയ നിരവധി പരിപാടികൾ ഇതിനോട് അനുബന്ധിച്ചു നടക്കും .
വിവിധങ്ങളായ മലയാളം പുസ്തകങ്ങളെ ഉൾകൊള്ളുന്ന വലിയ ലൈബ്രറിയാണ് കെ എസ് സി ഒരുക്കിയിരിക്കുന്നത്. പുതിയതായി ലൈബ്രറിയിൽ കുട്ടികളുടെ പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. മറ്റു നിരവധി ഇംഗ്ലീഷ് പുസ്തകങ്ങളും ഈ ലൈബ്രറിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
|
ഫോക് കണ്ണൂർ മഹോത്സവം വെള്ളിയാഴ്ച അഹമ്മദിയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ(ഫോക്ക്) പത്തൊമ്പതാമത് വാർഷികാഘോഷമായ "കണ്ണൂർ മഹോത്സവം 2024' വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മുതൽ അഹമ്മദി ഡിപിഎസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ ഫോക്ക് മെമ്പർമാരുടെ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡ് വിതരണം, പതിനേഴാമത് ഗോൾഡൻ ഫോക്ക് അവാർഡ് വിതരണം, സാംസ്കാരിക സമ്മേളനം എന്നിവയാണ് കണ്ണൂർ മഹോത്സവത്തിൽ നടക്കുക.
പ്രശസ്ത സിനിമ പിന്നണി ഗായിക ജ്യോത്സ്ന, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശ്രീനാഥ് , വയലിനിസ്റ്റ് മാളവിക, സിംഗർ & പെർഫോർമർ ഭാഗ്യരാജ് എന്നിവർ ചേർന്ന് നയിക്കുന്ന സംഗീത വിരുന്നായിരിക്കും പരിപാടിയുടെ മുഖ്യ ആകർഷണം.
ഗോൾഡൻ ഫോക് പുരസ്കാരത്തിന് അർഹനായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമായ മുസ്തഫ ഹംസയ്ക്ക് (ഹംസ പയ്യന്നൂർ) ചടങ്ങിൽ അവാർഡ് നൽകും. ഈ വർഷം ഗൾഫ് മേഖലയിൽ നിന്നുള്ള കണ്ണൂർ ജില്ലക്കാരനായ പ്രവാസി സംരംഭകൻ/ സംരംഭക എന്ന മേഖലയിലാണ് മുസ്തഫ ഹംസയെ അവാർഡിനായി പരിഗണിച്ചത്.
ശില്പവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, മാധ്യമപ്രവർത്തകനായ ദിനകരൻ കൊമ്പിലാത്ത്, നർത്തകിയും അധ്യാപികയുമായ സുമിത നായർ എന്നിവർ അംഗങ്ങളായ ജൂറിയാണ് മുസ്തഫ ഹംസയെ തിരഞ്ഞെടുത്തത്.
കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളത്തിനായുള്ള പ്രൊജക്റ്റും വയനാടിനുള്ള കൈത്താങ്ങുമാണ് ഈ മഹോത്സവത്തിലൂടെ ഫോക് ഏറ്റെടുത്തിരിക്കുന്നമറ്റു പദ്ധതികൾ.
ഫഹഹീൽ കാലിക്കറ്റ് ലൈവ് റെസ്റ്ററന്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ലിജീഷ്, ജനറൽ സെക്രട്ടറി ഹരിപ്രസാദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ വിനോജ്, ട്രഷറർ സാബു ടി.വി, ഗോൾഡൻ ഫോക്ക് അവാർഡ് കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ, വനിതാ വേദി ചെയർ പേഴ്സൺ ഷംന വിനോജ് എന്നിവരും മറ്റു ഭാരവാഹികളും പങ്കെടുത്തു.
|
കേളിദിനം: സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: പ്രവാസികൾക്ക് താങ്ങും തണലുമായി റിയാദിന്റെ മണ്ണിൽ പ്രവർത്തിക്കുന്ന കേളി കലാസാംസ്കാരികവേദി 24ാം വാർഷികം ആഘോഷിക്കുന്നു. "കേളിദിനം 2025' എന്നപേരിൽ ജനുവരി മൂന്നിന് നടത്തുന്ന ആഘോഷങ്ങളുടെ ഏകോപനത്തിനായി 251 അംഗ സംഘാടകസമിതിക്ക് രൂപം നൽകി.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് യോഗം ഉദ്ഘാടനം ചെയ്തു.
2001 ജനുവരി ഒന്നിന് പിറവിയെടുത്ത കേളി കലാസാംസ്കാരിക വേദി റിയാദിന്റെ മണ്ണിൽ മാത്രമല്ല പിറന്ന നാടിനും കൈത്താങ്ങായിമാറിയിട്ട് 24 വർഷങ്ങൾ പിന്നിടുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സൗദിയിലെ പ്രവാസി സമൂഹത്തിന് കൈത്താങ്ങായി തുടക്കം കുറിച്ച കേളിയുടെ പ്രവർത്തനങ്ങൾ പിന്നീട് കലാ, കായിക, സാംസ്കാരിക, മാധ്യമ രംഗത്ത് ശക്തമായ വേരുറപ്പിച്ചു.
2024ൽ മാത്രം നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്. തുടർച്ചയായ ഏട്ടാം വർഷവും "ജീവ സ്പന്ദനം' എന്നപേരിൽ വിശുദ്ധ ഹജ്ജിനോടാനുബന്ധിച്ച് ആയിരത്തിലധികം പ്രവാസികളെ പങ്കെടുപ്പിച്ചുകൊണ്ട് രക്തദാന ക്യാമ്പ് നടത്തി.
ഈ അധ്യയന വർഷത്തിൽ 240 വിദ്യാർഥികൾക്ക് നൽകിയ "പ്രതീക്ഷ'വിദ്യാഭ്യാസ പുരസ്കാരം, "ഹൃദയപൂർവ്വം കേളി' പദ്ധതി വഴി കേരളത്തിൽ നൽകിയ എഴുപതിനായിരത്തിൽ പരം പൊതിച്ചോറുകൾ, ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ ഗ്രാമങ്ങളുടെ പുനഃരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 50 ലക്ഷം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടന നടത്തി.
വലിയ പദ്ധതികൾക്ക് പുറമെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ, കൊലകുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട നാല് ഉത്തർ പ്രദേശ് തമിഴ്നാട് സ്വദേശികളുടെ നിരപരാധിത്വം തെളിയിച്ച് നാട്ടിലെത്തിക്കാൻ കഴിഞ്ഞതും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതും രോഗങ്ങളാൽ ദുരിതമനുഭിക്കുന്നവരെ സഹായിക്കുന്നതുമടക്കം എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായും കെ.പി.എം. സാദിഖ് പറഞ്ഞു.
കേളി അംഗങ്ങളുടെയും കുട്ടികളുടെയും സർഗവാസനകൾ പ്രകടിപ്പിക്കുന്നതിന്നും പ്രോത്സാഹിപ്പിക്കുന്നതിന്ന് കൂടിയാണ് കേളി വാർഷികം മുൻതൂക്കം നൽകുന്നത്. സംഘാടക സമിതി രൂപീകരണയോഗത്തിൽ ജോയിന്റ് സെക്രട്ടറി മധു ബാലുശേരി പാനൽ അവതരിപ്പിച്ചു.
കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായ്, കുടുംബവേദി സെക്രട്ടറി കൂടിയായസീബാ കൂവോട് എന്നിവർ രൂപീകരണ യോഗത്തിൽ സന്നിഹിതരായിരുന്നു.
രജീഷ് പിണറായി ചെയർമാൻ, ശ്രീഷ സുകേഷ് വൈസ് ചെയർപേഴ്സൺ, നൗഫൽ സിദ്ദിഖ് വൈസ് ചെയർമാൻ, റഫീക്ക് ചാലിയം കൺവീനർ, ലാലി രജീഷ്, റഫീഖ് പാലത്ത് ജോയിന്റ് കൺവീനർമാർ സുനിൽ സുകുമാരൻ സാമ്പത്തിക കൺവീനർ സുജിത് ജോയിന്റ് കൺവീനർ.
ഫൈസൽ കൊണ്ടോട്ടി, ഷെബി അബ്ദുൾ സലാം(പ്രോഗ്രാം), ബിജു തായമ്പത്ത്, സതീഷ് കുമാർ വളവിൽ (പബ്ലിസിറ്റി), കിഷോർ ഇ നിസാം, നിസാർ റാവുത്തർ (ഗതാഗതം), റിയാസ് പള്ളത്ത്, ഷാജഹാൻ (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ), കരീം പെരുങ്ങാട്ടൂർ, സുനിൽ ബാലകൃഷ്ണൻ (ഭക്ഷണം) എന്നിവരെ യഥാക്രമം കൺവീനറും ജോയിന്റ് കൺവീനർമാരായും ബിജി തോമസ് സ്റ്റേഷനറി ചുമതല, ഗഫൂർ ആനമങ്ങാട് വളണ്ടിയർ ക്യാപ്റ്റൻ എന്നിങ്ങനെ 251 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.
കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടക സമിതി കൺവീനർ റഫീഖ് ചാലിയം നന്ദി രേഖപ്പെടുത്തി.
|
വീസ കച്ചവടം, മനുഷ്യക്കടത്ത്; കുവൈറ്റില് ഏഴ് പേര് അറസ്റ്റില്
കുവൈറ്റ് സിറ്റി: മനുഷ്യക്കടത്ത്, വീസ കച്ചവടം, കള്ളപ്പണം വെളുപ്പിക്കല് എന്നീ കുറ്റകൃത്യങ്ങളില് ഏര്പ്പെട്ട ഏഴ് പേരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
കാവല് പ്രധാനമന്ത്രിയും ആഭ്യന്തര പ്രതിരോധ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല് യൂസഫ് അല് സബാഹിന്റെ നിര്ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇവര് അറസ്റ്റിലായത്.
രണ്ടു കേസുകളിലായാണ് ഏഴുപേര് പിടിയിലായത്. ആദ്യ കേസില്, സ്വദേശികളും വിദേശികളും ചേര്ന്ന് വര്ക്ക് വീസകള് വില്പന നടത്തിയിരുന്നു. ഇതിനായി പ്രതികള് ആളുകളില് നിന്നും 800 ദിനാര് മുതല് 1,300 കുവൈറ്റ് ദിനാര് വരെ തട്ടിയെടുത്തിരുന്നു.
പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹവല്ലി ഗവര്ണറേറ്റിലെ ക്രിമിനല് ഇന്വെസ്റ്റിഗേഷന്സ് ഡിപ്പാര്ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു കേസിൽ രണ്ടു പേര് പിടിയിലായി.
വീസ കച്ചവടം, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല് തുടങ്ങിയ കുറ്റങ്ങളാണ് ഇവര്ക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതികള് കുറ്റം സമ്മതിച്ചതായാണ് വിവരം.
ഇടപാടുകളില് ഇവരെ സഹായിച്ചവരെ കണ്ടെത്താനുള്ള നീക്കം അധികൃതര് ആരംഭിച്ചിട്ടുണ്ട്.
|
പ്രവാസി മലയാളികളുടെ മക്കൾക്കായി നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്
തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്കറൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം മൂന്നു ലക്ഷം രൂപ വരെയുളള പ്രവാസി കേരളീയരുടെയും മുൻ പ്രവാസികളുടേയും മക്കൾക്ക് അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രഫഷണൽ ഡിഗ്രി കോഴ്സുകൾക്കും 202425 അധ്യയന വർഷത്തിലെ ഒന്നാം വർഷ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ്.
താത്പര്യമുള്ളവർ 30നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. www.scholarship.norkaroots.org വഴി ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: 04712770528/2770543/2770500, നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്).
|
ഇന്ത്യൻ മീഡിയ അബുദാബി ഓണാഘോഷം സംഘടിപ്പിച്ചു
അബുദാബി: ഇന്ത്യൻ മീഡിയ അബുദാബി(ഇമ) ഓണാഘോഷവും കുടുംബ സംഗമവും നടത്തി. ബുർജീൽ ഹോൾഡിംഗ്സിന്റെയും നോട്ട്ബുക്ക് റസ്റ്റോറന്റിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി.
അബുദാബി മദീനാ സായിദ് ഷോപ്പിംഗ് കോംപ്ലക്സിലെ നോട്ട്ബുക്ക് റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
ചടങ്ങിൽ ബുർജീൽ ഹോൾഡിംഗ്സിനുള്ള ഉപഹാരം റീജണൽ മാനേജർ (ബിസിനസ് ഡവലപ്മെന്റ്) സി.എം.നിർമലും നോട്ട്ബുക്ക് റസ്റ്റോറന്റ് ഗ്രൂപ്പിനുള്ള ഉപഹാരം എം.ഡി. സതീഷ്കുമാറും മാനേജർ ഷംലാക് പുനത്തിലും ചേർന്ന് ഏറ്റുവാങ്ങി.
ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് എൻ.എം.അബൂബക്കർ, ജനറൽ സെക്രട്ടറി ടി.എസ്. നിസാമുദ്ദീൻ, ട്രഷറർ ഷിജിന കണ്ണൻദാസ്, വൈസ് പ്രസിഡന്റ് അബ്ദുൽറഹ്മാൻ, ജോയിന്റ് സെക്രട്ടറി അനിൽ സി. ഇടിക്കുള എന്നിവർ ചേർന്നാണ് ഉപഹാരം നൽകിയത്.
ഗോൾഡൻ വീസ നേടിയ റാഷിദ് പൂമാടം, അംഗങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ മികവു പുലർത്തിയ ഹനാൻ റസാഖ്, ആമിന പി.എം. എന്നിവരെയും ആദരിച്ചു.
എൻ.എം.അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ടി.എസ്.നിസാമുദ്ദീൻ സ്വാഗതവും ഷിജിന കണ്ണൻദാസ് നന്ദിയും പറഞ്ഞു. റസാഖ് ഒരുമനയൂർ, സമീർ കല്ലറ എന്നിവർ നേതൃത്വം നൽകി.
|
അഴീകോട് സോക്കർ ചാമ്പ്യൻസ് 16ന്
അബുദാബി: അബുദാബി കെഎംസിസി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ കായിക വിഭാഗം സ്പോർട്ടിംഗ് അഴീക്കോട് ദഹർ ടൂർസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഴീക്കോട് സോക്കർ ചാമ്പ്യൻസ് രണ്ടാം സീസൺ ഈ മാസം 16ന് അബുദാബി 321 സ്പോർട്സ് സ്റ്റേഡിയം ഹുദൈരിയാത്തിൽ വെച്ച് നടക്കും.
യുഎഇയിലെ 16 ടീമുകൾ മാറ്റുരയ്ക്കുന്ന ഫുട്ബോൾ ടൂർണമെന്റിന് പുറമെ, അണ്ടർ 14 ഫുട്ബോൾ മത്സരം, പുഡിംഗ് കോമ്പറ്റീഷൻ, കാലിഗ്രഫി, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയും ഒരുക്കുന്നുണ്ട്. പരിപാടിയുടെ ലോഗോ പ്രകാശനം അബുദാബി ഇസ്ലാമിക് സെന്ററിൽ വച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി നിർവഹിച്ചു.
അബുദാബി കെഎംസിസി സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ് സുനീർ, ജില്ലാ സെക്രട്ടറി ആഷിഖ് കെ. എം, മണ്ഡലം നേതാക്കളായ സക്കീർ കൈപ്രത്ത്, സവാദ് നാറാത്ത്, ഫാറൂഖ് പുഴാതി , മുഹമ്മദലി സി.എച്ച്, ഹാരീഫ് എം.കെ, സജീർ എം.കെ.പി ,അബ്ദുള്ള എം.വി, സി.ബി. റാസിക്, നൗഷാദ് കുട്ടി, സുഹൈൽ കല്ലയ്ക്കൽ, ഇബ്രാഹിം വളപട്ടണം, ജാസിബ് അലവിൽ, ശംസു പുഴാതി തുടങ്ങിയവർ പങ്കെടുത്തു.
|
മൂന്ന് ഭാഷകളില് പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന അപൂര്വ ബഹുമതിയുമായി ഖത്തര് മലയാളി
ദോഹ: മൂന്ന് വ്യത്യസ്ത ഭാഷകളില് മോട്ടിവേഷണല് പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന അപൂര്വ ബഹുമതിയുമായി ഖത്തര് മലയാളി. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഇംഗ്ലീഷ്, അറബിക്, മലയാളം എന്നീ ഭാഷകളില് പുസ്തകമെഴുതി ഈ ബഹുമതി സ്വന്തമാക്കിയത്.
സക്സസ് മന്ത്രാസ് എന്ന പേരില് ഇംഗ്ലീഷില് പുസ്തകം ജൂലൈ മാസം പുറത്തിറങ്ങിയിരുന്നു. ത അ് വീദാത്തുന്നജാഹ് എന്ന പേരില് അറബിയിലും വിജയമന്ത്രങ്ങള് ഏഴാം ഭാഗം എന്ന പേരില് മലയാളത്തിലും പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും.
പുസ്തകങ്ങളുടെ ഔപചാരികമായ പ്രകാശനം ഈ മാസം ആറു മുതല് 17 വരെ ഷാര്ജ എക്സ്പോ സെന്ററില് നടക്കുന്ന 43ാമത് ഷാര്ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില് നടക്കും.
ഖത്തറിലും ഇന്ത്യയിലും പ്രകാശന ചടങ്ങുകള് സംഘടിപ്പിക്കുമെന്ന് ഗ്രന്ഥകാരന് പറഞ്ഞു. കോഴിക്കോട് കേന്ദ്രമായി പ്രവര്ത്തിക്കുന്ന ലിപി ബുക്സാണ് പുസ്തകങ്ങള് പ്രസിദ്ധീകരിക്കുന്നത്.
|
അബുദാബി മലയാളി സമാജത്തിന്റെ പുതുനേതൃത്വം സ്ഥാനമേറ്റെടുത്തു
അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ 202425 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റെടുത്തു. സ്ഥാന മൊഴിയുന്ന വൈസ് പ്രസിഡന്റ് രഖിൻ സോമന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സമാജത്തിന്റെ പുതിയ കമ്മിറ്റിയെ പ്രതിനിധീകരിച്ച് കൊണ്ട് പ്രസിഡന്റ് സലീം ചിറക്കൽ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
സമാജം മുൻ സെക്രട്ടറി എം യു ഇർഷാദ്, ട്രഷറർ യാസിർ അറാഫത്, കോഓർഡിനേഷൻ കമ്മിറ്റി ചെയർമ്മാൻ ബി. യേശുശീലൻ, വൈസ്. ചെയർമാൻ ബാബു വടകര, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് സലീം, വൈസ് പ്രസിഡന്റ് ശങ്കർ സത്യൻ,
ലേഡീസ് വിംഗ് കൺവീനർ ഗീത ജയചന്ദ്രൻ,മലയാളി സമാജം മുൻ പ്രസിഡന്റ് വക്കം ജയലാൽ, സമാജം മുൻ ജനറൽ സെക്രട്ടറിമാരായ എൻ.പി മുഹമ്മദലി, കെ.എച്ച്. താഹിർ, എ.എം. അൻസാർ, സുരേഷ് പയ്യന്നൂർ, നിബു സാം ഫിലിപ്പ്, ഷഹന മുജീബ് എന്നിവർ ആശംസകൾ അർപ്പിച്ചു
സലീം ചിറക്കൽ (പ്രസിഡന്റ്), നിസാർ .ടി.എം. (വൈസ് പ്രസിഡന്റ് ), ടി.വി. സുരേഷ് കുമാർ (ജനറൽ സെക്രട്ടറി), യാസിർ അറാഫത്ത് (ട്രഷറർ), ഷാജഹാൻ ഹൈദർ അലി (ജോ. സെക്രട്ടറി), അഹദ് വെട്ടൂർ(ഓഡിറ്റർ), അബ്ദുൾ ഗഫൂർ .വി (ലാൻഡ് & ഫൈനാൻസ് കൺവീനർ), ഗോപകുമാർ ഗോപാലൻ (ചീഫ് കോഓർഡിനേറ്റർ ),
സൈജു രാധാകൃഷ്ണ പിള്ള (അസി. ട്രഷറർ), ഷാജികുമാർ എ. ശശിധരൻ (അസി. ഓഡിറ്റർ), ജാസിർ സലീം (ആർട്സ് സെക്രട്ടറി), സാജൻ ശ്രീനിവാസൻ (അസി. ആർട്സ് സെക്രട്ടറി), സുധീഷ് വെള്ളാടത്ത് (സ്പോർട്സ് സെക്രട്ടറി), നടേശൻ ശശി (അസി. സ്പോർട്സ് സെക്രട്ടറി), മഹേഷ് എളനാട് (ലിറ്റററി സെക്രട്ടറി), അനിൽ കുമാർ .എ.പി (ലൈബ്രേറിയൻ & മലയാളം മിഷൻ), ബിജു കെ.സി.(സോഷ്യൽ വെൽഫയർ സെക്രട്ടറി ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
|
പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിനു കൊടിയേറി
കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ കാവൽ പിതാവും മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 122ാമത് ഓർമപ്പെരുന്നാളിനു കൊടിയേറി.
നാഷണൽ ഇവഞ്ചലിക്കൽ ദേവാലയത്തിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങുകൾക്ക് മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ. ഫാ. മാത്യൂ തോമസ്, ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, പെരുന്നാൾ കൺവീനർ സജിമോൻ തോമസ് എന്നിവർ നേതൃത്വം നൽകി.
|
ആയുർവേദ ദിനം ആഘോഷിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ ഒന്പതാമത് ആയുർവേദ ദിനം ഘോഷിച്ചു. ആയുർവേദ രംഗത്തെ പ്രഗത്ഭരുടെ പ്രഭാഷണങ്ങളും പ്രമേയാവതരണങ്ങളും സംഘടിപ്പിക്കപ്പെട്ടു.
3000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ആരംഭിച്ച ഒരു പുരാതന ഇന്ത്യൻ പാരമ്പര്യമാണ് "ജീവന്റെ ശാസ്ത്രം' എന്നർത്ഥം വരുന്ന ആയുർവേദമെന്നും ഓരോ വ്യക്തിക്കും ചില ജീവശക്തികൾ (ദോഷങ്ങൾ) ഉണ്ടെന്നും പ്രപഞ്ചത്തിലെ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നുമുള്ള ആശയമാണ് ആയുർവേദത്തിന്റെ അടിസ്ഥാനമെന്നും ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
ജീവിതത്തിന്റെ ഒരു മേഖലയിലെ അസന്തുലിതാവസ്ഥ മറ്റൊന്നിനെ ബാധിക്കും. അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ, രോഗങ്ങളും അസുഖങ്ങളും ഉണ്ടാകാം. ആയുർവേദം കൂടുതലും പോഷകാഹാരം, ജീവിതശൈലി മാറ്റങ്ങൾ, പ്രകൃതി ചികിത്സകൾ എന്നിവയിൽ ശ്രദ്ധയൂന്നുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈറ്റി പ്രമുഖർ ഉൾപ്പെടെയുള്ള വിദഗ്ധർ ആയുർവേദയെക്കുറിച്ചു സംസാരിച്ചു. ആക്രൊ യോഗാ ഡാൻസും മറ്റു നൃത്ത പരിപാടികളും ഉണ്ടായിരുന്നു. ആയുർവേദ ഉത്പന്നങ്ങളുടെ പ്രദർശനവും നടന്നു.
|
കൈരളി ഫുജൈറ കേരളപ്പിറവിദിനാഘോഷം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവിദിനാഘോഷം സംഘടിപ്പിച്ചു. ഫുജൈറ കൈരളി ഓഫീസിൽ വച്ച് നടന്ന കേരളപ്പിറവിദിനാഘോഷം കവിയും എഴുത്തുക്കാരനുമായ എം.ഒ.രഘുനാഥ് ഉദ്ഘാടനം ചെയ്തു.
കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി അധ്യക്ഷത വഹിച്ചു. ലോക കേരളാ സഭാംഗം സൈമൺ സാമുവൽ, ലോക കേരള സഭാംഗം ലെനിൻ. ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മിറ്റി മുൻ ട്രഷറർ കെ.പി.സുകുമാരൻ, സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി.സ്വാഗതവും ഫുജൈറ യൂണിറ്റ് പ്രസിഡന്റ് പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കൈരളി ഫുജൈറ, കോർഫക്കാൻ യൂണിറ്റുകളിലെ കലാപ്രതിഭകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
|
കൊല്ലം പ്രവാസി അസോസിയേഷൻ കേരളപ്പിറവിദിനം ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ കേരളപ്പിറവിദിനം വിപുലമായി ആഘോഷിച്ചു . ടൂബ്ലി കെപിഎ ആസ്ഥാനത്തു നടന്ന പരിപാടി പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മാധ്യമപവർത്തകനും കൗൺസിലറുമായ പ്രദീപ് പുറവങ്കര മുഖ്യതിഥിയായി പങ്കെടുത്തു കേരളപ്പിറവി ദിനത്തിൽ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് അദ്ധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും ട്രഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു.
സെക്രട്ടറിമാരായ അനിൽ കുമാർ, രജീഷ് പട്ടാഴി, അസി. ട്രഷറർ കൃഷ്ണകുമാർ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സ്ഥാപക ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ, സ്ഥാപക സെക്രെട്ടറി കിഷോർ കുമാർ, സ്ഥാപക വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളും മറ്റു കെപിഎ കലാകാരന്മാരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
|
കുടുംബ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ക്യുകെഐസി വക്റ ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ പ്രമുഖ പണ്ഡിതൻ ഉമർ ഫൈസിയും മുനീർ സലഫിയും പ്രഭാഷണം നടത്തി. ഖത്തർ കേരള ഇസ്ലാഹി സെ ഡിസംബറിൽ സംഘടിപ്പിക്കുന്ന അൽഫുർഖാൻ ഖുർആൻ വിജ്ഞാന പരീക്ഷയുടെ വക്റ ഏരിയ മൊഡ്യൂൾ പ്രകാശനം ചടങ്ങിൽ വച്ചു അൻവർ ഷമീമിന് (ഖത്തർ എനർജി) നൽകി ഉമർ ഫൈസി നിർവഹിച്ചു.
ചടങ്ങിൽ കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. കുട്ടികൾക്കായി സംഘടിപ്പിച്ച പ്രത്യേക സെഷന് അബ്ദുൽ വഹാബ് നേതൃത്വം നൽകി. അബ്ദുൽ റഊഫ് അധ്യക്ഷത വഹിച്ച സംഗമത്തിൽ അബ്ദുൽ ഗഫൂർ സ്വാഗതവും ശമീർ പൂനൂർ നന്ദിയും പറഞ്ഞു. സി.പി. ഷംസീർ, അനീസ് റഹ്മാൻ, മുർഷിദ് എന്നിവർ സംബന്ധിച്ചു.
|
കേളി ഓൺലൈൻ ക്വിസ് മത്സരം: പി. യാസറിന് ഒന്നാം സ്ഥാനം
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ കേന്ദ്ര സാംസ്കാരിക കമ്മിറ്റിയും സൈബർ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച "നവകേരളം കേരള ചരിത്രം' ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
ലോകത്തിന്റെ വിവിധകോണുകളിൽ നിന്നായി 152 പേർ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം മലപ്പുറം മൊറയൂർ സ്വദേശി പി. യാസർ കരസ്ഥമാക്കി.
രണ്ടാം സ്ഥാനം തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ജിതിൻ ശ്രീറാമും മൂന്നാം സ്ഥാനം കണ്ണൂർ സ്വദേശിനി നവ്യ സിംനേഷും കരസ്ഥമാക്കി. നവ്യ "റിയാദ് ജീനിയസ് 2024' ലെ വിജയിയാണ്.
|
കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ ലിസ്റ്റ് ഇന്ത്യൻ എംബസി പ്രസിദ്ധീകരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ പേര് വിവരങ്ങൾ പുതുക്കി പ്രസിദ്ധീകരിച്ചു. 18 ഇന്ത്യൻ ഏജൻസികളും 160 കുവൈറ്റ് കമ്പനികളുമാണ് പുതിയ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഡൽഹിയിലെ എട്ടും മുംബൈയിലെ നാലും അടക്കം 18 ഏജൻസികളാണ് പുതുക്കിയ പട്ടികയിലുള്ളത്. ജനറൽ ട്രേഡിംഗ്, കോൺട്രാക്ടിംഗ്, കേറ്ററിംഗ്, റസ്റ്റോറന്റുകൾ, മെഡിക്കൽ, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ മേഖലകളിൽ കുവൈത്തിൽ പ്രവർത്തിക്കുന്ന 160 കമ്പനികളും കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
തൊഴിലാളിയുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കൽ, ശമ്പളം നൽകാതിരിക്കൽ, ശാരീരിക പീഡനം മുതലായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥാപനങ്ങളെ ഇന്ത്യൻ എംബസി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരാതികൾ പരിഹരിക്കാത്ത സാഹചര്യങ്ങളിൽ കമ്പനികളെ എംബസി കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ തൊഴിലാളികളോട് കോടതിയിൽ കേസ് ഫയൽ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യും.
ഇതിനു പുറമെ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികളിലേക്ക് പുതിയ ഇന്ത്യൻ തൊഴിലാളികളെ നേരിട്ടോഅല്ലെങ്കിൽ ഓൺലൈൻ വഴിയോ റിക്രൂട്ട് ചെയ്യുന്നതിന് എംബസി നിരോധനം ഏർപ്പെടുത്തുകയും ചെയ്യും.
|
നാഫോ ഗ്ലോബൽ കുവൈറ്റ് വാർഷികം ഗംഭീരമായി ആഘോഷിച്ചു
കുവൈറ്റ് സിറ്റി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നാഫോ ഗ്ലോബൽ കുവൈറ്റ് 20ാം വാർഷിക പരിപാടിയായ "മേഘം' മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നവംബർ ഒന്നിന് ഗംഭീരമായി നടന്നു.
വൈദ്യുതി ജല മന്ത്രാലയത്തിലെ ഉപദേഷ്ടാവും കുവൈറ്റ് മുനിസിപ്പാലിറ്റി അംഗവുമായ ഫഹദ് അൽ അറാദിയായിരുന്നു വിശിഷ്ടാതിഥി. സാംസ്കാരിക സമ്മേളനത്തിന്റെയും സംഗീതനിശയുടെയും തുടക്കം ഭദ്രദീപം തെളിച്ച് ഫഹദ് അൽ അറാദി നിർവഹിച്ചു.
പ്രശസ്ത പിന്നണി ഗായകനും സംഗീതസംവിധായകനുമായ ജോബ് കുര്യന്റെയും പ്രശസ്ത പിന്നണി ഗായിക അനില രാജീവിന്റെയും മിന്നുന്ന സംഗീത പ്രകടനമായിരുന്നു സായാഹ്നത്തിന്റെ മുഖ്യ ആകർഷണം. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാഫോ ഗ്ലോബൽ കുവൈറ്റ് നാല് പ്രമുഖ വ്യക്തികളെ നാഫോ ഗ്ലോബൽ ബിസിനസ് അവാർഡുകൾ നൽകി ആദരിച്ചു.
സംരംഭകത്വ അവാർഡ് റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കപാടത്ത്, എക്യു ഗ്ലോബൽ ഡയറക്ടർ സുനിൽ മേനോൻ എന്നിവർക്കും കോർപ്പറേറ്റ് ഐക്കൺ അവാർഡ് ജസീറ എയർവേയ്സിലെ ഡെപ്യൂട്ടി സിഇഒയും സിഎഫ്ഒയുമായ കൃഷ്ണൻ ബാലകൃഷ്ണനും അൽ റഷീദ് ഗ്രൂപ്പിലെ സിഎഫ്ഒ പ്രദീപ് മേനോനും നൽകി.
കുവൈറ്റിലെ രാജകുടുംബാംഗമായ ഷൈഖ ഇൻതിസാർ അൽ മുഹമ്മദ് അൽ സബാഹിന്റെ ആശംസ സഹപ്രവർത്തകനായ ബദർ ബരാക്ക് വായിച്ചു. നാഫോയുടെ 20 വർഷത്തെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒരു സ്മരണിക സ്പോൺസർമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഫീനിക്സ് ഗ്രൂപ്പിന്റെ സിഒഒ നിഷാ സുനിൽ പ്രകാശനം ചെയ്തു.
നാഫോയുടെ ക്ഷേമ സംരംഭമായ നഫോ ഗ്ലോബൽ സ്നേഹസ്പർശത്തിന്റെ 20 പ്രോജക്റ്റുകളെക്കുറിച്ചുള്ള ദൃശ്യാവിഷ്കാരവും നടന്നു. ഈ സംരംഭങ്ങളിലെ സമർപ്പണത്തിനും നേതൃത്വത്തിനും സ്നേഹ സ്പർശം ചെയർമാൻ വിജയകുമാർ മേനോനെ ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു.
നാഫോ ഗ്ലോബൽ കുവൈറ്റ് ജനറൽ സെക്രട്ടറി അനീഷ് നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് നവീൻ സി.പി പ്രസംഗിച്ചു. നാഫോ അഡൈ്വസറി ബോർഡ് ചീഫ് വിജയൻ നായർ, ട്രഷറർ ഉണ്ണിക്കൃഷ്ണ കുറുപ്പ്, ലേഡീസ് വിംഗ് ചീഫ് കോഓർഡിനേറ്റർ സുനിത വിജയകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
രോഹിത് ശ്യാമിന്റെ നേതൃത്വത്തിൽ നാഫോയുടെ ബാലികാ ബാലന്മാർ നടത്തിയ നാഫോ സിംഫണി ഗണേശ സ്തുതിയും കേരളപ്പിറവി ഗാനവും അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ രാകേഷ് ഉണ്ണിത്താൻ നന്ദി പ്രകാശിപ്പിച്ചതോടെ ചടങ്ങുകൾക്കു സമാപനമായി.
|
ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ച് പ്രവാസി വെൽഫെയർ
മനാമ: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയർ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച സിഞ്ചിലുള്ള പ്രവാസി സിന്തറ്റിക് മാറ്റ് കോർട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
ആവേശകരമായ പോരാട്ടത്തിനൊടുവിൽ അജീഷ് സൈമൺ, റിജോ ചാക്കോ ടീം ലെവൽ വണ്ണിൽ ജേതാക്കൾ ആയപ്പോൾ രെജീഷ് പി. പി, ഷമീം മൊയ്തുണ്ണി കുട്ടി ടീം ലെവൽ ടു ജേതാക്കളായി.
ഇഞ്ചോടിഞ്ച് പൊരുതികളിച്ച മനോജ് ആർ. ജയൻ, ഷിഹാസ് ഷാനവാസ് ടീം ലെവൽ വണ്ണിൽ റണ്ണേഴ്സ് അപ്പ് ട്രോഫി നേടിയപ്പോൾ ജൂബിൻ വർഗീസ്, മനോജ് ആർ ജയൻ ടീം ലെവൽ ടു റണ്ണേഴ്സ് അപ്പ് ട്രോഫിക്ക് അർഹരായി.
വിജയികൾക്ക് പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, അബ്ദുൽ ഖാദർ മറാസീൽ, അൻവർ സാദത്ത് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ജോഷി ജോസഫ്, അസ്ലം വേളം, മൊയ്തു തിരുവള്ളൂർ എന്നിവർ അമ്പയർമാർക്കുള്ള ഉപഹാരങ്ങൾ നൽകി. ബഹറനിലെ പ്രമുഖ പ്രവാസി ബാഡ്മിന്റൺ ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് ഫ്രണ്ട്സ് ബഹറിൻ പ്രസിഡന്റ് എം. എം സുബൈർ ഉദ്ഘാടനം ചെയ്തു.
ബഹറനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ ബോബി പാറയിൽ, മനു മാത്യു, സൽമനുൽ ഫാരിസ്, അൻവർ നിലമ്പൂർ, റംഷാദ് അയലക്കാട്, സയ്ദ് ഹനീഫ്, മൻഷീർ, മുസ്തഫ പടവ്, സാനി പോൾ, പ്രവാസി വെൽഫെയർ ജിദ്ദ പ്രൊവിൻസ് സെക്രട്ടറി മുഹ്സിൻ ആറ്റശേരി, ബിനു കുന്നന്താനം,
അഹ്മദ് റഫീഖ്, മുഹമ്മദലി മലപ്പുറം, മൊയ്തു ടി. കെ, അബ്ദുല്ല കുറ്റ്യാടി, ജാഫർ മുണ്ടാളി, അബ്ദുൽ ഗഫൂർ മൂക്കുതല, ജൗദർ ഷമീം, നൗഷാദ് വി.പി, അബ്ദുൽ ജലീൽ മുട്ടിക്കൽ, മുജീബ് മാഹി, നിയാസ് മാഹി, അഫ്സൽ ഔജാൻ, ഷാഹിദ് എൻഗേജ് സ്പോർട്സ്, കരീം ഡെയ്ലി സ്പോർട്സ്, ഫസൽ റഹ്മാൻ മൂചിക്കൽ എന്നിവർ കളിക്കാരെ അഭിവാദ്യം ചെയ്തു.
ബാഡ്മിന്റൺ ഏഷ്യ സർട്ടിഫൈഡ് ഇന്റർനാഷണൽ അമ്പയർ ഷാനിൽ അബ്ദുറഹീമിന്റെ നേതൃത്വത്തിൽ ബഹറിൻ നാഷണൽ അക്രഡിറ്റഡ് അമ്പയർമാരായ ശ്യാം, ഡൊറീൻ, കാതറീൻ എന്നിവർ കളി നിയന്ത്രിച്ചു.
ടൂർണമെന്റ് ജനറൽ കൺവീനർ അബ്ദുൽ റഷീദ് എസ്.എ, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിൽ ഷാഹുൽ വെന്നിയൂർ, ഫൈസൽ, മുഹമ്മദലി സി. എം, ജോഷി ജോസഫ്, ഇർഷാദ് കോട്ടയം, അനിൽ ആറ്റിങ്ങൽ, സഫീർ, റഈസ്, അൻസാർ, അനസ് കാഞ്ഞിരപ്പള്ളി എന്നിവർ നേതത്വം നൽകി.
|
ഹൃദയാഘാതം: കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ(52) റിയാദിൽ അന്തരിച്ചു. പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്.
ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടിഎസ്ടി കമ്പനിയിൽ മുരളീധരൻ ജോലിയിൽ പ്രവേശിച്ചത്. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തയാക്കി കോഴിക്കോട് എത്തിക്കും.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗമാണ് നേതൃത്വം നൽകുന്നത്.
|
ഉപതെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് കേളി
റിയാദ്: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുടെ ഭാഗമായി കേളി കലാസംസ്കാരിക വേദി റിയാദിൽ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു.
മൂന്ന് മണ്ഡലങ്ങളിലെയും എൽഡിഎഫ് സ്ഥാനാർഥികളായ സത്യൻ മൊകേരി, ഡോ. പി. സരിൻ, യു. ആർ. പ്രദീപ് എന്നിവർ വീഡിയോ കോളിലൂടെ കൺവൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
കേളി രക്ഷധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷനായ പരിപാടിയിൽ രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വയനാട് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പണ വേളയിൽ റോബർട്ട് വദേര പങ്കെടുത്തതിലൂടെ എന്ത് സന്ദേശമാണ് യുഡിഎഫ് ജനങ്ങൾക്ക് നൽകുന്നത് എന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ കൂട്ടായ് ആവശ്യപ്പെട്ടു.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ ഇലക്ടറൽ ബോണ്ട് അഴിമതിയുടെ ഭാഗമായ റോബർട്ട് വദേര നയിക്കുന്ന യുഡിഎഫ് ആരുടെ താൽപര്യമാകും സംരക്ഷിക്കുക എന്നും അദ്ദേഹം ചോദിച്ചു.
വർഗീയതയും കേരളത്തിനെതിരായ പ്രചാരണവും ഒരു വശത്ത് നടക്കുമ്പോൾ മനുഷ്യപക്ഷത്ത് നിന്ന് സംസാരിക്കാൻ ഇടതുപക്ഷം മാത്രമേ ഉള്ളൂ എന്നും എന്നാൽ അത്തരം പ്രവർത്തനങ്ങളെ മാധ്യമങ്ങൾ തമസ്കരിക്കുന്നതായും സംസാരിച്ചവർ അഭിപ്രായപെട്ടു.
കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, ഫിറോഷ് തയ്യിൽ എന്നിവർ സംസാരിച്ചു.
കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ സ്വാഗതവും രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
|
മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: ജിസിസി കെഎംസിസി
ദമാം: സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി പരിശുദ്ധരായ ഖലീഫമാരുടെ ജീവചരിത്രം പോലും വക്രീകരിച്ച് അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് ജിസിസി കെഎംസിസി പേങ്ങാട് 11ാം കൗൺസിൽ മീറ്റ്.
ലോകചരിത്രത്തിൽ മാനവ സമൂഹത്തിന്നാകെ വിപ്ലവകരവും മാതൃകപരവും മഹോന്നതവുമായ ജീവചരിത്രം തീർത്ത ഖലീഫമാരെകുറിച്ചുള്ള തികഞ്ഞ അജ്ഞതയാണ് മുഖ്യമന്ത്രിക്കുള്ളത്. സംഘപരിവാർ ഫാസിസത്തിനും ഇസ്ലാമോഫോബിയക്കും ആയുധമൊരുക്കുന്ന നിരുത്തരവാദിത്വ പ്രസ്താവന തിരുത്താൻ മുഖ്യമന്ത്രി തയാറാവണമെന്നും യോഗം അഭിപ്രായപ്പെട്ടു.
