ലഹരി വിരുദ്ധദിനം: റിയാദ് സലഫി മദ്റസ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
Wednesday, July 2, 2025 12:26 PM IST
റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ചെറിയ കുട്ടികളെ പോലും ലഹരിക്ക് അടിമപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളെ തിരിച്ചറിയുവാനും അത്തരം പശ്ചാത്തലങ്ങളിൽ നിന്ന് മാറിനിൽക്കുവാനും കുട്ടികൾ ശ്രദ്ധിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഗൾഫ് ഇസ്ലാഹി കോഓർഡിനേഷൻ കമ്മിറ്റി കൺവീനറും മദ്റസ മാനേജറുമായ മുഹമ്മദ് സുൽഫിക്കർ പറഞ്ഞു.
പ്രവാസികളായ കുട്ടികൾ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അത്തരം സാഹചര്യങ്ങളുടെ അറിവുകൾ ലഭിച്ചാൽ രക്ഷിതാക്കളെയും അധ്യാപകരെയും അധികൃതരെയും അറിയിക്കുവാൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികളായ കുട്ടികളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും ബോധവത്കരണങ്ങളിലും സജീവമാക്കുവാൻ ബത്ഹ റിയാദ് സലഫി മദ്റസ എല്ലാ കാലത്തും പ്രവർത്തിക്കാറുണ്ടെന്നും മദ്റസ പ്രിൻസിപ്പൽ അംജദ് അൻവാരി അറിയിച്ചു.
സലഫി മദ്റസ സംഘടിപ്പിച്ച "മുക്തി- ലഹരി മരണത്തിന്റെ വ്യാപാരി' എന്ന പേരിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ എക്സിബിഷനിൽ ആയിരങ്ങൾ പങ്കാളികളായതും ഈ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസയിൽ കെ.ജി മുതൽ ഏഴാം ക്ലാസ് വരെ റെഗുലർ മദ്റസയും ടീനേജ് കുട്ടികൾക്ക് പ്രത്യേക കോഴ്സും നടന്നുവരുന്നു.
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി ഏഴ് വരെയാണ് പഠന സമയം. മദ്റസ ആവശ്യങ്ങൾക്ക് 0556113971, 0562508011, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രോഗ്രാമിൽ കുട്ടികൾ വ്യത്യസ്ത പ്രോഗ്രാമുകൾ അവതരിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എക്സിബിഷൻ കോഓർഡിനേറ്റർ ഫർഹാൻ കാരക്കുന്ന് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
ആത്തിഫ് ബുഹാരി സ്വാഗതം പറഞ്ഞു. ഹാഫിള് മുഹമ്മദ് നാജിൽ, വാജിദ്, റജീന ഇസ്ഹാഖ്, നസ്റിൻ, റംല ടീച്ചർ, റസീന, ഹനാൻ, സിൽസില എന്നിവർ നേതൃത്വം നൽകി. മുജീബ് ഇരുമ്പുഴി നന്ദി പറഞ്ഞു.