എന്താണ് ഫാറ്റി ലിവര്‍ ? എങ്ങനെ ഫാറ്റി ലിവര്‍ കുറയ്ക്കാം ?
"എന്റെ ഫാറ്റി ലിവര്‍ പ്രശ്നം കുറഞ്ഞു വരുന്നുണ്ട്...' "ആണോ അതെങ്ങനെയാ, എനിക്കും ഫാറ്റി ലിവറുണ്ട്...' ഈ സംസാരം ഇപ്പോള്‍ സര്‍വസാധാരണമായി മാറിയിരിക്കുന്നു എന്നു പറഞ്ഞാല്‍ അദ്ഭുതപ്പെടേണ്ട.
കാരണം, ഫാറ്റി ലിവര്‍ പ്രശ്നം ഇപ്പോള്‍ മിക്കവരിലും കണ്ടുവരുന്ന ഒന്നാണ്. ഭക്ഷണ ക്രമം, ജീവിത രീതികള്‍ ഇതെല്ലാം ഫാറ്റി ലിവറിനു കാരണമാകാറുണ്ട്. മദ്യപാനത്തിലൂടെയും ഈ പ്രശ്നം ഉണ്ടാകാറുണ്ടെന്നതും ശ്രദ്ധേയം.
കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് ഫാറ്റി ലിവര്‍. കരളില്‍ ചെറിയ രീതിയില്‍ കൊഴുപ്പ് കാണപ്പെടാറുണ്ട്. എന്നാല്‍, ഒരാളുടെ കരളിന്റെ ഭാരത്തിന്റെ അഞ്ച് മുതല്‍ 10 ശതമാനം വരെ കൊഴുപ്പ് ഉണ്ടെങ്കിലാണ് ഫാറ്റി ലിവര്‍ അല്ലെങ്കില്‍ ഹെപ്പാറ്റിക് സ്റ്റെറ്റോസിസ് എന്ന് വിളിക്കുന്നത്.
അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കരളിന്റെ സാധാരണ പ്രവര്‍ത്തനം തടസപ്പെടുത്തും, ഇന്‍സുലിന്‍ അല്ലെങ്കില്‍ പിത്തരസത്തിന്റെ ഉത്പാദനം മന്ദഗതിയിലാക്കും. അതോടെ ലിവര്‍ സിറോസിസ് എന്ന മാരകവും മാറ്റാനാവാത്തതുമായ അവസ്ഥയിലേക്ക് ആളുകള്‍ എത്തും.
ഫാറ്റി ലിവര്‍ രണ്ടു തരം
ആല്‍ക്കഹോള്‍ ഫാറ്റി ലിവര്‍, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നിങ്ങനെ രണ്ടു തരത്തില്‍ ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. അമിതമായ മദ്യപാനം മൂലമാണ് ആല്‍ക്കഹോള്‍ ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്.
കൊഴുപ്പ് അടിഞ്ഞു കൂടുന്നതിലൂടെയും കാര്‍ബോഹൈഡ്രേറ്റ് വിഘടിക്കാതിരിക്കുകയും ചെയ്യുന്നതാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിന്റെ കാരണം. ഫാറ്റി ലിവര്‍ നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ ജീവിതശൈലിയുമാണ്.
ഫാറ്റി ലിവറിന് ചില ലളിതമായ പ്രകൃതിദത്ത പ്രതിവിധികളുണ്ട്. ചില ഭക്ഷണങ്ങളിലൂടെ ഫാറ്റി ലിവര്‍ മാറ്റിയെടുക്കാവുന്നതാണ്. അവ ഏതെല്ലാമെന്നു നോക്കാം...
നാരങ്ങ, മഞ്ഞള്‍
വിറ്റാമിന്‍ സിയുടെ കലവറയാണ് നാരങ്ങ. ഇതില്‍ അടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ കരള്‍ കോശങ്ങളെ നശിപ്പിക്കുന്നതില്‍ നിന്ന് ഫ്രീ റാഡിക്കലുകളെ തടയും. അങ്ങനെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ഇതുകൂടാതെ, നാരങ്ങയുടെ സ്വാഭാവിക ഹെപ്പറ്റോപ്രൊട്ടക്റ്റീവ് സ്വഭാവഗുണങ്ങള്‍ കൊഴുപ്പ് നില കുറയ്ക്കുന്നതിലൂടെ മദ്യം മൂലമുണ്ടാകുന്ന ഫാറ്റി ലിവറില്‍ മാറ്റം വരുത്താനും സഹായിക്കും. ചെറുചൂടു വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് വെറും വയറ്റില്‍ രാവിലെ കുടിക്കാവുന്നതാണ്.
അതുപോലെ മഞ്ഞളും ഫാറ്റി ലിവര്‍ കുറയ്ക്കാന്‍ സഹായിക്കും. മഞ്ഞളിലെ കുര്ക്കുമിന് ശക്തമായ ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഉപകാരങ്ങളുള്ളതാണ്. കരള്‍ കോശങ്ങളുടെ വീക്കം കുറയ്ക്കുക, ഫ്രീ റാഡിക്കല്‍ നാശത്തെ ചെറുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് മഞ്ഞള്‍ സഹായകമാണ്.
ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് ദിവസവും വെറും വയറ്റില്‍ കഴിക്കുന്നത് ഫലപ്രദമാണ്.
ആപ്പിള്‍ സൈഡര്‍ വിനാഗിരി
ആപ്പിള്‍ സൈഡര്‍ വിനാഗിരി അഥവാ എസിവി ഫാറ്റി ലിവറിനെ സുഖപ്പെടുത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കരളിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന വിഷവസ്തുക്കളെ പുറന്തള്ളാന്‍ ആപ്പിള്‍ സൈഡര്‍ വിനാഗിരി സഹായകമാണ്.
ആപ്പിള്‍ സൈഡര്‍ വിനാഗിരി പതിവായി കഴിക്കുന്നത് ശരീരഭാരം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാനും വീക്കം കുറയ്ക്കാനും കരളിന്റെ മൊത്തത്തിലുള്ള ആരോഗ്യം ഉയര്‍ത്താനും സഹായിക്കും.
ഒരു കപ്പ് ചെറുചൂട് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനാഗിരി ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ഫാറ്റി ലിവര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.
ഗ്രീന്‍ ടീ, നെല്ലിക്ക
ഗ്രീന്‍ ടീയില്‍ ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഉത്തേജനവും ഉന്മേഷവും നല്‍കുന്നതിനൊപ്പം ഇത് കരളില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പിന്റെ അളവ് തടയുകയും ചെയ്യുന്നു. രണ്ട് മുതല്‍ മൂന്ന് കപ്പ് ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് കരളിന്റെ ആരോഗ്യം വീണ്ടെടുക്കാനും ഫാറ്റി ലിവര്‍ രോഗത്തെ അകറ്റി നിര്‍ത്താനും സഹായിക്കും.
ഫാറ്റി ലിവര്‍ ചികിത്സിക്കുന്നതിനുള്ള മികച്ച ആയുര്‍വേദ പ്രതിവിധികളില്‍ ഒന്നാണ് നെല്ലിക്ക. വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമായതിനാല്‍, ഇതിലെ ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ കരളില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യും.
ഇതില്‍ അടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റ് ക്വെര്‍സെറ്റിന്‍ കരള്‍ കോശങ്ങളിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുക, കൊഴുപ്പ് ഇല്ലാതാക്കുക, ദഹനപ്രക്രിയ മെച്ചപ്പെടുത്തുക, മദ്യം മൂലമുള്ള ഫാറ്റി ലിവറില്‍ നിന്ന് കരളിനെ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യുന്നു.