കള്ളിയിൽ ഗഫൂർ അധ്യക്ഷത വഹിച്ച യോഗം മുസ്ലിം ലീഗ് കൊണ്ടോട്ടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി. ശക്കീർ ബാബു ഉദ്ഘാടനം ചെയ്തു. വാർഷിക വരവ് ചെലവ് കണക്കും റിപ്പോർട്ടും കൺവീനർ മുഷ്താഖ് പേങ്ങാട് അവതരിപ്പിച്ചു.
2024 26 വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കെഎംസിസി ജിസിസി ചെറുകാവ് ചീഫ് കോഓഡിനേറ്റർ കുഞ്ഞിബാവ ഓട്ടുപാറ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ടി. ബഷീർ ഖിറാഅത്ത് നിർവഹിച്ച ചടങ്ങിൽ കെ.എം. ഉസ്മാൻ നന്ദി പറഞ്ഞു.
ഭാരവാഹികൾ: അബ്ദുല്ല .ടി (രക്ഷധികാരി), കള്ളിയിൽ ഗഫൂർ ദുബൈ (ചെയർമാൻ), മുഷ്താഖ് പേങ്ങാട് ദമാം (ജനറൽ കൺവീനർ), ഉസ്മാൻ കെ.എം ദമാം (ട്രഷറർ), എ.കെ. ബിച്ചു ഷാർജ (സീനിയർ വൈസ് പ്രസി.), ഹബീബ് റഹ്മാൻ ജിദ്ദ,
കുഞ്ഞിബാവ എം. ജിസാൻ (വൈസ് പ്രസിഡന്റുമാർ), ഫിറോസ് കെവി (ജുബൈൽ), മുജീബ് (കുവൈത്ത്), സിറാജ് പി.കെ (ജിദ്ദ) (ജോയിന്റ് കൺവീനർ), ജിംഷാദ് അഹമ്മദ് (അഡ്മിൻ),നാസർ .എം (ചീഫ് കോ ഓഓർഡിനേറ്റർ).
|
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ എഐ കാമറകൾ സ്ഥാപിക്കുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ എഐ കാമറകൾ സ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കമായി.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതും അടക്കമുള്ള നിയമലംഘനങ്ങൾ സ്വയമേവ നിരീക്ഷിക്കുന്ന പുതിയ കാമറകൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് സ്ഥാപിക്കാൻ തുടങ്ങി.
ഇത്തരം 298 കാമറകൾ ട്രാഫിക് വിഭാഗം സ്ഥാപിക്കും. നിലവിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ പ്രവർത്തനക്ഷമമാക്കുകയും ട്രാഫിക് ഓപ്പറേഷൻസ് റൂമുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ കാമറകൾ വഴി കണ്ടെത്തുന്ന ലംഘനങ്ങൾ ഉടൻ തന്നെ വാഹന ഉടമയെ അറിയിക്കുകയും സഹേൽ ആപ്പ് വഴി വാഹന ഉടമയ്ക്ക് കൈമാറുകയും ചെയ്യും.
|
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റും ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി 68ാമത് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് നടന്ന ക്യാമ്പിൽ 30 ഓളം പേർ രക്തം ദാനം ചെയ്തു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് ഹെഡ് ബഷീർ ബത്ത ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് സമാജം പ്രസിഡന്റ് അലക്സ് മാത്യു അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി.ഡി. ബിനിൽ സ്വാഗതവും ട്രഷറർ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു. രക്ഷാധികാരി ജേക്കബ് ചണ്ണപ്പെട്ട, ബിഡികെ ജനറൽ കൺവീനർ രാജൻ തോട്ടത്തിൽ, മനോജ് മാവേലിക്കര, രക്തദാന ക്യാമ്പിന്റെ കൺവീനർ ഷാഹിദ് ലബ്ബ എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. കൊല്ലം ജില്ലാ പ്രവാസി സമാജം സെക്രട്ടറിമാർ, യൂണിറ്റ് കൺവീനർമാർ, വനിതാവേദി അംഗങ്ങൾ, ബിഡികെ കുവൈറ്റ് പ്രവർത്തകർ, ബിഡികെ ഏയ്ഞ്ചൽ വിംഗ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് വിജയകരമായി സമാപിച്ചു.
സാമൂഹികക്ഷേമ തത്പരരായ വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ബിഡികെ കുവൈറ്റ് ചാപ്റ്ററിനെ 99811972, 90041663 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
യുഎഇ പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി
തിരുവനന്തപുരം: അനധികൃത താമസക്കാർക്കായി യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടിയതായി ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസണ്ഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. പൊതുമാപ്പിന്റെ കാലാവധി ഒക്ടോബർ 31 ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം.
വീസ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തുടരുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്കുമടങ്ങാനും രേഖകൾ ശരിയാക്കി വീസ നിയമവിധേയമാക്കാനും അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
ഐസിപി സെന്ററുകൾ വഴിയോ, ഐസിപി അംഗീകാരമുള്ള ടൈപ്പിംഗ് സെന്ററുകൾ വഴിയോ, ഓണ്ലൈനായോ അപേക്ഷിക്കാം. പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ പ്രവാസികേരളീയർക്ക് നോർക്ക ഹെൽപ്ഡെസ്ക് നന്പറുകളിൽ ബന്ധപ്പെടാം.
മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് ഫോട്ടോ, അപേക്ഷകന്റെയും സ്പോണ്സറുടേയും പാസ്പോർട്ടുകളുടെ പകർപ്പ്, ആശ്രിതരുടെ സർട്ടിഫിക്കറ്റുകൾ (കുട്ടികൾക്ക്), എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐഡി അപേക്ഷയുടെ രസീത് എന്നീ രേഖകൾ അപേക്ഷ നൽകുന്നതിന് ആവശ്യമായി വന്നേക്കും.
അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോണ്സുലേറ്റ് ജനറൽ ഓഫീസുകളിലും ഇന്ത്യൻ പൗരന്മാർക്ക് സഹായം ലഭ്യമാണ്. അനധികൃത താമസക്കാർക്ക് ജോലി നൽകുന്നത് ഒഴിവാക്കണമെന്ന് യുഎഇയിലെ തൊഴിലുടമകൾക്കും നിർദേശമുണ്ട്. ഇത് ലംഘിക്കുന്നവർ കനത്ത പിഴയും ഒടുക്കേണ്ടിവരും.
നോർക്ക ഹെൽപ്ഡെസ്ക് നന്പറുകൾ
ദുബായി: പ്രവീണ് കുമാർ +971 50 351 6991, അഡ്വ. ഗിരിജ +971 55 3963907, രാജൻ കെ. +971 55 7803261 അബുദാബി: ഉബൈദുള്ള +971 50 5722959, റാസൽഖൈമ: ഷാജി കെ. +971 50 3730340, അൽ ഐൻ: റസൽ മുഹമ്മദ് +971 50 4935402, ഫുജൈറ: ഉമ്മർ ചൊലക്കൽ +971 56 2244522, ഷാർജ: ജിബീഷ് കെ. ജെ. +971 50 4951089 ഇമെയിലിലോ [email protected] ബന്ധപ്പെടാം.
|
ഇന്ദിരാഗാന്ധിയെ അനുസ്മരിച്ച് ഇൻകാസ് അബുദാബി
അബുദാബി: ഇന്ദിരാഗാന്ധിയുടെ 40ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇൻകാസ് അബുദാബിയുടെ നേതൃത്വത്തിൽ വിപുലമായ അനുസ്മരണ പരിപാടികൾ അബുദാബി മലയാളി സമാജത്തിൽ സംഘടിപ്പിച്ചു.
ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങുകൾക്ക് പ്രസിഡന്റ് എ.എം.അൻസാർ അധ്യക്ഷതവഹിച്ചു. ഇൻകാസ് കേന്ദ്ര വർക്കിംഗ് പ്രസഡന്റ് ബി.യേശുശീലൻ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം.യു. ഇർഷാദ് സ്വാഗതവും ട്രഷറർ സാബു അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി സുരേഷ്കുമാർ ടി.വി, വൈസ് പ്രസിഡന്റ് നിസാർ ടി.എം, ഇൻകാസ് അബുദാബി ജനറൽ സെക്രട്ടറി നൗഷാദ്, വൈസ്പ്രസിഡന്റുമാരായ ഷാജഹാൻ ഹൈദർ അലി, സയീദ്, സെക്രട്ടറി അനുപ ബാനർജി, ഇൻകാസ് ഭാരവാഹികളായ ചാറ്റർജി, യാസർ, നാസർ ആലംകോട്, ബാജു അബ്ദുൽ സലാം, ഓസ്റ്റിൻ എന്നിവർ ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു.
|
അജ്മാൻ സോൺ പ്രവാസി സാഹിത്യോത്സവ് ഞായറാഴ്ച
അജ്മാൻ: പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് അജ്മാൻ സോൺ തല മത്സരങ്ങൾ ഞായറാഴ്ച ഉമ്മുൽ മുഅ്മിനീൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പ്രൈമറി, ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ തുടങ്ങിയ കാറ്റഗറികളിലായി 500ൽ അധികം മത്സരാർഥികൾ മാറ്റുരക്കും.
ഫാമിലി, യൂണിറ്റ്, സെക്ടർ തുടങ്ങിയ വ്യത്യസ്ത ഘടകങ്ങളിലെ മത്സരങ്ങൾക്ക് ശേഷമാണ് സോൺ തല മത്സരം അരങ്ങേറുന്നത്. 99 ഇന മത്സരങ്ങളിൽ അഞ്ച് സെക്ടർ മത്സരങ്ങളിലെ വിജയികൾക്ക് പുറമെ വ്യത്യസ്തങ്ങളായ ക്യാമ്പസുകളിലെ വിദ്യാർഥികളും പങ്കെടുക്കും.
രാവിലെ എട്ടിന് തുടങ്ങി രാത്രി എട്ട് വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ഫാമിലികൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങി പരിപാടിക്കെത്തുന്ന മുഴുവനാളുകൾക്കും ആവശ്യമായ സജ്ജീകരണങ്ങൾ സംഘടക സമിതി ഒരുക്കിയിട്ടുണ്ട്.
സോൺ തല മത്സര വിജയികൾ ഈ മാസം 24നു അബുദാബി നാഷണൽ തിയറ്ററിൽ വച്ചു നടക്കുന്ന യുഎഇ നാഷണൽ സാഹിത്യോത്സവിൽ പങ്കെടുക്കും.
|
18 വര്ഷത്തെ കാത്തിരിപ്പ് തീരുമോ?; ദിവസങ്ങളെണ്ണി മതിയായി ഒരു കുടുംബം
കാത്തിരിപ്പെന്ന വാക്കിന് ഇത്രത്തോളം ഹൃദയത്തെ തകര്ക്കാനുള്ള ശേഷിയുണ്ടാകുമെന്ന് അബ്ദുള് റഹീമിന്റെ കുടുംബം മനസിലാക്കിയത് ഇപ്പോഴാണ്. മിനിറ്റുകള് മണിക്കൂറുകളും ദിവസങ്ങള്ക്ക് മനുഷ്യായുസിന്റെ ദൈര്ഘ്യവും ഈ കുടുംബം അനുഭവിക്കാന് തുടങ്ങിയിട്ട് നാളുകളേറെയായി.
സ്പോണ്സറുടെ ചലനശേഷി നഷ്ടപ്പെട്ട മകന് മരണപ്പെട്ട കേസില് വധശിക്ഷ വിധിക്കപ്പെട്ട് 18 വര്ഷമായി കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീം സൗദിയില് ജയിലില് കഴിയുകയാണ്. നാട്ടില് ഡ്രൈവറായിരുന്ന റഹീം 2006ലാണ് സൗദിയില് ജോലിക്ക് എത്തിയത്.
സൗദി പൗരന്റെ ഭിന്നശേഷിക്കാരനായ മകന് അനസ് അല്ശഹ്റി മരണപ്പെട്ട കേസിലാണ് അബ്ദുള് റഹീമിനു വധശിക്ഷ ലഭിച്ചത്. കഴുത്തിനു താഴേക്കു ചലനശേഷി നഷ്ടപ്പെട്ട അനസ് പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണ് ജീവന് നിലനിറുത്തിയിരുന്നത്.
കാര് യാത്രയ്ക്കിടെ അബ്ദുൾ റഹീമിന്റെ കൈ തട്ടി ഉപകരണത്തിന്റെ പ്രവര്ത്തനം നിലച്ച് അനസ് മരണപ്പെടുകയായിരുന്നു.
നാടൊന്നിച്ചു, റഹീമിനെ ജീവിതത്തിലേക്ക് തിരികേ എത്തിക്കാന്
വാര്ത്ത പുറംലോകം അറിഞ്ഞതോടെ അബ്ദുള് റഹീമിനെ എങ്ങിനെ വധ ശിക്ഷയില് നിന്ന് ഒഴിവാക്കാമെന്ന ചിന്തകള്ക്ക് ബലം വച്ചു. ഒടുവില് ബോബി ചെമ്മണൂര് ഉള്പ്പെടെയുള്ളവരുടെ സഹായ ഹസ്തം നീണ്ടപ്പോള് മോചനദ്രവ്യമായ 34 കോടി മരണപ്പെട്ട ഭിന്നശേഷിക്കാരനായിരുന്ന അനസിന്റെ കുടുംബത്തിന് നല്കി.
മോചനത്തിനായുള്ള അനുരഞ്ജന കരാറിൽ എതിർഭാഗത്തുള്ളവർ ഒപ്പിട്ടു സൗദി റിയാലിന്റെ ചെക്ക് റഹീമിന് വേണ്ടി സൗദി ഗവർണറേറ്റിന് കൈമാറിയതിനു പിന്നാലെയാണ് അനസിന്റെ അനന്തരാവകാശികൾ അനുരഞ്ജന കരാറിൽ ഒപ്പുവച്ചത്.
അനുരഞ്ജന കരാറിൽ ഒപ്പിട്ടതോടെ കോടതി നിർദേശം അനുസരിച്ച് ഒറിജിനൽ ചെക്ക് ഉൾപ്പടെയുള്ള രേഖകൾ സമർപ്പിച്ചു. ഇതോടെ രേഖാമൂലമുള്ള എല്ലാ ഇടപാടുകളും അവസാനിച്ചു. ഇനി മുന്നിലുള്ളത് നിയമപരമായ നടപടികള് മാത്രം.
പക്ഷെ അത് ചില്ലറയൊന്നുമല്ല ഈ കുടുംബത്തെ അലോസരപ്പെടുത്തുന്നത്. കുടുംബം ആ തുക സ്വീകരിക്കാന് തയാറായതോടെ പാതി ആശ്വാസമായെന്ന് ബന്ധുക്കളും സഹായവുമായി എത്തിയ സംഘടനകളും പറയുന്നു.
ഏപ്രില് 19ന് മുന്പായിരുന്നു തുക നല്കേണ്ടിയിരുന്നത്. മലയാളികളും പ്രവാസി സംഘടനകളും ഒരു മിച്ചപ്പോള് നിശ്ചയിച്ച തീയതിക്കകം തുക കുടുംബത്തിന് കൈമാറാനായി. പക്ഷെ ഇപ്പോഴും സാങ്കേതികപരമായ തടസങ്ങള് മൂലം അബ്ദുള് റഹീം നാട്ടിലെത്തിയിട്ടില്ല.
നവംബര് 17ന് അവസാന പ്രതീക്ഷ
പതിനെട്ടുവര്ഷമായി സൗദി ജയിലില് കഴിയുന്ന കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുള് റഹീമിനെ ജയില് മോചിതനാക്കുന്നതിനുള്ള ഹര്ജി നവംബര് 17ന് കോടതി പരിഗണിക്കും. റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത അതേ ബഞ്ചാണ് 17ന് ഞായറാഴ്ച കേസ് പരിഗണിക്കുന്നത്.
നേരത്തെ നവംബര് 21നായിരുന്നു കേസിന്റെ തീയതി കോടതി നിശ്ചയിച്ചിരുന്നത്. പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് 17ലേക്ക് മാറ്റുകയായിരുന്നു. കേസ് പരിഗണിക്കുന്നതു കുറച്ചുകൂടി നേരത്തെയാക്കാന് കോടതി വഴി അഭിഭാഷകനും വിദേശകാര്യമന്ത്രാലയം വഴി ഇന്ത്യന് എംബസിയും ശ്രമം നടത്തുന്നുണ്ട്.
ചീഫ് ജസ്റ്റിസിന്റെ നിര്ദേശപ്രകാരമാണ് വധശിക്ഷ റദ്ദാക്കിയ അതേ ബഞ്ചിനുതന്നെ മോചന ഹര്ജി കൈമാറിയിരിക്കുന്നത്. നിര്ദിഷ്ട ബഞ്ചില് കേസിന്റെ എല്ലാ രേഖകളും എത്തിയതായി റഹീമിന്റെ അഭിഭാഷകന് പറഞ്ഞു. ഈ സിറ്റിംഗില് അന്തിമവിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
നിയമ നടപടികള്ക്കിടെ ഒരു നോക്കുകാണാന്
മോചനം നീളുന്ന സാഹചര്യത്തില് റഹീമിനെ കാണാന് ഉമ്മ ഫാത്തിമ റിയാദിലെത്തി. റഹീമിന്റെ സഹോദരനും അമ്മാവനും ഫാത്തിമക്കൊപ്പമുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന കോടതി സിറ്റിംഗില് റഹീമിന്റെ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല് കേസിന്റെ വിശദ വിവരങ്ങള് പരിശോധിച്ച കോടതി വധശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ വിധി പറയട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. റഹീമിന്റെ അഭിഭാഷകന് ഒസാമ അല് അംബര്, എംബസി ഉദ്യോഗസ്ഥന് യൂസഫ് കാക്കഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര് അടക്കമുള്ളവര് അന്ന് കോടതിയില് എത്തിയിരുന്നു.
പ്രതീക്ഷകള് നിറയുന്ന 17നും ഇവര് കോടതിയിലുണ്ടാകും. ഒപ്പം കണ് നിറയുന്ന പ്രാര്ത്ഥനകേളാടെ അബ്ദുള് റഹീമിന്റെ ഉമ്മയും ബന്ധുക്കളും.
|
കേളി ഓൺലൈൻ ക്വിസ് മത്സരം ശനിയാഴ്ച
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര സാംസ്കാരിക കമ്മിറ്റിയും സൈബർ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരള ചരിത്ര സംബന്ധിയായ ഓൺലൈൻ ക്വിസ് മത്സരം "നവകേരളം കേരള ചരിത്രം' ശനിയാഴ്ച വൈകുന്നേരം അഞ്ചിന് (സൗദി സമയം) നടക്കും.
ലോകത്തിന്റെ ഏതു കോണിൽ നിന്നും പ്രായ, ലിംഗ വ്യത്യാസമന്യേ ആർക്കും മത്സരത്തിന് മുൻപ് നൽകുന്ന ലിങ്ക് വഴി മത്സരത്തിൽ പങ്കാളികളാകാമെന്നും മത്സരാർഥികൾ തങ്ങളുടെ മൊബൈൽ നമ്പറും പേരും ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.
കേരളത്തിന്റെ ചരിത്രത്തിലേക്ക് ആഴത്തിൽ ഇറങ്ങിചെല്ലും വിധത്തിലുള്ള 30 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഓരോ ചോദ്യത്തിനും 25 സെക്കൻഡിനുള്ളിൽ ഉത്തരങ്ങൾ നൽകുന്ന വിധത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്.
കൂടുതൽ പേർ ഒന്നാം സ്ഥാനത്തിന് അർഹരായൽ വിജയികളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കുമെന്നും സംഘാടകർ അറിയിച്ചു. മത്സരത്തിന്റെ നിയമാവലികൾ മത്സരം തുടങ്ങുന്നതിന്ന് മുൻപ് പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: കേളി സാംസ്കാരിക വിഭാഗം കൺവീനർ ഷാജി റസാഖുമായി ബന്ധപ്പെടാം 053 530 6310.
|
യുഎഇയിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും
ദുബായി: വിസ കാലാവധി കഴിഞ്ഞ അനധികൃത താമസകാർക്ക് രാജ്യം വിടാൻ യുഎഇ പ്രഖ്യാപിച്ച രണ്ടുമാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും. അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന തൊഴിലുടയ്ക്ക് നാളെ മുതൽ പത്തുലക്ഷം ദിർഹം വരെ പിഴ ചുമത്തും.
നവംബർ ഒന്നുമുതൽ രാജ്യവ്യാപക പരിശോധന തുടങ്ങുമെന്നും താമസ കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ ഒന്നിനാണ് പൊതുമാപ്പ് നിലവിൽ വന്നത്. പിഴയില്ലാതെ പുതിയ വിസയിലേക്ക് മാറാനും മടങ്ങാനുമെല്ലാം ഇക്കാലയളവിൽ അവസരം ഉണ്ടായിരുന്നു.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകുന്നവർക്ക് തിരിച്ചു വരുന്നതിനു വിലക്കില്ലെന്നും അധികൃതർ അറിയിച്ചിരുന്നു.
|
മനോജിന് നവയുഗം സാംസ്കാരികവേദിയുടെ സാന്ത്വനസ്പർശം
കൊല്ലം: പക്ഷാഘാതബാധിതനായി ആശുപത്രിയിലായ പ്രവാസി നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ ചികിത്സ നടത്തുകയും തുടർചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. കൊല്ലം കിളികൊല്ലൂർ സ്വദേശിയായ മനോജ് ആണ് നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്. നവയുഗത്തിന്റെ ചികിത്സ സഹായഫണ്ടും മനോജിന് നാട്ടിൽ ലഭിച്ചു.
നവയുഗം അൽഹസ ഷുഖൈഖ് യൂണിറ്റ് മെമ്പറായ മനോജ് കുമാർ, കഴിഞ്ഞ 18 വർഷമായി വെള്ളം കൊണ്ടുപോകുന്ന ടാങ്കർ ലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടെ സ്ട്രോക്ക് വന്നതിനെ തുടർന്ന് 23 ദിവസം അൽഹസ്സ ബെഞ്ചലവി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
വളരെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മനോജിനെ നവയുഗം ജീവകാരുണ്യ പ്രവർത്തകരായ ജലീൽ കല്ലമ്പലവും, സിയാദ് പള്ളിമുക്കും ദിവസവും ആശുപത്രിയിൽ പോയി പരിചരിക്കുകയും, വേണ്ട മനോധൈര്യം നൽകി, തിരിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു.
കുറച്ച് ദിവസത്തെ ആശുപത്രി ചികിത്സയെ തുടർന്ന് കുറച്ച് അസുഖം ഭേദപ്പെട്ടെങ്കിലും, ദീർഘമായ ഒരു തുടർ ചികിത്സ മനോജിന് ആവശ്യമാണ് എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. അതിനെ തുടർന്ന് നവയുഗം ജീവകാരുണ്യ പ്രവർത്തകർ മനോജ് ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകൾ നടത്തി.
മനോജിനെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച് ചികിത്സയുടെ റിപ്പോർട്ട് നാട്ടിൽ തുടർചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടറുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പുവരുത്തിയാണ് മനോജിനെ നാട്ടിൽ അയക്കാനുള്ള ജീവകാരുണ്യ പ്രവർത്തകരുടെ ശ്രമങ്ങൾ പൂർത്തിയാക്കിയത്.
നവയുഗം കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, ജീവകാരുണ്യ പ്രവർത്തകരായ ഷിബു കുമാർ, മണിക്കുട്ടൻ എന്നിവരുടെ സഹായത്തോടെ, കമ്പനിയുടെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി, മനോജിനെ നാട്ടിൽ അയക്കുന്നതിന് ക്രമീകരണങ്ങൾ ജലീലും, സിയാദും, ജീവകാരുണ്യ പ്രവർത്തകനായ വിക്രമൻ തിരുവനന്തപുരവും ചേർന്ന് പൂർത്തിയാക്കി.
നവയുഗം നോർക്ക ഹെൽപ്പ്ഡെസ്ക് കൺവീനർ ദാസൻ രാഘവൻ നോർക്കയുമായി ബന്ധപ്പെട്ട് എയർപോർട്ടിൽ നിന്ന് ആശുപത്രിയിലേക്കുള്ള ആംബുലൻസ് സൗകര്യം ഉറപ്പുവരുത്തി. അങ്ങനെ നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ ദമാമിൽ നിന്നും എയർഇന്ത്യ എക്സ്പ്രസിൽ മനോജ് നാട്ടിലേക്ക് യാത്രയായി.
എയർപോർട്ടിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളെല്ലാം ഷാജി മതിലകം ഇടപെട്ട് പൂർത്തിയാക്കിയാണ് മനോജ് യാത്രയായത്. നാട്ടിലെത്തി ചികിത്സ തുടങ്ങിയ മനോജിന്റെ തുടർചികിത്സയ്ക്കായി നവയുഗം അൽഹസ്സ ശുഖൈഖ് യൂണീറ്റ് സ്വരൂപിച്ച ചികിത്സാ സഹായം നവയുഗം അൽഹസ മേഖലാ കമ്മിറ്റി സെക്രട്ടറി ഉണ്ണി മാധവവും കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് മൈനാഗപ്പള്ളിയും ചേർന്ന് നാട്ടിലെത്തിച്ച് മനോജിന് കൈമാറി.
|
കൈരളി ഫുജൈറ സെൻട്രൽ വാർഷിക സമ്മേളനം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ സെൻട്രൽ സമ്മേളനം ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമുവേൽ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ആശംസകൾ അറിയിച്ചു. സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ബൈജു രാഘവൻ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രമോദ് പട്ടാന്നൂർ സ്വാഗതവും ട്രഷറർ ജിസ്റ്റാ ജോർജ് നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിൽ കൾച്ചറൽ കൺവീനർ അൻവർഷാ യുവധാര അനുശോചന പ്രേമേയം അവതരിപ്പിച്ചു. സെക്രട്ടറി പ്രമോദ് പട്ടാന്നൂർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജിസ്റ്റാ ജോർജ്ജ് സാമ്പത്തിക റിപ്പോർട്ടും മീഡിയ കൺവീനർ ലെനിൻ.ജി.കുഴിവേലിൽ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ബൈജു രാഘവൻ, പ്രിൻസ് തെക്കൂട്ടയിൽ, നമിത പ്രമോദ്, എ.പി. സിദ്ദിഖ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
പുതിയ പ്രവർത്തന വർഷത്തേക്ക് സുജിത് വി. പി. (സെക്രട്ടറി), വിൽസൺ പട്ടാഴി (പ്രസിഡൻ്റ്),ബൈജു രാഘവൻ (ട്രഷറർ), അബ്ദുള്ള, ഉമ്മർ ചോലക്കൽ (വൈസ് പ്രസിഡൻ്റുമാർ), സുധീർ തെക്കേക്കര , സുനിൽ ചെമ്പള്ളിൽ (ജോയിന്റ് സെക്രട്ടറിമാർ),അൻവർഷാ യുവധാര (ജോയിൻ്റ് ട്രഷറർ), ലെനിൻ ജി. കുഴിവേലിൽ (മീഡിയാ കൺവീനർ), നമിതാ പ്രമോദ് (കൾച്ചറൽ കൺവീനർ), അഷറഫ് പിലാക്കൽ (നോർക്ക), നബീൽ (സ്പോർട്ട് സ് കൺവീനർ), രഞ്ജിനി മനോജ് (വനിതാ കൺവീനർ), കെ.പി.സുകുമാരൻ (ബാലകൈരളി), പ്രിൻസ് തെക്കൂട്ടയിൽ ( മലയാളം മിഷൻ) എന്നിവർ ഭാരവാഹികളായ 31 അംഗ കമ്മറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
|
മഞ്ഞപ്പട നെക്സ്റ്റ് ജൻ കപ്പ്: മഞ്ഞപ്പട എഫ്സിയും ലോർഡ്സ് അക്കാദമിയും ചാമ്പ്യൻമാർ
കുവൈറ്റ് സിറ്റി: മഞ്ഞപ്പട കുവൈറ്റ് വിംഗ് സംഘടിപ്പിച്ച മഞ്ഞപ്പട നെക്സ്റ്റ് ജെൻ കപ്പ് അണ്ടർ 18 വിഭാഗത്തിൽ മഞ്ഞപ്പട എഫ്സിയും അണ്ടർ 15 വിഭാഗത്തിൽ ലോർഡ്സ് അക്കാദമിയും വിജയിച്ചു. ഇന്ത്യൻ ഇന്റർ സ്കൂൾ മംഗഫ് ഇരു വിഭാഗങ്ങളിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഗൾഫ് ഇന്ത്യൻ സ്കൂൾ ഫഹഹീൽ അണ്ടർ 18 വിഭാഗത്തിലും അണ്ടർ 15 വിഭാഗത്തിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂളും മൂന്നാം സ്ഥാനം കരസ്ഥമാക്കി. കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി താരങ്ങളായ സൗദ് അൽ ഹജ്റിയും, അലി അൽഫയെസും ചേർന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
അണ്ടർ 18 വിഭാഗത്തിൽ ഗൾഫ് ഇന്ത്യൻ സ്കൂളിന്റെ ഫഹദ് മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾകീപ്പറായി മഞ്ഞപ്പട എഫ്സിയുടെ അലനും കൂടുതൽ ഗോൾ നേടിയ താരമായി മഞ്ഞപ്പട എഫ്സിയുടെ തന്നെ ആൽബിനും തെരഞ്ഞെടുക്കപ്പെട്ടു.
അന്തർ 15 വിഭാഗത്തിൽ മികച്ച താരമായി ലോഡ്സ് അക്കാദമിയുടെ ആരോണും, മികച്ച ഗോൾ കീപ്പറായി ലോഡ്സ് അക്കാദമിയുടെ തന്നെ അസ്ടണും കൂടുതൽ ഗോൾ നേടിയ താരമായി ഇന്ത്യൻ സെൻട്രൽ സ്കൂളിന്റെ ഫർകാൻ ഖാനും തെരഞ്ഞെടുക്കപ്പെട്ടു.
പങ്കെടുത്ത എല്ലാ ടീമുകൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുകയും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവർക്ക് ട്രോഫികളും ആദ്യ മൂന്നു സ്ഥാനക്കാർക്ക് മെഡലുകളും മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാർക്ക് ട്രോഫികളും നൽകി.
തുടർന്നുള്ള എല്ലാ വർഷങ്ങളിലും ഈ ടൂർണമെന്റ് കൂടുതൽ മികവോടെ നടത്തും എന്ന് മഞ്ഞപ്പട കുവൈറ്റ് വിംഗ് ഭാരവാഹികൾ അറിയിച്ചു.
|
മരുഭൂമിയിലെ മാരാമൺ സമ്മേളനം ഡിസംബർ മൂന്നിന് അബുദാബിയിൽ
അബുദാബി: മാർത്തോമ്മാ സഭ എല്ലാ വർഷവും ഒരുക്കുന്ന മാരാമൺ കൺവൻഷന് സമാനമായ രീതിയിൽ യുഎഇയിൽ സംഘടിപ്പിക്കുന്ന പ്രതീകാത്മക കൺവൻഷൻ അബുദാബി മാർത്തോമ്മാ ദേവാലയാങ്കണത്തിൽ നടക്കും.
യുഎഇ സെന്റർ പാരിഷ് മിഷന്റെ നേതൃത്വത്തിൽ ഡിസംബർ മൂന്നിനാണ് സംഗമം നടക്കുന്നത്. കൺവൻഷന്റെ മുന്നോടിയായി തയാറാക്കിയ ലോഗോയുടെ പ്രകാശനകർമം റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവഹിച്ചു.
ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എബ്രഹാം തോമസ്, ഇടവക സെക്രട്ടറി ബിജോയി സാം, ജനറൽ കൺവീനർ ജോർജ് ബേബി, ഇടവക, പാരിഷ് മിഷൻ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
|
എസ്വെെഎസ് പ്ലാറ്റിനം ജൂബിലിക്ക് തുടക്കമാകുന്നു; ആയിരം കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ
അബുദാബി: എസ്വെെഎസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസ ലോകത്ത് ആയിരം ഇടങ്ങളിൽ നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾ നവംബർ 7, 8, 9, 10 തീയതികളിൽ നടക്കുമെന്ന് ഐസിഎഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമ്മേളനത്തിന്റെ പ്രമേയമായ "ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ' എന്ന പ്രമേയത്തിൽ പ്രവാസികളുടെ സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക വിഷയങ്ങൾ യുണിറ്റ് സമ്മേളനങ്ങളിൽ ചർച്ച ചെയ്യും.
ഇന്ത്യയിലെ രണ്ടു കോടിയോളം പൗരന്മാർ ജോലി തേടി ലോകത്തിലെ 181 രാജ്യത്ത് ജീവിക്കുന്നുവെന്നാണ് കണക്ക്. 2023ലെ കേരള മൈഗ്രേഷൻ റിപ്പോർട്ട് റിപ്പോർട്ട് പ്രകാരം 21.54 ലക്ഷം മലയാളികൾ പ്രവാസികളാണ്.
2018നെ അപേക്ഷിച്ച് 2023ൽ കേരളത്തിലെ വന്ന പ്രവാസി പണത്തിൽ 154 ശതമാനം വർധനവാണ് ഉണ്ടായത്. അതായത് 2018ൽ 85,092 കോടി രൂപയാണ് കേരളത്തിലെത്തിയെങ്കിൽ 2023ൽ അത് 2.16 ലക്ഷം കോടിയായി ഉയർന്നു.
ലോകബാങ്കിന്റെ കണക്ക് പ്രകാരം 2023ൽ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണമയക്കൽ 10.38 ലക്ഷം കോടി രൂപയാണ്. സാമ്പത്തികമായി വലിയ സംഭാവന നൽകുന്ന പ്രവാസിക്ക് രാജ്യം എന്ത് തിരിച്ചു നല്കുന്നുവെന്നത് ചർച്ച ചെയ്യപ്പെടണമെന്നാണ് സമ്മേളനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി സാന്ത്വന സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തും. "സ്പർശം' എന്ന പേരിലുള്ള പദ്ധതിയിൽ രാജ്യത്തെ നിയമ സംവിധാനങ്ങൾക്കകത്ത് നിന്ന് കൊണ്ടുള്ള സേവന പ്രവർത്തനങ്ങൾ നടക്കും.
രോഗി സന്ദർശനം, സഹായം, ജയിൽ സന്ദർശനം, ശുചീകരണ യജ്ഞങ്ങൾ, രക്ത ദാനം, രക്ത ഗ്രൂപ്പ് നിർണയം, മെഡിക്കൽ ക്യാമ്പ്, എംബസി, പാസ്പോർട്ട്, ഇഖാമ മാർഗനിർദേശം, നോർക്ക സേവനങ്ങൾ, നാട്ടിൽ പോകാനാകാത്തവർക്ക് വിമാന ടിക്കറ്റ്, ജോലിയില്ലാതെയും മറ്റും സാമ്പത്തികമായി തകർന്നവർക്ക് ഭക്ഷണം, വാടക എന്നിവ നൽകൽ, നാട്ടിൽ കിണർ, വീട്, വിവാഹ, ഉപരി പഠന സഹായം, രോഗികൾക്ക് പ്രത്യേകിച്ച് ഡയാലിസിസ്, കിഡ്നി, കാൻസർ രോഗികൾക്ക് സഹായം തുടങ്ങിയ ആശ്വാസ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടും.
സമ്മേളനത്തിന്റെ സ്മാരകമായി "രിഫായി കെയർ' എന്ന പേരിൽ കാരുണ്യ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റാൻ ആവശ്യമായ ബോധവൽക്കരണവും ചികിത്സക്കും പരിചരണത്തിനും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തെരെഞ്ഞെടുത്ത ആയിരം കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതാണ് പദ്ധതി.
മാസത്തിൽ 2,500 ഇന്ത്യൻ രൂപ വീതം ഒരു വർഷം 30,000 രൂപ നൽകുന്ന ഈ പദ്ധതിയിൽ ഐസിഎഫ് ഘടകങ്ങൾ മൂന്ന് കോടി രൂപ വിനിയോഗിക്കും. സംഘടനയുടെ നേതൃത്വത്തിൽ ഗൾഫ് മേഖലയിൽ പ്രസിദ്ധീകരിച്ചു വരുന്ന പ്രവാസി വായനയുടെ പത്താം വർഷത്തെ കാമ്പയിനും ഇതിന്റെ ഭാഗമായി നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
മുസ്തഫ ദാരിമി കടാങ്കോട് (ഐസിഎഫ് യുഎഇ നാഷണൽ പ്രസിഡന്റ്), ഹമീദ് പരപ്പ (ഐസിഎഫ് യുഎഇ നാഷണൽ ജനറൽ സെക്രട്ടറി), ഉസ്മാൻ സഖാഫി തിരുവത്ര (ഐസിഎഫ് യുഎഇ ഓർഗനൈസേഷൻ സെൽ പ്രസിഡന്റ്), അബ്ദുൽ നാസർ കൊടിയത്തൂർ (ഐസിഎഫ് യുഎഇ ഓർഗനൈസേഷൻ സെൽ സെക്രട്ടറി), ഹംസ അഹ്സനി (ഐസിഎഫ് അബുദാബി സെൻട്രൽ പ്രസിഡന്റ്) എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
|
അബുദാബിയിൽ സ്വകാര്യ ചടങ്ങുകൾക്കും മുൻകൂർ അനുമതി നിർബന്ധം
അബുദാബി: വിവാഹം, വിവാഹ നിശ്ചയം, അനുശോചനം എന്നിവ ഒഴികെ സ്വകാര്യ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിന് മുൻകൂർ അനുമതി അബുദാബിയിൽ നിർബന്ധമാക്കി. ഹോട്ടൽ, ഭക്ഷണശാലകൾ, അംഗീകൃത സംഘടനാ കേന്ദ്രങ്ങൾ തുടങ്ങി എവിടെ നടത്താനും അനുമതി വേണം.
അബുദാബിയുടെ ഡിജിറ്റൽ സേവന പോർട്ടലായ www.tamm.abudhabi വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷ പൂരിപ്പിച്ച് നിശ്ചിത ഫീസ് അടച്ചാൽ മൂന്ന് പ്രവൃത്തി ദിവസങ്ങൾക്കകം പെർമിറ്റ് ലഭിക്കും.
പരിപാടിയുടെ വിശദാംശങ്ങൾ അടങ്ങിയ കത്ത്, സംഘാടകനും വേദിയുടെ ഉടമയും തമ്മിലുള്ള കരാർ അല്ലെങ്കിൽ എൻഒസി, സാധുതയുള്ള പാസ്പോർട്ട് അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ഇവന്റ്മാനേജ്മെന്റ് കമ്പനി മുഖേന പെർമിറ്റിന് അപേക്ഷിക്കാം. സ്വകാര്യ പാർട്ടിയിൽ പ്രഭാഷകരുണ്ടെങ്കിൽ അവർക്ക് പ്രത്യേക പെർമിറ്റ് എടുക്കേണ്ടിവരും. സ്വകാര്യ ചടങ്ങുകൾക്ക് 350 ദിർഹമാണ് ഫീസ്. കലാപരിപാടികൾ നടത്തുന്നവർക്ക് 500 ദിർഹം ഈടാക്കും.
പ്രവേശന ഫീസുള്ള പരിപാടിയാണെങ്കിൽ ടിക്കറ്റ് തുകയുടെ 10 ശതമാനം സർക്കാരിൽ അടക്കണം. ചടങ്ങിൽ മദ്യം വിളമ്പാനും പ്രത്യേക അനുമതി ആവശ്യമാണ്. പാർട്ടിയിൽ പങ്കെടുക്കുന്നവർ 21 വയസിന് മുകളിൽ ഉള്ളവരായിരിക്കണം.
ഗായകർ, അഭിനേതാക്കൾ, മറ്റേതെങ്കിലും കലാകാരന്മാർ ഉണ്ടെങ്കിൽ ഓരോരുത്തർക്കും എന്റർടെയ്നർ പെർമിറ്റ് എടുക്കണം. അംഗീകൃത സ്ഥാപനങ്ങൾ സംഘടിപ്പിച്ചാൽ മാത്രമേ സ്വകാര്യ പാർട്ടികൾക്ക് പ്രവേശന ടിക്കറ്റ് ഈടാക്കാവൂ തുടങ്ങിയ വ്യവസ്ഥകളും പ്രഖ്യാപിച്ചിട്ടുണ്ട്.
|
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച യുപി സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു
റിയാദ്: റിയാദ് ദമാം ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച യുപി സ്വദേശിയുടെ മൃതദേഹം റിയാദ് നസീം മക്ബറയിൽ സംസ്കരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വാഹനാപകടത്തിലാണ് യുപി ഫൈസബാദ് സ്വദേശി മുഹമ്മദ് ഷക് ലാൻ(44) മരിച്ചത്.
ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ബോണറ്റ് തുറന്നുപോയത് മൂലം നിയന്ത്രണം വിട്ട് മറിയിക്കുകയായിരുന്നു. റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം സംസ്കരിച്ചത്.
|
മണ്ണാർക്കാട് കെഎംസിസി സെവൻസ് ഫുട്ബോൾ: ആർഡൺ യൂണിവേഴ്സിറ്റി ജേതാക്കൾ
അബുദാബി: മണ്ണാർക്കാട് നിയോജക മണ്ഡലം കെഎംസിസി സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ആർഡൺ യൂണിവേഴ്സിറ്റി ജേതാക്കളായി. മുസഫ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 16 ടീമുകൾ മാറ്റുരച്ചു.
