ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍, പരമാവധി 120 കിലോമീറ്റര്‍ വേഗത; ഹൈസ്പീഡ് ഇലക്ട്രിക് ബൈക്കുകളുമായി ഗോവന്‍ കമ്പനി
ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍, പരമാവധി 120 കിലോമീറ്റര്‍ വേഗത; ഹൈസ്പീഡ് ഇലക്ട്രിക് ബൈക്കുകളുമായി ഗോവന്‍ കമ്പനി
Wednesday, February 17, 2021 4:06 PM IST
ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ രണ്ടു പുതിയ ഇലക്ട്രിക് ബൈക്കുകള്‍ കൂടെ എത്തുന്നു. ഗോവന്‍ കമ്പനിയായ കബീറാ മൊബിലിറ്റി ആണ് കെഎം3000, കെഎം4000 എന്നിങ്ങനെ രണ്ട് ഹൈസ്പീഡ് ഇലക്ട്രിക് ബൈക്ക് മോഡലുകള്‍ പുറത്തിറക്കുന്നത്.

ആറു കിലോവാട്ട് എന്‍ജിനുമായി എത്തുന്ന കെഎം 3000 മോഡലിന് 126,990 രൂപയും കൂടിയ മോഡലായ കെഎം 4000 മോഡലിന് 136,990 രൂപയുമാണ് ഷോറൂം വില. എട്ട് കിലോവാട്ട് എന്‍ജിനാണ് കെഎം 4000 മോഡലിന് കരുത്തേകുന്നത്. യഥാക്രമം 100, 120 കിലോമീറ്ററാണ് ഇവയുടെ പരമാവധി വേഗത.

മെയ് 2021 മുതല്‍ വാഹനം വിപണിയിലെത്തുമെന്നും ഫെബ്രുവരി 20 മുതല്‍ ബുക്കിംഗ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, പൂനെ, ഹൈദ്രബാദ്, ബെംഗളൂരു, ചെന്നൈ, ഗോവ, ധര്‍വാഡ് എന്നിങ്ങനെ ഒമ്പതു സിറ്റികളിലാണ് ആദ്യം ബൈക്കുകള്‍ ലഭ്യമാകുക.



കെഎം3000 മോഡലിന് 138 കിലോയും കെഎം4000 മോഡലിന് 147 കിലോയുമാണ് ഭാരം. ഇകോ മോഡ്, ബൂസ്റ്റ് മോഡ് എന്നിങ്ങനെ രണ്ടു ചാര്‍ജിംഗ് മോഡുകള്‍ ഇരുബൈക്കിലുമുണ്ട്.

ഇകോ മോഡില്‍ ഫുള്‍ ചാര്‍ജിംഗിന് 6.5 മണിക്കൂര്‍ വേണമെങ്കില്‍ ബൂസ്റ്റ് മോഡ് ചാര്‍ജിംഗിന് 50 മിനിട്ടു കൊണ്ട് 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാനാകും.





കോമ്പി ബ്രേക്കിംഗ് സിസ്റ്റം, ഓണ്‍ബോര്‍ഡ് ഫാസ്റ്റ് ചാര്‍ജേഴ്‌സ്, റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിവയും കമ്പനി നല്‍കുന്നു. ഇരു ബൈക്കുകളും 150 കിലോമീറ്റര്‍ പരമാവധി റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

2020 ഓട്ടോ എക്‌സ്‌പോയില്‍ 6 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു കൊണ്ടാണ് 2017ല്‍ പ്രവര്‍ത്തനം ആരംഭിച്ച കാബിറ മൊബിലിറ്റി ഇന്ത്യന്‍ ഇല്ക്ട്രിക് വെഹിക്കിള്‍ ഇന്‍ഡസ്ട്രിയിലേക്ക് പ്രവേശിക്കുന്നത്.

ഗോവയിലും കര്‍ണാടകയിലെ ധര്‍വാഡിലും നിലവില്‍ പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ ഉള്ള കമ്പനി, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാനുഫാക്ചറിംഗ് പ്ലാന്റ് ആണ് നിര്‍മിക്കുന്നത്. 75000 യൂണിറ്റു വരെ ഉദ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ പ്ലാന്റ് ഏപ്രില്‍ മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.