എൻ.കെ. പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ
Monday, June 23, 2025 1:14 PM IST
തിരുവനന്തപുരം: പ്രവാസി ലീഗൽ സെൽ കേരളഘടകം പ്രതിനിധികൾ കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. വിദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ആറ് വിഷയങ്ങളിൽ വിശദമായ നിവേദനം നൽകി.
ഉന്നയിച്ച വിഷയങ്ങളിൽ പലതും തനിക്ക് അറിവുള്ളതാണെന്നും നിവേദനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കൂടുതൽ വിവരങ്ങൾ ശ്രദ്ധാപൂർവം പരിശോധിച്ച് ലോകസഭയിൽ അവതരിപ്പിക്കാമെന്നും പ്രേമചന്ദ്രൻ ഉറപ്പുനൽകി.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും വിദേശകാര്യ സെക്രട്ടറിയുമായും ഡൽഹിയിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കായി വേണ്ട സഹായസഹകരണങ്ങൾ ചെയ്യാമെന്ന് പ്രേമചന്ദ്രൻ ഉറപ്പുനൽകി.

നിവേദനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന വിഷയങ്ങൾ:
1. വിദേശത്തു താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് നിയമസഹായം ഉറപ്പുവരുത്തുന്നതിന് ലീഗൽ സർവീസ് നിയമത്തിൽ ഭേദഗതി വരുത്തണം: സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യ നിയമസഹായം ഉറപ്പുവരുത്തുന്ന കേന്ദ്രനിയമമായ ലീഗൽ സർവീസസ് അതോററ്റിസ് ആക്ട്, 1987 ഭേദഗതി ചെയ്ത് ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരെയും പ്രസ്തുത നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം.
2. പ്രവാസി ഭാരതീയ ഭീമ യോജന (പിബിബിവെെ) ഇൻഷുറൻസ് പദ്ധതി വിദേശത്ത് പോകുന്ന ഇസിആർ/ഇസിഎൻആർ വിഭാഗങ്ങളിൽ പെടുന്ന മുഴുവൻ പേർക്കും നടപ്പിലാക്കുകയും നഷ്ടപരിഹാരത്തുക വർധിപ്പിക്കുകയും ചെയ്യുക:
മരണത്തിനും അംഗവൈകല്യത്തിനും നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കുക, വിദേശത്ത് കാഷ്ലെസ് ചികിത്സ ഉറപ്പാക്കുക, ഭീമ യോജനയെക്കുറിച്ച് കൂടുതൽ അവബോധം ഇന്ത്യൻ തൊഴിലാളികൾക്കിടയിൽ ഉണ്ടാക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തുക.
3. എംബസി ക്ഷേമനിധിവഴി (ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് - ഐസിഡബ്ല്യുഎഫ്) ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ അടുത്തുതന്നെ പാർലമെന്റിൽ അവതരിപ്പിക്കാനിടയുള്ള പുതിയ കുടിയേറ്റ നിയമമായ ഓവർസീസ് മോബിലിറ്റി ബിൽ, 2024-ൽ ഉൾപ്പെടുത്തണം.
4. വിദേശ തൊഴിൽ/വിദ്യാഭ്യാസ തട്ടിപ്പുകൾ തടയാനുള്ള നിയമം കൊണ്ടുവരണം: വിദേശജോലിക്കും സർവകലാശാല പഠനത്തിനുമായി വ്യാജ വാഗ്ദാനങ്ങൾ നൽകി വൻ തുക തട്ടിപ്പുനടത്തുന്ന ഏജന്റുമാർക്കും സ്ഥാപനങ്ങൾക്കുമെതിരേ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതിന് ശക്തമായ കേന്ദ്ര നിയമം കൊണ്ടുവരുക.
5. എംബസി ക്ഷേമനിധിവഴി (ഇന്ത്യൻ കമ്യൂണിറ്റി വേൽഫെയർ ഫണ്ട് - ഐസിഡബ്ല്യുഎഫ്) നിയമസഹായം ശക്തമാക്കുക: വിചാരണ തടവുകാർക്കും തൊഴിൽ തർക്കങ്ങൾ നേരിടുന്നവർക്കും ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കും സമഗ്രമായ നിയമ സഹായം നൽകുന്നതിന് ഐസിഡബ്ല്യുഎഫ് വ്യവസ്ഥകൾ പരിഷ്കരിക്കുകയും അവ കർശനമായി നടപ്പാക്കുന്നതിന് എംബസികൾക്കും വിദേശ ഇന്ത്യൻ കാര്യാലയങ്ങൾക്കും വേണ്ട നിർദേശങ്ങൾ വിദേശമന്ത്രാലയം നൽകണം.
6. മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷ യോജന (എംജിപിഎസ്വെെ) പുനഃസ്ഥാപിക്കുക: പ്രവാസി തൊഴിലാളികൾക്ക് പെൻഷൻ, ലൈഫ് ഇൻഷുറൻസ്, പുനരധിവാസം തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തിയിരുന്ന എംജിപിഎസ്വെെ 2012ൽ ആരംഭിക്കുകയും 2017ൽ പ്രത്യേക കാരണമൊന്നും ഇല്ലാതെ നിർത്തലാക്കുകയും ചെയ്തിരുന്നു.
ഇസിആർ വിഭാഗത്തിൽ പെട്ട ഇന്ത്യൻ തൊഴിലാളികൾക്ക് ഏറെ ഗുണകരമായിരുന്ന ഈ പദ്ധതി കേന്ദ വിദേശകാര്യവകുപ്പ് പുനരുജീവിപ്പിക്കണം.
അഡ്വ. ആർ. മുരളീധരൻ (ജനറൽ സെക്രട്ടറി), തൽഹത്ത് പൂവച്ചൽ (ട്രഷറർ), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിയാസ് പൂജപ്പുര, ജിഹാംഗീർ, നന്ദഗോപകുമാർ, അനിൽ കുമാർ, ശ്രീകുമാർ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.