കലാശപ്പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ടീം ഫെയ്മസിനെ പരാജയപ്പെടുത്തിയാണ് ആർഡൺ യൂണിവേഴ്സിറ്റി ജേതാക്കളായത്. മക്തൂം എഫ്സി, അബുദാബി തൃത്താല കെഎംസിസി ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി.
പ്ലയർ ഓഫ് ദ ടുർണമെന്റ് അവാർഡിന് മുഹമ്മദ് അഫ്സലും ടോപ് സ്കോററായി അർജുൻ മാധവും മികച്ച ഗോൾകീപ്പറായി സാബിത്തും ബെസ്റ്റ് ടീം മാനേജറായി നാസറും തെരെഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന ഭാരവാഹികളായ യൂസഫ് മാട്ടൂൽ, പി.കെ. അഹമ്മദ്, അഷ്റഫ് പൊന്നാനി, റഷീദ് പട്ടാമ്പി, ഹംസ നടുവിൽ, ബാസിത് കായക്കണ്ടി, അനീസ് മങ്ങാട്, ഷറഫുദ്ധീൻ കുപ്പം, അൻവർ ചുള്ളിമുണ്ട, ഷാനവാസ് പുളിക്കൽ, ഹനീഫ് പടിഞ്ഞാർമൂല, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ മജീദ് അണ്ണാൻതൊടി, അഹമ്മദ് കുട്ടി കപ്പൂർ, ഷംസുദ്ധീൻ കോലോത്തൊടി, മുത്തലിബ് അരയാലൻ എന്നിവർ സംസാരിച്ചു.
മണ്ണാർക്കാട് നിയോജക മണ്ഡലം ഭാരവാഹികളായ ഹുസൈൻ കിഴക്കേതിൽ, സുഹൈൽ മാളിക്കുന്ന്, ജാബിർ ആമ്പാടത്ത്, അബ്ദുൽ റഹ്മാൻ തെങ്കര, ആഷിദ് ഷാ ചങ്ങലീരി, മൊയ്തീൻകുട്ടി പൂവ്വക്കോടൻ, അനസ് മോൻ പോത്തൻ, ബഷീർ കോലോത്തൊടി, സലീം അച്ചിപ്ര ശബീർ നായാടിക്കുന്ന് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
|
ലുലു ഐപിഒയ്ക്ക് തുടക്കം; ഓഹരി വിറ്റുതീർന്നത് ഒരു മണിക്കൂറിനുള്ളിൽ
അബുദാബി: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐപിഒ) തിങ്കളാഴ്ച അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ തുടക്കമായി. നവംബർ അഞ്ച് വരെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് ഐപിഒ നടത്തുന്നത്.
ഐപിഐയിലൂടെ കന്പനിയുടെ 25 ശതമാനം ഓഹരികളാണ് ലുലു ഗ്രൂപ്പ് വിറ്റഴിക്കുന്നത്. 136 കോടി ഡോളർ മുതൽ 143 കോടി ഡോളർ വരെ (11,42412,012 കോടി രൂപ) യാണ് ഐപിഒയിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്.
നേരത്തേ 170180 കോടി ഡോളർ വരെ (15,000 കോടി രൂപവരെ) സമാഹരണം ഉന്നമിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ലുലു റീട്ടെയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച വില ഇതിനേക്കാൾ കുറഞ്ഞെങ്കിലും യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റിക്കാർഡ് സ്വന്തമാക്കി.
ഓഗസ്റ്റിൽ എൻഎംഡിസി നടത്തിയ 87.7 കോടി ഡോളറിന്റേതാണ് നിലവിൽ ഈ വർഷത്തെ റിക്കാർഡ്. ഐപിഒയിലൂടെ യുഎഇയിലെ ഏറ്റവും വലിയ റീട്ടെയിലർ ഐപിഒ, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കന്പനി ഐപിഒ എന്നീ റിക്കാർഡുകളും ലുലു സ്വന്തം പേരിൽ കുറിച്ചു.
ലുലു റീട്ടെയ്ൽ ഐപിഒയ്ക്ക് വില്പനയ്ക്കുവച്ച ഓഹരികളേക്കാൾ പതിന്മടങ്ങ് അപേക്ഷകൾ ഉണ്ടാകുമെന്ന് നേരത്തേതന്നെ വിലയിരുത്തപ്പെട്ടിരുന്നു. ഐപിഒ ആരംഭിച്ച് സെക്കൻഡുകൾക്കകംതന്നെ ഓഹരികൾ പൂർണമായും ഓവർസബ്സ്ക്രൈബ്ഡ് ആകാനുള്ള സാധ്യതയും നിരീക്ഷകർ പ്രവചിച്ചിരുന്നു.
ഐപിഒയുടെ ആദ്യഘട്ടം മാത്രമാണ് തിങ്കളാഴ്ച അവസാനിച്ചിരിക്കുന്നത്. നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 75 ശതമാനം തുക ലാഭവിഹിതമായി നൽകുന്നത് ലുലു ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട്. ഇതും ഐപിഒയിലേക്ക് നിക്ഷേപകരെ ആകർഷിച്ചേക്കും.
48,231 കോടി രൂപവരെയാണ് (546574 കോടി ഡോളർ) ലുലു റീട്ടെയ്ലിന് വിപണിമൂല്യം വിലയിരുത്തുന്നത്.
|
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന് പുതിയ സ്റ്റേറ്റ് കമ്മിറ്റി നിലവിൽ വന്നു
കുവൈറ്റ് സിറ്റി: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സംസ്ഥാനതല പ്രതിനിധി സമ്മേളനവും സ്റ്റേറ്റ് ജനറൽ ബോഡിയും മലപ്പുറം കുറ്റിപ്പുറത്ത് ചേർന്നു.
സ്റ്റേറ്റ് പ്രസിഡന്റ് പ്രേംസൺ കായംകുളം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ബഷീർ ചോലയിൽ, ട്രഷറർ സുലൈമാൻ ബത്തേരി എന്നിവർ കാലാവധി പൂർത്തിയായ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്, വാർഷിക വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു.
ജില്ലാ പ്രതിനിധികളുടെ ചർച്ചയിൽ സംഘടനയുടെ തുടർപ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കി അവതരിപ്പിച്ചു. തുടർന്ന് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ 2024 25 കാലഘട്ടത്തിലേക്കുള്ള ജികെപിഎ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.
പ്രേംസൺ കായംകുളം (പ്രസിഡന്റ്), ശങ്കരനാരായണൻ (ജന. സെക്രട്ടറി), സുലൈമാൻ ബത്തേരി (ട്രഷറർ), ഹബീബ് പട്ടാമ്പി, സവാദ് മമ്പാട്, കെ.എസ്. മണി കൊല്ലം (വൈസ് പ്രസിഡന്റുമാർ), അഡ്വ. നോബൽ രാജു (സെക്രട്ടറി മെമ്പർഷിപ്പ്),
ബൈജുലാൽ തൃശൂർ (സെക്രട്ടറി പ്രൊജക്റ്റ്), ഹാരിസ് കുറ്റിപ്പുറം (സെക്രട്ടറി മീഡിയ), അബ്ദുൽ സമദ് നീലമ്പൂർ, ഷാനവാസ് കൊടുങ്ങല്ലൂർ (ജോയിന്റ് സെക്രെട്ടറിമാർ) എന്നിവർ ഭാരവാഹികളായി ചുമതലയേറ്റു.
വിദേശ ചാപ്റ്ററുകളുമായും അഡ്വൈസറി കമ്മിറ്റിയുമായുമുള്ള കോഓർഡിനേഷൻ ചുമതല നിർവഹിക്കാൻ ജികെപിഎ മുൻകൊല്ലം ജില്ലാ പ്രസിഡന്റ് രാഘുനാഥൻ വാഴപ്പള്ളിയെ ഗ്ലോബൽ കൗൺസിൽ കോഓർഡിനേറ്ററായി തെരഞ്ഞെടുത്തു.
സി.കെ സുധാകരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മുൻ സ്റ്റേറ്റ് പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി, ഷമീർ പടിയത്ത് തൃശൂർ, കുമാരൻ മണിമൂല കാസർഗോഡ്, റോയ് തോമസ് വയനാട്, ഡോ. വാമദേവൻ തിരുവനന്തപുരം, സലിം നെച്ചോളി കോഴിക്കോട്, സുരേഷ് ബാബു കോമത്ത് ആലപ്പുഴ, അനിൽ പ്രസാദ് മലപ്പുറം എന്നിവർ സംസാരിച്ചു.
പ്രവാസികളുടെ ഉന്നമനത്തിനായി ലക്ഷ്യബോധത്തോടെ മതജാതി രാഷ്ട്രീയ സാമുദായിക വ്യത്യാസമില്ലാതെ പ്രവർത്തിക്കാൻ പ്രതിജ്ഞാബന്ധമാണെന്ന് പ്രസിഡന്റ് പ്രേംസൺ കായംകുളം പറഞ്ഞു.
|
അമാനുല്ല വടക്കാങ്ങരയെ കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വകുപ്പ് ആദരിച്ചു
തേഞ്ഞിപ്പാലം: അറബി ഭാഷാ പ്രചാരണ രംഗത്തെ ശ്രദ്ധേയമായ സേവനങ്ങള്ക്ക് സിഎച്ച് സ്മാരക സമിതിയുടെ പുരസ്കാരം നേടിയ ഗവേഷക വിദ്യാര്ഥിയായ അമാനുല്ല വടക്കാങ്ങരയെ കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വകുപ്പ് ആദരിച്ചു.
കാലിക്കറ്റ് സര്വകലാശാല അറബി വകുപ്പും റാബ്വിത്വ അല് അദബ് അല് ഇസ്ലാമി കേരള ചാപ്റ്ററും സംയുക്തമായി അറബി വകുപ്പ് സെമിനാര് ഹാളില് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്വച്ചാണ് ആദരിച്ചത്.
സെമിനാര് ഉദ്ഘാടനം ചെയ്ത ഡോ. അബ്ദുസമദ് സമദാനി എംപി വകുപ്പിന്റെ പുരസ്കാരം അമാനുല്ലയ്ക്ക് സമ്മാനിച്ചു. വകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല് മജീദ്, ഭാഷാ സാഹിത്യ വിഭാഗം ഡീന് ഡോ.മൊയ്തീന് കുട്ടി എബി തുടങ്ങിയവര് സംബന്ധിച്ചു.
|
സ്വീകരണം നൽകി
ദോഹ: ഖത്തറിലെത്തിയ ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, ഡോ. ശാഹുൽ ഹമീദ്, അബ്ദുൽ ഗഫൂർ സാഹിബ് എന്നിവർക്ക് ഖത്തർ കേരള ഇസ്ലാഹി സെന്റർ സ്വീകരണം നൽകി.
ക്യുകെഐസി ഹാളിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, വൈസ് പ്രസിഡന്റ് ഉമർ സ്വലാഹി, ട്രഷറർ മുഹമ്മദലി മൂടാടി, ഉമർ ഫൈസി, സ്വലാഹുദ്ധീൻ സ്വലാഹി,
സെക്രട്ടറിയേറ്റ് അംഗങ്ങളായ ഖാലിദ് കട്ടുപ്പാറ, അബ്ദുൽ ഹകീം പിലാത്തറ, വി.കെ. ഷഹാൻ, സെലു അബൂബക്കർ എന്നിവർ സംബന്ധിച്ചു.
|
കൊല്ലം സ്വദേശി ഒമാനില് അന്തരിച്ചു
മസ്കറ്റ്: കൊല്ലം ഇരുമ്പനങ്ങാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനില് അന്തരിച്ചു. ഏഴുകോണം ചിറകോണത്ത് ചരുവിള പുത്തന്വീട്ടില് സുനില് ജോണ്സൺ(53) ആണ് മരിച്ചത്.
സ്വകാര്യ കണ്സ്ട്രക്ഷന് കമ്പനിയില് സൈറ്റ് സൂപ്പര്വൈസറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: ജോണ്സൺ, മാതാവ്: മേഴ്സി, ഭാര്യ: ഷൈല, മക്കള്: അഭിരാം, രമ്യ.
മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്കാസിന്റെ നേതൃത്വത്തില് തുടര്നടപടികള് പൂര്ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര് അറിയിച്ചു.
|
ഗോൾഡൻ ഫോക്ക് അവാർഡ് മുസ്തഫ ഹംസയ്ക്ക്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാട്സ് അസോസിയേഷൻ(ഫോക്ക്) വിവിധ മേഖലകളിലെ സ്തുത്യർഹ സേവനങ്ങൾക്ക് നൽകി വരുന്ന ഗോൾഡൻ ഫോക് അവാർഡിന് പ്രമുഖ മലയാളി സംരംഭകൻ മുസ്തഫ ഹംസ അർഹനായി.
കുവൈറ്റിലെ ആരോഗ്യ പരിപാലന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമായ മുസ്തഫ ഹംസ(ഹംസ പയ്യന്നൂർ) വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ നേതൃസ്ഥാനവും വഹിക്കുന്നു.
ഈ വർഷം ഗൾഫ് മേഖലയിൽ നിന്നുള്ള കണ്ണൂർ ജില്ലക്കാരനായ പ്രവാസി സംരംഭകൻ/സംരംഭക എന്ന മേഖലയിലാണ് ഹംസ പയ്യന്നൂരിനെ അവാർഡിനായി പരിഗണിച്ചത്. ശില്പവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്.
നവംബർ എട്ടിന് കുവൈറ്റിൽ നടക്കുന്ന ഫോക്കിന്റെ പത്തൊൻപതാമത് വാർഷികാഘോഷമായ കണ്ണൂർ മഹോത്സവം വേദിയിൽ അവാർഡ് കൈമാറും.
ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, മാധ്യമപ്രവർത്തകനായ ദിനകരൻ കൊമ്പിലാത്ത്, നർത്തകിയും അധ്യാപികയുമായ സുമിത നായർ എന്നിവർ അംഗങ്ങളായ ജൂറിയാണ് മുസ്തഫ ഹംസയെ തെരഞ്ഞെടുത്തത്.
കേന്ദ്ര കമ്മിറ്റി അംഗം ഇ.വി. ബാലകൃഷ്ണൻ, എൻ.കെ. വിജയകുമാർ, രക്ഷാധികാരി അനിൽ കേളോത്, മുതിർന്ന അംഗങ്ങളായ ബിജു ആന്റണി, പി. സോമൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഗോൾഡൻ ഫോക്ക് അവാർഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
|
കെ.പി. റഷീദ് സാഹിബ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
ദോഹ: പ്രവാസലോകത്തെ കായിക പ്രേമികളിൽ കാൽപന്ത് കളിയാവേശം നിറച്ച് ഒന്നാമത് കെ.പി. റഷീദ് സാഹിബ് മെമ്മോറിയൽ ഫുട്ബോൾ ഷൂട്ടൗട്ട് ടൂർണമെന്റ് സമാപിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം കെഎംസിസി ഖത്തർ കോട്ടക്കൽ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ അൽജസീറ അക്കാദമിയിൽ സംഘടിപ്പിച്ച ടൂർണമെന്റ് കെഎംസിസി ഖത്തർ സീനിയർ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് കെ. ഈസ ഉദ്ഘാടനം ചെയ്തു.
ഫാർ ഈസ്റ്റ് ട്രേഡിംഗ് സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫി പ്രൈസ് മണിക്കും ആൽഖലീജ് ചിപ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫി പ്രൈസ് മണിക്കും വേണ്ടിയുള്ള ടൂർണമെന്റിൽ ദോഹയിലെ 30ഓളം ടീമുകൾ പങ്കെടുത്തു.
ടൂർണമെന്റിൽ കെഎംസിസി പെരിന്തൽമണ്ണ മണ്ഡലം ഫുട്ബോൾ ടീം ചാമ്പ്യൻമാരായി. കെഎംസിസി വള്ളിക്കുന്നു മണ്ഡലം ടീം റണ്ണേഴ്സ അപ്പായി.
പരിപാടിയിൽ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി അലിമൊറയൂർ, മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയംങ്കോട്, ജില്ലാ വൈസ് പ്രസിഡന്റ് ജബ്ബാർ പാലക്കൽ, ജില്ലാ സെക്രട്ടറി ഷംസീർ മാനു, അൽഖോർ ഏരിയ ട്രഷറർ പ്രശാന്ത് കോട്ടക്കൽ,
കെഎംസിസി സ്റ്റേറ്റ് ഐടി വിംഗ് ചെയർമാൻ ഫൈറൂസ് അബൂബക്കർ, സ്പോർട്സ് വിംഗ് ജനറൽ കൺവീനർ സിദ്ധീഖ് പറമ്പൻ, മീഡിയ വിംഗ് കൺവീനർ മദനി വളാഞ്ചേരി, ഫാർ ഈസ്റ്റ് എംഡി ജവാദ് തുടങ്ങിയവരും വിവിധ മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് നേതാക്കന്മാർ പങ്കെടുത്തു.
പരിപാടിക്ക് കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് അബൂ തയ്യിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇബ്രാഹിം കല്ലിങ്ങൽ സ്വാഗതവും ട്രഷറർ ജാബിർ കൈനിക്കര നന്ദിയും പറഞ്ഞു.
|
വയനാട് ഉരുൾപൊട്ടൽ: സഹായം കൈമാറി ലാൽ കെയേഴ്സ് ബഹറിൻ
മനാമ: വയനാട് പ്രകൃതി ദുരന്ത നിവാരണത്തിന് ലാൽ കെയേഴ്സ് ബഹറിൻ സമാഹരിച്ച സഹായം വിശ്വശാന്തി ഫൗണ്ടേഷന് കൈമാറി. പത്ഭഭൂഷൺ മോഹൻലാൽ ഫൗണ്ടറായ വിശ്വശാന്തി ഫൗണ്ടേഷൻ വയനാടിൽ ബൃഹത്തായ പുനരധിവാസ പദ്ധതികൾ ആണ് നടത്തുന്നത്.
ലാൽ കെയേഴ്സ് അംഗങ്ങൾ സമാഹരിച്ച സഹായധനം വിശ്വശാന്തി ഫൗണ്ടേഷന് കൈമാറിയ രേഖ ലാൽ കെയേഴ്സ് ബഹറിൻ കോഓർഡിനേറ്റർ ജഗത് കൃഷ്ണകുമാറിന് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജെയ്സൺ കൈമാറി.
പ്രസിഡന്റ് എഫ്.എം. ഫൈസൽ, സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രെഷറർ അരുൺ ജി. നെയ്യാർ മറ്റു എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിഷ്ണു, വിപിൻ രവീന്ദ്രൻ, അരുൺ തൈക്കാട്ടിൽ, നന്ദൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
|
സൗദിയിൽ അന്തരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
റിയാദ്: അൽഖർജിൽ വെൽഡിംഗിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് അന്തരിച്ച മാഹി സ്വദേശി ശരത് കുമാറിന്റെ(അപ്പു 29) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. വളപ്പിൽ തപസ്യ വീട്ടിൽ ശശാങ്കൻ ശ്രീജ ദമ്പതികളുടെ മകനാണ്.
രണ്ട് മാസം മുൻപാണ് ശരത് കുമാർ അവധി കഴിഞ്ഞു സൗദിയിൽ തിരിച്ചെത്തിയത്. അവിവാഹിതനാണ്. സഹോദരി ശിൽപ ശശാങ്കൻ റിയാദിൽ നഴ്സായി ജോലി ചെയ്യുന്നു.
കിംഗ് സൗദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കുകയും ചെയ്തു.
കഴിഞ്ഞദിവസം എയർഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട് എയർപോർട്ടിൽ എത്തിച്ച മൃതദേഹം റോഡ് മാർഗം വീട്ടിലെത്തിക്കുകയും വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു.
അൽഖർജ് സനയ്യായിൽ അറ്റകുറ്റ പണികൾക്കായി വർക്ക്ഷോപ്പിൽ എത്തിച്ച കാറിന്റെ പെട്രോൾ ടാങ്ക് വെൽഡിംഗിനിടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ യുപി സ്വദേശിക്കും പരിക്കേറ്റിരുന്നു.
രണ്ടുപേരെയും ഉടൻ തന്നെ അൽഖർജ് കിംഗ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശരത് കുമാറിന്റെ പരിക്ക് ഗുരുതരമായതിനാൽ റിയാദ് കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.
എങ്കിലും ശരത്കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. യുപി സ്വദേശിക്ക് 10 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 2019ൽ സൗദിയിലെത്തിയ ശരത്കുമാർ സ്പോൺസറുടെ വർക്ക്ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു.
|
കെടിഎംസിസിയുടെ ആഭിമുഖ്യത്തില് ക്രൈസ്തവ ശുശ്രൂഷക ദിനം ആചരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗണ് മലയാളി ക്രിസ്ത്യന് കോണ്ഗ്രിഗേഷന്റെ (കെടിഎംസിസി) ആഭിമുഖ്യത്തില് ക്രൈസ്തവ ശുശ്രൂഷക ദിനം ആചരിച്ചു. സഭാവിഭാഗ വ്യത്യാസമന്യെ 60 ക്രൈസ്തവ സഭാശുശ്രൂഷകരെ ആദരിച്ചു.
ക്ലര്ജി ദിനാചരണത്തിന്റെ ഭാഗമായാണ് വൈദികര്, പാസ്റ്റര്മാര്, മൂപ്പന്മാര് അടക്കമുള്ള ക്രിസ്തീയ ശുശ്രൂഷകരെ ആദരിച്ചത്. കെടിഎംസിസി പ്രസിഡന്റ് വിനോദ് കുര്യന്റെ അധ്യക്ഷതയില് കൂടിയ യോഗത്തില് സെക്രട്ടറി ഷിജോ പുല്ലമ്പള്ളി സ്വാഗതം അറിയിച്ചു.
വിശ്വാസ സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് എന്ഇസികെ സെക്രട്ടറി റോയി കെ. യോഹന്നാന് പ്രസംഗിച്ചു. നാഷണല് ഇവാഞ്ചലിക്കല് ചര്ച്ചിലും അഹമദി സെന്റ് പോള്സിലും ഉള്പ്പെട്ട മലയാളി ക്രൈസ്തവ സഭകളുടെ ശുശ്രൂഷകരാണ് ആദരിക്കപ്പെട്ടത്.
നാഷണല് ഇവാഞ്ചലിക്കല് ചര്ച്ച് ചെയര്മാനും കുവൈറ്റ് സ്വദേശിയുമായ റവ. ഇമ്മാനുവല് ബെന്യാമിന് ഗെരീബിന്റെ 25 വര്ഷത്തെ ഇടയ ശുശ്രൂഷ സേവനങ്ങളെ പരിഗണിച്ച് പ്രത്യേക ആദരവ് നല്കി.
ചടങ്ങില് അദേഹത്തിന്റെ സേവനങ്ങളെ ആധാരമാക്കി ഹാര്വെസ്റ്റ് ടിവി തയാറാക്കിയ ഡോക്യുമെന്ററിയും പ്രദര്ശിപ്പിച്ചു.
അഹമ്മദി സെന്റ് പോൾസ് ചാപ്ളിൻ റവ.മൈക്കിൾ മബോണ, ഇംഗ്ലീഷ് ലാംഗ്വേജ് കോൺഗ്രിഗേഷൻ സീനിയർ പാസ്റ്റർ ജറാൾഡ് ഗോൽബിക്ക്, അറബിക് ലാംഗ്വേജ് കോൺഗ്രിഗേഷൻ എൽഡർ ഡോ. വഫീക്ക് കാരം തുടങ്ങിയവർക്കും പുരസ്കാരങ്ങൾ നൽകി.
ഓർത്തഡോക്സ് സഭാ കൗൺസിലർ ഷാജി ഇലഞ്ഞിക്കലിന് പുരസ്കാരം നല്കി ആദരിച്ചു. ആദരവിന് ശുശ്രൂഷകരുടെ പ്രതിനിധികള് നന്ദി രേഖപ്പെടുത്തി. കെടിഎംസിസി ക്വയര് ഗാനങ്ങള് ആലപിച്ചു. ഹാര്വെസ്റ്റ് ടിവി തത്സമയ സംപ്രേക്ഷണം നടത്തി.
ട്രഷറര് ജീസ് ജോര്ജ് ചെറിയാൻ, കൺവീനർ സജു വാഴയില് തോമസ്, അജു ഏബ്രഹാം, ജിനോ അരീക്കല്, ഷിബു വി. സാം, ജെറാള്ഡ് ജോസഫ്, അജോഷ് മാത്യു, റെജു വെട്ടിയാർ തുടങ്ങിയവര് ക്രമീകരണങ്ങള്ക്ക് നേതൃത്വം നല്കി.
|
സൗദി ജയിലില് കഴിയുന്ന അബ്ദുള്റഹീമിനെ കാണാൻ അമ്മ റിയാദിലേക്ക്
കോഴിക്കോട്: കോടിക്കണക്കിനു രൂപ ദയാധനമായി നല്കിയിട്ടും സൗദി ജയിലില് കഴിയുന്ന കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുള് റഹീമിന്റെ മോചനം നീളുന്ന സാഹചര്യത്തില് മകനെ കാണാൻ അമ്മ റിയാദിലേക്ക് പോകുന്നു.
പരാതിക്കാരനായ സൗദി പൗരന്റെ കുടുംബം മാപ്പുനല്കുകയും കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. എന്നിട്ടും മോചനം അനിശ്ചിതമായി നീളുമ്പോഴാണ് അമ്മ ഫാത്തിമ റിയാദിലേക്ക് പോകുന്നത്.
മോചനം വൈകുന്ന സാഹചര്യത്തില് റഹീമിനെ കാണണമെന്നുള്ള അമ്മയുടെ ആഗ്രഹം നിറവേറ്റാനായി റഹീമിന്റെ സഹോദരനും അമ്മാവനും ഫാത്തിമയ്ക്കൊപ്പം പോകുന്നുണ്ട്.
റിയാദിലേക്കുള്ള വിസയും നടപടിക്രമങ്ങളും പൂര്ത്തിയായാല് ഉടന് പുറപ്പെടുമെന്ന് സഹോദരന് നസീര് പറഞ്ഞു. വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ പതിനെട്ട് വര്ഷമായി റഹീം ജയിലിലാണുള്ളത്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന കോടതി സിറ്റിംഗില് റഹീമിന്റെ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കേസിന്റെ വിശദ വിവരങ്ങള് പരിശോധിച്ച കോടതി വധ ശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ വിധി പറയട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്.
റഹീമിന്റെ അഭിഭാഷകന് ഒസാമ അല് അംബർ, എംബസി ഉദ്യോഗസ്ഥന് യൂസഫ് കാക്കഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര് ഉൾപ്പെടെയുള്ളവര് കോടതിയില് എത്തിയിരുന്നു.
വധശിക്ഷ റദ്ദാക്കിയ ബഞ്ചിന്റെ അടുത്ത സിറ്റിംഗ് എന്നാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അബ്ദുള് റഹീമിനെ കാണാനായി കുടുംബം സൗദിയിലേക്ക് പുറപ്പെടുന്നത്.
നാട്ടില് ഡ്രൈവറായിരുന്ന റഹീം 2006ലാണ് സൗദിയില് ജോലിക്ക് എത്തിയത്. സ്പോണ്സറായ സൗദി പൗരന്റെ മകന് മരിച്ച കേസിലാണ് റഹീം ജയിലിലായത്.
|
യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള മിനിമം പ്രായം 17 ആക്കി
അബുദാബി: ഡ്രൈവിംഗ് ലൈസൻസിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസിൽ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കുന്നതും നഗരപരിധിയിൽ അടിയന്തര ഘട്ടത്തിലല്ലാതെ ഹോൺ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് തീരുമാനം. അടുത്തവർഷം മാർച്ച് 29 മുതൽ തീരുമാനം നടപ്പാക്കും. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ ഉയർന്ന ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നു യുഎഇ മീഡിയാ ഓഫീസ് അറിയിച്ചു.
80 കിലോമീറ്ററിലധികം വേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന റോഡുകളിൽ കാൽനട യാത്രക്കാരെ റോഡ് മുറിച്ചു കടക്കാൻ അനുവദിക്കില്ല. ഇതിന് മേൽപ്പാലങ്ങൾ ഉപയോഗിക്കണം. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച വാഹനം ഓടിച്ചാൽ കടുത്ത ശിക്ഷ ഉറപ്പാക്കും.
|
ഡോ. അമാനുല്ല വടക്കാങ്ങരയ്ക്ക് സിഎച്ച് സ്മാരക സമിതി പുരസ്കാരം
ദോഹ: ഡോ. അമാനുല്ല വടക്കാങ്ങരയ്ക്ക് സിഎച്ച് സ്മാരക സമിതി പുരസ്കാരം. അറബി ഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സംഭാവനകള് പരിഗണിച്ചാണ് പുരസ്കാരം.
ഖത്തറിലെ ഇന്ത്യന് സ്കൂളുകളില് അറബി രണ്ടാം ഭാഷയായി നടപ്പാക്കുന്നതിന് നേതൃത്വം നല്കിയ അമാനുല്ല അറബി ഭാഷയുമായി ബന്ധപ്പെട്ട നാല്പതിലധികം ഗ്രന്ഥങ്ങളുടെ കര്ത്താവാണ്.
തിരുവവന്തപുരം മന്നം ഹാളില് നടന്ന ചടങ്ങില് സി.എച്ച്. മുഹമ്മദ് കോയയുടെ മകനും മുന് മന്ത്രിയുമായ ഡോ. എം.കെ. മുനീര് എംഎല്എ പുരസ്കാരം സമ്മാനിച്ചു.
കേരളത്തില് അറബി ഭാഷാ പഠനത്തിന് ദിശാബോധം നല്കിയ മഹാനായ നേതാവാണ് സി.എച്ച് എന്നും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കുന്നതില് ഏറെ സന്തോഷമുണ്ടെന്നും അവാര്ഡ് സ്വീകരിച്ച് സംസാരിക്കവേ അമാനുല്ല പറഞ്ഞു.
മുന് എംപിമാരായ കെ.മുരളീധരന്, പന്ന്യന് രവീന്ദ്രന്, പീതാംബരക്കുറുപ്പ്, കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു, പബ്ലിക് പ്രൊസീക്യൂട്ടര് അഡ്വ. ആര്.എസ്. വിജയ് മോഹന്,
സരസ്വതി ഗ്രൂപ്പ് ഓഫ് വിദ്യാലയ ചെയര്മാന് ഡോ. ജി. രാജ് മോഹന്, ഭാരത്ഭവന് ഡയറക്ടര് പ്രമോദ് പയ്യന്നൂര്, കലാപ്രേമി ബഷീര് ബാബു, കരമന ബയാര് എന്നിവർ സംസാരിച്ചു.
|
പ്രവാസി സാമ്പത്തിക സുരക്ഷ: കെ. വി ഷംസുദ്ദീന്റെ എക്സ്പെർട്ട് ടോക്ക് നവംബർ എട്ടിന്
മനാമ: പ്രവാസികൾക്കും അവരുടെ കുടുംബത്തിനും സാമ്പത്തിക സുരക്ഷിതത്വവും സാമ്പത്തിക ആസൂത്രണവും ഉറപ്പാക്കാൻ എക്സ്പാറ്റ്സ് ഫൈനാൻഷ്യൽ സെക്യൂരിറ്റി ആൻഡ് ഇൻവെസ്റ്റ്മെന്റ് ഓപ്പർച്യൂണിറ്റീസ് എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.
നവംബർ എട്ടിന് വൈകുന്നേരം അഞ്ചിന് ഉമ്മുൽ ഹസം കിംസ് ഹെൽത്ത് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന എക്സ്പേർട്ട് ടോക്കിൽ പ്രവാസി സമൂഹത്തെ സമ്പാദ്യ ശീലത്തിലേക്ക് കൊണ്ട് വരുന്നതിൽ പ്രധാന പങ്ക് വഹിച്ച പ്രവാസി ബന്ധു കെ.വി. ഷംസുദ്ദീൻ സദസുമായി സംസാരിക്കും.
ബര്ജീല് ജിയോജിത് ഫിനാന്ഷ്യല് സര്വീസസിന്റെ ഡയറക്ടര് കൂടിയായ കെ.വി. ഷംസുദ്ദീൻ നയിക്കുന്ന എക്സ്പേർട്ട് ടോക്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം ഉണ്ടാവുക.
കൂടുതൽ വിവരങ്ങൾക്ക് 36710698/39264430 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രോഗ്രാം കോഓർഡിനേറ്ററും പ്രവാസി വെൽഫെയർ സെക്രട്ടറിയുമായ മസീറ നജാഹ് അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കുന്നതിന് ഇതോടൊപ്പം ചേർത്തിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്: https://docs.google.com/forms/d/e/1FAIpQLSeKRm25Ez3GVuct4H8b4SHJS7TmrGgJsQM_xqHB16x9QSUj0Q/viewform?usp=sf_link
|
കൊല്ലം പ്രവാസി അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി
മനാമ: ബഹറനിലെ കൊല്ലം പ്രവാസി അസോസിയേഷന്റെ ഓണാഘോഷം സ്റ്റാർ വിഷൻ ഇവന്റുമായി സഹകരിച്ചു സംഘടിപ്പിച്ച "പൊന്നോണം 2024' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അധാരി പാർക്കിൽ വച്ചു നടന്ന ആഘോഷ പരിപാടികൾ ചാത്തന്നൂർ എംഎൽഎ ജയലാൽ ഉദ്ഘാടനം ചെയ്തു.
അസോസിയേഷന്റെ പത്തു ഏരിയ കമ്മിറ്റികളും വനിതാ വിഭാഗം പ്രവാസിശ്രീയും പങ്കെടുത്ത നയന മനോഹരമായ ഘോഷയാത്ര ഓണാഘോഷത്തിന് മാറ്റ് കൂട്ടി. 1000ൽ പരം പേർക്കുള്ള വിഭവ സമൃദ്ധമായ സദ്യ ഓണാഘോഷത്തിന് മികവേകി.
കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, കേരള ശ്രീമാൻ മലയാളി മങ്ക മത്സരം, തിരുവാതിര, സഹൃദയ അവതരിപ്പിച്ച നാടൻ പാട്ടുകൾ എന്നിവ കൂടുതൽ ആവേശമാക്കി.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്ററിന്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു. യുഎഇയിലെ സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശേരി മുഖ്യാതിഥിയായി പങ്കെടുത്തു.
ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, കൊല്ലം പ്രവാസി അസോസിയേഷൻ രക്ഷധികാരി പ്രിൻസ് നടരാജൻ, ബഹറിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഐസിആർഎഫ് ചെയർമാൻ വി.കെ .തോമസ്, ഡോ. പി.വി. ചെറിയാൻ, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിന് ജനറൽ കൺവീനർ വി.എം. പ്രമോദ് നന്ദി അറിയിച്ചു. ട്രഷറർ മനോജ് ജമാൽ, വൈ. പ്രസിഡന്റ് കോയിവിള മുഹമ്മദ്, സെക്രട്ടറിമാരായ അനിൽ കുമാർ, രജീഷ് പട്ടാഴി, അസി. ട്രഷറർ കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു. ബഹറനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു ആശംസകൾ നേർന്നു.
|
എമിക്കോ സൂപ്പർ ലീഗ്: കോർണർ വേൾഡ് എഫ്സി ജേതാക്കളായി
അബുദാബി : അബുദാബി കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റി കെഇഎഫ്എ യുമായി സഹകരിച്ചു സംഘടിപ്പിച്ച എമിക്കോ സൂപ്പർ ലീഗ് സെവൻസ് ഫുഡ്ബാൾ ടൂർണമെന്റിൽ കോർണർ വേൾഡ് എഫ്സി ജേതാക്കളായി. അൽ സബാഹ് ഓയിൽ അജ്മാൻ എഫ് സി റണ്ണറപ്പായി.
ഹുദൈരിയാത്ത് 321 സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ യുഎഇയിലെ 24 ടീമുകൾ പങ്കെടുത്തു. യുഎഇ സിബിഎസ് സി അണ്ടർ 14 ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ അബുദാബി ഇന്ത്യൻ സ്കൂൾ വിദ്യാർഥികളേയും പരിശീലകനെയും ആദരിച്ചു.
അബുദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് റാഷിദ് തൊഴലിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കഐംസിസി സെക്രട്ടറി സുനീർ ഉദ്ഘടനം നിർവഹിച്ചു.
പെരിന്തൽമണ്ണ എം എൽ എ നജീബ് കാന്തപുരം, സംസ്ഥാന കെഎംസിസി ഉപാധ്യക്ഷൻ അഷ്റഫ് പൊന്നാനി, നൂറുദ്ധീൻ തങ്ങൾ, മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടൻ , ജില്ലാ ഭാരവാഹികളായ അഷ്റഫ് അലി, മുനീർ മാമ്പറ്റ, ഷാഹിദ് ബിൻ മുഹമ്മദ്, സൈദ് മുഹമ്മദ്, കെഇഎഫ്എ പ്രധിനിധി ബൈജു ജാഫർ, ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി, ട്രഷറർ അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.
|
അബ്ബാസ് മൗലവിക്ക് അബുദാബി പാലക്കാട് ജില്ലാ കെഎംസിസി യാത്രയയപ്പ് നൽകി
അബുദാബി: 32 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് യാത്ര തിരിക്കുന്ന അബ്ബാസ് മൗലവിക്ക് അബുദാബി പാലക്കാട് ജില്ല കെഎംസിസി യാത്രയയപ്പ് നൽകി. ജില്ലാ കെഎംസിസി പ്രസിഡന്റ് ശിഹാബ് കരിമ്പനോട്ടിൽ അധ്യക്ഷത വഹിച്ചു.
അബുദാബി കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. യൂസഫ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കെഎംസിസി ആക്ടിംഗ് പ്രഡിഡന്റ് റഷീദ് പട്ടാമ്പി, സഹഭാരവാഹികളായ അഷറഫ് പൊന്നാനി, ഇ.ടി.എം. സുനീർ, അൻവർ ചുള്ളിമുണ്ട, ഷാനവാസ് പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന കെഎംസിസി വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ അഹമ്മദ് കുട്ടി, ഷംസുദ്ധീൻ കൊലൊത്തൊടി, മുത്തലിബ് അരയാലൻ, ഇസ്ലാമിക് സെന്റർ ഭാരവാഹികളായ ജാഫർ കുറ്റിക്കോട്, സുനീർ പട്ടാമ്പി, മുൻ ഭാരവാഹികളായ സ്വാലിഹ് വാഫി, നാസർ കുമരനല്ലൂർ എന്നിവർ ആശംസകൾ നേർന്നു.
പാലക്കാട് ജില്ല, മണ്ണാർക്കാട്, പട്ടാമ്പി,കോങ്ങാട്, തൃത്താല, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലം കെഎംസിസി, തച്ചനാട്ടുകര പഞ്ചായത്ത്, അണ്ണാൻതൊടി ശാഖ കെഎംസിസി കമ്മിറ്റികൾ ഉപഹാരങ്ങൾ സമർപ്പിച്ചു.
|
ടിഎംഡബ്ല്യുഎ ക്രിക്കറ്റ് ടൂർണമെന്റ്: ടീം സൗദാൽ ജേതാക്കൾ
റിയാദ്: തലശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ(ടിഎംഡബ്ല്യുഎ) തലശേരി ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച തലശേരി പ്രീമിയർ ലീഗ് എട്ടാം സീസൺ ക്രിക്കറ്റ് ടൂർണമെന്റിൽ ടീം സൗദാൽ ജേതാക്കളായി.
റഫ്ഷാദ് വാഴയിൽ നയിച്ച അഡ്വ. ഹാരിസ് തൈക്കണ്ടി മാനേജറായ, ജംഷീദ് അഹമ്മദ് മെന്ററായ ടീം സൗദാൽ ഫൈനലിൽ അൽത്താഫ് അലി ക്യാപ്റ്റനും സമീർ മയിലാടൻ മാനേജറും അൻവർ സാദത്ത് കാത്താണ്ടി മെന്ററുമായ ടീം ലോജികെയറിനെ ഏഴു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി.
ടീം അലാംക്കോ സ്പേസ് വർക്സ്, ടീം എമിർക്കോം, ടീം അൽ അലാമിമിക്സ്ടു, ടീം ആയിഷ മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക് എന്നിങ്ങനെ ആറു ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് റിയാദിലെ സാസ് ക്രിക്കറ്റ് അക്കാഡമിയിൽ വച്ചാണ് സംഘടിപ്പിച്ചത്.
ടിഎംഡബ്ല്യുഎ റിയാദ് ജനറൽ സെക്രട്ടറി ടി.എം. അൻവർ സാദത്ത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ലീഗ് മത്സരങ്ങളിലും ഫൈനലിലും മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ മുന്നിൽ നിന്നും നയിച്ച റഫ്ഷാദ് വാഴയിൽ ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് അയി.
ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച നസ്മിൽ അബ്ദുള്ള മികച്ച ബാറ്റ്സ്മാൻ, പ്ലെയർ ഓഫ് ദ ടൂർണമെന്റ് എന്നീ അവാർഡുകൾ കരസ്ഥമാക്കി. മികച്ച ബൗളറായി ഷഹീർ സല്ലു, ഫീൽഡറായി മുഹമ്മദ് ഷാസ് കാത്താണ്ടി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഹിഷാം അഹമ്മദ്, റിസ്വാൻ, മുഹമ്മദ് ഷാനിജ്, മുഹമ്മദ് ഫർഹാൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ടിഎംഡബ്ല്യുഎ റിയാദ് നിർവാഹക സമിതി അംഗങ്ങൾ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അലാംക്കോ സ്പേസ് വർക്സ് സിഇഒ ഷാനവാസ് അഹമ്മദ്, മാദൻ അൽ ജസീറ സിഇഒ മുദസ്സിർ തയ്യിൽ എന്നിവർ സന്നിഹിതരായിരുന്നു.
കൺവീനർ ഫുഹാദ് കണ്ണമ്പത്തിന്റെ നേതൃത്വത്തിൽ ടിഎംഡബ്ല്യുഎ റിയാദ് സ്പോർട്സ് വിംഗ് ടൂർണമെന്റിനു മേൽനോട്ടം വഹിച്ചു. അഫ്താബ് അമ്പിലായിൽ നടത്തിയ തത്സമയ വിവരണം ഇടവേളകളിൽ ഹസീബ് മുഹമ്മദ് നടത്തിയ സ്പോർട്സ് ക്വിസ്, മാജിക് ബൗള് ഒരുക്കിയ തലശേരി ഭക്ഷണ ശാല എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി.
തലശേരി പ്രീമിയർ ലീഗ് ആവേശകരമായ മത്സരങ്ങളിലൂടെ മാത്രമല്ല, കായിക മാനവികതയുടെ ദീപ്തിയേറും ഒരു കൂട്ടായ്മയായി മാറി, പ്രവാസികളായ തലശേരിക്കാർക്കിടയിൽ സമാനതകളില്ലാത്ത സ്വാധീനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.
ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും കുട്ടികൾക്കുമായി കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
|
സൗദിയിലെ ഏറ്റവും വലിയ ഫിസിയോതെറാപ്പി ശൃംഖലയായി ഗ്രൂപ്പി ഫിസിയോതെറാബിയ നെറ്റ്വർക്ക്
റിയാദ്: ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങൾ പങ്കുവയ്ക്കുന്ന ഏറ്റവും വലിയ വേദികളിൽ ഒന്നായ ഗ്ലോബൽ ഹെൽത്ത് എക്സിബിഷനിൽ സൗദി അറേബ്യയുടെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന പദ്ധതികൾ അനാവരണം ചെയ്ത് ബുർജീൽ ഹോൾഡിംഗ്സ്.
സൗദിയിലെ പ്രാഥമിക ആരോഗ്യ മേഖല ശക്തമാക്കുന്നതോടൊപ്പം മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അൽകൽമ, ഡേ സർജറി ശൃംഖലയായ ബുർജീൽ വൺ പദ്ധതികളാണ് ഗ്രൂപ്പ് അനാവരണം ചെയ്തത്.
കഴിഞ്ഞവർഷം പ്രവർത്തനം തുടങ്ങി രാജ്യമെമ്പാടും 28 കേന്ദ്രങ്ങൾ തുറന്ന ഫിസിയോതെറാബിയ നെറ്റ്വർക്കിന് പിന്നാലെയാണ് പുതിയ സേവനങ്ങൾ ലഭ്യമാക്കാനുള്ള ഗ്രൂപ്പിന്റെ തീരുമാനം.
സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജലുമായുള്ള കൂടിക്കാഴ്ചയിൽ ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ ഗ്രൂപ്പിന്റെ ഭാവി പദ്ധതികൾ വിശദീകരിച്ചു.
രോഗപ്രതിരോധം, നിയന്ത്രണം, പരിചരണം എന്നിവ ഉൾപ്പെടുന്ന സമഗ്ര സേവനമാണ് അൽ കൽമ മുന്നോട്ടുവയ്ക്കുന്നത്. സ്പെഷ്യലൈസ്ഡ് പ്രൈമറി സെന്ററുകൾ, ഹെൽത്ത് റിസ്ക് മാനേജ്മന്റ് എന്നിവ മൂല്യാധിഷ്ഠിത പരിചരണവുമായി സമന്വയിപ്പിച്ചു അടുത്ത ദശകത്തിനുള്ളിൽ മിഡിൽ ഈസ്റ്റിലെ 30 ദശലക്ഷം രോഗികളിലേക്ക് എത്തുക എന്നതാണ് ലക്ഷ്യം.
അതേസമയം സൗദിയിലെ ആംബുലേറ്ററി കെയറിനുള്ള പരിഹാരമാണ് ബുർജീലിന്റെ ഡേ സർജറി സെന്ററുകളുടെ പ്രത്യേക ശൃംഖലയായ ബുർജീൽ വൺ. ഉയർന്ന നിലവാരമുള്ള ചികിത്സ ഒരു ദിവസത്തിനുള്ളിൽ തന്നെ ലഭിക്കും എന്നതാണ് പ്രത്യേകത.
ഓങ്കോളജി, അഡ്വാൻസ്ഡ് ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി തുടങ്ങിയ പ്രധാന സ്പെഷ്യാലിറ്റികളിലുടനീളം മിനിമലി ഇൻവെയ്സിവ് സർജിക്കൽ രീതികൾ ഈ കേന്ദ്രങ്ങൾ നൽകും.
റോബോട്ടിക്സും മറ്റ് അത്യാധുനിക സാങ്കേതിക വിദ്യകളും സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ബുർജീൽ വൺ രോഗികൾക്ക് ദീർഘകാല ആശുപത്രി വാസത്തിന്റെ ആവശ്യമില്ലാതെ തന്നെ ലോകോത്തര പരിചരണം ലഭ്യമാക്കും.
2025ഓടെ റിയാദിൽ തുറക്കുന്ന ആദ്യത്തെ രണ്ട് ബുർജീൽ വൺ സെൻ്ററുകളിൽ ലഭ്യമാകുന്ന അത്യാധുനിക സാങ്കേതികവിദ്യകളും സേവനങ്ങളും ചടങ്ങിൽ സന്ദർശകർക്ക് പരിചയപ്പെടുത്തി.
മേക്കിംഗ് സ്പേസ് ഫോർ ഇന്നോവഷൻ’ എന്ന പ്രമേയത്തിൽ ഗ്ലോബൽ ഹെൽത്തിൽ പങ്കെടുക്കുന്ന ബുർജീൽ ഹോൾഡിംഗ്സിന്റെ ബൂത്തിൽ സഹമന്ത്രിമാരും ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരുമടക്കം നിരവധി പേരാണ് ചർച്ചകൾക്കായെത്തിയത്.
പ്രാഥമിക ആരോഗ്യ മാതൃകയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൗദി അറേബ്യയുടെ വിഷൻ 2030നോട് ചേർന്ന് നിൽക്കുന്നവയാണ് ബുർജീലിന്റെ പുതിയ പദ്ധതികൾ. എക്സിബിഷനിൽ പങ്കെടുക്കുന്നവർക്ക് ബുർജീലിന്റെ ബൂത്തിൽ ഏറ്റവും പുതിയ ഫിസിയോതെറാപ്പി ഉപകരണങ്ങൾ പരിചയപ്പെടാനും അവസരം ലഭിച്ചു.
ഇതോടൊപ്പം ഫീറ്റൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഓങ്കോളജി, പീഡിയാട്രിക്സ്, ഹൃദയ സംബന്ധമായ പരിചരണം തുടങ്ങി സങ്കീർണ പരിചരണ മേഖലയിലുള്ള സേവനങ്ങളും മേളയിൽ ബുർജീൽ പ്രദർശിപ്പിക്കുന്നുണ്ട്.
|
കേളി ദവാദ്മി യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
റിയാദ്: ഗൃഹാതുരത്വം തുളുമ്പുന്ന പരിപാടികളുമായി കേളി കലാസാംസ്കാരിക വേദി മുസാമിയ ഏരിയ ദവാദ്മി യൂണിറ്റിന്റെ നേതൃത്വത്തിൽ "പൊന്നോണം 2024' എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
വിവിധ പരിപാടികളോടെ രാവിലെ ഒന്പതിന് ആരംഭിച്ച ആഘോഷത്തിൽ അത്തപ്പൂക്കളം, ഓണപ്പാട്ടുകൾ, വിവിധ നാടൻ ഓണക്കളികൾ, മത്സരങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്, ഓണസദ്യ , ജീവകാരുണ്യ, കലാ കായിക സാംസ്കാരിക മേഖലകളിലെയും പൊതുഇടങ്ങളിലെയും കേളിയുടെ ഇടപെടലുകളെ കോർത്തിണക്കി തയാറാക്കിയ ലഘു വീഡിയോ പ്രദർശനം, സാംസ്കാരിക സമ്മേളനം, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ആദരിക്കൽ, സംഗീതവിരുന്ന് എന്നിവ അരങ്ങേറി.
യൂണിറ്റ് പ്രസിഡന്റ് രാജേഷ് അധ്യക്ഷനായ സാംസ്കാരിക സമ്മേളനം പ്രശസ്ഥ കവയത്രിയും 2024 ലെ ഡോ. ബി. ആർ. അംബേദ്കർ നാഷണൽ ഫെലോഷിപ്പ് പുരസ്കാര ജേതാവുമായ സ്മിത അനിൽ ഉദ്ഘാടനം ചെയ്തു.
കേളി കേന്ദ്ര രക്ഷാധികാരി സമിതി സെക്രട്ടറിയും, ലോക കേരള സഭ അംഗവുമായ കെപിഎം സാദിഖ്, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ചന്ദ്രൻ തെരുവത്ത്, ഏരിയ സെക്രട്ടറി നിസാറുദ്ദീൻ , ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, കെഎംസിസി സെൻട്രൽ കമ്മറ്റി ജോയിന്റ് സെക്രട്ടറി നാസർ താഴേക്കോട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്മിത അനിൽ (സാഹിത്യം), ബിന്ദു രാജീവ്, ഷിജി ബിനോയ്(ആതുരസേവനം), കെ.ഒ. ഹുസൈൻ, മുഹമ്മദ് റാഫി (ജീവകാരുണ്യം), അശോകൻ പാറശാല (ദീർഘകാല പ്രവാസി) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
റിയാദിൽ നിന്നുള്ള സത്താർ മാവൂരും സംഘവും അവതരിപ്പിച്ച ഗാനമേള പരിപാടിക്ക് മികവേകി. പരിപാടികൾ അവതരിപ്പിച്ചവർക്കും മത്സര വിജയികൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു.
കേളി ദവാദ്മി രക്ഷാധികാരി സമിതി സെക്രട്ടറി ഷാജി പ്ലാവിളയിൽ സ്വാഗതവും സംഘാടക സമിതി ചെയർമാൻ ബിനു നന്ദിയും പറഞ്ഞു.
|
നാടോർമകളിൽ നിറഞ്ഞു വടകര മഹോത്സവം
അബുദാബി: ജന്മനാടിന്റെ മധുരോർമകൾ നിറച്ച അനുഭവങ്ങൾ പകർന്ന് വടകര മഹോത്സവം പരി സമാപിച്ചു. വടകര എൻആർഐ ഫോറമാണ് ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ മഹോത്സവം ഒരുക്കിയത്.
വടകര പെരുമ വിളിച്ചിച്ചോതുന്ന ഭക്ഷണ സ്റ്റാളുകൾ, തനതു ആയോധന കലയായ കളരി പയറ്റ്, കോൽക്കളി, ഒപ്പന, ദഫ്മുട്ട്, തിരുവാതിര സിനിമാറ്റിക് ഡാൻസ് ഉൾപ്പെടെ നിരവധി പരിപാടികൾ ഒരുക്കിയാണ് മഹോസവത്തിന് കൊടിയിറങ്ങിയത്.
ഇന്ത്യൻ എംബസി കമ്യൂണിറ്റി അഫേഴ്സ് ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ ബാസിത് കായക്കണ്ടി അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി പോലീസ് മേധാവി ആയിഷ, അബ്ദുൾ റഹ്മാൻ അൽഖാദിരി, വില്യം റുഡോൾഫ് മാരിറ്റിനസ് വിങ്ക് എന്നിവർ മുഖ്യ അതിഥികളാലായി പങ്കെടുത്തു.
രമേശ് റായ്, എ. കെ. ബീരാൻ കുട്ടി, എം.യു. ഇർഷാദ്, സൂരജ്, ഇന്ദ്ര തയ്യിൽ, ബഷീർ ഹാജി കപ്ലിക്കണ്ടി, സുനീത് പാറയിൽ നായർ, രാജേഷ് വടകര, സുരേഷ് കുമാർ, റമൽ എന്നിവർ സംസാരിച്ചു.
ആദർശ്, ബാബു വടകര, ബഷീർ ഇബ്രാഹിം, ബഷീർ അഹ്മദ്, രവീന്ദ്രൻ മാസ്റ്റർ, എൻ കുഞ്ഞമ്മദ്, സുഹ്റ കുഞ്ഞമ്മദ്, പൂർണിമ ജയകൃഷ്ണൻ, യാസർ കല്ലേരി, ജയകൃഷ്ണൻ, റജീദ് പട്ടേരി, സന്ദീപ്, അജിത് ശ്രീജിത്ത്, സിറാജ് ആയഞ്ചേരി, അഖിൽ ദാസ്, രാജേഷ്, അനൂപ്, ലെമിനെ യാസർ, സ്മിത ബിജു, ജിഷ ശ്രീജിത്ത്, ഹഫ്സത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
|
യുഎഇയിൽ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു
അബുദാബി: യുഎഇയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട്(40), പാലക്കാട് സ്വദേശി രാജ്കുമാർ(38) എന്നീ മലയാളികളും ഒരു പഞ്ചാബ് സ്വദേശിയുമാണ് മരണപ്പെട്ടത്.
ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. അബുദാബി അൽ റിം ഐലന്റിലുള്ള സിറ്റി ഓഫ് ലൈറ്റ്സ് എന്ന കെട്ടിടത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
അടച്ചിട്ടിരുന്ന മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അജിത് കാലുതെറ്റി ടാങ്കിലേക്ക് വീഴുകയായിരുന്നു. അജിത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തിൽപെട്ടത്. ടാങ്കിന് മൂന്ന് മീറ്ററിലധികം താഴ്ചയാണ് ഉണ്ടായിരുന്നത്.
മരിച്ചവരുടെ മൃതദേഹം അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.
|
കുവൈറ്റ് അമീറുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബായുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയര്മാൻ എം.എ. യൂസഫലി. കുവൈറ്റ് ബയാന് കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.
പുതിയ നേതൃത്വം ഏറ്റെടുത്ത മിഷാൽ അൽ അഹമ്മദിനെ യൂസഫലി അഭിനന്ദിച്ചു. കുവൈറ്റിനെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിന് കരുത്തേകുന്നതാണ് അമീറിന്റെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളെന്ന് അദ്ദേഹം പറഞ്ഞു.
ലുലുവിന്റെ കുവൈറ്റിലെ വികസന പദ്ധതികൾ യൂസഫലി വിശദീകരിച്ചു.
|
കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂണിറ്റിന് പുതിയ ഭാരവാഹികൾ
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റാഷിദ് കല്ലുംപുറം (സെക്രട്ടറി), യദുകൃഷ്ണ (പ്രസിഡന്റ്), അഷ്റഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ദിബ്ബ ബംഗ്ലാദേശ് അസോസിയേഷൻ ഹാളിൽ നടന്ന വാർഷിക സമ്മേളനം കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവൻ ഉദ്ഘാടനം ചെയ്തു. സിസി അംഗം അബ്ദുള്ള അധ്യക്ഷത വഹിച്ചു.
സിസി അംഗങ്ങളായ സന്തോഷ് കരിയത്ത്, അബ്ദുൽ കാദർ, അൻവർഷാ യുവധാര, ഷജറത്ത് ഹർഷൽ എന്നിവർ ആശംസകൾ അറിയിച്ചു.
|
ലുലു റീട്ടെയിൽ ഓഹരി വിൽപ്പനയ്ക്ക് 28ന് തുടക്കം
അബുദാബി: റീട്ടെയ്ൽ രംഗത്തെ ഇക്കാലയളവിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനയ്ക്ക് അബുദാബിയിൽ തുടക്കമാകുന്നു. ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ. യൂസഫലി പ്രാഥമിക ഓഹരി വിൽപന നടപടികൾക്ക് തുടക്കംകുറിച്ചു. ലുലു റീട്ടെയ്ലിന്റെ 2.58 ബില്യൺ ഓഹരികളാണ് ലിസ്റ്റ് ചെയ്യുന്നത്.
അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്യുക. ജിസിസിയിലെ ആറ് രാജ്യങ്ങളിലായുള്ള 240 ലധികം ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഓഹരി പങ്കാളിത്വത്തിൽ ഭാഗമാകാൻ പൊതുനിക്ഷേപകർക്ക് അവസരം തുറന്നത് റീട്ടെയ്ൽ രംഗത്തും പുതിയ ഉണർവിന് വഴിവയ്ക്കും.
ഓഹരിവില ഐപിഒ ആരംഭിക്കുന്ന 28ന് പ്രഖ്യാപിക്കും. റീട്ടെയ്ൽ നിക്ഷേപകർക്കും നിക്ഷേപക സ്ഥാപനങ്ങൾക്കും നവംബർ അഞ്ച് വരെ ഐപിഒയിൽ ഓഹരിക്കായി അപേക്ഷിക്കാം. ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും.
12ന് റീട്ടെയ്ൽ നിക്ഷേപകർക്ക് അലോട്ട്മെന്റ് സംബന്ധിച്ച വിവരം ലഭിക്കും. 14ഓടെയാണ് ലിസ്റ്റിംഗ്. റീട്ടെയ്ൽ നിക്ഷേപകർക്കായി 10 ശതമാനം ഓഹരികള് ആണ് നീക്കിവച്ചിരിക്കുന്നത്. 89 ശതമാനം നിക്ഷേപക സ്ഥാപനങ്ങൾക്കും(ക്യുഐപി) ഒരു ശതമാനം ജീവനക്കാർക്കുമായി നിശ്ചയിച്ചിട്ടുണ്ട്.
അബുദാബി കൊമേഴ്സ്യല് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്സ് എൻബിഡി കാപിറ്റല്, എച്ച്എസ്ബിസി ബാങ്ക് മിഡില് ഈസ്റ്റ്, ദുബായി ഇസ്ലാമിക് ബാങ്ക്, ഇഎഫ്ജി ഹേർമസ് യുഎഇ, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, മാഷ്റെക്ക് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടിക്രമങ്ങൾ നിർവഹിക്കുന്നത്.
ലുലു ഗ്രൂപ്പിന്റെ യാത്രയിൽ പങ്കുചേരാൻ പുതിയ ഓഹരി ഉടമകളെ ക്ഷണിക്കുന്നതിൽ അഭിമാനമുണ്ടെന്നും പ്രവാസി ഓഹരി നിക്ഷേപകരെയടക്കം സ്വാഗതം ചെയ്യുന്നുവെന്നും ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനൊടുവിലാണ് പൊതുനിക്ഷേപകർക്കായി ലുലു വാതിൽ തുറക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള റീട്ടെയ്ൽ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1974ൽ യുഎഇയുടെ തലസ്ഥാനത്ത് ലുലു തുറന്നത്.
മികച്ച സേവനങ്ങളിലൂടെ യുഎഇയ്ക്ക് പുറമേ മറ്റ് ജിസിസി രാഷ്ട്രങ്ങളിലേക്കും ലുലു സാന്നിധ്യം വിപുലമാക്കി. നഗരങ്ങൾക്ക് പുറമേ ചെറുപട്ടണങ്ങളിലേക്കും റീട്ടെയ്ൽ സേവനം വ്യാപിപ്പിച്ചു. ജിസിസിയിലെ ഏറ്റവും മികച്ചതും സൗദി അറേബ്യയിൽ അതിവേഗം വളരുന്നതുമായ റീട്ടെയ്ൽ ശൃംഖലയാണ് ഇന്ന് ലുലു.
ഗൾഫ് മേഖലയിലെ ഭരണാധികാരികളുടെ മികച്ച പിന്തുണയും പ്രോത്സാഹനവും ഈ വളർച്ചയ്ക്ക് കരുത്തേകി. 19ലധികം രാജ്യങ്ങളിലെ ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങൾ വഴി 85 ലധികം രാഷ്ട്രങ്ങളിലെ ആഗോള ഉത്പന്നങ്ങൾ മിതമായ നിരക്കിലും മികച്ച നിലവാരത്തിലുമാണ് ഉപഭോക്താകൾക്ക് ഉറപ്പാക്കുന്നത്.
ഹൈപ്പർമാർക്കറ്റ്, എക്സ്പ്രസ് സ്റ്റോറുകൾ, മിനി മാർക്കറ്റുകൾ എന്നിവയിലൂടെ ജിസിസിയിലെ ആറ് ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകി അവരുടെ കുടുംബത്തിന്റെ തന്നെ ഭാഗമാണ് ലുലു.
ഇ കൊമേഴ്സ്, വെബ്സൈറ്റ് അടക്കം ഓൺലൈൻ സാന്നിധ്യത്തിലൂടെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുകയാണ് ലുലു. മൂന്ന് ലക്ഷത്തിലധികം പേർ ലുലുവിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ഭാഗമാണ്.
സുസ്ഥിര വികസനമടക്കമുള്ള ലുലുവിന്റെ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്ന് എം.എ യൂസഫലി കൂട്ടിചേർത്തു. ഐപിഒയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ താത്പര്യം ക്ഷണിച്ചുള്ള നിക്ഷേപസംഗമത്തിനും തുടക്കമായി.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഐപിഒ ആണ് ലുലുവിന്റേത്. അബുദാബി സർക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു 2020ൽ നൂറ് കോടി ഡോളറിന്റെ നിക്ഷേപം ലുലു ഗ്രൂപ്പിൽ നടത്തി 20 ശതമാനം ഓഹരികൾ നേടിയിരുന്നു.
ഇതിന് പുറമേയാണ് ഇപ്പോൾ പൊതുനിക്ഷേപകർക്കായി ലുലു അവസരം തുറന്നിരിക്കുന്നത്. മോലീസ ആൻഡ് കോയാണ് 2022 മുതൽ ലുലു റീട്ടെയ്ൽ ഐപിഒയുടെ ധനകാര്യ ഉപദേശകർ. 2023ലെ കണക്കുപ്രകാരം 7.3 ബില്യൺ യുഎസ് ഡോളറിന്റെ വിറ്റുവരവാണ് ലുലുവിനുള്ളത്.
ജിസിസിയിൽ മാത്രം 240 ലധികം സ്റ്റോറുകൾ. 50,000 ത്തിലധികം ജീവനക്കാരും ജിസിസിയിൽ ലുലുവിന്റെ ഭാഗമാണ്. ഇതിൽ നല്ലൊരു പങ്കും മലയാളികൾ. ജിസിസിയിലും രാജ്യാന്തര തലത്തിലും കൂടുതൽ വിപണി വിപുലീകരണത്തിന് ഊർജമേകുന്നത് കൂടിയാണ് പുതിയ ഓഹരി പങ്കാളികളുടെ സാന്നിധ്യം.
|
കൈരളി കൽബ യൂണിറ്റ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ കൽബ യൂണിറ്റ് വാർഷിക സമ്മേളനം ലോക കേരളസഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ ഉദ്ഘാടനം ചെയ്തു.
യുണിറ്റ് പ്രസിഡന്റ് നബീൽ അധ്യക്ഷത വഹിച്ചു. കൈരളി സെൻട്രൽ കമ്മറ്റി അംഗം പ്രദീപ് കുമാർ ആശംസ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി പ്രിൻസ് തേക്കുട്ടയിൽ സ്വാഗതവും റമീസ് നന്ദിയും പറഞ്ഞു. അനുശോചന പ്രമേയം റമീസ് രാജ അവതരിപ്പിച്ചു.
പ്രധിനിധി സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി പ്രിൻസ് തേക്കുട്ടയിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബാബു ബാലകൃഷ്ണൻ സാമ്പത്തിക റിപ്പോർട്ടും കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
നബീൽ വളാഞ്ചേരി, ഷിബിൻ മാളിയേക്കൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. 23 അംഗ യൂണിറ്റ് കമ്മിറ്റിയേയും കേന്ദ്ര സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ഷിബിൻ മാളിയേക്കൽ (സെക്രട്ടറി), റസാഖ് (പ്രസിഡന്റ്), റമീസ് രാജ (ട്രഷറർ), കമറുന്നിസ (വൈസ് (പ്രസിഡന്റ്), ബാലൻ (ജോയിന്റ് സെക്രട്ടറി), ആരോമൽ (ജോയിന്റ് ട്രഷറർ), നബീൽ വളാഞ്ചേരി (കൾച്ചറൽ കൺവീനർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കൈരളി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അഷറഫ് പിലാക്കൽ, വിത്സൺ പട്ടാഴി, ഉമ്മർ ചോലയ്ക്കൽ, സുധീർ തെക്കേക്കര എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
|
അബുദാബി കാസ്രോട്ടാർ വാർഷികാഘോഷം: ടൈറ്റിൽ പോസ്റ്റർ പ്രകാശനം നിർവഹിച്ചു
അബുദാബി: അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന കലാപരിപാടിയുടെ "പത്തരമാറ്റിൽ പത്താം വർഷത്തിലേക്ക്' എന്ന ടൈറ്റിൽ പോസ്റ്റർ അബുദാബി മദിന സായിദ് ലുലു ജനറൽ മാനേജർ ഒ.എസ്. റജി, ഡെപ്യൂട്ടി ജനറൽ മാനേജർ അഫ്സൽ കെ. സൈദു എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
കൂട്ടായ്മയുടെ പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ആക്ടിംഗ് ജനറൽ സെക്രട്ടറി താജ് ഷമീർ, വൈസ് പ്രസിഡന്റ് നൗഷാദ് ബന്ദിയോട്, ജോയിന്റ് സെക്രട്ടറി തസ്ലി ആരിക്കാടി, എക്സിക്യൂട്ടീവ് ഭാരവാഹികളായ ഹസൈനാർ ചേരൂർ, ഫജീർ മവ്വൽ, അച്ചു കടവത് എന്നിവർ സംബന്ധിച്ചു.
ടെലിവിഷൻ റിയാലിറ്റി ഷോ ഇന്ത്യൻ ഐഡൽ വിജയി യുംന അജിന്റെ വിപുലമായ കലാപരിപാടി ജനുവരി ആദ്യവാരം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ച് അരങ്ങേറും.
|
കരിയർ ട്യൂണിംഗ് ശില്പശാല സംഘടിപ്പിച്ചു
ദോഹ: പുതിയ കാലത്തെ തൊഴിലന്വേഷണങ്ങൾക്ക് സാങ്കേതിക വിദ്യകളിലുണ്ടായ വിപ്ലവകരമായ മാറ്റം എങ്ങനെ സഹായകരമാക്കാം എന്നതിൽ കൃത്യമായ അവബോധം സൃഷ്ടിക്കാൻ ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിംഗ് കരിയർ ശില്പശാല സംഘടിപ്പിച്ചു.
സലത്ത ജദീദിലെ ക്യുകെഐസി ഹാളിൽ നടന്ന കരിയർ ട്യൂണിംഗ് ശില്പശാലയ്ക്ക് ഖത്തറിലെ പ്രമുഖ കരിയർ ഗൈഡൻസ് റിസോർസ് പേഴ്സൺ ആയ സക്കീർ ഹുസൈൻ നേതൃത്വം നൽകി.
ഓരോ തൊഴിലിനും അനുയോജ്യമായ റെസ്യുമെ എങ്ങനെ തയാറാക്കാം എന്ന് തുടങ്ങി ജോലി അന്വേഷണത്തിൽ പുത്തൻ സാങ്കേതിക വിദ്യകളും സാമൂഹിക മാധ്യമങ്ങളും എങ്ങെനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നതിലും കേൾവിക്കാരിൽ കൃത്യമായ അവബോധം സൃഷ്ടിക്കാൻ ശില്പശാലക്ക് സാധിച്ചു.
ക്യുകെഐസി ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സി.പി. ഷംസീർ, അബ്ദുൽ ഹകീം പിലാത്തറ, സ്വലാഹുദ്ധീൻ സ്വലാഹി, മുഹമ്മദ് ഫബിൽ, ഖാലിദ് കട്ടുപ്പാറ, സെലു അബൂബക്കർ എന്നിവർ സംബന്ധിച്ചു. ട്രെയിനർക്കുള്ള ഉപഹാരം ഉമർ ഫൈസി സമ്മാനിച്ചു.
|
കുടുംബ സംഗമം സംഘടിപ്പിച്ചു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ വുകൈർ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. "സഹാബത്തിന്റെ ഇൽമിനോടുള്ള സമീപനം' എന്ന വിഷയത്തിൽ മുനീർ സലഫി സദസിന് ഉദ്ബോധനം നൽകി.
ഡിസംബറിൽ നടക്കാനിരിക്കുന്ന അൽഫുർഖാൻ ഖുറാൻ വിജ്ഞാന പരീക്ഷയുടെ വുകൈർ ഏരിയ മൊഡ്യൂൾ പ്രകാശനം ക്യുകെഐസി ക്യുഎച്ച്എൽഎസ് വിംഗ് കൺവീനർ മുഹമ്മദ് അബ്ദുൽ അസീസ് യുണിറ്റ് പ്രസിഡന്റ് റഫീഖ് സാഹിബിന് നൽകി നിർവഹിച്ചു.
ക്യുകെഐസി സെക്രട്ടറി സ്വലാഹുദ്ധീൻ സ്വലാഹി ആശംസയർപ്പിച്ചു. ഖുറാൻ പഠനം നൽകുന്ന ആത്മവിശ്വാസവും ഊർജവും അദ്ദേഹം വിശദീകരിച്ചു. സംഗമത്തിൽ ആഹിൽ റഫീഖ് ഖിറാഅത്ത് നടത്തി.
യൂണിറ്റ് സെക്രട്ടറി അബ്ദുൽ കഹാർ സ്വാഗതവും പ്രസിഡന്റ് റഫീഖ് സാഹിബ് അധ്യക്ഷതയും വഹിച്ച സംഗമത്തിൽ അനസ് നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ മുഹമ്മദ് മുസ്തഫ, ഷബിൻ കബീർ, ശകീബ് എന്നിവർ സംബന്ധിച്ചു.
മൊഡ്യൂൾ ആവശ്യമുള്ളവർക്ക് 60004485/33076121 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
സൗദി ജയിലില് കഴിയുന്ന മലയാളി അബ്ദുള്റഹീമിന്റെ മോചനം നീളുന്നു
കോഴിക്കോട്: വധശിക്ഷ റദ്ദ് ചെയ്തു കിട്ടിയെങ്കിലും സൗദി ജയിലില് തുടരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല് റഹീമിന്റെ മോചനം അനന്തമായി നീളുന്നു. തിങ്കളാഴ്ച മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും കേസ് മാറ്റിവയ്ക്കുകയായിരുന്നു.
കേസ് രാവിലെ പരിഗണിച്ച കോടതി വിശദവിവരങ്ങള് പരിശോധിച്ചശേഷം വധശിക്ഷ റദ്ദാക്കിയ അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.
പബ്ലിക് പ്രോസിക്യൂഷന് ഉള്പ്പെടെയുള്ള വകുപ്പുകളുടെ നടപടി ക്രമങ്ങളെല്ലാം പൂര്ത്തിയാക്കിയതിനാല് ഇന്നലെ മോചന ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. മോചന ഉത്തരവ് പ്രതീക്ഷിച്ച് റഹീമിന്റെ അഭിഭാഷകന് ഒസാമ അല് അമ്പര്, ഇന്ത്യന് എംബസി ഉദ്യോഗസ്ഥന് യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര് എന്നിവര് കോടതിയില് എത്തിയിരുന്നു.
ഏത് ബെഞ്ചാണ് കേസ് പരിഗണിക്കുകയെന്ന കാര്യത്തില് ഇന്ന് തീരുമാനമുണ്ടാകും. അടുത്ത സിറ്റിംഗ് തീരുമാനിക്കേണ്ടതും പുതിയ ബെഞ്ചാണ്. പുതിയ ബെഞ്ചിന് കേസ് കൈമാറിയാലും നടപടിക്രമങ്ങളെല്ലാം പൂര്ത്തിയായ സ്ഥിതിക്ക് മോചനകാര്യത്തില് ഉടന് തീരുമാനമാകുമെന്നു തന്നെയാണ് സഹായസമിതി പറയുന്നത്.
ഏതുദിവസം സിറ്റിംഗ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നല്കുമെന്ന് റഹീമിന്റെ അഭിഭാഷകന് പറഞ്ഞു.
|
ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ ലഭ്യമാക്കും
അബുദാബി: കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ ലഭ്യമാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി(ഐസിപി) പ്രഖ്യാപിച്ചു.
യോഗ്യതയുള്ള ഈ ഇന്ത്യൻ യാത്രക്കാർക്ക് 60 ദിവസത്തെ വീസ 250 ദിർഹത്തിന് നൽകും. യുകെയിലേക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ടൂറിസ്റ്റ് വീസയുള്ള ഇന്ത്യൻ പൗരന്മാർക്ക് വീസ ഓൺ അറൈവൽ നൽകാനാണ് തീരുമാനം.
മുൻപ് ഇത് യുഎസിലേയ്ക്ക് താമസ വീസയോ ടൂറിസ്റ്റ് വീസയോ ഉള്ളവർക്കും യുകെയിലും യൂറോപ്യൻ യൂണിയനിലും(ഇയു) റെസിഡൻസിയുള്ളവർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ.
അപേക്ഷകന്റെ വീസയ്ക്കും പാസ്പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.
|
ജോബ് മൈക്കിളിന് ഇന്ന് ഷാർജയിൽ സ്വീകരണം
ഷാർജ: ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിളിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ യുഎഇയിലെ വിവിധ സാംസ്കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇന്ന് രാത്രി ഏഴിന് സ്വീകരണം നൽകും.
സ്വീകരണ പരിപാടിയോട് അനുബന്ധിച്ച് "കുട്ടനാടിന്റെ വികസനത്തിൽ പ്രവാസി മലയാളികളുടെ പങ്കാളിത്തം' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിൽ ജോബ് മൈക്കിൾ പ്രഭാഷണം നടത്തും.
പ്രവാസി മലയാളി സംഘടനകൾക്കും സംരംഭകർക്കും കേരള സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാവുന്ന പദ്ധതികൾ, കുട്ടനാട്ടിലെ കാർഷിക സാധ്യതകൾ, പ്രവാസി മലയാളികൾ സമർപ്പിക്കുന്ന ആഗ്രോ ടൂറിസം പദ്ധതികൾക്ക് സർക്കാർ നൽകുന്ന സഹായവും പ്രോത്സാഹനവും, വിഷരഹിത കൃഷിയും മൽസ്യ വളർത്തലും സംയോജിപ്പിച്ചുള്ള ചെറുകിട പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ ജോബ് മൈക്കിൾ വിശദീകരിക്കും.
ചങ്ങനാശേരിയുടെയും കുട്ടനാടിന്റെയും പൊതുവിഷയങ്ങൾ സംബന്ധിച്ച് പ്രവാസി മലയാളികൾക്കുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സർക്കാരിന് സമർപ്പിക്കാൻ കഴിയുന്ന അവസരമാണിതെന്ന് സംഘാടക സമിതിയംഗങ്ങളായ ഏബ്രഹാം പി.സണ്ണി, ഷാജു പ്ലാത്തോട്ടം, രാജേഷ് ജോൺ, ഡയസ് ഇടിക്കുള, ബേബൻ ജോസഫ്, ജേക്കബ് ബെന്നി, ബാബു കുരുവിള, ഷാജി പുതുശേരി, അലൻ തോമസ്, ബഷീർ വടകര എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: https://forms.gle/XPJq5WYgd1rgKsqF9
|
അബ്ദുൾ റഹീമിന്റെ മോചനത്തിൽ ഇന്നും തീരുമാനമായില്ല
റിയാദ്: സൗദി അറേബ്യയില് ജയിലില് കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചന ഹർജി ഇന്ന് കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല. രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങൾ പരിശോധിച്ചശേഷം വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിന്റെ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമിന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. ഇന്നത്തെ സിറ്റിംഗിൽ മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പബ്ലിക് പ്രൊക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളുടെ എല്ലാം നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ ഇന്ന് മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നതായി റിയാദിലെ റഹീം സഹായ സമിതി ഭാരവാഹികൾ പറഞ്ഞു.
ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് ചൊവ്വാഴ്ച ചീഫ് ജഡ്ജ് അറിയിക്കും. എന്ന് സിറ്റിംഗ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നൽകുമെന്നും റഹീമിന്റെ അഭിഭാഷകനും കുടുംബ പ്രതിനിധിയും അറിയിച്ചു.
സ്പോണ്സറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസില് 18 വര്ഷമായി അബ്ദുൾ റഹീം ജയിലില് കഴിയുകയാണ്. 2006 നവംബറില് സൗദി പൗരന്റെ ഭിന്നശേഷിക്കാരനായ മകന് അനസ് അല്ശഹ്റി മരണപ്പെട്ട കേസിലാണ് അബ്ദുള് റഹീമിനു വധശിക്ഷ ലഭിച്ചത്.
കഴുത്തിനു താഴേക്കു ചലനശേഷി നഷ്ടപ്പെട്ട അനസ് പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണ് ജീവന് നിലനിറുത്തിയിരുന്നത്. കാര് യാത്രയ്ക്കിടെ അബ്ദുൾ റഹീമിന്റെ കൈ തട്ടി ഉപകരണത്തിന്റെ പ്രവര്ത്തനം നിലച്ച് അനസ് മരണപ്പെടുകയായിരുന്നു.
|
ഹിംസാത്മകമായ സാഹചര്യത്തിൽ മാനവമൈത്രിയും മതേതരത്വവും ഏറെ പ്രസക്തം: പി. ഹരീന്ദ്രനാഥ്
അബുദാബി: മാനവ മൈത്രിയും മതേതരത്വവും ഉയർത്തിപ്പിടിക്കേണ്ടത് ഹിംസാത്മകമായ സാഹചര്യത്തിൽ മനുഷ്യരുടെ ഉത്തരവാദിത്വമാണെന്ന് പ്രമുഖ ചരിതകാരനും പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥ്.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ചരിത്രവും വർത്തമാനവും എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തുടർന്ന് യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സണുമായ അഡ്വ. നജ്മ തബ്ഷീറ സംസാരിച്ചു. ഗാന്ധിജി പകർന്നു നൽകിയ അഹിംസയും സഹിഷ്ണുതയും ഏറ്റവും പ്രസക്തവും പ്രധാനപ്പെട്ടതുമാണെന്ന് നജ്മ തബ്ഷീറ പറഞ്ഞു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി. ബാവ ഹാജി ഉദ്ഘാടനം ചെയ്തു.
സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, റഷീദ് പട്ടാമ്പി, വി.ടി.വി ദാമോദരൻ, ഇസ്ലാമിക് സെന്റർ ട്രഷറർ ബി.സി. അബൂബക്കർ, വർക്കിംഗ് പ്രസിഡന്റ് സി. സമീർ, സെക്രട്ടറിമാരായ ഹുസൈൻ, കമാൽ മല്ലം, യു.വി. ഇർഷാദ്, നാസർ തമ്പി, യേശു ശീലൻ, ബാസിത് കായക്കണ്ടി, അബ്ദു റഹ്മാൻ എന്നിവർ സംസാരിച്ചു.
സെന്റർ, കെഎംസിസി, സുന്നി സെന്റർ ഭാരവാഹികളും നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു. മുഹമ്മദ് അലി മാങ്കടവ്, ജുബൈർ ആനക്കര, മുത്തലിബ് അരയാലൻ, റിയാസ് പത്തനംതിട്ട, അഷറഫ് ഇരിക്കൂർ, അഷറഫ് ഹസെെനാർ ബാവ വെട്ടം, ഫത്താഹ് കല്യാശേരി, റഷീദ് താനാളൂർ എന്നിവർ നേതൃത്വം നൽകി.
|
അമാനുല്ല വടക്കാങ്ങരയുടെ ഗ്രന്ഥം ഷാര്ജ പുസ്തകോത്സവത്തില് പ്രകാശനം ചെയ്യും
ദോഹ: പ്രവാസി ഗ്രന്ഥകാരനും കോഴിക്കോട് സര്വകലാശാല അറബി വിഭാഗം ഗവേഷകനുമായ അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല് ഗ്രന്ഥം ഷാര്ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില് പ്രകാശനം ചെയ്യും.
കോഴിക്കോട് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ലിപി പബ്ലിക്കേഷന്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വിജയമന്ത്രങ്ങള് എന്ന പേരില് മലയാളത്തിലും സക്സസ് മന്ത്രാസ് എന്ന പേരില് ഇംഗ്ലീഷിലും ശ്രദ്ധേയമായ മോട്ടിവേഷണല് പരമ്പരയാണ് തഅ്വീദാത്തുന്നജാഹ് എന്ന പേരില് അറബിയില് പ്രസിദ്ധീകരിക്കുന്നത്.
കോവിക്കോട് സര്വകലാശാല ഭാഷ വിഭാഗം ഡീന് ഡോ. എ.ബി മൊയ്തീന്കുട്ടിയുടെ അവതാരികയും അറബി വകുപ്പ് മേധാവി ഡോ.അബ്ദുല് മജീദ് ടിഎ യുടെ പഠനവും പുസ്തകത്തെ കൂടുതല് ഈടുറ്റതാക്കുന്നു.
