ആർഎക്സ് 100ന് വളരെ പെട്ടന്നുതന്നെ ഉയർന്ന വേഗം കൈവരിക്കാൻ കഴിയുമായിരുന്നു. അതിനാൽ ’പോക്കറ്റ് റോക്കറ്റ്’ എന്നും ആർഎക്സ് 100 അറിയപ്പെടുന്നു. 4 സ്പീഡ് ഗിയർ ബോക്സായിരുന്നു ആർഎക്സ് 100 ന്റെ മറ്റൊരു പ്രത്യേകത. ഇന്ത്യയിൽ അതിന്റെ 11 വർഷത്തെ ഉല്പാദനത്തിൽ, പെയിന്റ് സ്കീമും മെച്ചപ്പെടുത്തിയ 12 വോൾട്ട് ചാർജിംഗ് സിസ്റ്റവും ഒഴികെ മറ്റൊന്നും മാറിയില്ല.
1985 നവംബറിലാണ് ഇന്ത്യയിൽ, യമഹ ആർഎക്സ് 100 പുറത്തിറക്കിയത്. ഭാരം കുറഞ്ഞ ശരീരവും ഉയർന്ന പവർ ഔട്ട്പുട്ടും ഉള്ളതിനാൽ ആർഎക്സ് 100 ഏറ്റവും മികച്ച 100 സിസി ബൈക്കാക്കി മാറ്റി.
നിർത്തലായിട്ട് കാൽ നൂറ്റാണ്ടുകഴിഞ്ഞിട്ടും ഈ സവിശേഷതകളുള്ള മറ്റൊരു 100 സിസി മോട്ടോർസൈക്കിൾ ഉണ്ടായിട്ടില്ല. കേവലം 103 കിലോഗ്രാം ഭാരമേ ആർഎക്സ് 100 ന് ഉണ്ടായിരുന്നുള്ളൂ. ഇതാണ് മറ്റേതൊരു ആധുനിക 150-160 സിസി മോട്ടോർസൈക്കിളിനേക്കാളും ആർഎക്സ് 100 നെ പ്രിയങ്കരമാക്കിയത്. കൂടാതെ ശബ്ദവും. ശബ്ദവും ഭാരക്കുറവും റേസിംഗിനുള്ള സാധ്യതയായി തിരിച്ചറിഞ്ഞ റേസർമാർ ആർഎക്സ് 100 നെ പെട്ടെന്ന് സ്വീകരിച്ചു.
രാജ്യത്തുടനീളമുള്ള ആരാധകർ യമഹ ആർഎക്സ് 100നെ ഒരു ഇതിഹാസമായി കണക്കാക്കുന്നു. ശുദ്ധവും കുറഞ്ഞ മലിനീകരണവുമുള്ള ഇരുചക്രവാഹനങ്ങൾ നിർമിക്കാൻ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനാൽ 1996 ൽ ആർഎക്സ് 100 നിർമാണം അവസാനിപ്പിക്കുകയായിരുന്നു. ഇതിഹാസ മോട്ടോർസൈക്കിളിന്റെ ഓണ്റോഡ് വില 1989ൽ ഏകദേശം 19,700 രൂപയായിരുന്നു.
2020 മാർച്ചിലെ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങളുടെ സമയപരിധിക്ക് മുന്പ് ഇന്ത്യയിലെ 110 സിസി, 125 സിസി ബൈക്കുകളുടെ നിർമാണത്തിൽ നിന്ന് യമഹ പിൻവാങ്ങിയിരുന്നു.