ശ്രദ്ധയോടെ വേണം ഡിജിറ്റൽ ഇടപാടുകൾ
ശ്രദ്ധയോടെ വേണം  ഡിജിറ്റൽ ഇടപാടുകൾ
Tuesday, March 17, 2020 5:06 PM IST
രാജ്യം ഡിജിറ്റലാകുന്നതിന്‍റെ ഭാഗമായാണ് പണമിടപാടുകളെ ഡിജിറ്റലാക്കിയത്. അതിന്‍റെ ഭാഗമായാണ് 2016ൽ നാഷണൽ പേമെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യ യൂണിഫൈഡ് പേമെന്‍റ് ഇന്‍റർഫേസ് (യുപിഐ) എന്ന പ്ലാറ്റ്ഫോമിനും രൂപം കൊടുത്തത്. നെഫ്റ്റ്, ഐഎംപിഎസ്, മൊബൈൽ വാലറ്റുകൾ എന്നിവയെക്കാളും പ്രചാരം നേടാൻ യുപിഐക്ക് കഴിഞ്ഞു. പണമിടപാടുകൾ വേഗത്തിൽ സാധ്യമാക്കാൻ സഹായിക്കുന്നു എന്നതാണ് ഈ പ്ലാറ്റ്ഫോമിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

ഒരേ സമയം ഒന്നിൽക്കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഒരു ആപ്പിൽ തന്നെ ഉപയോഗിക്കാം എന്നതും ഇതിന്‍റെ നേട്ടമാണ്. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്നു. യുപിഐ അടിസ്ഥാനമാക്കിയുള്ള ബാങ്കുകളുടെ ഡിജിറ്റൽ പേമെന്‍റ് പ്ലാറ്റ്ഫോമുകളും സജീവമാണ്. പക്ഷെ, വേഗത്തിൽ കാര്യങ്ങൾ നടക്കുന്പോൾ തന്നെ അപകട സാധ്യതകളും കൂടുതലാണ്. യുപിഐ അല്ലെങ്കിൽ മറ്റേതെങ്കിലും ഡിജിറ്റൽ പണമിടപാട് പ്ലാറ്റ്ഫോമുകൾ വഴിയോ ഇടപാടുകൾ നടത്തുന്പോൾ സൂക്ഷിക്കേണ്ടതോ അല്ലെങ്കിൽ ശ്രദ്ധിക്കേണ്ടതോ ആയ കാര്യങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. വിവരങ്ങൾ പങ്കുവെയ്ക്കരുത്
ഒരിക്കലും രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ പങ്കുവെയ്ക്കരുത്. കാർഡിന്‍റെ നന്പർ, എക്സ്പയറി ഡേറ്റ്, യുപിഐ പിൻ, ഒടിപി എന്നിവയൊന്നും ആരുമായും പങ്കുവെയ്ക്കരുത്. അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ട് എസ്എംഎസ് അയക്കുകയോ വിളിക്കുകയോ ചെയ്താൽ അവരുടെ ഒൗദ്യോഗിക ഇമെയിൽ അഡ്രസിൽ നിന്നും ഒരു മെയിൽ അയക്കാൻ ആവശ്യപ്പെടാം. അപ്പോഴും ഉപഭോക്താവിന്‍റെ ഇമെയിൽ അഡ്രസ് കൊടുക്കേണ്ടതില്ല. കാരണം ഉപഭോക്താവ് നേരത്തെ തന്നെ ഇമെയിൽ അഡ്രസ് നൽകിയിട്ടുണ്ടാകും.


2. ബാങ്ക് നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുക
ബാങ്കുകൾ ഇപ്പോൾ നിരന്തരമായി അവരുടെ ഉപഭോക്താക്കൾക്ക് എസ്എംസ് മുഖേനയും ഇ-മെയിൽ മുഖേനയും ബോധവത്കരണം നൽകുന്നുണ്ട്. ബാങ്കുകളിൽ നിന്നാണെന്ന പേരിൽ പലപ്പോഴും ഫോണ്‍ കോളുകളും എസ്എംസുകളും ഇംമെയിലുകളും ബാങ്ക്, എടിഎം കാർഡ് വിവരങ്ങളും ഒടിപിയുമൊക്കെ ചോദിച്ച് വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഇത്തരം വിവരങ്ങൾ നൽകരുതെന്നാണ് ബാങ്കുകൾ നൽകുന്ന നിർദേശം.
പലപ്പോഴും ഇത്തരം വിവരങ്ങൾ കൈമാറിയാൽ അവർക്ക് പുതിയ യുപിഐ ഐഡി ഉണ്ടാക്കാനും അക്കൗണ്ടിൽ നിന്നും പണമിടപാടുകൾ നടത്താനും സാധിക്കും.

3. അനാവശ്യ ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ട
എന്തെങ്കിലും ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യു, അല്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു എന്നു തുടങ്ങിയ മെസേജുകളോ നോട്ടിഫിക്കേഷനുകളൊക്കെ ഫോണിലും കന്പ്യൂട്ടറിലുമൊക്കെ വരാറുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്തു തുടങ്ങുന്പോഴാണ് അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ പലപ്പോഴും ശ്രദ്ധിക്കുന്നത്.
ഇങ്ങനെ നൽകുന്ന വിവരങ്ങൾ എത്തിപ്പെടുന്നത് തട്ടിപ്പുകാരുടെ കയ്യിലായിരിക്കും.

4. എല്ലാ ഇ-മെയിലിനും മറുപടി വേണ്ട
ഒൗദ്യോഗിക വെബ്സൈറ്റുകളിൽ നിന്നും വരുന്ന ഇമെയിലുകൾക്ക് മാത്രം മറുപടി നൽകുക. ഓഫറുകൾ, ലോണ്‍ അപ്രൂവൽ എന്നിങ്ങനെ ധാരാളം ഇ-മെയിലുകൾ വരും. അത്തരം ഇ-മെയിലുകൾക്ക് മറുപടി നൽകരുത്.

5. ഓണ്‍ലൈൻ വാങ്ങലുകൾ ശ്രദ്ധിക്കാം
ഓണ്‍ലൈൻ വാങ്ങലുകൾ നടത്തുന്നവർ അംഗീകൃത ഓണ്‍ലൈൻ വ്യാപാരികളിൽ നിന്നും വാങ്ങാൻ ശ്രദ്ധിക്കുക. പണമിടപാടുകൾ നടത്തുന്പോഴും സുരക്ഷിതമായ പേമെന്‍റ് ഗേറ്റ് വേ ഇതിനായി ഉപയോഗിക്കുക.