മാധ്യമ പ്രവര്ത്തകനും ഗ്രന്ഥകാരനുമായ അമാനുല്ല വടക്കാങ്ങരയുടെ എണ്പത്തിയഞ്ചാമത് പുസ്തകമാണിത്.
|
കൈരളി ഫുജൈറ യൂണിറ്റിന് പുതിയ ഭാരവാഹികൾ
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം കൈരളി ഫുജൈറ ഓഫീസിൽ വച്ച് നടന്നു. സമ്മേളനം ലോക കേരളസഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ ഉദ്ഘാടനം ചെയ്തു.
യുണിറ്റ് പ്രസിഡന്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവൻ, സെക്രട്ടറി പ്രമോദ് പട്ടാന്നൂർ എന്നിവർ ആശംസകൾ അറിയിച്ചു.
യൂണിറ്റ് സെക്രട്ടറി സുധീർ തെക്കേക്കര സ്വാഗതവും മുഹമ്മദ് നിഷാൻ നന്ദിയും പറഞ്ഞു. നമിത പ്രമോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി സെക്രട്ടറി സുധീർ തെക്കേക്കര പ്രവർത്തന റിപ്പോർട്ടും ട്രഷറർ അജിത് സാമ്പത്തിക റിപ്പോർട്ടും കൈരളി സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി വിൽസൺ പട്ടാഴി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രദീപ് കുമാർ, ഉസ്മാൻ മങ്ങാട്ടിൽ, നമിത പ്രമോദ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പുതിയ കമ്മറ്റിയേയും കേന്ദ്ര സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി വിഷ്ണു അജയ് (സെക്രട്ടറി), പ്രദീപ് കുമാർ (പ്രസിഡന്റ്), ഹരിഹരൻ, അബ്ദുൽ ഹഖ് (വൈസ് പ്രസിഡന്റുമാർ), നമിതാ പ്രമോദ്, ടിറ്റോ തോമസ് (ജോയിന്റ് സെക്രട്ടറിമാർ), മുഹമ്മദ് നിഷാൻ (ട്രഷറർ), ജോയ്മോൻ പീടികയിൽ (ജോയിന്റ് ട്രഷറർ), രാജശേഖരൻ വല്ലത്ത് (കൾച്ചറൽ കൺവീനർ),
ശ്രീവിദ്യ (കൾച്ചറൽ ജോയിന്റ് കൺവീനർ), ജുനൈസ് (സ്പോർട്ട്സ് കൺവീനർ), ഡാന്റോ (സ്പോർട്ട്സ് ജോയിന്റ് കൺവീനർ), മുഹമ്മദ് (നോർക്ക കൺവീനർ ), അജിത് (മലയാളം മിഷൻ കൺവീനർ), മഞ്ജു പ്രസാദ് ( മലയാളം മിഷൻ ജോയിന്റ് കൺവീനർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കൈരളി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് ഓമല്ലൂർ, അഷറഫ് പിലാക്കൽ, ഉമ്മർ ചോലയ്ക്കൽ, ജിസ്റ്റാ ജോർജ്, പ്രിൻസ്, നബീൽ എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
|
പ്രവാസി വെൽഫെയർ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ ഒന്നിന്
മനാമ: കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് നവംബർ ഒന്നിന് പ്രവാസി വെൽഫെയർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. നവംബർ ഒന്ന് രാവിലെ മുതൽ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച സിഞ്ചിലുള്ള പ്രവാസി സിന്തറ്റിക് മാറ്റ് കോർട്ടിൽ നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ട്രോഫിയും പ്രൈസ് മണിയും ഉണ്ടായിരിക്കുമെന്ന് ടൂർണമെന്റ് കൺവീനർ എസ്.എ. അബ്ദുൽ റഷീദ് അറിയിച്ചു.
ലെവൽ വൺ, ലെവൽ ടു തരത്തിലാണ് ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നത്. പ്രവാസി വെൽഫെയർ ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനും വിശദമായ പ്രോസ്പെക്ടസിനും മറ്റ് വിവരങ്ങൾക്കും 32051159, 39252811, 33997989 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ കായിക വിഭാഗം സെക്രട്ടറി ഷാഹുൽ വെന്നിയൂർ അറിയിച്ചു.
രജിസ്ട്രേഷൻ ലിങ്ക്: https://form.jotform.com/242902380326452
|
ദുബായി ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബര് ആറിനു തുടക്കം
ദുബായി: ലോകപ്രശസ്തമായ ദുബായി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 38 ദിവസം നീണ്ടുനില്ക്കുന്ന 30ാമത് എഡിഷന് കലാ സാംസ്കാരിക പരിപാടികളോടെ ഡിസംബര് ആറിന് ആരംഭിക്കും.
ഡിഎസ്എഫിന്റെ ഭാഗമായി ഔട്ട്ഡോര് വിനോദം, വിവിധ ആഘോഷപരിപാടികള് എന്നിവ ഉള്പ്പെടുന്ന 321 ആഘോഷങ്ങള് സിറ്റി വോക്കില് നടക്കും. വ്യാപാരോത്സവത്തിന്റെ ആദ്യ ആഴ്ചയില് പ്രശസ്തമായ 321 ആഘോഷങ്ങള് രണ്ട് പുതിയ ലൊക്കേഷനുകളിലേക്ക് തിരികെ വരുന്നു എന്ന സവിശേഷതയും ഇക്കുറിയുണ്ട്.
ഡിസംബര് ആറുമുതല് എട്ടുവരെ നടക്കുന്ന സംഗീത കച്ചേരികളും മറ്റു കലാപരിപാടികളും ആഘോഷങ്ങളും ഇതുവരെ കാണാത്ത ദൃശ്യങ്ങളാകും ദുബായിയിക്കു സമ്മാനിക്കുക.
|
ഖസീം പ്രവാസി സംഘം മുൻ പ്രവർത്തകൻ റിയാദിൽ അന്തരിച്ചു
ബുറൈദ: ഖസീം പ്രവാസി സംഘം മുൻ കേന്ദ്ര കമ്മിറ്റിയംഗം അബ്ദുൽ സത്താറിന്റെ മകനും വെജിറ്റബിൾ മാർക്കറ്റ് മുൻ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ഹാരീസ്(32) ഹൃദയഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു.
റിയാദ് സുലൈ മേഖലയിൽ കുടിവെള്ള കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. താമസ സ്ഥലത്ത് നിന്നും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി റിയാദ് നസീം ഖബർസ്ഥാനിൽ മറവ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ്. മാതാവ് താഹിറാ ബീവി, ഭാര്യ ഷഹന, മക്കൾ മുഹമ്മദ് ഹാസിൽ, മുഹമ്മദ് ഹാഷിർ.
|
അബുദാബി സിറ്റി പ്രവാസി സാഹിത്യോത്സവ് 27ന്
അബുദാബി: പ്രവാസി യുവതയുടെ സാംസ്കാരിക ചിന്തകളും സർഗ വിചാരങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വച്ച് കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച് വരുന്ന പ്രവാസി സാഹിത്യോത്സവിന്റെ പതിനാലാമത് എഡിഷൻ അബുദാബി സിറ്റി സോൺ തല മത്സരങ്ങൾ ഈ മാസം 27ന് അൽ വഹ്ദ ഫോക്ലോർ തിയറ്ററിൽ വച്ച് നടക്കും.
പ്രൈമറി തലം മുതൽ 30 വയസ് വരെയുള്ള പ്രവാസികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ഫാമിലി, യൂണിറ്റ്, സെക്ടർ ഘടകങ്ങളിലായി നടന്ന മത്സരങ്ങളിലെ വിജയികളാണ് സോൺ തലത്തിൽ മത്സരിക്കുന്നത്.
വിവിധ വിഭാഗങ്ങളിലായി 99 ഇന മത്സരങ്ങളിൽ നിന്നായി അറുനൂറോളം പ്രതിഭകൾ പങ്കെടുക്കും. പ്രബന്ധ രചന, പുഡിംഗ് മേക്കിംഗ്, കളറിംഗ് തുടങ്ങി പൊതുജനങ്ങൾക്കായി വിവിധ മത്സരങ്ങളും ഇതോടനുബന്ധിച്ചു നടത്തപ്പെടുന്നുണ്ട്.
പ്രബന്ധ രചനാ മത്സരം
പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി "പ്രവാസത്തിലും ജ്വലിക്കുന്ന കലയുടെ കനലുകൾ' എന്ന വിഷയത്തിൽ പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. അബുദാബി എമിരേറ്റ്സിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്കാണ് അവസരം.
പ്രബന്ധം മുമ്പ് പ്രസിദ്ധീകരിച്ചതോ 500 വാക്കിൽ കവിയാനോ പാടില്ല. 22ന് മുമ്പായി [email protected] എന്ന ഇ മെയിലിലേക്ക് പിഡിഎഫ് ഫോർമാറ്റിലാണ് രചനകൾ അയക്കേണ്ടത്.
വിശദവിവരങ്ങൾക്ക്: +971 55 396 8624.
|
മക്കയിൽ അന്തരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം കബറടക്കി
മക്ക: മക്കയിൽ അന്തരിച്ച കണ്ണൂർ മയ്യിൽ സ്വദേശി കെ.പി. ഉമറിന്റെ മൃതദേഹം കബറടക്കി. ഹൃദയാഘാതത്തെ തുടർന്ന് മക്കയിലെ കിംഗ് ഫൈസൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പിതാവ്: സൈതാലി, മാതാവ്: ആസിയ, ഭാര്യ: മൈമൂന, മക്കൾ: ഉമൈന, ഷഹാന, റംഷാദ്. ഉംറ സംഘങ്ങൾക്ക് താമസ ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്ന ജോലി ചെയ്തുവരുകയായിരുന്നു കെ.പി. ഉമർ.
എംബസിയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനും മരണാനന്തര ചടങ്ങുകൾക്കും ഐസിഎഫ് ക്ഷേമ സമിതി ഭാരവാഹികളായ ജമാൽ കക്കാട്, ഹനീഫ് അമാനി, റഷീദ് അസ്ഹരി മുഹമ്മദ് മുസ്ലിയാർ, ഫൈസൽ സഖാഫി, അൻസാർ താനൂർ, സഹോദര പുത്രൻ ഫൈസൽ എന്നിവരും നേതൃത്വം നൽകി.
|
കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് വാർഷിക സമ്മേളനം
ഖോർഫക്കാൻ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് വാർഷിക സമ്മേളനംരളി സഹ രക്ഷാധികാരി കെ.പി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹഫീസ് ബഷീർ അധ്യക്ഷത വഹിച്ചു.
കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവൻ, സതീഷ് ഓമല്ലൂർ, രഞ്ജിനി മനോജ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രധിനിധി സമ്മളനത്തിൽ യൂണിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജിജു ഐസക് സാമ്പത്തിക റിപ്പോർട്ടും സെൻട്രൽ കമ്മിറ്റി അംഗം സന്തോഷ് ഓമല്ലൂർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
പുതിയ പ്രവർത്തക സമിതി അംഗങ്ങളെയും കേന്ദ്ര സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. യൂണിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ സ്വാഗതവും യൂണിറ്റ് കൾച്ചറൽ കൺവീനർ ഗോപിക അജയ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സെക്രട്ടറി ജിജു ഐസക്, പ്രസിഡന്റ് ഹഫീസ് ബഷീർ, ട്രഷറർ സതീഷ് കുമാർ എന്നിവരെ തെരഞ്ഞെടുത്തു.
|
അബുദാബി ഇന്ദിരാ ഗാന്ധി വീക്ഷണം ഓണാഘോഷം സംഘടിപ്പിച്ചു
അബുദാബി: ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ ഓണാഘോഷം വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി. ഓണനിലാവും രാത്രിസദ്യയും എന്ന പേരിലാണ് ഓണാഘോഷങ്ങൾ ഒരുക്കിയത്. 27 ഇനം വിഭവങ്ങൾ അടങ്ങിയ രാത്രി സദ്യ പങ്കെടുത്തവർക്ക് ഒരു വ്യത്യസ്താനുഭവം പ്രദാനം ചെയ്തു.
വീക്ഷണം ഫോറം ആക്ടിംഗ് പ്രസിഡന്റ് ഷാജികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വീക്ഷണം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ.പി.മുഹമ്മദാലി സമാജം മുൻ പ്രസിഡന്റ് ബി.യേശുശീലൻ എന്നിവർചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചയ്തു.
സമാജം വൈസ് പ്രസിഡന്റ് രേഖിന് സോമൻ, ജനറൽസെക്രട്ടറി എം.യു. ഇർഷാദ്, കെഎസ്സി പ്രസിഡന്റ് എ.കെ.ബീരാൻ കുട്ടി, ഐഎസ്സി സാഹിത്യവിഭാഗം സെക്രട്ടറി നാസർ വിളഭാഗം,
ലുലു കാപ്പിറ്റൽ മാൾ ജനറൽ മാനേജർ ബാലകൃഷ്ണൻ, ഡെപ്യുട്ടി ജി.എം. ലിബിൻ, ഇൻകാസ് അബുദാബി പ്രസിഡന്റ് എ.എം. അൻസാർ, മുൻ സമാജം പ്രസിഡന്റ് സലിം ചിറക്കൽ മുൻ ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്, ജനറൽ സെക്രട്ടറി അനീഷ് ചളിക്കൽ, അസിസ്റ്റന്റ് ട്രഷറർ നസീർ താജ് എന്നിവർ സംസാരിച്ചു.
ജെറിൻ ജേക്കബ് പരിപാടികൾ നിയന്ത്രിച്ചു. കെഎസ്സിസി മുൻ പ്രസിഡന്റുമാരായ പി. പത്മനാഭൻ, വി.പി.കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് റോയ് വർഗീസ്, അഡ്വ.അൻസാരി, സിയാദ് എ.എൽ, അഹദ് വെട്ടൂർ, സാബു അഗസ്റ്റിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വനിതാവിഭാഗം പ്രവർത്തകരായ അമൃത അജിത്, അജീബ ഷാൻ, റോഷിനി, വീക്ഷണം പ്രവർത്തകരായ ടി.എം.നിസ്സാർ, അമീർ കല്ലമ്പലം, നദീർ.പി, ജോയിസ് പൂന്തല, ജോസി, അമർലാൽ, ഫസൽ, വിഷ്ണു, റജാ, ഷാനവാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
പയ്യന്നൂർ സൗഹൃദ വേദി നാടൻകലാമേള
അബുദാബി: കേരളത്തിലെ നാടൻ കലാരൂപങ്ങളെ അണിനിരത്തി പയ്യന്നൂർ സൗഹൃദ വേദി ഫോക്ഫെസ്റ്റ് സംഘടിപ്പിച്ചു. ഐഎസ്സി പ്രസിഡന്റ് ജയറാം റായ് ഉദ്ഘാടനം നിർവഹിച്ചു. സൗഹൃദവേദി പ്രസിഡന്റ് ജ്യോതിഷ് കുമാർ അധ്യക്ഷത വഹിച്ചു.
ഐഎസ്സി ജനറൽ സെക്രട്ടറി രാജേഷ്ശ്രീധരൻ, ട്രഷറർ യു. ദിനേശ് പൊതുവാൾ, ശക്തി തീയറ്റേഴ്സ് പ്രസിഡന്റ് കെ.വി. ബഷീർ, കെ. പി. നായർ, കെ.വി. രാജൻ, ഹബീബ് റഹ്മാൻ, വി.ടി. വി. ദാമോദരൻ, സുരേഷ് പയ്യന്നൂർ, ഐഎസ്സി കലാവിഭാഗം സെക്രട്ടറി അരുൺ ആൻഡ്രൂസ് വർഗീസ് എന്നിവർ ആശംസകൾ നേർന്നു.
സുധാകരന്റെയും എം. പ്രദീപ് കുമാറിന്റെയും നേതൃത്വത്തിലുള്ള താവം ഗ്രാമവേദിയിലെ കലാകാരന്മാരാണ് മൂന്നുമണിക്കൂർ നാടൻ പാട്ടും തെയ്യക്കോലങ്ങളുമായി അരങ്ങുതകർത്തത്.
ബി. ജ്യോതിലാൽ, രാജേഷ് കോടൂർ, വൈശാഖ് ദാമോദരൻ, പി.എസ്. മുത്തലിബ്, രഞ്ജിത്ത് പൊതുവാൾ, പി.കെ. സതീശൻ, ക്ലിന്റ് പവിത്രൻ, രഞ്ജിത്ത് രാമൻ, കെ.വി. പവിത്രൻ എന്നിവർ നേതൃത്വം നൽകി.
|
അഹല്യ എക്സ്ചേഞ്ച് വിന്റർ പ്രമോഷൻ ആരംഭിച്ചു; ഭാഗ്യശാലികൾക്ക് 10 കാറുകൾ
അബുദാബി : നാലുമാസം നീളുന്ന ശൈത്യകാല സമ്മാനപദ്ധതികൾക്ക് അഹല്യ എക്സ്ചേഞ്ചുകളിൽ തുടക്കമായി. ഫെബ്രുവരി 13 വരെ യുഎഇയിലെ 30 അഹല്യ ശാഖകളിൽനിന്ന് പണമിടപാട് നടത്തുന്നവരിൽനിന്ന് നറുക്കെടുത്ത് 10 ഭാഗ്യശാലികൾക്ക് 10 കാർ സമ്മാനമായി നൽകുന്നതാണ് പദ്ധതി.
60 ദിവസം പിന്നിടുമ്പോൾ അബുദാബിയിലും ദുബായിലുമായി നടക്കുന്ന നറുക്കെടുപ്പിൽ രണ്ട് വിജയികളെ കണ്ടെത്തും. ക്യാന്പയിൻ അവസാനിക്കുന്നതോടെ അബുദാബി, ദുബായി, ഷാർജ എമിറേറ്റുകളിൽ മൂന്ന് നറുക്കെടുപ്പ് വീതമുണ്ടാകുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബിസിനസ് ഡവലപ്മെന്റ് മാനേജർ ആമിർ ഇഖ്ബാൽ, സീനിയർ മാർക്കറ്റിംഗ് മാനേജർ സന്തോഷ് നായർ, ഡപ്യൂട്ടി ഓപ്പറേഷൻ മാനേജർ ഷാനിഷ് കൊല്ലാറ, ഓപ്പറേഷൻ മാനേജർ മുഹമ്മദ് മർഗബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
കേളി സോക്കർ: റിയൽ കേരളയ്ക്ക് കിരീടം
റിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് എരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാമത് മിന കേളി സോക്കർ ടൂർണമെന്റിൽ കാൻഡിൽ നൈറ്റ് ട്രേഡിംഗ് കമ്പനി റിയൽ കേരള എഫ്സി ജേതാക്കളായി.
കഴിഞ്ഞ ദിവസം നടന്ന ഫൈനൽ മത്സരത്തിൽ ഫ്യൂച്ചർ മോബിലിറ്റി യൂത്ത് ഇന്ത്യ എഫ് സിയെ ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് റിയൽ കേരള കിരീടത്തിൽ മുത്തമിട്ടത്.
വാശിയേറിയ ഫൈനൽ മത്സരത്തിൽ, ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ, കളി ഷൂടൗട്ടിലേക്ക് നീങ്ങി. ഗോൾകീപ്പർ മുബഷിറിന്റെ മികവിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് റിയൽ കേരള വിജയം കരസ്ഥമാക്കി.
മത്സരത്തിലുടനീളം മികച്ച കളി പുറത്തെടുത്ത യൂത്ത് ഇന്ത്യയുടെ നിരവധി അവസരങ്ങളാണ് ഗോൾ കീപ്പർ തടഞ്ഞത്. ഷൂട്ടൗട്ടിൽ മൂന്നു അവസരങ്ങൾ മുബഷിർ തടുത്തു. റിയൽ കേരളയുടെ ഒരു അവസരം പുറത്തു പോയി. ഫൈനലിലെ മികച്ച കളിക്കാരനായി മുബഷിറിനെ തെരഞ്ഞെടുത്തു.
ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി തിരഞ്ഞെടുത്ത റിയൽ കേരളയുടെ ഷഹജാസും, ഏറ്റവും നല്ല ഗോൾ കീപ്പറായി യൂത്ത് ഇന്ത്യൻ താരം ഷാമിൽ സലാമും, ബെസ്റ്റ് ഡിഫൻഡർ ആയി യൂത്ത് ഇന്ത്യൻ താരം നിയാസും ലാസ്റ്റ് ഗോൾ അടിച്ച റിയൽ കേരള താരം ഷഹജാസും ട്രോഫികൾ ഏറ്റുവാങ്ങി.
റിയൽ കേരളയുടെ നജീബ്, യൂത്ത് ഇന്ത്യൻ താരം അഖിൽ എന്നിവർ ടൂർണമെന്റിൽ നാലുഗോളുകൾ വീതം നേടി ടോപ്പ് സ്കോറർമാരായി. റണ്ണറപ്പായ ടീം യൂത്ത് ഇന്ത്യക്ക് ഏരിയ കമ്മിറ്റി അംഗം ബഷീർ, സിറ്റി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം മൊഹ്സിന് എന്നിവർ മെഡലുകളും അൽഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിലും ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടവും ചേർന്ന് ട്രോഫിയും വിതരണം ചെയ്തു.
റൗള ഹോട്ടൽ എം ഡി അബുബക്കർ പ്രൈസ് മണിയും കൈമാറി.
|
അജ്പക് അബ്ബാസിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് കുവൈറ്റ് (അജ്പക്) അബാസിയ യൂണിറ്റ് രൂപീകരിച്ചു. അജ്പക് പ്രസിഡന്റ് കുര്യൻ തോമസ് പൈനുമ്മൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ രക്ഷാധികാരി ബാബു പനമ്പള്ളി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ രാജീവ് നടുവിലെമുറി, അഡ്വൈസറി ബോർഡ് അംഗം കൊച്ചുമോൻ പള്ളിക്കൽ, ജനറൽ കോർഡിനേറ്റർ മനോജ് പരിമണം, വനിത വേദി ചെയർപേഴ്സൺ ലിസൻ ബാബു , ജനറൽ സെക്രട്ടറി ഷീന മാത്യു, സെക്രട്ടറിമാരായ രാഹുൽ ദേവ്, സജീവ് കായംകുളം, മംഗഫ് യൂണിറ്റ് കൺവീനർ ലിനോജ് വർഗീസ്, വൈസ് പ്രസിഡന്റ് പ്രജീഷ് മാത്യു എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ അബാസിയ ഏരിയ കമ്മിറ്റി ജോയിന്റ് കൺവീനേഴ്സ് ആയി ജോൺ ചെറിയാൻ, ജേക്കബ് റോയി, സേവ്യർ, വർഗീസ്, ബ്രില്ലി ആന്റണി എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ആദർശ് ദേവദാസ്, പ്രദീപ് കുമാർ, അനീഷ് കുമാർ, സാബു തോമസ് കല്ലിശേരി, സുഷമ സതീശൻ, മഞ്ജു ഓമനക്കുട്ടൻ എന്നിവരെയും തിരഞ്ഞെടുത്തു.
സെക്രട്ടറി മാരായ ജോൺ തോമസ്, അജി ഈപ്പൻ, ശശി വലിയകുളങ്ങര, സാം ആന്റണി, ശരത് ചന്ദ്രൻ, സന്ദീപ് നായർ, ഷാജി ഐപ്പ്, നന്ദ കുമാർ, കെ. എസ്. സുരേഷ് കുമാർ, തോമസ് കോടുകുളഞ്ഞി, രഞ്ജിത്ത് വിജയൻ, അനിൽ പാവൂറെത്ത്, വിനോദ് ജേക്കബ്, വനിത വേദി ട്രഷറർ അനിത അനിൽ, വൈസ് പ്രസിഡന്റ് ദിവ്യ മോൾ സേവ്യർ എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും അബ്ബാസിയ ഏരിയ കൺവീനർ ഷിഞ്ചു ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
|
ട്രാഫിക്ക് നിയമ ലംഘനം കുരുക്കായി; കെഎംസിസിയുടെ കാരുണ്യത്താൽ സാദിഖ് നാട്ടിലെത്തി
റിയാദ്: ട്രാഫിക് നിയമലംഘന കേസിൽപ്പെട്ട് 11 വർഷമായി നാട്ടിൽ പോകാൻ കഴിയാതിരിന്നുന്ന മലയാളിക്ക് കെഎംസിസി തുണയായി. കോഴിക്കോട് നടുവണ്ണൂർ സ്വദേശി സാദിഖിനാണ് റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വെൽഫെയർ വിംഗ് ഇടപ്പെടൽ വഴിയാണ് നാട്ടിലെത്താൻ സാധിച്ചത്.
ഒരു പതിറ്റാണ്ടിലേറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വ്യാഴാഴ്ച എയർ ഇന്ത്യ എക്പ്രസ് വിമാനത്തിൽ കോഴിക്കോടെത്തിയ സാദിഖിനെ സന്തോഷാശ്രുക്കളോടെയാണ് കുടുംബം വരവേറ്റത്. റിയാദിൽ ടാക്സി കാർ ഓടിയിരുന്ന സാദിഖ് റെന്റ് എ കാർ കമ്പനിയുമായുണ്ടായ തർക്കത്തെ തുടർന്നാണ് നിയമ കുരുക്കിലകപ്പെട്ടത്.
സാദിഖ് ഓടിച്ചിരുന്ന റെന്റ് എ കാർ തിരിച്ചു കൊടുത്തിട്ടും നിയമപരമായി അദ്ദേഹത്തിന്റെ പേരിൽ നിന്നും കാർ മാറ്റാതിരുന്നതാണ് പ്രശ്നമായതെന്ന് സാദിഖ് പറയുന്നു. വിഷയത്തിൽ ജിദ്ദയിലുള്ള കഫീലും മറ്റും ഇടപ്പെട്ടിട്ടും പരിഹാരമാവാതെ വന്നതോടെ പ്രശ്നം സങ്കീർണ്ണമാവുകയും നാട്ടിലേക്ക് പോകാൻ കഴിയാതെ ഇവിടെ കുരുങ്ങുകയുമായിരുന്നു.
ഇതിനിടയിൽ പ്രമേഹമടക്കം വിവിധ ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി. പലരും വിഷയത്തിലിടപ്പെടാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല. അങ്ങിനെയാണ് റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി ഫൈസൽ പൂനൂർ വഴി വെൽഫെയർ വിംഗിന്റെ ശ്രദ്ധയിൽ വിഷയമെത്തുന്നത്.
വെൽഫെയർ വിംഗ് ചെയർമാൻ അലി അക്ബർ ചെറൂപ്പ, കൺവീനർ ഷറഫു മടവൂർ, ജില്ലാ ചെയർമാൻ ഷൗക്കത്ത് പന്നിയങ്കര, ജില്ലാ ട്രഷറർ റാഷിദ് ദയ എന്നിവരുടെ നേതൃത്വത്തിൽ സാദിഖിന്റെ പ്രശ്നത്തിൽ നിരന്തരം ഇടപ്പെട്ടു. ജിദ്ദയിലുള്ള സ്പോൺസറെ കണ്ട് ആരോഗ്യ പ്രശ്നങ്ങളടക്കമുള്ള സാദിഖിന്റെ അവസ്ഥ ബോധ്യപ്പെടുത്തി.
ജിദ്ദയിൽ അഷ്റഫ് പൂനൂർ നിയമപരമായ കാര്യങ്ങൾ നീക്കുന്നതിന് രംഗത്തുണ്ടായിരുന്നു. ഇതിനിടയിൽ പ്രമേഹം മൂർച്ചിച്ചതിനെ തുടർന്ന് ബത് ഹയിലെ ഷിഫാ അൽ ജസീറ ക്ലിനിക്കിലെത്തിച്ച് ചികിത്സ നൽകി. വരുമാനമില്ലാതെയും കൃത്യമായ ചികിത്സ ലഭ്യമാവാതെയും വന്നത് അദ്ദേഹത്തെ ശാരീരികമായും മാനസികമായും തളർത്തിയിരുന്നു.
പ്രമേഹം മൂർച്ഛിച്ചതോടെ ഡോക്ടർമാർ വിദഗ്ദ ചികിത്സ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഒന്നര മാസത്തിലധികം നീണ്ട നിരന്തരമായ ഇടപ്പെടലുകൾക്കൊടുവിലാണ് നിയമ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനായത്. ട്രാഫിക് പിഴ അടക്കമുള്ള നിയമ പ്രശ്നങ്ങൾ തീർക്കാൻ സയിദ് നടുവണ്ണൂരിന്റെ നേതൃത്വത്തിൽ റിയാദിലും ദുബായിലുമുള്ള നടുവണ്ണൂർ നിവാസികൾ പണം കണ്ടെത്തി നൽകി.
വിഷയത്തിൽ ശിഹാബ് നടമ്മൽ പൊയിൽ, സഹൽ നടുവണ്ണൂർ, മുഹമ്മദ് കായണ്ണ, ഷിഫാ അൽ ജസീറ പോളിക്ലിനിക്ക്, ഉസ്താദ് ഹോട്ടൽ എന്നിവരും സഹായവുമായി രംഗത്തുണ്ടായിരുന്നു. പ്രതീക്ഷയറ്റ സമയത്ത് കെഎംസിസി പ്രവർത്തകർ സമയോചിതമായി ഇടപ്പെട്ടത് മൂലമാണ് എനിക്ക് നാട്ടിലെത്താനയതെന്നും സഹായിച്ച മുഴുവനാളുകൾക്കും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും സാദിഖ് പറഞ്ഞു.
|
മലപ്പുറത്തെ 350 രോഗികൾക്ക് സാന്ത്വനമായി റിമാൽ കൂട്ടായ്മ
റിയാദ്: റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ "റിയാദ് മലപ്പുറം കൂട്ടായ്മ' (റിമാൽ) എല്ലാ വർഷവും നടത്തി വരുന്ന "റിമാൽ സാന്ത്വനം' പരിപാടിയുടെ 20242025 വർഷത്തെ ധനസഹായ വിതരണം പൂർത്തീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
മാരക രോഗങ്ങൾ കൊണ്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളുടെ വിവരശേഖരണം, കുടുംബങ്ങളിൽ നേരിട്ട് എത്തിയുള്ള സാന്ത്വനം, അർഹിക്കുന്നവർക്ക് സാമ്പത്തിക സഹായം എന്നിവയാണ് റിമാൽ സാന്ത്വനം പദ്ധതിയുടെ പ്രവർത്തനങ്ങൾ.
മലപ്പുറം മുനിസിപ്പാലിറ്റിയും സമീപ പ്രദേശങ്ങളായ ഒമ്പത് പഞ്ചായത്തുകളും ഉൾക്കൊള്ളുന്ന റിമാൽ പരിധിയിൽപ്പെട്ട ഏറ്റവും അർഹരായ ഡയാലിസിസ് ചെയ്യുന്നവർ, കാൻസർ രോഗികൾ, പക്ഷാഘാതം വന്ന് കിടപ്പിലായ രോഗികൾ എന്നീ ഗണത്തിലെ 350 രോഗികൾക്കാണ് സഹായവിതരണം നടത്തിയത്.
പൂക്കോട്ടൂർ, കോഡൂർ, കൂട്ടിലങ്ങാടി, ആനക്കയം, ഊരകം, പൊന്മള, ഒതുക്കുങ്ങൽ, മക്കരപ്പറമ്പ്, കുറുവ എന്നിവയാണ് റിമാൽ പരിധിയിൽ പെട്ട പഞ്ചായത്തുകൾ. ആവശ്യവും അർഹതയും അനുസരിച്ചു കുടുംബങ്ങൾക്ക് വേണ്ടി ഇടപെടലുകൾ തുടരാനും റിമാൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
റിയാദിലെ സാധാരണക്കാരായ പ്രവാസികൾ, നാട്ടിലെ മുൻ പ്രവാസികൾ, റിയാദിലെയും നാട്ടിലെയും റിമാൽ അഭ്യുദയകാംക്ഷികൾ തുടങ്ങിയവരുടെ സഹായം സമാഹരിച്ചാണ് റിമാൽ സാന്ത്വനം പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നത്. ഭീമമായ ചിലവ് വരുന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരാകുന്ന നിർധനരായ രോഗികൾക്കും റിമാൽ സഹായം നൽകിവരുന്നുണ്ട്.
കൂടാതെ റിയാദിൽ വച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് നിശ്ചിത സമയത്തേക്ക് പ്രതിമാസ സഹായം, രോഗികളായി മടങ്ങി വന്നവർക്ക് തുടർ ചികിത്സക്കുള്ള സഹായം, രോഗപ്രതിരോധത്തിനുള്ള ബോധവത്കരണ പരിപാടികൾ തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നു.
റിമാല് സാന്ത്വനം പദ്ധതിയുടെ ഭാഗമായി പുതുതായി ഈ വര്ഷം ആരംഭിച്ചതാണ് റിമാല് ഡ്രസ് ബാങ്ക്. മലപ്പുറത്തിന്റെ ഹൃദയഭാഗത്ത് കോട്ടപ്പടി തിരുര് റോഡില് സിറ്റിഗോള്ഡ് ബില്ഡിംഗിന്റെ രണ്ടാം നിലയില് പ്രവര്ത്തിക്കുന്നു.
വീടുകളില് സുക്ഷിച്ചിരിക്കുന്ന ഉപയോഗ യോഗ്യമായ, എന്നാല് മോഡല് മാറിയതിനാലും വലിപ്പം കുറഞ്ഞതിനാലും ഉപയോഗിക്കാതിരിക്കുന്ന നല്ല വാസ്ത്രങ്ങള് ശേഖരിച്ച് സാമ്പത്തികമായി പ്രയാസപ്പെടുന്ന പ്രദേശ വാസികള്ക്ക് സൗജന്യമായി വിതരണം ചെയ്യുന്നു.
ഒരു ദിവസം മാത്രം ഉപയോഗമുള്ള വിവാഹ വസ്ത്രങ്ങള് ശേഖരിച്ച് ആവശ്യക്കാര്ക്ക് നല്കി ഉപയോഗ ശേഷം ഡ്രൈക്ലീന് ചെയ്ത് തിരിച്ചു വാങ്ങുന്നു. പ്രദേശവാസികള്ക്ക് വളരെ ഉപകാരപ്പെടുന്ന ഈ സംരംഭം ഇന്ന് വളരെ ജനകീയമായിരിക്കുകയാണ്.ഇതിനായി റിമാല് സ്വസൈറ്റിയായി രജിസ്റ്റര് ചെയ്തു പ്രവര്ത്തിക്കുന്നു.
റിമാൽ സാന്ത്വനം പദ്ധതിയിൽ സഹകരിച്ച അംഗങ്ങൾക്കും റിയാദിലെ പ്രവാസികൾ, നാട്ടിലെ മുൻ പ്രവാസികൾ, റിയാദിലെയും നാട്ടിലെയും റിമാൽ അഭ്യുദയ കാംക്ഷികൾ എന്നിവർക്കും അർഹരായ രോഗികളെ കണ്ടെത്തുന്നതിനും സഹായം വിതരണം ചെയ്യുന്നതിനും സഹായിച്ച വിവിധ പ്രദേശങ്ങളിലെ പാലിയേറ്റീവ് വോളണ്ടിയർമാർക്കും മറ്റു സന്നധ പ്രവർ ത്തകർക്കും കമ്മിറ്റിയുടെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.
റിയാദിലെ പ്രവാസികളുടെ ആരോഗ്യ, തൊഴിൽ, നിയമ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതോടൊപ്പം നാട്ടിലും പ്രവാസികൾ നേരിടുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിനും കഴിഞ്ഞ 17 വർഷമായി കക്ഷി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് റിമാൽ.
|
ക്യുകെഐസി കരിയർ ഗൈഡൻസ് ക്ലാസ് വ്യാഴാഴ്ച
ദോഹ: തൊഴിൽ രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങളെ മനസിലാക്കി മുന്നോട്ട് പോകാനും തൊഴിലന്വേഷണത്തിനു സഹായകരമാകുന്ന പുത്തൻ സാങ്കേതിക വിദ്യകളെ അടുത്തറിയാനും ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രീയേറ്റിവിറ്റി വിംഗ് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് പ്രോഗ്രാമായ "കരിയർ ട്യൂണിംഗ്' വ്യാഴാഴ്ച വൈകുന്നേരം സലത്ത ജദീദിലെ ക്യുകെഐസി ഹാളിൽ വച്ചു നടക്കും.
ഖത്തറിലെ പ്രമുഖ കരിയർ ഗൈഡൻസ് റിസോർസ് പേഴ്സണായ സക്കീർ ഹുസൈൻ നേതൃത്വം നൽകും. തൊഴിൽ അന്വേഷണത്തിലും നൈപുണ്യ വർധനവിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതിക വിദ്യകൾ എങ്ങനെ സഹായകരമാവും എന്നതും സാമൂഹിക മാധ്യമങ്ങളെ എങ്ങനെ ഗുണകരമായി ഉപയോഗിക്കാം എന്നതും ക്ലാസിൽ വിശദീകരിക്കും.
ക്യുകെഐസി ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ സി.പി. ഷംസീർ, അബ്ദുൽ ഹകീം പിലാത്തറ, സ്വലാഹുദ്ധീൻ സ്വലാഹി, മുഹമ്മദ് ഫബിൽ എന്നിവർ സംബന്ധിക്കും.
|
ദമാം ലക്നൗ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി
ജയ്പുർ: സൗദി അറേബ്യയിലെ ദമാമിൽനിന്ന് ലക്നൗവിലേക്കു സഞ്ചരിക്കുകയായിരുന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തരമായി ജയ്പുർ വിമാനത്താവളത്തിൽ ഇറക്കി.
ബോംബ് സ്ക്വാഡും (ബിഡിഡിഎസ്) പോലീസ് നായയും വിമാനം പരിശോധിച്ചെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്ന് ജയ്പുർ പോലീസ് അറിയിച്ചു.
175 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. പരിശോധനകൾക്കുശേഷം യാത്ര തുടർന്നു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലൂടെ 10 ബോംബ് ഭീഷണികൾ വന്നതായി സിഐഎസ്എഫ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
വിമാനങ്ങളിലെ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട നിരവധി അക്കൗണ്ടുകൾ കണ്ടെത്തി സസ്പെൻഡ് ചെയ്തുവെന്നും ലണ്ടനിൽനിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമാണ് ഭീഷണിയുണ്ടായതെന്ന് പോലീസ് അറിയിച്ചു.
|
പ്രവാസി ക്ഷേമ പദ്ധതി ഓണ്ലൈന് സൗകര്യം ലഭ്യം
തിരുവനന്തപുരം: പ്രവാസി കേരളീയരുടെ ക്ഷേമ പദ്ധതിയില് അംഗത്വം എടുക്കുന്നതിനും അംശദായം അടയ്ക്കുന്നതിനും അപേക്ഷ സമര്പ്പിക്കുന്നതിനും വിവരങ്ങള് പരിശോധിക്കുന്നതിനും ഓണ്ലൈന് സൗകര്യത്തിലൂടെ സാധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
നജീബ് കാന്തപുരത്തിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. പ്രവാസി ക്ഷേമനിധിയില് അംഗത്വം എടുക്കുന്നവര് തുടര്ച്ചയായി ഒരു വര്ഷമോ അതിലധികമോ അംശദായം അടയ്ക്കാന് വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെടുമ്പോഴാണ് അത് പുനഃസ്ഥാപിക്കാന് പലിശയും പിഴപ്പലിശയും നല്കേണ്ടി വരുന്നത്.
അംശദായ അടവില് കൃത്യത പാലിക്കാനാണ് ഈ വ്യവസ്ഥ ഏര്പ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
|
യൂത്ത് ഇന്ത്യ ഇസ്ലാമിക് ഫെസ്റ്റ്: അബ്ബാസിയ സോൺ ജേതാക്കൾ
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ ഷിഫാ അൽ ജസീറയുമായി ചേർന്ന് സംഘടിപ്പിച്ച ഇസ്ലാമിക് ഫെസ്റ്റ് അബ്ബാസിയ ആസ്പൈർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ നടന്നു. ഫെസ്റ്റിൽ അബ്ബാസിയ സോൺ ഒന്നാം സ്ഥാനവും ഫഹാഹീൽ സോൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കുവൈറ്റിന്റെ നാനാഭാഗങ്ങളിൽ നിന്നായി സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം 700ൽ പരം മത്സരാർഥികൾ പങ്കടുത്തു. 10 സ്റ്റേജുകളിലായാണ് മത്സരങ്ങൾ നടന്നത്. ഖുറാൻ പാരായണം, ഹിഫ്ള്, ബാങ്ക് വിളി, പ്രസംഗം, ഗാനം, രചനാ മത്സരങ്ങൾ, സംഘഗാനം, ഒപ്പന, ടാബ്ലോ , കോൽക്കളി തുടങ്ങി വിവിധ മത്സരങ്ങൾ നടക്കുകയുണ്ടായി.
സിനിമ പിന്നണി ഗായിക ദനാ റാസിഖ് മുഖ്യാതിഥിയായി പങ്കെടുത്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ച പരിപാടി കെഐജി പ്രസിഡന്റ് പി. ടി. ശരീഫ് ഉത്ഘാടനം ചെയ്തു. ഷിഫാ അൽ ജസീറ ഓപ്പറേഷണൽ ഹെഡ് അസീം സേട്ട് സുലൈമാൻ പരിപാടിക്ക് ആശംസകൾ നേർന്നു.
യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഹഷീബ്, ഇസ്ലാമിക് ഫെസ്റ്റ് ജനറൽ കൺവീനർ മുഹമ്മദ് യാസിർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മഹ്നാസ്, സൽമാൻ, അഷ്ഫാക്, സിറാജ്, അകീൽ, റമീസ്, മുക്സിത്, ഉസാമ,ജുമാൻ, ജവാദ്,ബാസിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
|
ഖത്തര് ബിസിനസ് കാര്ഡ് ഡയറക്ടറിയുടെ 18ാമത് പതിപ്പ് പ്രകാശനം ചെയ്തു
ദോഹ: ഖത്തറിലെ പ്രമുഖ അഡ് വര്ട്ടൈസിംഗ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തര് ബിസിനസ് കാര്ഡ് ഡയറക്ടറിയുടെ 18ാമത് പതിപ്പ് പ്രകാശനം ചെയ്തു.
ദോഹ ഖയാം ഹോട്ടലില് നടന്ന ചടങ്ങില് ഏജ് ട്രേഡിംഗ് ഇന്റര്നാഷണല് മാനേജിംഗ് ഡയറക്ടര് ശെല്വ കുമാരന് ആദ്യ പ്രതി നല്കി എക്കോണ് ഗ്രൂപ്പ് ഹോള്ഡിംഗ്സ് ചെയര്മാന് ഡോ. പി.എ. ശുക്കൂര് കിനാലൂരാണ് പ്രകാശനം നിര്വഹിച്ചത്.
മീഡിയ പ്ലസ് സിഇഒയും ഖത്തര് ബിസിനസ് കാര്ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. പ്രിന്റ്, ഓണ് ലൈന്, മൊബൈല് ആപ്ലിക്കേഷന് എന്നീ മൂന്ന് പ്ലാറ്റ് ഫോമുകളിലും ലഭ്യമായ ഖത്തര് ബിസിനസ് കാര്ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതല് പുതുമകള് അവതരിപ്പിക്കുവാന് ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹോം ആര്എസ് ജനറല് മാനേജര് രമേഷ് ബുല് ചന്ദനി, ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ. ഷീല ഫിലിപ്പ്, അല് മവാസിം ട്രാന്സ് ലേഷന്സ് മാനേജിംഗ് ഡയറക്ടര് ഡോ. ഷഫീഖ് ഹുദവി, ഗുഡ് വില് കാര്ഗോ മാനേജിംഗ് ഡയറക്ടര് നൗഷാദ്, ഖത്തര് ടെക് മാനേജിംഗ് ഡയറക്ടര് ജെബി കെ. ജോണ്, അക്കോണ് പ്രിന്റിംഗ് പ്രസ് ഡയറക്ടര് ജലീല് പുളിക്കല്, സ്റ്റാര് വിംഗ്സ് പ്രതിനിധി ശ്രീദേവി തുടങ്ങിയവര് സംബന്ധിച്ചു.
മീഡിയ പ്ലസ് ജനറല് മാനേജര് ഷറഫുദ്ധീന് തങ്കത്തില്, മാര്ക്കറ്റിംഗ് മാനേജര് മുഹമ്മദ് റഫീഖ് തങ്കയത്തില്, ഡിസൈനര് മുഹമ്മദ് സിദ്ദിഖ് അമീന് എന്നിവര് നേതൃത്വം നല്കി. ഡയറക്ടറിയുടെ സൗജന്യ കോപ്പികള്ക്ക് ഖത്തറിലുള്ളവര് 4324853 എന്ന നമ്പറില് ബന്ധപ്പെടണം.
|
റിയാദിൽ അന്തരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
റിയാദ്: റിയാദിൽ കുഴഞ്ഞുവീണ് മരിച്ച തൃശൂർ തിരുമുക്കുളം സ്വദേശി ഷാജി ദേവസിയുടെ (സജി 55) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. അൽഹദ കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാരനായിരുന്നു.
കിംഗ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ അറ്റകുറ്റ പണികൾക്കായി രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒരു ദിവസം കൊണ്ട് തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നോർക്കയയുടെ ആംബുലൻസിൽ തൃശൂരിലെ വീട്ടിലെത്തിക്കുകയായിരുന്നു. തിരുമികുളം സെന്റ് ബാസ്റ്റ്യൻ ചർച്ചിലാണ് സംസ്കാരം നടന്നത്.
റിയാദിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകിയത് കേളി ജീവകാരുണ്യ വിഭാഗമാണ്. നോർക്കയുടെ ബന്ധപെട്ട ആംബുലൻസ് സൗകര്യങ്ങൾ ഒരുക്കുന്നതിന്ന് കേരള പ്രവാസ സംഘം തൃശൂർ ജില്ല വൈസ് പ്രസിഡന്റ് അഡ്വ. ഹഖും കേളി മുൻ കേന്ദ്ര കമ്മിറ്റി അംഗവും തൃശൂർ ജില്ല കേരള പ്രവാസ സംഘം എക്സിക്യൂട്ടിവ് അംഗവുമായ സുരേഷ് ചന്ദ്രനും ആവശ്യമായ സൗകര്യങ്ങൾ ചെയ്തു.
|
കൃഷ്ണൻ പേരാമ്പ്രയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി
ദമാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയുടെ ചരിത്രത്തോടൊപ്പം നടന്ന മൂന്നു പതിറ്റാണ്ടുകളുടെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം കേന്ദ്രകമ്മിറ്റിയംഗവും നാടകപ്രവർത്തകനുമായ കൃഷ്ണൻ പേരാമ്പ്രയ്ക്ക് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
നവയുഗം കേന്ദ്രകമ്മിറ്റി ഓഫീസ് ഹാളിൽ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വച്ച് നവയുഗം ജനറൽ സെക്രട്ടറി എം.എ. വഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം കൃഷ്ണൻ പേരാമ്പ്രയ്ക്ക് കൈമാറി.
നവയുഗം കലാവേദിയുടെ ഉപഹാരം കലാവേദി പ്രസിഡന്റ് റിയാസ് മുഹമ്മദ് കൈമാറി. കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ അരുൺ ചാത്തന്നൂർ, നിസാം കൊല്ലം, ശരണ്യ ഷിബു, മഞ്ജു അശോക്, പദ്മനാഭൻ മണിക്കുട്ടൻ, സജീഷ് പട്ടാഴി, ഷീബ സാജൻ, ആമിന റിയാസ്, ഷഫീക്ക് എന്നിവർ ആശംസപ്രസംഗം നടത്തി.
ചടങ്ങിന് ബിജു വർക്കി സ്വാഗതവും ബിനുകുഞ്ഞു നന്ദിയും പറഞ്ഞു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ കൃഷ്ണൻ നാട്ടിൽ നാടകപ്രവർത്തനങ്ങളിലൂടെ സജീവമായിരുന്ന കാലത്താണ് ജീവിതപ്രാരാബ്ധങ്ങൾ കാരണം പ്രവാസിയായി സൗദി അറേബിയയിൽ എത്തിയത്. ദമാമിലെ ഒരു ഐസ്ക്രീം കമ്പനിയിൽ ആണ് ജോലി ചെയ്തു വന്നിരുന്നത്.
നവയുഗം രൂപീകരിച്ച കാലം മുതൽ സജീവപ്രവർത്തകനായ കൃഷ്ണൻ, സൗദിയിലെ സാമൂഹ്യസാംസ്കാരിക മേഖലകളിൽ ഒരു നാടകപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. നവയുഗം കലാസന്ധ്യകളിൽ നടനും സംവിധായകനും ആയി പഴയ നാടകങ്ങളുടെ രംഗാവിഷ്ക്കാരങ്ങൾ പുന:രവതരിപ്പിച്ചത് ആസ്വാദകരുടെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
കെപിഎസിയുടെ അശ്വമേധം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളുടെ രംഗാവിഷ്ക്കാരങ്ങൾ പ്രത്യേകം അഭിനന്ദനങ്ങൾ നേടിയിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങളെത്തുടർന്നാണ് പ്രവാസജീവിതം അവസാനിപ്പിക്കാൻ കൃഷ്ണൻ തീരുമാനിച്ചത്.
|
മുഹമ്മദ് റാസിനെ ആദരിച്ച് കേളി
റിയാദ്: സൗദി അറേബിയയിലെ പ്രശസ്ത ഫുട്ബോൾ ക്ലബുകളിൽ ഒന്നായ അൽ നസ്ർ ക്ലബിന്റെ ജൂനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി താരം മാസ്റ്റർ മുഹമ്മദ് റാസിനെ കേളി കാലാസംസ്കാരിക വേദി അൽഖർജ് ഏരിയ സ്പോർട്സ് കമ്മിറ്റി ആദരിച്ചു.
കേളി അൽഖർജ് ഏരിയ സംഘടിപ്പിക്കുന്ന മിന കേളി സോക്കറിന്റെ മത്സരവേദിയിൽ ഒരുക്കിയ പരിപാടിയിൽ കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി, ട്രഷറർ ജോസഫ് ഷാജി, ജീവകാരുണ്യ കമ്മറ്റി ആക്ടിംഗ് കൺവീനർ നാസർ പൊന്നാനി,
ഏരിയ കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, അൽഖർജിലെ പൗരപ്രമുഖരായ മുഹസിൻ അൽ ദോസരി, ഫഹദ് അബ്ദുള്ള അൽ ദോസരി, ഡോ. അബ്ദുൾ നാസർ, മിന കേളി സോക്കർ സംഘാടക സമിതി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
12 വയസുമാത്രം പ്രായമുള്ള റാസിൻ മലപ്പുറം പാങ്ങ് സ്വദേശിയാണ്. ചെറുപ്പത്തിൽ തന്നെ പന്തുകളിയിൽ താത്പര്യമുള്ള റാസിൻ എലഗന്റ് എഫ്സി, എഫ്ആർസി എന്നിവയിലൂടെയാണ് ഫുട്ബോൾ ജീവിതം ആരംഭിച്ചത്.
ശേഷം പഞ്ചാബ് മിനർവയിലും കളിക്കാൻ അവസരം ലഭിച്ചു. ഇപ്പോൾ വിസിറ്റ് വിസയിൽ സൗദിയിൽ താമസിക്കുന്ന മുഹമ്മദ് റാസിൻ, റിയാദിലെ പ്രശസ്ത ഇന്ത്യൻ ക്ലബായ യൂത്ത് ഇന്ത്യയുടെ അംഗം ഷാജഹാൻ പറമ്പന്റെ മകനാണ്.
ഉമ്മ നസ്ല, സഹോദരങ്ങൾ മുഹമ്മദ് റെബിൻ, മുഹമ്മദ് റയ്യാൻ. പിതൃസഹോദരൻ ഷാനവാസ്, റിയാദിലെ മുൻകാല ക്ലബായ സ്റ്റാർ സ്പോർട്സിന്റെ താരമായിരുന്നു. നിലവിൽ അദ്ദേഹം അൽഹസയിലെ സോക്കർ ഹുഫൂഫ് ടീമിന്റെ മാനേജരാണ്.
|
കേളി ഫുട്ബോൾ: യൂത്ത് ഇന്ത്യ റിയൽ കേരള കലാശ പോരാട്ടം
റിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് "മിന കേളി സോക്കർ 2024' ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ യൂത്ത് ഇന്ത്യ എഫ്സിയും റിയൽ കേരള എഫ്സിയും ഏറ്റുമുട്ടും.
വ്യാഴാഴ്ച നടന്ന വാശിയേറിയ സെമിഫൈനൽ മത്സരങ്ങളിൽ യൂത്ത് ഇന്ത്യ എഫ് സി ലാന്റേൺ എഫ്സിയേയും റിയൽ കേരള എഫ്സി അൽഖർജ് നൈറ്റ് റൈഡേഴ്സിനെയും പരാജയപ്പെടുത്തി. യൂത്ത് ഇന്ത്യ എഫ്സി ലാന്റേൺ എഫ്സിയുമായി ഏറ്റുമുട്ടിയ ആദ്യ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരേ നാല് ഗോളുകൾക്ക് യൂത്ത് ഇന്ത്യ വിജയിച്ചു. ഗോൾകീപ്പർ ഷാമിൽ സൽമാന്റെ മികവിലാണ് യൂത്ത് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ച ലാന്റേൺ എഫ്സിയുടെ നിരവധി ആക്രമണങ്ങളാണ് ഗോൾകീപ്പർ തടഞ്ഞത്.
ഷൂട്ടൗട്ടിൽ മൂന്ന് ഷൂട്ടുകൾ ഗോൾകീപ്പർ തടുത്തു. യൂത്ത് ഇന്ത്യയുടെ നാലാമത് അവസരം പുറത്തേക്ക് പോയി. ആദ്യ സെമിയിലെ മികച്ച കളിക്കാരനായി യൂത്ത് ഇന്ത്യയുടെ ഗോൾകീപ്പർ ഷാമിൽ സൽമാനെ തെരഞ്ഞെടുത്തു.
റിയൽ കേരള എഫ്സി അൽഖർജ് നൈറ്റ് റൈഡേഴ്സുമായി മാറ്റുരച്ച രണ്ടാം സെമിയിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് റിയൽ കേരള എഫ്സി വിജയിച്ചു. കളിയുടെ രണ്ടാം മിനിറ്റിൽ റിയൽ കേരളയുടെ പതിനൊന്നാം നമ്പർ താരം ഷഹജാസ് നേടിയ ഒരു ഗോളിന് മുന്നിട്ടു നിന്നു.
ഇരുപതാം മിനിറ്റൽ നൈറ്റ് റൈഡേഴ്സിന്റെ ഏഴാം നമ്പർ താരം സാബിർ ഗോൾ തിരിച്ചടിച്ചെങ്കിലും 38ാം മിനിറ്റിൽ നജീബും അതിക സമയത്ത് ഷഹജാസും നേടിയ ഗോളുകളിലൂടെ റിയൽ കേരള ഫൈനൽ ബെർത്ത് ഉറപ്പിച്ചു.
രണ്ടാം സെമിയിലെ മികച്ച കളിക്കാരനായി രണ്ടുഗോളുകൾ നേടിയ ഷഹജാസിനെ തെരഞ്ഞെടുത്തു.
|
ലോക മാനസികാരോഗ്യ ദിനം: സെമിനാര് സംഘടിപ്പിച്ചു
ദോഹ: ജീവിതത്തിന്റെ ഗണ്യമായ സമയം ചെലവഴിക്കുന്ന തൊഴിലിടങ്ങളില് മാനസികാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും ഈ രംഗത്ത് സമൂഹത്തിന്റെ സജീവ ശ്രദ്ധ പതിയണമെന്നും ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ലസ്, എന്വിബിഎസ്, നീരജ് ഫൗണ്ടേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില് നടന്ന സെമിനാര് അഭിപ്രായപ്പെട്ടു.
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യമെന്നും മാനസികമായ പ്രയാസമനുഭവിക്കുന്നവര് സമയോചിതമായ ചികില്സയോ കൗണ്സിലിംഗോ സ്വീകരിക്കുന്നതിന് യാതൊരു വൈമനസ്യവും കാണിക്കേണ്ടതില്ലെന്ന് പ്രസംഗകര് ഊന്നിപ്പറഞ്ഞു.
തളരുന്ന മനസിന് താങ്ങാകുന്ന സാമൂഹിക വ്യവസ്ഥിതിയും സൗഹൃദ കൂട്ടായ്മകളും വളര്ന്നുവരണമെന്നും ഈ രംഗത്ത് സാമൂഹ്യ പ്രതിബദ്ധത വളരെ പ്രധാനമാണെന്നും പ്രസംഗകര് ചൂണ്ടിക്കാട്ടി. എന്വിബിഎസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന് പരിപാടി ഉദ്ഘാടനം ചെയ്തു.
പാഠ്യരംഗത്തെ അമിത പ്രാധാന്യം കുട്ടികളില് സൃഷ്ടിക്കുന്ന മാനസിക സംഘര്ഷങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച അദ്ദേഹം കുട്ടികളുടെ പാഠ്യ പാഠ്യേതര കഴിവുകള് വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക കാഴ്ചപ്പാടുകളുണ്ടാവേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു.
വിദ്യാഭ്യാസ സമ്പ്രദായവും സമൂഹവും കുട്ടികളെ സമ്മര്ദത്തിലാക്കരുതെന്നും മാനസികാരോഗ്യവും ക്ഷേമവും പരിഗണിക്കുന്ന സമീപനമാണ് ആവശ്യമെന്നും നീരജ് ഫൗണ്ടേഷന് സ്ഥാപകന് ജോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.
ജോലിസ്ഥലത്തെ മാനസികാരോഗ്യത്തിന് മുന്ഗണന കൊടുക്കുകയെന്നതാണ് ഈ വര്ഷത്തെ ലോക മാനസികാരോഗ്യ ദിന പ്രമേയം. കൗണ്സിലറായ ജിഷ എ ജി, സോഫ്റ്റ് സ്കില് ട്രെയിനറായ നിമ്മി മിഥുലാജ് എന്നിവര് വിഷയമവതരിപ്പിച്ച് സംസാരിച്ചു.
സമൂഹത്തിന്റെ കൂട്ടായ പരിശ്രമങ്ങളിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനാകുമെന്ന് അവര് പറഞ്ഞു. എന്വിബിഎസ് കോഫൗണ്ടറും സിഇഒയുമായ ബേനസീര് മനോജ് അധ്യക്ഷത വഹിച്ചു.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ലോബല് ചെയര്മാന് ഡോ. മുഹമ്മദുണ്ണി ഒളകര, ലോക കേരള സഭ അംഗം അബ്ദുല് റഊഫ് കൊണ്ടോട്ടി, ഡോം ഖത്തര് പ്രസിഡന്റ് ഉസ്മാന് കല്ലന്,
മൈന്ഡ് ട്യൂണ് ഇക്കോ വേവ്സ് ഖത്തര് ചെയര്മാന് മുത്തലിബ് മട്ടന്നൂര്, നസീം ഹെല്ത്ത് കെയര് കോര്പറേറ്റ് റിലേഷന്സ് സീനിയര് അസോസിയേറ്റ് പി.അഷ്റഫ്, ഖത്തര് ടെക് മാനേജിംഗ് ഡയറക്ടര് ജെബി കെ. ജോണ് എന്നിവര് സംസാരിച്ചു.
|
ഐസിഎഫ് യൂണിറ്റ് സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: "ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ' എന്ന പ്രമേയത്തിൽ ഐസിഎഫ് അന്തർദേശീയ തലത്തിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നവംബർ മാസത്തിൽ കുവൈറ്റിലെ 50 യൂണിറ്റുകളിൽ വിപുലമായ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി തീരുമാനിച്ചു.
പ്രവാസികൾ ഒരിക്കൽ കൂടി പ്രവാസത്തിന്റെ ചരിത്രവും നേട്ടവും പരിശോധന നടത്തുന്ന വ്യത്യസ്ത സെഷനുകൾ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന യൂണിറ്റ് കോൺഫറൻസുകളിൽ നടക്കും.
സമ്മേളനങ്ങളുടെ മുന്നോടിയായി യൂണിറ്റ്, സെൻട്രൽ തലങ്ങളിൽ വിളംബരം, ചലനം, സ്പർശം തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും. യൂണിറ്റ് കമ്മിറ്റികളുടെ മുൻകെെയിൽ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ അമ്മമാർക്ക് പ്രതിമാസ സാമ്പത്തിക ആശ്വാസം നൽകുന്ന "രിഫാഈ കെയർ' എന്ന പേരിലുള്ള സാന്ത്വന സംരംഭം സമ്മേളനങ്ങളുടെ അനുബന്ധ പദ്ധതി ആയി ആരംഭിക്കും.
"ദേശാന്തര വായന' എന്ന ശീർഷകത്തിൽ ഐസിഎഫ് മുഖപത്രം പ്രവാസി വായനയുടെ പ്രചാരണവും ഇതേ കാലയളവിൽ നടക്കുമെന്ന് ഐസിഎഫ് ഭാരവാഹികൾ അറിയിച്ചു. ഐസിഎഫ് യൂണിറ്റ് സമ്മേളനങ്ങളുടെ നാഷണൽ തല പ്രഖ്യാപന സംഗമം പഠനം എന്ന പേരിൽ വെള്ളിയാഴ്ച സാൽമിയ ഐസിഎഫ് ഓഡിറ്റോറിയത്തിൽ നടന്നു.
കുവൈറ്റ് നാഷണൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. അഹ്മദ് കെ. മാണിയൂർ ഉദ്ഘാടനം നിർവഹിച്ചു. സാലിഹ് കിഴക്കേതിൽ പ്രമേയ വിശദീകരണം നടത്തി.
സയ്യിദ് സൈദലവി സഖാഫി പ്രവാസി വായന ക്യാമ്പയിൻ പ്രഖ്യാപനവും നൗഷാദ് തലശേരി പ്രവാസി വായന ക്യാമ്പയിൻ പദ്ധതി വിശദീകരണവും നടത്തി.
അഹ്മദ് സഖാഫി കാവനൂർ, അസിസ് സഖഫി, ബഷീർ അണ്ടിക്കോട്, അബു മുഹമ്മദ്, റസാഖ് സഖാഫി സംബന്ധിച്ചു. റഫീഖ് കൊച്ചനൂർ സ്വാഗതവും സമീർ മുസ്ലിയാർ നന്ദിയും പറഞ്ഞു.
|
സീറോമലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: സീറോമലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് (എസ്എംസിഎ) സിറ്റി ഫർവാനിയ ഏരിയയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. "ഒന്നിച്ചോണം നല്ലോണം 2024' എന്ന പേരിൽ കബ്ദിൽ വച്ച് നടത്തിയ പരിപാടിയിൽ ഏരിയ ജനറൽ കൺവീനർ ഫ്രാൻസിസ് പോൾ അധ്യക്ഷത വഹിച്ചു.
ഫാ. ജോയി മാത്യു (സിറ്റി കോ കത്തീഡ്രൽ), ഏരിയ സെക്രട്ടറി ജുബിൻ മാത്യു, ഏരിയ ട്രഷർ സജി ജോൺ, എസ്എംസിഎ പ്രസിഡന്റ് ഡെന്നി തോമസ് കാഞ്ഞുപറമ്പിൽ, എസ്എംസിഎ ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ, എസ്എംസിഎ ട്രഷർ ഫ്രാൻസിസ് പോൾ എന്നിവർ സംസാരിച്ചു.
വിപുലമായ ഓണസദ്യയും തിരുവാതിര, വിവിധ നൃത്ത രൂപങ്ങൾ എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടി. മലയാളി മന്നൻ, മലയാളി മങ്ക, താരജോഡി, വടംവലി, കലം തല്ലിപ്പൊട്ടിക്കൽ, അപ്പംകടി തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു.
സംഘടനാ അംഗങ്ങളുടെ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം നേടിയ കുട്ടികളെയും കാനഡയിലേക്ക് യാത്രയാകുന്ന ജിജോ മാത്യു പാരിപ്പള്ളി കുടുംബത്തെയും ബിനു ജോൺ തോട്ടുവേലിൽ കുടുംബത്തെയും ആദരിക്കുകയുണ്ടായി.
പരിപാടികൾക്ക് സംഗീത് കുര്യൻ, ജിസ് എം. ജോസ്, ജിസ് ജോസഫ്, നിജോ തോമസ്, ജോമോൻ ജോർജ്, ഡോണേൽ ആന്റണി, സിബി തോമസ്, സുബിൻ സെബാസ്റ്റ്യൻ, റെനീഷ് കുര്യൻ, അരുൺ മാത്യു, ബെന്നി ചെറിയാൻ, മനോജ് ഓലിക്കൽ,
തോമസ് കറുക്കളം, പ്രിൻസ് ജോസഫ്, പാനിഷ് ജോർജ്,സ്റ്റാൻലി ജെയിംസ്, റോയ് അഗസ്റ്റിൻ, അനീഷ് ജോസഫ്, ജിനോ ജോയ്, ജോസഫ് കുന്നപ്പിള്ളി, രാജു ജോൺ, സന്തോഷ് കുര്യൻ, ബിജു കാടൻകുഴി, സിജു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
|
ഐടിഇഇ റിയാദ് ചാപ്റ്റർ നടത്തിയ സൈബർ സെക്യൂരിറ്റി ഇവന്റ് ശ്രദ്ധേയമായി
റിയാദ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഐടി കമ്യൂണിറ്റിയായ എക്സ്പേർട്സ് ആൻഡ് എൻജിനിയർസ് റിയാദ് ചാപ്റ്റർ സൈബർ സൈക്യൂരിറ്റി കമ്പനിയായ ടോർസെക്യൂറുമായി ചേർന്ന് സൈബർ സെക്യൂരിറ്റി ഇവന്റ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.
‘Change in Threat Landscape’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ടോർസെക്യൂർ കോഫൗണ്ടർ ഷെയ്ക് സലീം ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് മുനീബ് പാഴൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഫ്സാദ് വാഴയിൽ പരിപാടി നിയന്ത്രിച്ചു.
റിയാദിലെ ഐടി രംഗത്ത് ജോലി ചെയ്യുന്ന നിരവധി ഐടി വിദഗ്ധരും എൻജിനിയർമാരും പരിപാടിയിൽ പങ്കെടുത്തു. ആദ്യ സെഷനിൽ നടന്ന സൈബർ സൈക്യൂരിറ്റി വർക്ഷോപിൽ റിയാദിലെ പ്രമുഖ സൈബർ സെക്യൂരിറ്റി വിദഗ്ധൻ അമീർ ഖാൻ (ട്രെൻഡ് മൈക്രോ സിസ്റ്റം എൻജിനിറിംഗ് മാനേജർ) സംസാരിച്ചു.
ഐടി മേഖലയിൽ ജോലി ചെയ്യുന്നവരുടെ സാധ്യതകളെ കുറിച്ചും തുടർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കറിച്ചും കമ്പനിയുടെ സുരക്ഷ അപര്യാപ്തതയെ കുറിച്ചും അതിനെ മറികടക്കാൻ ചെയ്യേണ്ട മുൻ കരുതലുകളെ കുറിച്ചും അദ്ദേഹം ഊന്നൽ നൽകി.
കൂടാതെ ജോലിയിൽ മികവ് പുലർത്താൻ വൈദഗ്ധ്യം നേടേണ്ടതുണ്ടെന്നും അത് തുടർച്ചയായി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അതിന് വേണ്ടി ഐടിഇഇയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ വിപുലമായ പരിശീലന പ്രോഗാമുമായി മുന്നോട്ട് പോകുന്നതിനെ കുറിച്ചും പരിപാടിയിൽ തീരുമാനമായി.
പരിപാടിയിൽ പങ്കെടുത്തവർക്ക് സൈബർ സെക്യൂരിറ്റി വിഷയത്തിലുള്ള ഗ്രൂപ്പ് ഡിസ്ക്ഷനും ചോദ്യോത്തര സെഷനുണ്ടായിരുന്നു. തുടർന്ന് മുനീബ് പാഴൂർ ഐടിഇഇ വേ ഫോർവേഡ് എന്ന വിഷയത്തോടെ ഐടിഇഇ കൂട്ടായ്മയുടെ പ്രാധാന്യം, മറ്റു ഭാവി പരിപാടികൾ എന്നിവ വിശദീകരിച്ചു.
തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചകൾ സുഹാസ് ചെപ്പാലി, യാസർ ബക്കർ, പി.വി. അമീർ എന്നിവരും നേതൃത്വം നൽകി. പരിപാടിയിൽ മുഹമ്മദ് അഹമ്മദ് സ്വാഗതവും എൻ.കെ. ഷമീം നന്ദിയും പറഞ്ഞു.
|
ഓണാഘോഷം സംഘടിപ്പിച്ച് ഷാർജ മലയാളി സമാജം
അജ്മാന്: അജ്മാന് കള്ച്ചറല് സെന്ററില് വച്ച് നടന്ന ഷാർജ മലയാളി സമാജം ഓണാഘോഷം " ഈ ഓണം പൊന്നോണം' ഗംഭീരമായി. നടി സ്വാസിക വിജയ് മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ് ജിജോ പുളിക്കന്റെ അധ്യക്ഷതയില് നടന്ന പൊതുയോഗം ഐഎഎസ് ജനറല് സെക്രട്ടറി പ്രകാശ് ഉത്ഘാടനം ചെയ്തു. സ്വാസിക വിജയ് പ്രമുഖ വ്യക്തികളെയും മുഖ്യ പ്രായോജകരെയും ആദരിച്ച് സമ്മാനവും നല്കി.
എകെസിഎഎഫ് പ്രസിഡന്റ് പോൾ ടി. ജോസഫ്, വനിതാസമാജം പ്രസിഡന്റ് ശോഭ ഉണ്ണികൃഷ്ണന്, ബാല സമാജം പ്രസിഡന്റ് അതിലി സുമോജ്, പുഷ്പരാജ്, ബല്രാജ്, അനീഷ് എന്നിവര് ആശംസകളും നടത്തി. എസ്എംഎസ് ജനറല് സെക്രട്ടറി ലിറ്റില് ആനന്ദ് സ്വാഗതവും ട്രെഷറര് ഷെറിന് ചെറിയാന് നന്ദിയും പറഞ്ഞു.
വിഭവ സമൃദ്ധമായ ഓണസദ്യയോടെ പരിപാടികള് ആരംഭിച്ചു. സമാജം അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, വിവിധയിനം ഡാൻസ്, കോമഡിഷോ, രവിവര്മ ചിത്രങ്ങളുടെ ദൃശ്യ പുന:രാവിസ്കരണം എന്നിവ പ്രേക്ഷകര്ക്ക് വിസ്മയം നല്കി.
പ്രമുഖ സംഗീത ഗ്രൂപ്പ് പ്രദീപ് ബാബുവിന്റെ നേതൃത്വത്തില് ഗാനമേള, വര്ണ ഭംഗിയേറിയ ഘോഷയാത്രയില് കാവടിയാട്ടം, പുലിക്കളി, താലപ്പൊലി, ചെണ്ടമേളം തുടങ്ങിയവയും അണിചേർന്നു.
|
ഡോ. എബ്രഹാം പെരുമാള് ഫിലിപ്പിന് യുകെ പാര്ലമെന്റ് അവാര്ഡ് സമ്മാനിച്ചു
ദോഹ: ഡോ. എബ്രഹാം പെരുമാള് ഫിലിപ്പിന് യുകെ പാര്ലമെന്റ് അവാര്ഡ് സമ്മാനിച്ചു. കാര്ഡിയോതൊറാസിക്, വാസ്കുലര് സര്ജറി വിഭാഗങ്ങളിലെ ശ്രദ്ധേയ പ്രവര്ത്തനങ്ങളടക്കം വൈദ്യശാസ്ത്ര രംഗത്തെ മികച്ച പ്രവര്ത്തനങ്ങള് പരിഗണിച്ചാണ് പുരസ്കാരം.
യുകെ പാര്ലമെന്റില് നടന്ന ചടങ്ങില് ബ്രിട്ടീഷ് എംപി പത്മശ്രീ ബോബ് ബ്ലാക് മാനാണ് പുരസ്കാരം സമ്മാനിച്ചത്. ക്രിയേറ്റീവ് എലമെന്റ്സ് ലണ്ടന് സംഘടിപ്പിച്ച പരിപാടിയില് അശോക് കുമാര് ചൗഹാന്, ഡോ. ശുഭംഗി മിത്ര, സക്ഷി വിശ്വേസ്, മാജര് മുനീഷ് ചൗഹാന്, അലന് റൈഡ്സ്, അക്മല് അഹ് മദ് തുടങ്ങിയ പ്രമുഖര് വിശിഷ്ട അതിഥികളായിരുന്നു.
ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ. ശീല ഫിലിപ്പോസിന്റെയും അബ്രഹാം ഫിലിപ്പിന്റെയും മകനായ ഡോ. എബ്രഹാം പെരുമാള് ഫിലിപ്പ് ഖത്തറിലാണ് പ്ലസ് ടു വരെ പഠിച്ചത്.
10, 12 ക്ലാസുകളില് ഉന്നതവിജയം നേടിയ അദ്ദേഹത്തെ ദോഹ ഇമ്മാനുവല് മാര്ത്തോമ്മാ ക്രിസ്ത്യന് ചര്ച്ച്, പള്ളിയിലെ വിദ്യാര്ത്ഥികളില് ഏറ്റവും കൂടുതല് സ്കോറര് എന്ന നിലയില് രണ്ട് വര്ഷങ്ങളിലും സ്വര്ണ മെഡലുകള് നല്കി ആദരിച്ചിരുന്നു.
2019ല് അമൃത സ്കൂള് ഓഫ് മെഡിസിനില് നിന്നും ബിരുദം നേടിയ അദ്ദേഹം ഡോ. കെ. എം. ചെറിയാന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഡയറക്ടറായി ചേരുകയും ശ്രദ്ധേയമായ പ്രവര്ത്തനങ്ങള് നടത്തുകയും ചെയ്തു.
കാര്ഡിയോ തൊറാസിക്, വാസ്കുലര് സര്ജറി വിഭാഗത്തില് ചേര്ന്ന അദ്ദേഹം 2021 മുതല് 2022 വരെ അവിടെ ജോലി ചെയ്തു. ഈ സമയത്ത്, ഡോ. കെ എം ചെറിയാന്റെ കീഴില് നടന്ന ഹൃദയ ശാസ്ത്ര, ബൈപാസ് സര്ജറികള്, വാല്വ് റീപ്ലേസ്മെന്റ തുടങ്ങി 450ലധികം സങ്കീർണമായ കാര്ഡിയാക് ശസ്ത്രക്രിയകളുടെ ഭാഗമായി.
2022ല് അദ്ദേഹം നോര്ത്തേണ് അയര്ലൻഡിലെ അള്സ്റ്റര് യൂണിവേഴ്സിറ്റിയില് അഡ്വാന്സ്ഡ് ജനറല് മെഡിക്കല് പ്രാക്ടീസില് എംഎസിക്ക് ചേര്ന്നു.
അവിടെ നിന്നും ഉയര്ന്ന മാര്ക്കോടെ ബിരുദം നേടിയ അദ്ദേഹം ഇപ്പോള് ഹൃദയം മാറ്റിവയ്ക്കല് റോബോട്ടിക് എന്നിവയില് വൈദഗ്ദ്ധ്യം നേടാനുള്ള ആഗ്രഹത്തോടെ കാര്ഡിയോതൊറാസിക് സര്ജറിയില് റെസിഡന്സി നേടുന്നതിനായി ജിഎംസി രജിസ്ട്രേഷനായി തയാറെടുക്കുകയാണ്.
|
ഓവർസീസ് എൻസിപി കുവൈറ്റ് ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷവും സ്തനാർബുദ അവബോധ സെമിനാറും സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ലോക കേരളസഭ പ്രതിനിധി ബാബു ഫ്രാൻസീസ് ഒലക്കേങ്കിൽ നിർവഹിച്ചു.
ഒഎൻസിപി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ അധ്യക്ഷത നിർവഹിച്ചു. വിശിഷ്ട അതിഥികളായി പങ്കെടുത്ത ഡോ. സുസോവന സുജിത് നായർ, ഡോ. സുസോവന സുജിത് നായർ (മെഡിക്കൽ ഓങ്കോളജിസ്റ്റ് ബ്രെസ്റ്റ് യൂണിറ്റ് കുവൈറ്റ് കാൻസർ കൺട്രോൾ സെന്റർ), സ്തനാർബുധ അവബോധ സെമിനാറിന് നേതൃത്വം നൽകി.
ഒഎന്സിപി കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരിയും യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന്റെ അഡ്മിനിസ്ട്രേറ്ററുമായ ജോൺ തോമസ് കളത്തിപ്പറമ്പിൽ പരിപാടിയിൽ ഗാന്ധിജയന്തി സന്ദേശം നൽകി. ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം, വൈസ് പ്രസിഡന്റ് സണ്ണി മിറാണ്ടാ (കർണാടക), ട്രഷറർ രവീന്ദ്രൻ, സാദിഖ് അലി (ലക്ഷദ്വീപ്), മുഹമ്മദ് ഫൈസൽ (പോണ്ടിച്ചേരി), ഹമീദ് പാലേരി, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
പുതിയതായി സംഘടനയിൽ ചേർന്ന അംഗങ്ങളെ ഷാളിട്ട് സ്വീകരിക്കുകയും മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്യുകയും ചെയ്തു. തുടർന്ന് ഒഎൻസിപി കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളി പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.
വീഡിയോ ലിങ്ക്: https://we.tl/twVUHJTClXj.
|
ഖുറാൻ വിജ്ഞാന പരീക്ഷ: മൊഡ്യൂൾ പ്രകാശനം നിർവഹിച്ചു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്യുഎച്ച്എൽഎസ് വിംഗ് സംഘടിപ്പിക്കുന്ന അൽഫുർഖാൻ ഖുറാൻ വിജ്ഞാന പരീക്ഷയുടെ മഅമൂറ ഏരിയ മൊഡ്യൂൾ പ്രകാശനം ഏരിയ സെക്രട്ടറി അൻസീർ കൊയിലാണ്ടി അജ്മൽ സാഹിബിന് കോപ്പി നൽകി നിർവഹിച്ചു.
ക്യുഎച്ച്എൽഎസ് കൺവീനർ മുഹമ്മദ് അബ്ദുൽ അസീസ്, ക്യുകെഐസി സെക്രട്ടറി സ്വലാഹുദ്ധീൻ സ്വലാഹി, ട്രഷറർ മുഹമ്മദലി മൂടാടി, സിൽഷാൻ, ശബീറലി എന്നിവർ സംബന്ധിച്ചു.
മൊഡ്യൂൾ ആവശ്യമുള്ളവർക്ക് 60004485/33076121 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്,
|
വിജയകുമാറിനെ അനുശോചിച്ച് കേളി
റിയാദ്: കേളി കലാ സാംസ്കാരിക വേദി റൗദ ഏരിയ ബഗ്ലഫ് യൂണിറ്റ് അംഗമായിരുന്ന വിജയകുമാറിന്റെ വിയോഗത്തിൽ ഏരിയ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് വിനയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ബിജി തോമസ് സ്വാഗതവും ഏരിയ കമ്മിറ്റി അംഗം പ്രഭാകരൻ അനുശോചന കുറിപ്പും അവതരിപ്പിച്ചു.
തിരുവനന്തപുരം വഞ്ചിയൂർ കട്ടപ്പറമ്പ് സ്വദേശിയായ വിജയകുമാർ ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണമടഞ്ഞത്. 16 വർഷമായി റിയാദിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു. കമ്പനി അധികൃതരുടെ സഹകരണത്തോടെ കേളി ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
കേളി ജോയിന്റ് ട്രെഷറർ സുനിൽ സുകുമാരൻ, കേളി കേന്ദ്ര കമ്മിറ്റി അംഗവും ജീവകാരുണ്യ വിഭാഗം കൺവീനറുമായ നസീർ മുള്ളൂർക്കര, റൗദ രക്ഷാധികാരി സെക്രട്ടറി സതീഷ് കുമാർ വളവിൽ, ഏരിയ ട്രഷറർ കെ.കെ. ഷാജി, ഏരിയ രക്ഷാധികാരി അംഗങ്ങളായ സുരേഷ് ലാൽ, ശ്രീകുമാർവാസു, ശ്രീജിത്ത്, പി.പി. സലിം, കേളി അംഗങ്ങളായ സജീവ്, മോഹനൻ, ഷഫീക്, നിസാർ, ജോസഫ് മത്തായി, ഷിയാസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
എരിയയിലെ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങൾ അനുശോചന യോഗത്തിൽ പങ്കെടുത്തു.
|
സാങ്കേതിക തകരാര്: രണ്ടര മണിക്കൂർ വട്ടംകറക്കിയശേഷം ഷാർജ വിമാനം തിരിച്ചിറക്കി
തിരുച്ചിറപ്പിള്ളി: പറന്നുയര്ന്നതിനു തൊട്ടുപിന്നാലെ ഹൈഡ്രോളിക് സംവിധാനം തകരാറിലായെന്നു കണ്ടെത്തിയതിനെത്തുടര്ന്ന് ഷാര്ജയിലേക്കുള്ള എയര് ഇന്ത്യ വിമാനം തിരുച്ചിറപ്പിള്ളിയില് തിരിച്ചിറക്കി.
144 യാത്രക്കാരുമായി വെള്ളിയാഴ്ച വൈകുന്നേരം 5.40നാണ് എയര് ഇന്ത്യ എക്സ്ബി 613 വിമാനം ഷാര്ജയിലേക്കു പുറപ്പെട്ടത്. തൊട്ടുപിന്നാലെ സാങ്കേതിക തകരാര് ശ്രദ്ധയില്പ്പെടുകയായിരുന്നു.
മുഴുവന് ഇന്ധനവുമായി തിരിച്ചിറക്കുന്നത് സുരക്ഷിതമല്ലാത്തതിനാല് വിമാനത്താവളത്തിനുചുറ്റും രണ്ടര മണിക്കൂറോളം പറന്നശേഷം 8.15 ഓടെയാണു വിമാനം ഇറങ്ങിയത്. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയും നെടുവീർപ്പുകളും ആർപ്പുവിളികൾക്കും കരഘോഷങ്ങൾക്കും വഴിമാറി.
