നിമിഷപ്രിയയ്ക്ക് മാപ്പില്ല; കടുത്ത നിലപാടിൽ തലാലിന്റെ സഹോദരൻ
Wednesday, July 16, 2025 2:46 PM IST
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടലുകൾക്കു തിരിച്ചടി. നിമിഷപ്രിയയ്ക്കു മാപ്പു നൽകില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി.
വധശിക്ഷ നടപ്പാക്കുന്നതുവരെ മുന്നോട്ടുപോകുമെന്നും ഒരുവിധത്തിലുമുള്ള ഒത്തുതീർപ്പുധാരണകൾ അംഗീകരിക്കില്ലെന്നും ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. വധശിക്ഷ മാറ്റിവയ്ക്കുമെന്നു പ്രതീക്ഷിച്ചില്ലെന്നും വധശിക്ഷ നടപ്പാക്കുന്നതുവരെ കേസിൽനിന്നു പിന്നോട്ടില്ലെന്നും സത്യം മറക്കാൻ സാധിക്കില്ലെന്നും വൈകിയാലും വധശിക്ഷ നടപ്പാകുമെന്നും ഫത്താഹ് മഹ്ദി കുറിപ്പിൽ പറഞ്ഞു.
ഒരു ഒത്തുതീർപ്പു വ്യവസ്ഥകൾക്കു തയാറല്ലെന്നും ദയാധനം ആവശ്യമില്ലെന്നും ഫത്താഹ് മഹ്ദി അറിയിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, തലാലിന്റെ കുടുംബത്തിലെ മറ്റു പലരും നിമിഷപ്രിയയ്ക്കു മാപ്പു നൽകാൻ തയാറാണെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
സഹോദരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നു സൂചിപ്പിച്ച് കേന്ദ്രസർക്കാരും രംഗത്തെത്തി. അതേസമയം, പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു. യെമനിൽ ഇതു ക്രമസമാധാനപ്രശ്നങ്ങൾക്കു സൃഷ്ടിക്കില്ലെന്ന് ഉറപ്പാക്കണമെന്നും ഉന്നതകേന്ദ്രങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.