രാത്രി എഴരയോടെ തിരുച്ചിറപ്പിള്ളി വിമാനത്താവളത്തില് ആംബുലന്സുകളും അഗ്നിശമന സംവിധാനങ്ങളും ഉള്പ്പെടെ മുന്കരുതല് നടപടികള് സ്വീകരിച്ചിരുന്നു. മുഴുവന് യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവളം അധികൃതര് പിന്നീട് അറിയിച്ചു.
|
ഇൻകാസ് കുടുംബസംഗമം: എം. വിൻസെന്റ് എംഎൽഎ പങ്കെടുത്തു
അബുദാബി: ഇൻകാസ് അബുദാബി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘടനവും കുടുംബസംഗമവും എം.വിൻസെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലയിലുള്ള ഇൻകാസ് പ്രവർത്തകരുടെ മക്കൾക്കുള്ള ഉമ്മൻ ചാണ്ടി മെമ്മോറിയൽ വിദ്യാഭാസ അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു.
എ.എം. ബഷീർ, മുഹമ്മദ് ജലീൽ, ഷാനവാസ് ലൈലയ്ക്ക് എന്നീ സീനിയർ പ്രവർത്തകരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഇൻകാസ് അബുദാബി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാജികുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നാസർ ആലംകോട് സ്വാഗതവും നസീർ താജ് നന്ദിയും പറഞ്ഞു.
സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്, ഇൻകാസ് സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ബി. യേശുശീലൻ, ഇൻകാസ് അബുദാബി സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് എ. എം. അൻസാർ, വർക്കിംഗ് പ്രസിഡന്റ് അഹദ് വെട്ടൂർ,
സെക്രട്ടറി നൗഷാദ്, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ എൻ.പി. മുഹമ്മദാലി, കെ.എച്ച്. താഹിർ, സലിം ചിറക്കൽ, നിബു സാം ഫിലിപ്, ഇൻകാസ് ഭാരവാഹികളായ നൗഷാദ്, ഫാക്സൺ, അനുപ ബാനർജി, അനീഷ് ചളിക്കൽ, അമീർ കല്ലമ്പലം എന്നിവർ സംസാരിച്ചു.
|
വെള്ളിയാഴ്ച ആരാധന: സാം മല്ലപ്പള്ളി പ്രസംഗിക്കും
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ വെള്ളിയാഴ്ച ആരാധന 11ന് വെെകുന്നേരം 6.30ന് (എൻഇസികെ) സൗത്ത് ടെന്റിൽ വച്ച് നടത്തപെടും. സുപ്രസിദ്ധ വേദ പണ്ഡിതനായ ഇവ. സാം മല്ലപ്പള്ളി ദൈവവചനം പ്രഘോഷിക്കും.
ഇടവക സൺഡേ സ്കൂൾ കുട്ടികൾ ആരാധനയിൽ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. റവ. പി.ജെ. സിബി (വികാരി, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്) അധ്യക്ഷത വഹിക്കും.
|
ഖുറാൻ വിജ്ഞാന പരീക്ഷ: മോഡ്യൂൾ പ്രകാശനം സംഘടിപ്പിച്ചു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്യുഎച്ച്എൽഎസ് വിംഗിന് കീഴിൽ ജനുവരിയിൽ നടത്തുന്ന അൽഫുർഖാൻ ഖുറാൻ വിജ്ഞാന പരീക്ഷയുടെ അൽഖോർ ഏരിയ മോഡ്യൂൾ പ്രകാശനം സംഘടിപ്പിച്ചു.
ക്യുഎച്ച്എൽഎസ് വിംഗ് കൺവീനർ മുഹമ്മദ് അബ്ദുൽ അസീസ് യൂണിറ്റ് പ്രസിഡന്റ് നിസാറിന് കോപ്പി നൽകി പ്രകാശന കർമ്മം നിർവഹിച്ചു. ക്യുകെഐസി ഓർഗനൈസിംഗ് സിക്രട്ടറി സലാഹുദ്ധീൻ സ്വലാഹി, അൽഖോർ യുണിറ്റ് ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
എല്ലാ തിങ്കളാഴ്ചയും അൽഖോറിൽ ശംസുദ്ധീൻ സലഫിയുടെ നേതൃത്വത്തിലാണ് ക്യുഎച്ച്എൽഎസ് ക്ലാസ് നടന്നുവരുന്നത്.
ക്യുകെഐസി അൽഖോർ യുണിറ്റിന് കീഴിൽ എല്ലാ മാസവും നടന്നുവരാറുള്ള ഉത്ബോധന ക്ലാസിന്റെ ഭാഗമായി മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട ക്ലാസിന്റെ രണ്ടാം ഭാഗം സ്വലാഹുദ്ധീൻ സ്വലാഹിയുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി.
ചടങ്ങിൽ എം.കെ. അഷ്റഫ് സ്വാഗതം പറഞ്ഞു.
|
പുഷ്പന്റെ ജീവിതം അനീതിക്കെതിരേ പോരാടുന്നവർക്ക് പ്രചോദനം: കേളി
റിയാദ്: സിപിഎം പ്രവർത്തകൻ പുഷ്പന്റെ നിര്യാണത്തിൽ കേളി രക്ഷാധികാരി സമിതി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്തയിലെ ലൂഹാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കമ്മറ്റി അംഗം സെബിൻ ഇഖ്ബാൽ അനോശോചന കുറിപ്പ് അവതരിപ്പിച്ചു.
24ാം വയസിൽ കൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ പുഷ്പന്റെ ത്യാഗോജ്വല ജീവിതവും കൊടിയ വേദനയിലും ഒരിറ്റ് കണ്ണുനീർ പൊഴിക്കാതെ പുഞ്ചിരിയോടെ മാത്രം സഹപ്രവർത്തകർക്ക് ആവേശം പകർന്നു നൽകിയ ആ സഹനശക്തിയും പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറും പുതുതലമുറയ്ക്ക് എന്നും പ്രചോദനമാണെന്ന് അധ്യക്ഷൻ കെ.പി.എം. സാദിഖ് പറഞ്ഞു.
രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സീബാ കൂവോട്, സുരേഷ് കണ്ണപുരം, ഗീവർഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായ്, ചന്ദ്രൻ തെരുവത്ത്, ജോസഫ് ഷാജി, ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ ഏരിയാ രക്ഷാധികാരി സെക്രട്ടറിമാരായ സെൻ ആന്റണി, സുനിൽ കുമാർ, മധു ബാലുശേരി, ജവാദ് പരിയാട്ട്, സതീഷ് കുമാർ വളവിൽ, അനിരുദ്ധൻ കീച്ചേരി, ബൈജു ബാലചന്ദ്രൻ,
സെക്രട്ടറിയേറ്റ് അംഗം ഗഫൂർ ആനമാങ്ങാട്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ നൗഫൽ സിദ്ദീഖ്, റഫീഖ് ചാലിയം, ജാഫർ ഖാൻ, രാമകൃഷ്ണൻ, സബ്കമ്മിറ്റി കൺവീനർമാരായ ഷാജി റസാഖ് (സാസ്കാരികം), നസീർ മുള്ളൂർക്കര (ജീവകാരുണ്യം), ബിജു തായമ്പത്ത് (സൈബർ വിംഗ്),
ഹസൻ പുന്നയൂർ (സ്പോർട്സ്), ശ്രീകുമാർ വാസു( ചെയർമാൻ മാധ്യമം), കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, ചില്ല സഹ കോഓർഡിനേറ്റർ നാസർ കാരക്കുന്ന്, അൽഖർജ് ഏരിയ പ്രസിഡന്റ് ഷെബി അബ്ദുൾ സലാം, സുനിൽ ഉദിനൂക്കാരൻ എന്നിവർ അനുശോചനം രേഖപ്പെടുത്തികൊണ്ട് സംസാരിച്ചു.
|
ഐഐസി സംഘടിപ്പിച്ച സംഗീത പരിപാടി ശ്രദ്ധേയമായി
അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ വിംഗ് സംഘടിപ്പിച്ച സംഗീത പരിപാടി "മുറ്റത്തെ മുല്ല സീസൺ 2' ശ്രദ്ധേയമായി. ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് ബാവാ ഹജിയുടെ അധ്യക്ഷതയിൽ അബൂബക്കർ കുറ്റിക്കോൽ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ ഇസ്ലാമിക് സെന്റർ സീനിയർ മെമ്പർ പള്ളിക്കാട്ടിൽ അബ്ദുൽ അസീസിനുള്ള ഉപഹാരം ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുല്ല കൈമാറി.
അബുദാബി കെഎംസിസി ജനറൽ സെക്രട്ടറി യൂസഫ് മാട്ടൂൽ, ഇസ്ലാമിക് സെന്റർ മുൻ ജനറൽ സെക്രട്ടറിമാരായ അഡ്വ. മുഹമ്മദ് കുഞ്ഞി, ടി. കെ. അബ്ദുൽസലാം, സെന്റർ ആക്ടിംഗ് സെക്രട്ടറി സി.സമീർ, ഹാഷിം ഹസൻകുട്ടി, മശ്ഹൂദ് നീർച്ചാൽ, സി.കെ. ഹുസൈൻ എന്നിവർ സംസാരിച്ചു.
|
കലാഭവൻ മണി നാടൻപാട്ട് മത്സരം: ഷാർജ യുവകലാസാഹിതി ജേതാക്കൾ
അബുദാബി: നാടൻ പാട്ടിനെ ജനകീയവത്കരിച്ച കലാഭവൻ മണിയുടെ സ്മരണാർഥം അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച പ്രഥമ കലാഭവൻ മണി സ്മാരക നാടൻപാട്ട് മത്സരത്തിൽ ഷാജ യുവകലാസാഹിതി ജേതാക്കളായി.
രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ശക്തി തിയറ്റേഴ്സ് അബുദാബി ഷാബിയ മേഖലയ്ക്കും ഓർമ ബർദുബായി മേഖലയ്ക്കുമായിരുന്നു. ആദ്യദിവസം നടന്ന മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറ് സംഘങ്ങളിൽ നിന്നായിരുന്നു ജേതാക്കളെ രണ്ടാം ദിവസം നടന്ന മത്സരത്തിൽ നിന്നും തെരഞ്ഞെടുത്തത്.
തൃശൂർ ജനനയനയുടെ ഡയറക്ടറും സംഗീത നാടക അക്കാദമി മുൻ നിർവാഹകസമിതി അംഗവുമായ അഡ്വ. വി.ഡി. പ്രേമപ്രസാദ്, പ്രശസ്ത നാടകപ്രവർത്തകനും ചലച്ചിത്രകാരനുമായ ദിനേശ് ഏങ്ങൂർ എന്നിവരായിരുന്നു വിധികർത്താക്കൾ.
സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അവാർഡ് സമർപ്പണവേദിയിൽ കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ വിജയികളെ പ്രഖ്യാപിച്ചു. ഗായക സംഘങ്ങൾ അത്യാവേശത്തോടെയായിരുന്നു അവാർഡുകൾ ഏറ്റുവാങ്ങിയത്.
ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വൈസ് പ്രസിഡന്റ് ശങ്കർ, വനിതാവിഭാഗം സെക്രട്ടറി ഗീത ജയചന്ദ്രൻ, അസി. കലാവിഭാഗം സെക്രട്ടറി താജുദ്ദീൻ എളവള്ളി എന്നിവർ അവാർഡ് സമർപ്പണ ചടങ്ങിൽ സംബന്ധിച്ചു. അസി. ട്രഷറർ അനീഷ് ശ്രീദേവി സ്വാഗതവും ട്രഷറർ വിനോദ് പട്ടം നന്ദിയും പറഞ്ഞു.
|
വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ: ഇ. ജയകൃഷ്ണൻ
അബുദാബി: പാട്ടുകളിൽ ഇപ്പോൾ വരികളേക്കാൾ കൂടുതൽ താളങ്ങളാണെന്ന് പ്രശസ്ത കലാനിരൂപകൻ ഇ. ജയകൃഷ്ണൻ. എഴുതപ്പെട്ട നാല് വരികൾ വായിക്കുമ്പോളുണ്ടാകുന്ന ആനന്ദത്തേക്കാൾ അതിമനോഹരമായി നമ്മുടെ ഹൃദയത്തിൽ തൊടുന്നത് സംഗീത സംവിധായകൻ കൈവയ്ക്കുമ്പോഴാണ്.
ശക്തി തിയറ്റഴ്സ് അബുദാബി സംഘടിപ്പിച്ച പാട്ടിന്റെ വഴികളിലൂടെ എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മുസ്തഫ പാടൂർ (വയലിൻ), സുരേന്ദ്രൻ ചാലിശേരി (തബല), ബാബു എം. കുമാരനല്ലൂർ (കീ ബോർഡ്) എന്നിവർ പരിപാടിയിൽ സംഗീതമൊരുക്കി.
ശക്തി തിയറ്റഴ്സ് അബുദാബി പ്രസിഡന്റ് കെ. വി. ബഷീർ അധ്യക്ഷനായ ചടങ്ങിൽ കലാവിഭാഗം സെക്രട്ടറി അജിൻ പോത്തേര, ജനറൽ സെക്രട്ടറി എൽ. സിയാദ്, അസി. കലാവിഭാഗം സെക്രട്ടറി സൈനു എന്നിവർ സംസാരിച്ചു.
|
വൈവിധ്യമാർന്ന പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവച്ച് "ചില്ല' സെപ്റ്റംബർ വായന
റിയാദ്: സെപ്റ്റംബർ ലക്കം "ചില്ല' എന്റെ വായനയിൽ വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള നാല് പുസ്തകങ്ങളുടെ അവതരണവും വായനാനുഭവങ്ങളെ ആധാരമാക്കിയുള്ള ചർച്ചയും നടന്നു.
മാർക്സിസത്തിന്റെയും ഫെമിനിസത്തിന്റെയും പ്രാധാന്യത്തെ ചരിത്രപരമായും ദർശനപരമായും സമീപിക്കുന്ന ഡോ. ടി. കെ. ആനന്ദിയുടെ "മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം' എന്ന ലേഖന സമാഹാരത്തിന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ട് വി.കെ. ഷഹീബ പരിപാടിക്ക് തുടക്കം കുറിച്ചു.
ഫെമിനിസത്തെ, മാർക്സിയൻ ദർശനത്തിന്റെ അടിസ്ഥാന ധാരയിലൂടെ അവതരിപ്പിക്കുകയും വിശകലനം ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്ന ടി. കെ. ആനന്ദിയുടെ പുസ്തകം, കേരളത്തെ സാമൂഹിക പരിവർത്തനത്തിന്റെ സമരഭൂമിയാക്കി മാറ്റിയ മാർക്സിസത്തിനും നവോഥാന പ്രസ്ഥാനങ്ങൾ ഉണർവ്വേകിയ സ്ത്രീ വിമോചനമെന്ന ആശയത്തിനുമെതിരേ വിഷലിപ്തമായ വാക്കുകൾ ഉയർന്നു കേൾക്കുന്ന ഈ ഇരുണ്ട കാലത്ത്, ശാസ്ത്രീയ വിചിന്തനങ്ങളുടെ വെട്ടം ഉയർത്തിപ്പിടിക്കുന്നതാണെന്ന് ഷഹീബ പറഞ്ഞു.
പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റ് അന്ന സിവെല്ലിന്റെ "ബ്ലാക്ക് ബ്യൂട്ടി' എന്ന നോവലിന്റെ വായനാനുഭവം ഏറെ തന്മയത്വത്തോടെ സ്കൂൾ വിദ്യാർഥിനിയായ സ്നിഗ്ദ വിപിൻ അവതരിപ്പിച്ചു. ലോകം ഇത്രയൊന്നും ആധുനികമല്ലാതിരുന്ന കാലത്ത് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഗാഢബന്ധത്തെക്കുറിച്ച് പറയുന്ന നോവലാണ് "ബ്ലാക്ക് ബ്യുട്ടി'യെന്ന് സ്നിഗ്ദ സമർഥിച്ചു.
ഏറ്റുമുട്ടൽ കൊലകളുടെ ആശാൻ ആയ ഒരു പോലീസ് ഓഫീസറും അയാൾ കൊന്നു തള്ളിയ നിരപരാധിയായ ഒരു സ്ത്രീയുടെ ആത്മാവും തമ്മിലുള്ള വിചിത്രമായ ബന്ധത്തിലൂടെ സ്നേഹമെന്ന സമസ്യക്ക് പുതിയ വ്യാഖ്യാനങ്ങൾ കണ്ടെത്തുന്ന അജയ് പി. മങ്ങാടിന്റെ ഏറ്റവും പുതിയ നോവൽ "ദേഹം' ത്തിന്റെ വായനാനുഭവം ഷിംന സീനത്ത് പങ്കുവച്ചു. വ്യാജ ഏറ്റുമുട്ടൽ കൊലകൾ ചർച്ചയാവുന്ന കാലത്ത് ഈ നോവലിന്റെ ഉള്ളടക്കത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ഷിംന പറഞ്ഞു.
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ സംഗീതജ്ഞൻ എം. എസ്. ബാബുരാജ് എന്ന കോഴിക്കോട്ടുക്കാരുടെ ബാബുക്കയുടെ ജീവിതരേഖ വരച്ചിട്ട എൻ. പി. ഹാഫിസ് മുഹമ്മദിന്റെ "ഹാർമോണിയം' എന്ന നോവലിന്റെ വായനാനുഭവം വിപിൻ പങ്കുവച്ചു.
എം. എസ്. ബാബുരാജിനെ പോലെയുള്ള മഹാരഥന്മാരുടെ സംഭാവനകൾ പുതിയ തലമുറയ്ക്ക് പകർന്ന് കൊടുക്കാൻ ഉതകുന്ന രീതിയിൽ കോഴിക്കോട് കേന്ദ്രമായി ഒരു മ്യൂസിയം ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും വിപിൻ തന്റെ വായനാനുഭവത്തോടൊപ്പം പങ്കുവച്ചു.
തുടർന്ന് അവതരിപ്പിക്കപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് നടന്ന വിശദമായ ചർച്ചയിൽ സീബ കൂവോട്, സബീന സാലി, ഫൈസൽ കൊണ്ടോട്ടി ജോണി പൈങ്കുളം, ബീന, ജോമോൻ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.
എം. ഫൈസൽ ചർച്ച ഉപസംഹരിച്ച് സംസാരിച്ചു. നാസർ കാരകുന്ന് മോഡറേറ്റർ ആയിരുന്നു.
|
പാർട്ടിക്ക് നേരെയുള്ള ആക്രമണങ്ങളെ മുന്നിൽ നിന്ന് പ്രതിരോധിച്ച നേതാവായിരുന്നു കോടിയേരി: ഖസീം പ്രവാസി സംഘം
ബുറൈദ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷികദിനം ഖസീം പ്രവാസി സംഘം ആചരിച്ചു. ബുറൈദയിലെ കേന്ദ്രകമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ പരിപാടിയിൽ മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു.
സെൻട്രൽ ഏരിയ കമ്മറ്റി അംഗം മുത്തു കോഴിക്കോട് കോടിയേരിയെ അനുസ്മരിച്ചുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. പ്രസ്ഥാനം നിരന്തരമായ വേട്ടയ്ക്കു വിധേയമായ സമയത്തെല്ലാം മുന്നിൽ നിന്ന് പ്രതിരോധിച്ചവരിലൊരാളായിരുന്നു കോടിയേരി.
പാർട്ടി ശത്രുക്കളോട് കർക്കശമായ നിലപാട് സ്വീകരിക്കുമ്പോൾ തന്നെ പൊതുവായ കാര്യങ്ങളിൽ എല്ലാവരെയും ചേർത്ത് പിടിച്ച് സംയമനത്തോടെയും സൗമനസ്യത്തോടെയും ഇടപെടുന്ന ശീലം എന്നും മുറുകെപ്പിടിച്ച നേതാവായിരുന്നു കോടിയേരിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര കമ്മിറ്റി അംഗം സുരേഷ്ബാബു മാനന്തവാടി അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. പ്രസിഡന്റ് നിഷാദ് പാലക്കാട്, കേന്ദ്ര കമ്മിറ്റി അംഗം ദിനേശ് മണ്ണാർക്കാട്, വിവിധ ഏരിയ യൂണിറ്റ് ഭാരവാഹികൾ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും കേന്ദ്ര കമ്മറ്റി അംഗം മനാഫ് ചെറുവട്ടൂർ നന്ദിയും പറഞ്ഞു.
|
കേളി ഫുട്ബോൾ: സെമി ഫൈനൽ മത്സരങ്ങൾ അടുത്താഴ്ച
റിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് "മിന കേളി സോക്കർ 2024' ഫുട്ബോൾ ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങൾ അടുത്താഴ്ച നടക്കും.
കഴിഞ്ഞദിവസം നടന്ന വാശിയേറിയ ക്വാട്ടർ ഫൈനൽ മത്സരത്തിൽ യൂത്ത് ഇന്ത്യ എഫ്സി, ലാന്റേൺ എഫ്സി, റിയൽ കേരള എഫ്സി, അൽഖർജ് നൈറ്റ് റൈഡേഴ്സ് എന്നിവർ സെമിഫൈനലിൽ കടന്നു.
ക്വാട്ടർ ഫൈനലിലെ ആദ്യ മത്സരത്തിൽ ഫ്യൂച്ചർ മൊബൈലിറ്റി യൂത്ത് ഇന്ത്യ എഫ്സിയും ഫെഡ് ഫൈറ്റർസ് റിയാദും തമ്മിൽ മാറ്റുരച്ചു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് യൂത്ത് ഇന്ത്യ വിജയിച്ചു.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം പകുതിയുടെ പത്താം മിനിറ്റിൽ യൂത്ത് ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിയിലൂടെ അഖിൽ ടീമിനെ മുന്നിലെത്തിച്ചു.
നുഫൈൽ നേടിയ മനോഹരമായ ഗോളിലൂടെ യൂത്ത് ഇന്ത്യ സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചു. മികച്ച അവസരങ്ങൾ ഒരുക്കി നൽകിയും അച്ചടക്കത്തോടെയുള്ള കളിയും പരിഗണിച്ച് യൂത്ത് ഇന്ത്യൻ താരം ഷാമിൽ സലാമിനെ നല്ല കളിക്കാരനായി തെരഞ്ഞെടുത്തു.
വിർച്വൽ സൊലൂഷ്യൻ ലോജിസ്റ്റിക് സുലൈ എഫ്സി അൽ ഹവാസിം സ്വീറ്റ്സ് ലാന്റേൺ എഫ്സിയും തമ്മിൽ മാറ്റുരച്ച രണ്ടാമത്തെ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ രണ്ടിനെതിരേ മൂന്ന് ഗോളുകൾ നേടി ലാന്റേൺ എഫ്സി സെമിയിൽ കടന്നു. കളിയിലെ കേമനായി ലാന്റേൺ എഫ്സി താരം ആദിലിനെ തെരഞ്ഞെടുത്തു.
കാന്റിൽ നൈറ്റ് ട്രെയ്ഡേഴ്സിംഗ് കമ്പനി റിയൽ കേരള എഫ്സിയും റെഡ്സ്റ്റാറും എഫ്സിയും തമ്മിലുള്ള മൂന്നാമത്തെ മത്സരത്തിൽ ഒരു ഗോളിന് റിയൽ കേരള എഫ് സി വിജയിച്ചു.
കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കിയിരിക്കെയാണ് റിയൽ കേരളയുടെ നജീബ് മനോഹരമായ ഗോൾ നേടിയത്. മികച്ച കളിക്കാരനായി തെരഞ്ഞെടുത്തതും നജീബിനെയായിരുന്നു.
അൽഖർജ് നൈറ്റ് റൈഡേഴ്സ് റിയാദ് ബ്ലാസ്റ്റേഴ്സും ഡബ്ല്യുഎംഎഫ് അൽഖർജും തമ്മിൽ മാറ്റുരച്ച നാലാമത്തെ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് അൽഖർജ് നൈറ്റ് റൈഡേഴ്സ് വിജയം കരസസ്ഥമാക്കി.
നൈറ്റ് റൈഡേഴ്സിനുവേണ്ടി മൂന്നാം നമ്പർ താരം ഷിബിനും അഞ്ചാം നമ്പർ താരം റാഷീക്കും ഒരോ ഗോൾ വീതം നേടി. അൽഖർജ് നൈറ്റ് റൈഡേഴ്സ് താരം റാഫിയെയാണ് മികച്ച കളിക്കാരനായി തെരഞ്ഞെടുത്തത്.
സെമി ഫൈനൽ മത്സരങ്ങൾ ഒക്ടോബർ പത്തിന് നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ യൂത്ത് ഇന്ത്യ എഫ്സി ലാന്റേൺ എഫ്സിയേയും റിയൽ കേരള എഫ്സി അൽഖർജ് നൈറ്റ് റൈഡേഴ്സിനെയും നേരിടും.
|
കൊല്ലം പ്രവാസി അസോസിയേഷൻ ചികിത്സാധനസഹായം കൈമാറി
റിഫ: അർബുദരോഗ ചികിത്സയിൽ കഴിയുന്ന കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ മെമ്പറും കൊല്ലം അഞ്ചൽ സ്വദേശിയായ അനീഷ് കുമാറിന്റെ തുടർചികിത്സയ്ക്കായി സമാഹരിച്ച ചികിത്സാധനസഹായം കൈമാറി.
കെപിഎ റിഫ ഏരിയ അംഗങ്ങളിൽ നിന്നും സമാഹരിച്ച സഹായവും കെപിഎ ചാരിറ്റി ധനസഹായവും ചേർത്ത് കൈമാറിയ രേഖ കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ, ചാരിറ്റി കൺവീനർ സജീവ് ആയൂരിനു നൽകി.
സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, അനിൽകുമാർ, കോയിവിള മുഹമ്മദ്, റിഫ ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ്കുമാർ, സാജൻ നായർ, ജമാൽ കോയിവിള, ഏരിയ കോഓർഡിനേറ്റർ ഷിബു സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
|
രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ
സൽമാബാദ്: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ചു കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ വച്ച് സംഘടിപ്പിച്ച സ്നേഹസ്പർശം 14ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
70ൽ പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു. സൽമാബാദ് ഏരിയ പ്രസിഡന്റ് തുളസി രാമൻ അധ്യക്ഷനായ ചടങ്ങിൽ ഏരിയ സെക്രട്ടറി യു.എസ്. അനൂപ് സ്വാഗതവും ഏരിയ ട്രഷറർ അബ്ദുൾ സലീം നന്ദിയും പറഞ്ഞു.
വിശിഷ്ടാഥിതികളായ ബഹറിൻ ശൂരനാട് കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ, ഡോ. ആശ ശ്രീകുമാർ, സെക്രെട്ടറിയറ്റ് കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, കോയിവിള മുഹമ്മദ്, മനോജ് ജമാൽ, സ്നേഹസ്പർശം കൺവീനർ വി. എം. പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ചു.
ഏരിയ കോഓർഡിനേറ്റർമാരായ ലിനീഷ് പി. ആചാരി, ജോസ് മങ്ങാട്, ഏരിയ കമ്മിറ്റി അംഗങ്ങളായ അരുൺ ബി. പിള്ള, തസീബ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ കെപിഎ സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങൾ പങ്കെടുത്തു.
|
ഇന്ത്യ സോഷ്യല് സെന്റര് ഓണാഘോഷം: മെഗാ മ്യൂസിക്കല് ആൻഡ് കോമഡി ഷോ വെള്ളിയാഴ്ച
അബുദാബി: ഇന്ത്യ സോഷ്യല് ആൻഡ് കള്ച്ചറല് സെന്റര് പൊന്നോണം2024 വെള്ളിയാഴ്ച രാത്രി എട്ടിന് നടക്കുമെന്ന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് അറിയിച്ചു. ഐഎസ്സി റൂഫ് ടോപ്പിലാണ് മെഗാ മ്യൂസിക്കല് ആൻഡ് കോമഡി ഷോ അരങ്ങേറുക.
സംഗീത സംവിധായകന് ഗോപി സുന്ദര്, ഗായകന് അഫ്സല് ഇസ്മായില്, അഖില ആനന്ദ്, പ്രണവം ശശി, കബീര്, ഫര്ഹാന് നവാസ്, ശ്രീജിത്ത് പെരുമന തുടങ്ങിയവര് ഷോ നയിക്കും. വിവിധ പരിപാടികള് സംഘടിപ്പിച്ചാണ് ഈ വര്ഷത്തെ ഓണം ഐഎസ്സി ആഘോഷിക്കുന്നത്.
പരിപാടിയുടെ ടിക്കറ്റിനും കൂടുതല് വിവരങ്ങള്ക്കും 026730066 നമ്പരില് ബന്ധപ്പെടണം. വാര്ത്താ സമ്മേളനത്തില് ഐഎസ്സി പ്രസിഡന്റ് എം. ജയറാം റായ്, ജനറല് സെക്രട്ടറി രാജേഷ് ശ്രീധരന്, എന്റര്ടൈന്മെന്റ് സെക്രട്ടറി അരുണ് ആന്ഡ്രു വര്ഗീസ്, ട്രഷറര് ദിനേഷ് പൊതുവാള് എന്നിവര് പങ്കെടുത്തു.
|
യാത്രക്കാരുടെ അവകാശങ്ങൾ ലംഘിച്ചു; വിമാനക്കമ്പനികൾക്ക് 19.45 കോടി രൂപ പിഴ
റിയാദ്: യാത്രക്കാരുടെ അവകാശങ്ങൾ ലംഘിച്ചതിന് വിവിധ വിമാന കമ്പനികൾക്ക് സൗദി സിവിൽ എവിയേഷൻ ജനറൽ അഥോറിറ്റി പിഴ ചുമത്തി. സിവിൽ എവിയേഷൻ നിയമം, എക്സിക്യൂട്ടീവ് ചട്ടങ്ങൾ, അഥോറിറ്റിയുടെ നിർദേശങ്ങൾ എന്നിവ ലംഘിച്ച കമ്പനികൾക്കും വ്യക്തികൾക്കുമെതിരേ 19.45 കോടി രൂപയുടെ പിഴയാണ് ചുമത്തിയത്.
ഈ വർഷം മൂന്നാം പാദത്തിലെ കണക്കാണ് അഥോറിറ്റി പുറത്തുവിട്ടത്. ആകെ 197 നിയമലംഘനങ്ങളിലാണ് നടപടി. സിവിൽ ഏവിയേഷൻ അഥോറിറ്റിയിൽനിന്ന് പെർമിറ്റ് ലഭിക്കാതെ ഡ്രോണുകൾ ഉപയോഗിച്ച നാല് വ്യക്തികൾക്ക് 5,58,928 രൂപയുടെ പിഴ വിധിച്ചു.
|
വിമാനടിക്കറ്റ് നിരക്കിന്റെ പേരില് പ്രവാസികള് വേട്ടയാടപ്പെടുന്നു: മുനവ്വറലി തങ്ങള്
അബുദാബി: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഉലയാതെ പിടിച്ചുനിര്ത്തുന്നതില് മുഖ്യപങ്ക് വഹിക്കുന്ന പ്രവാസി സമൂഹം വിമാനടിക്കറ്റ് നിരക്കിന്റെ പേരില് വേട്ടയാടപ്പെടുന്നത് നീതീകരിക്കാനാവുന്നതല്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്.
"ഡയസ്പോറ സമ്മിറ്റ് ഇന് ഡല്ഹി'യുടെ പ്രഖ്യാപന പ്രചാരണ കണ്വെന്ഷന് അബുദാബിയില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുനവ്വറലി തങ്ങള്.
ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശമായ വോട്ടവകാശം പ്രവാസി ആയതുകൊണ്ടുമാത്രം നിഷേധിക്കപ്പെടുന്നത് ശരിയല്ലെന്നും ഈ പോരാട്ടത്തില് പ്രവാസികള് ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മുനവ്വറലി തങ്ങള് പറഞ്ഞു.
അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല് അധ്യക്ഷത വഹിച്ചു. ഡിസംബര് അഞ്ചിന് ഡല്ഹിയില് നടക്കുന്ന ഡയസ്പോറ സമ്മിറ്റിന്റെ പ്രചാരണ പോസ്റ്റര് പ്രകാശനം മുനവ്വറലി തങ്ങളും കോവളം എംഎല്എ എം. വിന്സന്റും ചേര്ന്ന് നിര്വഹിച്ചു.
പ്രവാസി വിമാനയാത്ര നിരക്ക്, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങള് ഉയര്ത്തി ഡിസംബര് അഞ്ചിന് വൈകുന്നേരം ആറിന് ഡല്ഹി കോണ്സ്റ്റിറ്റ്യുഷന് ക്ലബ് ഹാളില് സംഘടിപ്പിക്കുന്ന ഡയസ്പോറ സമ്മിറ്റില് എംപിമാരും മന്ത്രിമാരും പങ്കെടുക്കും.
അബുദാബി ഡല്ഹി കെഎംസിസികളുടെ നേതൃത്വത്തില് യുഎഇയിലെ മുപ്പതിലധികം പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സമ്മിറ്റ് നടക്കുന്നത്. നേരത്തെ നടത്താനുദ്ദേശിച്ചിരുന്ന പരിപാടി വയനാട് ദുരന്ത പശ്ചാത്തലത്തില് ഡിസംബറിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
പ്രഖ്യാപന പ്രചാരണ കണ്വെന്ഷനില് എം.വിന്സെന്റ് മുഖ്യപ്രഭാഷണം നിര്വഹിച്ചു. ഇന്ത്യന് ഇസ്ലാമിക് സെന്റര് വൈസ് പ്രസിഡന്റ് വി.പി.കെ അബ്ദുല്ല, ഇന്കാസ് സെന്ട്രല് കമ്മിറ്റി വര്ക്കിംഗ് പ്രസിഡന്റ് ബി.യേശുശീലന്, സലീം ചിറക്കല് എന്നിവർ സംസാരിച്ചു.
അബുദാബി കെഎംസിസി ജനറല് സെക്രട്ടറി സി.എച്ച്. യൂസുഫ് സ്വാഗതവും സെക്രട്ടറി ടി.കെ. സലാം നന്ദിയും പറഞ്ഞു.
|
കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കേളി
റിയാദ്: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം അനുസ്മരണ വാർഷികം കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൻ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സീബാ കൂവോട് സ്വാഗതം പറഞ്ഞു.
വർഗീയ രാഷ്ട്രീയം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ അതിനെതിരേ ശക്തവും ഫലപ്രദവുമായ പ്രതിരോധമുയർത്തിയ നേതാവും തലശേരി കലാപകാലത്ത് മതസൗഹാർദ്ദം കാത്തു സൂക്ഷിക്കാൻ സ്വജീവൻ വകവയ്ക്കാതെ മുന്നിട്ടിറങ്ങിയ കമ്യൂണിസ്റ്റുകാരിൽ ഒരാളായിരുന്നു കോടിയേരിയെന്ന് അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് കെ.പി.എം. സാദിഖ് അഭിപ്രായപെട്ടു.
കേരള പോലീസ് സേനയെ ഇന്ത്യയിലെ മികച്ച സേനയാക്കി മറ്റുന്നതിലും അവരുടെ അവകാശങ്ങൾ നേടികൊടുക്കുന്നതിന്നും കോടിയേരി വഹിച്ച പങ്ക് വളരെ വലുതാണെന്ന് അനുസ്മരണ കുറിപ്പിൽ അഭിപ്രായപെട്ടു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ഗീവർഗീസ് ഇടിച്ചാണ്ടി, പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, കേളി കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു.
|
തൃശൂർ സ്വദേശി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: തൃശൂർ തിരുമുക്കുളം സ്വദേശി ഷാജി ദേവസി(സജി 55) റിയാദിൽ കുഴഞ്ഞുവീണു മരിച്ചു. പരേതരായ ചാമക്കാടൻ ചക്കപ്പൻ ദേവസി സാറാമ്മ ദമ്പതികളുടെ മകനാണ്.
അൽഹദ കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാരനായ സജി കിംഗ് ഫൈസൽ ആശുപത്രിയിൽ അറ്റകുറ്റ പണികൾക്കായി രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 27 വർഷമായി അൽഹദ കോൺട്രാക്ടിംഗ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ ബെറ്റി. മക്കൾ: റോമോൾ, റിയ. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളുമായി കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
|
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഓണാഘോഷം വെള്ളിയാഴ്ച
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന ഓണാഘോഷം വെള്ളിയാഴ്ച നടക്കും. റൂവിയിലെ അൽ ഫലാജ് ഹോട്ടലിൽ വച്ച് വൈകുന്നരം അഞ്ച് മുതലാണ് ആഘോഷ പരിപാടികൾ ആരംഭിക്കുക.
പ്രമുഖ സാക്സോഫോൺ ഫ്ലൂട്ട് വാദകൻ ജയൻ ഈയ്യക്കാട്, പിന്നണി ഗായകൻ ലജീഷ് ലക്ഷ്മണൻ, ഖത്തറിലെ പ്രശസ്ത ഗായിക ശിവപ്രിയ സുരേഷ് എന്നിവർ അവതരിപ്പിക്കുന്ന സംഗീതനിശയാണ് പരിപാടിയുടെ പ്രധാന ആകർഷണം.
കേരള വിഭാഗം കലാകാരൻമാർ അവതരിപ്പിക്കുന്ന നൃത്തശിൽപ്പങ്ങൾ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. കൂടാതെ തിച്ചുർ സുരേന്ദ്രന്റെ നേതൃത്വത്തിൽ മസ്കറ്റ് പഞ്ചവാദ്യ സംഘം അവതരിപ്പിക്കുന്ന പഞ്ചവാദ്യവും ഓണാഘോഷങ്ങൾക്ക് മിഴിവേകും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണസദ്യ ഒഴിവാക്കിക്കൊണ്ടാണ് ഇത്തവണ കേരളവിഭാഗം ആഘോഷം സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്ക് ഒമാനിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായും പ്രവേശനം സൗജന്യമായിരിക്കുമെന്നും കേരള വിഭാഗം വാർത്താക്കുറിപ്പിൽ അറിയിച്ചു.
|
പ്രവാസികൾക്കായി കെഎസ്എഫ്ഇ നിക്ഷേപ പദ്ധതി ആരംഭിച്ചു
റിയാദ്: പ്രവാസികൾക്കായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന പുതിയ നിക്ഷേപ പദ്ധതിയായ കെഎസ്എഫ്ഇ ഡ്യുവോയുടെ ഗ്ലോബൽ ലോഞ്ചിംഗ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
റിയാദിലെ ഹോട്ടൽ ഹോളിഡേ ഇൻ അൽ ക്വൈസറിൽ നടത്തിയ യോഗത്തിൽ കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ, കെഎസ്എഫ്ഇ ഡയറക്ടർ എം.സി. രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.
കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയുമായി ബന്ധപ്പെടുത്തി പൂർണമായും ഓൺലൈനിൽ ഇടപാടുകൾ നടത്താൻ കഴിയുന്ന തരത്തിലാണ് പദ്ധതി പ്രാവർത്തികമാക്കിയത്.
|
വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രൊവിൻസ് ഓണഘോഷം സംഘടിപ്പിച്ചു
അജ്മാൻ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അജ്മാൻ പ്രൊവിൻസ് ഓണഘോഷം തുംബൈ മെഡിസിറ്റി കാമ്പസിൽ പ്രശസ്ത എമിറാത്തി ആർട്ടിസ്റ്റ് അഹമ്മദ് അൽ റുക്നി ഉദ്ഘാടനം ചെയ്തു.
മലയാളികളുടെ മഹോത്സവമായ ഓണം സമൂഹത്തിൽ സ്നേഹവും സൗഹൃദവും സംസ്കാരവും സംയോജിപ്പിക്കുന്ന ഉത്സവമാണെന്നും ഓണത്തെ വരവേൽക്കുന്നത് സാമൂഹ്യ സൗഹൃദത്തിന്റെ അടയാളമാണെന്നും അഹമ്മദ് അൽ റുക്നി പറഞ്ഞു.
ഡബ്ല്യുഎംസി അജ്മാൻ പ്രൊവിൻസ് പ്രസിഡന്റ് ഡയസ് ഇടിക്കുള അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് റീജിയൺ ഗുഡ്വിൽ അംബാസിഡർ എൻ. എം. പണിക്കർ, ഷൈൻ ചന്ദ്രസേനൻ (ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡന്റ്), ഡോ. ജെറോ വർഗീസ് (ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് റീജിയൺ സെക്രട്ടറി),
തോമസ് ഉമ്മൻ (ഡബ്ല്യുഎംസി അജ്മാൻ പ്രൊവിൻസ് ചെയർമാൻ), ബാവ റേച്ചൽ (ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് റീജിയൺ വനിതാ ഫോറം പ്രസിഡന്റ്), എബി ജേക്കബ് (ഡബ്ല്യുഎംസി അജ്മാൻ യൂത്ത് ഫോറം പ്രസിഡന്റ്), ബെറ്റി ജെയിംസ് (ഡബ്ല്യുഎംസി വനിതാ ഫോറം പ്രസിഡന്റ്), കൾച്ചറൽ ഫോറം കൺവീനർ ബിജോ കളീക്കൽ, പ്രോഗ്രാം കൺവീനർ കെനി ഡിസിൽവ എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി സ്വപ്ന ഡേവിഡ് സ്വാഗതവും ട്രഷറർ ജെയിംസ് മാത്യു നന്ദിയും പറഞ്ഞു. ഡബ്ല്യുഎംസി ഗ്ലോബൽ, മിഡിൽ ഈസ്റ്റ് റീജിയൺ ഭാരവാഹികളെയും ഗ്ലോബൽ കോൺഫറൻസിൽ സുവനീർ കവർ ഡിസൈനിംഗിൽ സമ്മാനർഹയായ ബാവ റേച്ചലിനെയും ചടങ്ങിൽ ആദരിച്ചു.
10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് മെറിറ്റ് അവാർഡുകൾ നൽകി. ഡബ്ല്യുഎംസി കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും ഘോഷയാത്രയും ഓണസദ്യയും ചടങ്ങിനോടനുബന്ധിച്ചു നടന്നു.
വീഡീയോ ലിങ്ക്: https://fb.watch/uZU0b2I0G_/.
|
കൈരളി ദിബ്ബ യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ യൂണിറ്റും ദിബ്ബ ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദിബ്ബ ലുലു ഹൈപ്പർ മാർക്കറ്റിൽ വച്ച് വർണാഭമായി നടന്ന ഓണാഘോഷത്തിൽ ഫുജൈറയിലെ പ്രമുഖ പത്ത് ടീമുകൾ പങ്കെടുത്ത പൂക്കള മത്സരം നടന്നു.
മത്സരത്തിൽ ടീം വിഷ്ണു വസന്തം ഒന്നാം സ്ഥാനവും ടീം ഡിഎം ബോയ്സ് രണ്ടാം സ്ഥാനവും ടീം അൽ മൗജു ഒപ്റ്റിക്കൽസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക് ലുലു ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത കാഷ് പ്രൈസും അൽ ബദർ കാർഗോ സ്പോൺസർ ചെയ്ത ട്രോഫിയും കൈമാറി.
തുടർന്ന് ദിബ്ബ ഡാൻസ് കമ്പനി, കൈരളി കലാകാരികൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ ഡസ്ലിഗ് സ്റ്റാർ ദുബായി അവതരിപ്പിച്ച ഗാനമേളയോടെ മെഗാ ഷോയും അരങ്ങേറി. ഫുജൈറ ടീം കൈരളി അവതരിപ്പിച്ച കോൽക്കളി കാണികളെ ആവേശം കൊള്ളിച്ചു.
ഓണാഘോഷം കൈരളി രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ സൈമൺ സാമൂവേൽ ഉജ്ഘാടനം ചെയ്തു. ദിബ്ബ ലുലു ജനറൽ മാനേജർ രതീഷ് ശങ്കർ, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവൻ എന്നിവർ ആശംസ അറിയിച്ചു.
സെൻട്രൽ വൈസ് പ്രസിഡന്റ് ഷജ്റത്ത് ഹർഷൽ, മുൻ സെൻട്രൽ സെക്രട്ട്രി അബ്ദുൽ കാദർ എടയൂർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. യൂണിറ്റ് മുൻ സെക്രട്ട്രി അബ്ദുള്ള അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി റാഷിദ് കല്ലുമ്പുറം സ്വാഗതാവും ട്രഷറർ യദു കൃഷ്ണൻ നന്ദിയും അറിയിച്ചു.
കലാ പരിപാടികൾക്കും പൂക്കള മത്സരത്തിനും ഭാരവാഹികളായ അൻവർഷാ, സുനിൽ ദത്ത്, ഷൗകത്ത്, ശശീന്ദ്രൻ, സുബൈർ കെ. അഹമ്മദ് അഷ്റഫ്, ശ്രീജിത്ത്, ദീപക്, സക്കീർ, നിഷ യദു, ഹരീഷ് എന്നിവർ നേതൃത്വം നൽകി.
|
മാർ തേവോദോസിയോസ് ജന്മശതാബ്ദി പ്രസംഗ മത്സരം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: മലങ്കരസഭയുടെ കോൽക്കത്ത ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായിരുന്ന ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കുവൈറ്റ് സോണിലെ ഓർത്തഡോക്സ് ദേവാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രസംഗമത്സരം സംഘടിപ്പിച്ചു.
മാർ തേവോദോസിയോസിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ നേതൃത്വത്തിൽ നാലിന് വൈകുന്നേരം നാഷണൽ ഇവഞ്ചലിക്കൽ ദേവാലയത്തിലെ കെടിഎംഎംസിസി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക വികാരി റവ.ഫാ. ഡോ. ബിജു പാറയ്ക്കൽ നിർവഹിച്ചു.
ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ സ്വാഗതവും സെക്രട്ടറി ബിനു ബെന്ന്യാം നന്ദിയും അർപ്പിച്ചു. മഹാ ഇടവക സഹവികാരി റവ. ഫാ. മാത്യു തോമസ്, ജെയിംസ് ജോർജ് എന്നിവർ പ്രസംഗിച്ചു. മത്സര ക്രമീകരണങ്ങൾക്ക് കൺവീനർ ജോജി പി. ജോൺ, ജോയിന്റ് കൺവീനേർസ് ബ്ലസൻ സ്ക്കറിയ, ടോണി ജോസഫ് എന്നിവർ നേതൃത്വം നൽകി.
ജൂനിയർ വിഭാഗത്തിൽ ലയ ബിനു (മഹാ ഇടവക) ഒന്നാം സ്ഥാനവും എഡ്നാ ആൻ ബിജു (മഹാ ഇടവക) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ റെബേക്കാ എലിസബത്ത് ജെയിംസ് (മഹാ ഇടവക) ഒന്നാം സ്ഥാനവും അജോയ് ജേക്കബ് ജോർജ് (സെന്റ് സ്റ്റീഫൻസ് ഇടവക) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഫാ. ഡോ. ബിജു പാറയ്ക്കൽ, ഫാ. മാത്യു തോമസ്, ജെയിംസ് ജോർജ് എന്നിവർ വിധികർത്താക്കളായിരുന്നു.
|
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നടന്നു
ദുബായി: സിഎസ്ഐ പാരീഷ് (മലയാളം) ദുബായി ഇടവകയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ. മലയിൽ സാബു കോശി ചെറിയാൻ (ബിഷപ്, സിഎസ്ഐ മധ്യകേരള മഹായിടവക) നിർവഹിച്ചു.
സുവർണ ജൂബിലി വർഷം കരുതലിന്റെയും പങ്കുവയ്ക്കലിന്റെയും നന്ദി അറിയിക്കുന്നതിന്റെയും സമയമാണെന്ന് ബിഷപ് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ദുബായി ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ മുഖ്യാതിഥിയായിരുന്നു.
സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും പ്രതിരൂപമാണ് യുഎഇയെന്ന് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. സിഎസ്ഐ പാരീഷ് (മലയാളം) ദുബായി ഇടവക വികാരി റവ. രാജു ജേക്കബ് അധ്യക്ഷത വഹിച്ചു.
റവ. ജിജി ജോൺ ജേക്കബ് (സിഎസ്ഐ മധ്യകേരള മഹായിടവക ട്രഷറർ) എല്ലാ മുൻ വികാരിമാരുടെയും സിഎസ്ഐ മദ്ധ്യകേരള മഹായിടവകയുടെയും ആശംസകൾ അറിയിച്ചു. ജൂബിലി കൺവീനർ ജോൺ കുര്യൻ സ്വാഗത പ്രസംഗം നടത്തി.
മാത്യു വർഗീസ് കഴിഞ്ഞ 49 വർഷത്തെ ഇടവകയുടെ ചരിത്രം പങ്കുവച്ചു. റവ. ലിനു ജോർജ് (ദുബായി ട്രിനിറ്റി മാർത്തോമ്മാ ചർച്ച്), റവ. അജു ഏബ്രഹാം (സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, ദുബായി), റവ. ബ്രൈറ്റ് ബി മോഹൻ (സിഎസ്ഐ എസ്കെഡി ദുബായി), റവ. എൽദോ പോൾ (ഇവാഞ്ചലിക്കൽ ചർച്ച് ദുബായി),
ഫാ. വർഗീസ് കോഴിപ്പാടൻ (സെന്റ് മേരീസ് കാത്തലിക് ചർച്ച്, ദുബായി), റവ. ബിജു കുഞ്ഞുമ്മൻ (സിഎസ്ഐ ചർച്ച് മലയാളം, അബുദാബി), റവ. ചാൾസ് എം. ജെറിൽ (സിഎസ്ഐ ഓൾ സെയിന്റ്സ് ചർച്ച് ജബൽ അലി) എന്നിവർ ഇടവകയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തു. ഇടവകയുടെ സ്ഥാപക അംഗങ്ങളെയും മുതിർന്ന അംഗങ്ങളെയും ബിഷപ് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.
ലിബിനി ഈസൺ ജോർജ്ജ് ഇടവകയുടെ ആശംസയും എ.പി. ജോൺ നന്ദിയും രേഖപ്പെടുത്തി. ജൂബിലിയുടെ ലോഗോ പ്രകാശനവും അതോടൊപ്പം സംഘടനകളുടെ വിവിധ പരിപാടികളും അവതരിപ്പിച്ചു. ഇടവകാംഗങ്ങളും യുഎഇയിലെ മറ്റു ക്രിസ്തീയ വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുത്തു.
|
റിയാദിൽ അന്തരിച്ച കേളി പ്രവർത്തകന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം അന്തരിച്ച കേളി റോധ ഏരിയ ബഗ്ലഫ് യൂണിറ്റ് അംഗമായ വിജയകുമാറിന്റെ(58) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. റിയാദിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
തിരുവന്തപുരം വഞ്ചിയൂർ(ആറ്റിങ്ങൽ) കട്ടപ്പറമ്പ് സ്വദേശിയാണ് വിജയകുമാർ. ജോലി കഴിഞ്ഞ് റൂമിൽ വിശ്രമിക്കവേ രാത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് എക്സിറ്റ് 9ലെ ആസ്ട്ര സനദ് ആശുപത്രിയിൽ എത്തിക്കുകയും അവിടെ വച്ച് മരണപ്പെടുകയുമായിരുന്നു.
കേളി ജീവകാരുണ്യ വിഭാഗവും കമ്പനി അധികൃതരും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. തിങ്കളാഴ്ച രാത്രി നാട്ടിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭാര്യ: ഷീല (അമൽ ഹോസ്പിറ്റൽ ആറ്റിങ്ങൽ). മക്കൾ വിഷ്ണു മാളവിക.
|
വീസ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണം: നോർക്ക
തിരുവനന്തപുരം: വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. സന്ദർശക വീസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്നു തിരിച്ചറിയണം.
സന്ദർശക വിസയെന്നതു രാജ്യം സന്ദർശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. അതു ജോലിക്കായുള്ള അനുമതിയല്ലെന്ന തിരിച്ചറിവു വേണം. ഇങ്ങനെയുള്ള വാഗ്ദാനം വിശ്വസിച്ച് വിദേശരാജ്യത്തേക്കു പോയാൽ അതു നിയമപ്രശ്നങ്ങൾക്ക് ഇടയാക്കുകയും പിടിക്കപ്പെട്ടാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിയും വരാം. ഇന്ത്യയിലേക്ക് തിരിച്ചു വരാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്.
പലപ്പോഴും ഏജൻസി വാഗ്ദാനം ചെയ്ത ജോലി ആവില്ല അവിടെ ചെല്ലുന്പോൾ ലഭിക്കുന്നതും. കൃത്യമായ ശന്പളമോ ആഹാരമോ താമസ സൗകര്യമോ തൊഴിൽ നിയമങ്ങളുടെ പരിരക്ഷയോ ലഭിക്കില്ല. ഇത്തരത്തിൽ പോയ പലരും തിരിച്ചു വരുന്നില്ല. അവരുടെ സ്ഥിതി എന്താണെന്നു പോലും അറിയാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. ഇങ്ങനെയുള്ളവരെ പിന്നീട് ബന്ധപ്പെടാൻ കഴിയാറില്ലെന്നതും ആശങ്കപ്പെടുത്തുന്നതാണ്.
ഇന്ത്യയിൽനിന്നും സന്ദർശക വിസയിൽ ഏജൻസികളുടെ തെറ്റായ വാഗ്ദാനങ്ങൾ വിശ്വസിച്ചു മലേഷ്യ, കംബോഡിയ, തായ്ലൻഡ്, മ്യാൻമാർ, ലാവോസ്, വിയറ്റ്നാം തുടങ്ങിയ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോയ നിരവധി പേർ തട്ടിപ്പിനിരയായതായി വിവരം പുറത്തുവന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള, ലൈസൻസ് ഉള്ള റിക്രൂട്ട്മെന്റ് ഏജൻസികൾ മുഖേന മാത്രമേ ജോലിക്കായി രാജ്യത്തിനു പുറത്തേക്കു പോകുന്നുള്ളെന്ന് തൊഴിൽ അന്വേഷകർ ഉറപ്പുവരുത്തണം.
തൊഴിൽ വീസയുടെ ആധികാരികത, തൊഴിൽ നൽകുന്ന കന്പനിയുടെ വിവരങ്ങൾ, റിക്രൂട്ട്മെന്റ് ഏജൻസിയുടെ പ്രവർത്തന മികവ്, മുന്പു തൊഴിൽ ലഭിച്ചവരുടെ അഭിപ്രായം എന്നിവ തൊഴിൽ അന്വേഷകർ കൃത്യമായി മനസിലാക്കണം.
റിക്രൂട്ട്മെന്റ് ഏജൻസിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതാണോയെന്ന് ഇ മൈഗ്രേറ്റ് പോർട്ടൽ മുഖേന തൊഴിൽ അന്വേഷകർക്ക് എളുപ്പത്തിൽ പരിശോധിക്കാവുന്നതാണെന്നും ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
|
മദീന റോസ്റ്ററി ഫഹാഹീൽ ഗ്രാൻഡ് ഹൈപെറിൽ പ്രവർത്തനമാരംഭിച്ചു
കുവൈറ്റ് സിറ്റി: ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന റോസ്റ്ററി ഗ്രൂപ്പിന്റെ ശാഖയായ മദീന റോസ്റ്ററി കുവൈറ്റിലെ ഫഹാഹീൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിലെ ഗ്രൗണ്ട്ഫ്ലോറിൽ പ്രവർത്തനമാരംഭിച്ചു.
പലതരം റോസ്റ്ററി ഉത്പന്നങ്ങൾ, ഗുണമേന്മയുള്ള ഈത്തപ്പഴങ്ങൾ, ഡ്രൈ ഫ്രൂട്സുകൾ, ചോക്ലേറ്റുകൾ എന്നിവയും അറബ് ആഫ്രിക്കൻ ചികിത്സയിലും കേരളിയ ആയുർവേദത്തിലും പ്രധാനമായും ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളും ഔഷധകൂട്ടുകളും പൊടിച്ചും അല്ലാതെയും മദീന റോസ്റ്ററിയിൽ ലഭ്യമായിരിക്കും.
|
ജേക്കബ് കെ. ചാക്കോയ്ക്ക് യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി: കോന്നി നിവാസി സംഗമത്തിന്റെ സജീവ പ്രവർത്തകനായ കോന്നി വെള്ളപ്പാറ സ്വദേശി ജേക്കബ് കെ. ചാക്കോയ്ക്ക് യാത്രയയപ്പ് നൽകി.
27 വർഷത്തെ കുവൈറ്റിലെ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹം സംഘടനയ്ക്ക് നൽകിയ എല്ലാവിധ സഹായ സഹകരണങ്ങൾക്കും നന്ദി രേഖപ്പെടുത്തികൊണ്ട് മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.
കോന്നി നിവാസി സംഗമം പ്രസിഡന്റ് ജോൺ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സജീവ് സ്വാഗതം പറഞ്ഞു. തോമസ് ജോൺ ആശംസയർപ്പിച്ചു. ബിജിമോൻ, അനിൽകുമാർ, ജിജി മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
|
വയനാട് പുനഃരധിവാസം: ബിരിയാണി ചലഞ്ചുമായി കേളി ഉമ്മുൽ ഹമാം ഏരിയ
റിയാദ്: വയനാട് ഉരുൾപൊട്ടലിൽ തകർന്ന ഗ്രാമങ്ങളെ പുനർനിർമിക്കാൻ കേരള സർക്കാർ നടത്തുന്ന പുനഃരധിവാസ പദ്ധതിക്കായി കേളി കലാസാംസ്കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി ഫണ്ടിലേക്ക് ബിരിയാണി ചലഞ്ചുമായി കേളി ഉമ്മുൽഹമാം ഏരിയ.
ഏരിയ പരിധി കേന്ദ്രീകരിച്ചു നടത്തുന്ന ബിരിയാണി ചലഞ്ച് വെള്ളിയാഴ്ച നടത്തുമെന്ന് സംഘാടകർ അറിയിച്ചു. കേളിയുടെ വിവിധ ഏരിയകൾ മുഖേനെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി വേറിട്ട പ്രവർത്തനങ്ങളാണ് പ്രവർത്തകൾ സ്വീകരിച്ചിരിക്കുന്നത്.
എല്ലാ വ്യക്തികത ആഘോഷങ്ങളും ഫണ്ട് സ്വരൂപണത്തിന്റെ ഭാഗമാക്കി ഭൂരിഭാഗം പ്രവർത്തകരും മാറ്റി. കുട്ടികൾ സമ്പാദ്യ കുടുക്കകളും സ്വർണ്ണ കമ്മലുകളും മറ്റും ഫണ്ടിലേക്ക് കൈമാറി.
കേളി ഉമ്മുൽ ഹമാം ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന് ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ, ഏരിയ സെക്രട്ടറി നൗഫൽ സിദ്ധീഖ്, പ്രസിഡന്റ് ബിജു ഗോപി, ട്രഷറർ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
ബിരിയാണിക്കായുള്ള ബുക്കിംഗിന് 05068 86997(അബ്ദുൽ കരീം) 05464 80445 (അബ്ദുൽ കലാം) 05070 79117 (ജയരാജ് എംപി) എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
|
കൈരളി ഫുജൈറ ഖോർഫഖാൻ യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ഖോർഫാഖാൻ യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു. ഖോർഫഖാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന ആഘോഷ പരിപാടികൾ ലോകകേരള സഭ അംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമൂവൽ ഉദ്ഘാടനം ചെയ്തു.
കൈരളി ഖോർഫഖാൻ യൂണിറ്റ് പ്രസിഡന്റ് ഹഫീസ് ബഷീർ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സഹരക്ഷാധികാരി കെ.പി. സുകുമാരൻ, കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ, പ്രസിഡന്റ് ബൈജു രാഘവൻ, ജോയിന്റ് സെക്രട്ടറി സതീഷ് ഓമല്ലൂർ, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് വിനോയ് എന്നിവർ ആശംസകൾ അറിയിച്ചു.
യൂണിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ സ്വാഗതവും രഞ്ജിനി മനോജ് നന്ദിയും പറഞ്ഞു. മഹാബലിയും നാടൻ കലാരൂപങ്ങളും അണിനിരന്ന വർണാഭമാർന്ന ഘോഷയാത്രയ്ക്ക് ശേഷം നൃത്തനൃത്യങ്ങൾ, ഒപ്പന, തിരുവാതിര തുടങ്ങി വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.
ആഘോഷത്തിനോട് അനുബന്ധിച്ച് പൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
|
കൊല്ലം പ്രവാസി അസോസിയേഷൻ പൂക്കളമത്സരം സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസിശ്രീ യുണിറ്റ് ഒന്നിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അത്തപൂക്കളമത്സരത്തിൽ സിമി സരുൺ നയിച്ച ടീം ജമന്തി ഒന്നാം സ്ഥാനം നേടി.
ആഷ തോമസ് നയിച്ച ടീം മന്ദാരം രണ്ടാം സ്ഥാനവും ജിബി ജോൺ നയിച്ച ടീം അത്തം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വച്ച് വിജയികൾക്ക് ട്രോഫികളും മെഡലുകളും പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രെഷറർ മനോജ് ജമാൽ, സെക്രട്ടറിമാരായ അനിൽ കുമാർ, രജീഷ് പട്ടാഴി, വൈ. പ്രസിഡന്റ് കോയിവിള മുഹമ്മദ്, മുൻ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
യൂണിറ്റ് അംഗം ഉഷാ കൃഷ്ണൻ സ്വാഗതവും റീജ മുസ്തഫ നന്ദിയും പറഞ്ഞു. മത്സരം വളരെ മികച്ച നിലവാരം പുലർത്തി എന്നു വിധികർത്താക്കൾ ആയിരുന്ന സന്തോഷ് തങ്കച്ചൻ, രാജേശ്വരി പത്മനാഭൻ എന്നിവർ പറഞ്ഞു.
ചടങ്ങിൽ കെപിഎ സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ പങ്കെടുത്തു. യൂണിറ്റ് അംഗം അർച്ചന അനന്ദു മത്സരം നിയന്ത്രിച്ചു.
|
കേളി ഫുട്ബോൾ ടൂർണമെന്റ്: ക്വാട്ടർ ഫൈനൽ ലൈനപ്പായി
റിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് മിന കേളി സോക്കർ ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാംവാര മത്സരങ്ങൾ പൂർത്തിയായി.
രണ്ടാംവാര മത്സരത്തിൽ മൂന്ന് ടീമുകൾ വിജയിച്ചതോടെ കഴിഞ്ഞ വാരത്തിലെ വിജയികളും രണ്ട് ബൈ ടീമുകളുമടക്കം എട്ട് ടീമുകളടങ്ങുന്ന ക്വാട്ടർ ഫൈനൽ ടീം ലൈനപ്പായി.
രണ്ടാംവാര മത്സരത്തിലെ ആദ്യ കളിയിൽ അൽഖർജ് നൈറ്റ് റൈഡേഴ്സ് ഫുട്ബോൾ ക്ലബും ഫെഡ് ഫൈറ്റെഴ്സും തമ്മിൽ ഏറ്റുമുട്ടി. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് ഫെഡ് ഫൈറ്റേഴ്സ് വിജയിച്ചു.
നാല് ഗോൾ നേടിയ മുർഷിദിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. വിഷ്ണു ഒരു ഗോൾ നേടി.
രണ്ടാമത്തെ മത്സരത്തിൽ കെന്റിൽ നൈറ്റ് ട്രേഡിംഗ് കമ്പനി റിയൽ കേരള എഫ്സിയും സോഫ ഗ്രൂപ്പ് അൽ ഖർജും തമ്മിലുള്ള മത്സരത്തിൽ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് റിയൽ കേരള എഫ്സി വിജയിച്ചു.
നജീബും ഫാസിലും രണ്ടുഗോൾ വീതവും ഷഞ്ചു ഒരു ഗോളും നേടി. നജീബിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.
ഡബ്ല്യുഎംഎഫും ഫാൽക്കൺ സ്റ്റാർ എഫ്സി ഹോത്തയും തമ്മിൽ മാറ്റുരച്ച അത്യന്തം വാശിയേറിയ മൂന്നാമത്തെ മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ഡബ്ല്യുഎംഎഫും വിജയിച്ചു.
ഡബ്ല്യുഎംഎഫിന് വേണ്ടി ഫജർ ബൂട്ടുകളിലൂടെ രണ്ട് ഗോളുകൾ നേടി. റാഫി സ്റ്റാർ എഫ്സിക്ക് വേണ്ടി ഒരു ഗോൾ നേടി. ഡബ്ല്യുഎംഎഫിന്റെ ഗോളി സാബു മികച്ച താരമായി.
കേളി രക്ഷാധികാരി അംഗങ്ങൾ, മിന പ്രതിനിധികൾ, കേളി ഏരിയ കമ്മറ്റി അംഗങ്ങൾ എന്നിവർ മൂന്ന് കളികളിലും കളിക്കാരുമായി പരിചയപ്പെട്ടു.
റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിലെ റഫറിമാരാണ് കളികൾ നിയന്ത്രിച്ചത്. ഒക്ടോബർ മൂന്നിന് ക്വാട്ടർ ഫൈനൽ മത്സരങ്ങൾ അരങ്ങേറും.
|
ഫോക്ക് സെൻട്രൽ സോണൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഫോക്ക് സെൻട്രൽ സോണൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾ വൈസ് പ്രസിഡന്റ് എൽദോ ബാബുവിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ലിജീഷ് ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കൺവീനർ അശ്വതി ജിനേഷ് സ്വാഗതമാശംസിച്ചു. ജനറൽ സെക്രട്ടറി ഹരിപ്രസാദ്, ജോയിന്റ് ട്രഷറർ കെ.വി.സൂരജ്, ആർട്സ് സെക്രട്ടറി വിനോജ് കുമാർ, ചാരിറ്റി സെക്രട്ടറി സുനിൽ,
രക്ഷാധികാരി അനിൽ കേളോത്ത്, ഉപദേശക സമിതി അംഗങ്ങളായ വിജയേഷ് മാരാർ, ഓമന കുട്ടൻ, എം.പി. ജിതേഷ്, വനിതാ വേദി ചെയർ പേഴ്സൻ ഷംന വിനോജ്, ബാലവേദി ജോയിന്റ് കൺവീനർ സത്യക് വിജയേഷ് എന്നിവർ സംസാരിച്ചു.
എം.പി. ജിതേഷ്, ശാരിക ഷോബിത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മാവേലി എഴുന്നള്ളത്ത്, വടംവലി തുടങ്ങിയ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും കൊണ്ട് ഗംഭീരമായ പരിപാടി രാവിലെ 10ന് തുടങ്ങി ആറിന് അവസാനിച്ചു.
സാൽമിയ, സാൽമിയ ഈസ്റ്റ്, ഫർവാനിയ, ഫർവാനിയ നോർത്ത് യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകിയ പരിപാടിയിൽ പ്രോഗ്രാം ജോയിന്റ് കൺവീനർ പ്രണീഷ് നന്ദി രേഖപെടുത്തി.
|
മുൻകൂർ അനുമതിയില്ലാതെ വയർലസ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം
കുവൈറ്റ് സിറ്റി: മുൻകൂർ അനുമതി കൂടാതെ വയർലെസ് ഉപകരണങ്ങൾ കുവൈറ്റിൽ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി.
കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയാണ് എക്സ് അക്കൗണ്ട് വഴി ഈ വിവരം പുറത്തുവിട്ടത്.
ഇത് പ്രകാരം ഇത്തരത്തിലുള്ള ഏതെങ്കിലും ഉപകരണങ്ങൾ രാജ്യത്ത് ഇറക്കുമതി നടത്തുന്നവർ മുൻകൂർ അനുമതി നേടണം.
|
സിഎസ്ഐ സ്ഥാപക ദിനം ആചരിച്ചു
കുവൈറ്റ് സിറ്റി: ഭാഷകൾക്ക് അതീതമായ മാനവികസേവ നൽകി ദൈവസാക്ഷ്യകളാകുവാൻ ആഹ്വാനം നൽകി കുവൈറ്റിലെ മലയാളം തമിഴ് തെലുങ്ക് സിഎസ്ഐ സഭകൾ സ്ഥാപക ദിനം ആചരിച്ചു.
സിഎസ്ഐ സഭകളുടെ ഐക്യവേദിയായ കുവൈറ്റ് യുണൈറ്റഡ് സിഎസ്ഐ ഫെലോഷിപ്പ് പ്രസിഡന്റ് റവ. സി.എം. ഈപ്പൻ സെന്റ് പോൾസ് അഹമ്മദി ദേവാലയ അങ്കണത്തിൽ പതാകയുയർത്തി സ്ഥാപകദിന കാര്യപരിപാടികൾ ഉദ്ഘാടനം ചെയ്തു.
കുവൈറ്റിലെ വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്ത ഐക്യ ആരാധനയ്ക്ക് റവ. സി.എം. ഈപ്പൻ, റവ. എ. ജപദാസ്, റവ. ബിനോയ് ജോസഫ്, റവ. ഏണസ്റ്റ് എന്നിവർ നേതൃത്വ നൽകി.
സെന്റ് പോൾസ് അഹമ്മദി ബിഷപ് ചാപ്ലിൻ റവ. മൈക്കിൾ മെബോന കുവൈറ്റിലെ സിഎസ്ഐ സമൂഹത്തെ അഭിസംബോധന ചെയ്ത് സ്ഥാപകദിന ആരാധനകൾക്ക് ആശംസകൾ അർപ്പിച്ചു.
മാമ്മൻ ഫിലിപ്പോസ്, ബാബു മാത്യു, പ്രതാപ് രാജശേഖർ, ആസിർ രാജ് തുടങ്ങിയവർ ആരാധനയ്ക്കും സമ്മേളനത്തിനുമുള്ള ക്രമീകരണങ്ങളുടെ നേതൃത്വം നൽകി.
|
ഇറാനിലേക്ക് ഇന്ത്യക്കാര് യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
ന്യൂഡല്ഹി: ഇറാനിലേക്ക് ഇന്ത്യക്കാര് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം. അത്യാവശ്യമല്ലാത്ത യാത്രകള് ഒഴിവാക്കണമെന്നാണ് നിര്ദേശം.
ഇസ്രയേല് തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്ട്ടുകള്ക്കിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇറാനിലുള്ള ഇന്ത്യക്കാര് ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം പശ്ചിമേഷ്യയിലെ സ്ഥിതിഗതികള് വഷളാകുന്നതില് ഇന്ത്യ ആശങ്കയറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കായി ഇരുകക്ഷികളും സംയമനം പാലിക്കണം.
പ്രശ്നങ്ങള് ചര്ച്ചയിലൂടെയും നയതന്ത്ര മാര്ഗത്തിലൂടെയും പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
|
ഖസിം പ്രവാസി സംഘം സീതാറാം യെച്ചൂരി അനുശോചനം നടത്തി
ബുറൈദ: സിപിഎം ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭാ അംഗവുമായ സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ഖസിം പ്രവാസി സംഘം അനുശോചനയോഗം സംഘടിപ്പിച്ചു.
ബുറൈദ സെയിൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഖസീം പ്രവാസി സംഘം മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു. ട്രഷറർ റഷീദ് മൊയ്ദീൻ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങൾക്കായി പാകപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം ദാർശനിക വ്യക്തതയോടെ നിർവഹിച്ച നേതാവായിരുന്നു യെച്ചൂരി എന്ന് അനുശോചനയോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രവാസി സംഘം രക്ഷാധികാരി സമതി അംഗം പർവേസ് തലശേരി, പ്രസിഡന്റ് നിഷാദ് പാലക്കാട്, കെഎംസിസി പ്രതിനിധി അനീസ് ചുഴലി, ഒഐസിസി പ്രതിനിധി പ്രമോദ് കുര്യൻ, ഐസിഎഫ് പ്രതിനിധി ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു.
പ്രവാസി സംഘം ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും രക്ഷാധികാരി സമതി അംഗം മനാഫ് ചെറുവട്ടൂർ നന്ദിയും പറഞ്ഞു.
|
കെടിഎംസിസി വാർഷിക കൺവൻഷൻ ബുധനാഴ്ച മുതൽ
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ വാർഷിക കൺവൻഷൻ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ (ഒക്ടോബർ 2, 3, 4) രാത്രി ഏഴ് മുതൽ ഒന്പത് വരെ നാഷണൽ ഇവാഞ്ചലിക്കൽ (എൻഇസികെ) പള്ളിയിലും പാരീഷ് ഹാളിലും വച്ച് നടത്തും.
വേദപണ്ഡിതനായ ഇവാ. സാം മല്ലപ്പള്ളി ദൈവവചനം പ്രഘോഷിക്കും. ഗായകൻ ഡോ. ബ്ലെസൺ മേമന ഗാനങ്ങൾ ആലപിക്കും. കെടിഎംസിസി ഗായകസംഘം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കുവൈറ്റിലെ പ്രഥമ ക്രൈസ്തവ സംഘടനയായ കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സ്ഥാപിതമായിട്ടു 72 വർഷങ്ങളായി.
മാർത്തോമ്മാ, സിഎസ്ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളിൽ നിന്നായി 28ൽ പരം സഭകളുടെ സംയുക്ത സഹകരണത്തിലാണ് കെടിഎംസിസി കൺവൻഷൻ നടക്കുന്നത്.
കൺവൻഷന്റെ പ്രവർത്തങ്ങൾക്കായി റോയി കെ. യോഹന്നാൻ (എൻഇസികെ സെക്രട്ടറി), വിനോദ് കുര്യൻ (പ്രസിഡന്റ്), ഷിജോ തോമസ് (സെക്രട്ടറി), ജീസ് ജോർജ് (ട്രഷറർ), സജു വാഴയിൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നുണ്ട്.
|
വിട്ടുപിരിഞ്ഞത് ഉത്തമ പോരാളി: കേളി
റിയാദ്: അനീതിക്കെതിരേയുള്ള പോരാട്ടത്തിൽ ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പ്പന്റെ വിയോഗം അടങ്ങാത്ത വേദനയാണെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
1994ൽ അന്നത്തെ കേരള സർക്കാരിനെതിരേ നടത്തിയ സമരത്തിന്റെ ഭാഗമായിയാണ് അഞ്ചു ജീവനുകൾ എടുക്കുകയും പുഷ്പ്പനെ നിത്യ കിടപ്പ് രോഗിയാക്കിയതും. കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവുമായല്ലാതെ പുഷ്പനെ നാട് കണ്ടിട്ടില്ല.
സ്വാർഥ മോഹങ്ങളില്ലാതെ നാടിനു വേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നു പുഷ്പ്പനെ നയിച്ചിരിരുന്നത്. ഈ വിപ്ലവകാരിയുടെ ജീവിതം പുതുതലമുറയ്ക്ക് എന്നും പഠനവിധേയമാക്കാൻ ഉത്തകുന്നതാണെന്നും കേളി ഇറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.
|
വയനാടിനായി കൈകോർത്ത് ഖസീം പ്രവാസി സംഘം
ബുറൈദ: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് കേരള സർക്കാർ നടത്തുന്ന പുനഃരധിവാസ പ്രവർത്തനങ്ങൾക്ക് ഖസീം പ്രവാസി സംഘത്തിന്റെ കൈത്താങ്ങ്. ഖസീം പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബവേദിയുടേയും ബാലവേദിയുടേയും സഹകരണത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി.
തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ഖസീം പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അജ്മൽ പാറക്കൽ, സതീഷ് ആനക്കയം, നൗഷാദ് കരുനാഗപ്പള്ളി എന്നിവരിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫണ്ട് ഏറ്റുവാങ്ങി.
|
കുവൈറ്റിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അംഗറയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മണ്ണാര്ക്കാട് കുന്തിപ്പുഴ സ്വദേശി അബ്ദുൽ നാസര് പാലോത്ത്(53) ആണ് മരിച്ചത്.
അൽ സായർ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്.
|
പശ്ചിമേഷ്യാ സംഘർഷം: ഉത്കണ്ഠ പ്രകടിപ്പിച്ച മാർപാപ്പ
ബ്രസൽസ്: പശ്ചിമേഷ്യാ സംഘർഷം വർധിക്കുന്നതിൽ അത്യധികം ഉത്കണ്ഠ പ്രകടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ ഉടൻ വെടി നിർത്തണമെന്ന് ആവശ്യപ്പെട്ടു. ബെൽജിയം സന്ദർശനത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച ബ്രസൽസിലെ കിംഗ് ബൗദുയിൻ സ്റ്റേഡിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ലബനൻ, ഗാസ, പലസ്തീൻ, ഇസ്രയേൽ എന്നിവിടങ്ങളിലെ യുദ്ധത്തിൽ പങ്കാളികളായ എല്ലാവരും ഉടൻ വെടി നിർത്താൻ തയാറാകണം. ബന്ദികളെ മോചിപ്പിക്കണം. സഹായവസ്തുക്കൾ ലഭ്യമാക്കണം. ലബനനിലെ സംഘർഷവാർത്തകൾ വലിയ വേദനയോടെയും ഉത്കണ്ഠയോടെയുമാണ് കേൾക്കുന്നതെന്നു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
പശ്ചിമേഷ്യയിലെ യുദ്ധം വലിയ ദുരിതമാണു ജനങ്ങൾക്കു നല്കുന്നത്. ദിവസം ചെല്ലുന്തോറും ആളുകൾ കൊല്ലപ്പെടുന്നത് വർധിച്ചുവരുന്നു. യുക്രെയ്ന്റെ കാര്യം മറക്കാനാവില്ലെന്നു പറഞ്ഞ അദ്ദേഹം, യുദ്ധത്തിന്റെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കാൻ ആവശ്യപ്പെട്ടു.
കുർബാനയ്ക്കിടെ നല്കിയ സുവിശേഷ സന്ദേശത്തിൽ സഭാമക്കൾ അതിക്രമങ്ങൾ മറച്ചുവയ്ക്കരുതെന്നും പീഡിതരുടെ ശബ്ദം കേൾക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ സഹായിയും കർമലീത്താ സഭാനവീകരണം ബെൽജിയത്തിലെത്തിച്ച സന്യാസിനിയുമായ ആനി ഓഫ് ജീസസിനെ മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി.
ഗർഭച്ഛിദ്രനിയമത്തിൽ ഒപ്പുവയ്ക്കാൻ തയാറാകാതിരുന്ന ബൽജിയത്തിലെ ബൗദുയിൻ രാജാവിന്റെ നാമകരണച്ചടങ്ങുകൾ, താൻ റോമിൽ തിരിച്ചെത്തിയാലുടൻ ആരംഭിക്കുമെന്നു മാർപാപ്പ പ്രഖ്യാപിച്ചു. കുർബാനയിൽ 35,000 പേർ പങ്കെടുത്തു.
ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പ ലുവെയ്ൻ കത്തോലിക്കാ യൂണിവേഴ്സിറ്റി സന്ദർശിച്ച് വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ആദ്യ കത്തോലിക്കാ യൂണിവേഴ്സിറ്റിയാണിത്. ബ്രസൽസിൽനിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന യൂണിവേഴ്സിറ്റി 600ാം വാർഷികാഘോഷത്തിലാണ്.
46ാം അപ്പസ്തോലികപര്യടനം പൂർത്തിയാക്കിയ മാർപാപ്പ റോമിലേക്കു മടങ്ങി. ലക്സംബർഗ് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ബെൽജിയത്തിലെത്തിയത്.
|
അമലിനായുള്ള കാത്തിരിപ്പിൽ കുടുംബം
കണ്ണൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയുടെ അടിത്തട്ടിലേക്കു മുങ്ങിപ്പോയ അർജുനുവേണ്ടി കുടുംബം കാത്തിരുന്നതിനു സമാനമായ രീതിയിൽ അമലിനു വേണ്ടി കാത്തിരിക്കുകയാണ് ആലക്കോട് കല്ലൊടിയിലെ കോട്ടയിൽ സുരേഷും കുടുംബവും.
ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് കുവൈറ്റ് സമുദ്രാതിർത്തിയിലുണ്ടായ കപ്പൽ അപകടത്തിൽ അമൽ ഉൾപ്പെടെ കപ്പലിൽ ഉണ്ടായിരുന്ന ആറുപേരെയും കാണാതാകുന്നത്. അപകടം നടന്ന് നാളെ ഒരു മാസമാകുന്പോൾ മകനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത വിഷമത്തിലാണ് അമലിന്റെ അച്ഛൻ സുരേഷും അമ്മ ഉഷയും സഹോദരി അൽഷയും.
ഒന്നിന് അപകടം ഉണ്ടായെങ്കിലും അമലിനെ കാണാതായ വിവരം അഞ്ചിനാണു കുവൈറ്റിലെ ഇന്ത്യൻ എംബസി അമലിന്റെ കുടുംബത്തെ അറിയിക്കുന്നത്. ആദ്യം മരിച്ചതായാണ് അറിയിച്ചത്. ആറു പേരിൽ നാലു പേരുടെ മൃതദേഹങ്ങൾ കിട്ടിയതായും പറഞ്ഞു. തുടർന്ന്, കുവൈറ്റ് എംബസിയുടെ നിർദേപ്രകാരം അമലിന്റെ മാതാപിതാക്കളിൽനിന്നു ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് ഒൻപതിനുതന്നെ എംബസിക്കു കൈമാറിയിരുന്നു.
നാലു പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞതെന്നും അതിൽ അമൽ ഉൾപ്പെട്ടിട്ടില്ലെന്നുമാണ് കുവൈറ്റ് എംബസിയിൽനിന്ന് കഴിഞ്ഞ 26ന് അവസാനമായി കുടുംബത്തിനു വന്ന സന്ദേശം.
അപകടത്തിൽ മരിച്ച ആറുപേരിൽ തൃശൂർ കളരിക്കരയിലെ ഹരീഷ് ഹരിദാസും ഒരു കോൽക്കത്ത സ്വദേശിയും ബാക്കിയുള്ളവർ ഇറേനിയൻ പൗരന്മാരും ആണ്. ഇനി കിട്ടാനുള്ളത് അമലിനെയും ഒരു ഇറാൻ സ്വദേശിയെയും ആണെന്നാണു വീട്ടുകാരെ എംബസി അറിയിച്ചിട്ടുള്ളത്.
അമലിന്റെ പിതാവ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ നോർക്കയെ ചുമതപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, കണ്ണൂർ എംപി കെ. സുധാകരൻ, ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് തുടങ്ങിയവർ അമലിന്റെ ബന്ധുക്കളുമായി പലതവണ ബന്ധപ്പെട്ടിരുന്നു.
എന്നാൽ, കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽനിന്നോ കേന്ദ്ര സർക്കാരിൽനിന്നോ യാതൊരു വിവരങ്ങളും കുടുംബത്തിന് ലഭ്യമാകുന്നില്ലെന്നും അമലിനെ കണ്ടുപിടിക്കുന്ന കാര്യത്തിൽ പുരോഗതിയില്ലെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
മകന്റെ കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം ശക്തമായ ഇടപെടൽ നടത്തണമെന്നും വിവരങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
|
|
|
|
|
|