മാരുതി സുസുക്കി XL6
മാരുതി സുസുക്കി XL6
അംഗസംഖ്യ കൂടിയ കുടുംബങ്ങൾക്ക്് യോജിച്ച, ന്യായമായ വിലയുള്ള എംപിവിയാണ് (മൾട്ടി പർപ്പസ് വെഹിക്കിൾ) മാരുതി എർട്ടിഗ. രാജ്യത്ത് ഏറ്റവും വിൽപ്പനയുള്ള വിവിധോദ്ദേശ്യ വാഹനവും ഇതുതന്നെ. ഏറെ ജനപ്രീതിയുണ്ടെങ്കിലും ടാക്സി മേഖലയിൽ ധാരാളമായി ഉപയോഗിക്കുന്നു എന്ന കാരണത്താൽ എർട്ടിഗ വേണ്ടെന്നു വയ്ക്കുന്ന ഉപഭോക്താക്കളും നമുക്കിടയിലുണ്ട്. അതു മനസിലാക്കി എർട്ടിഗയുടെ ഒരു പ്രീമിയം പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് മാരുതി സുസുക്കി.

എസ് യുവി ലുക്കുമായി എത്തിയ, സ്റ്റൈലൻ എർട്ടിഗയ്ക്ക് എക്സ്എൽ സിക്സ് എന്നാണ് പേര്. പേരിലുള്ള എക്സ് എൽ, എക്സ്ക്ലുസിവ് എന്നു സൂചിപ്പിക്കുന്നു. സിക്സ് എന്നത് വാഹനത്തിന്‍റെ സീറ്റിങ് കപ്പാസിറ്റിയാണ്. മാരുതി സുസുക്കിയുടെ മേൽത്തരം വിൽപ്പന ശൃംഖലയായ നെക്സയിലൂടെയാണ് ഈ മോഡലിന്‍റെ വിപണനം. നെക്സയിലൂടെ വില്ക്കുന്ന ആദ്യ ആറ് സീറ്റർ വാഹനവും ഇതാണ്.

ബിഎസ് ആറ് എമിഷൻ നിയമങ്ങൾ പാലിക്കുന്ന പെട്രോൾ എൻജിനുള്ള എക്സ്എൽ സിക്സിനു മാന്വൽ കൂടാതെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പതിപ്പുമുണ്ട്. റെനോ ലോഡ്ജി, ഹോണ്ട ബിആർവി, മഹീന്ദ്ര മറാസോ എന്നീ മോഡലുകളുമായാണ് മാരുതിയുടെ ആറ് സീറ്റർ വാഹനം മത്സരിക്കുന്നത്. എർട്ടിഗയിൽ നിന്ന് എക്സഎൽ സിക്സ് എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്നു ആദ്യം പരിശോധിക്കാം. എക്സ്എൽ സിക്സിന്‍റെയും എതിരാളികളുടെയും സാങ്കേതികവിവരങ്ങളുടെ താരതമ്യം പട്ടിക രൂപത്തിൽ ഇതോടൊപ്പം ചേർക്കുന്നു.

എക്സ്എൽ സിക്സിന്‍റെ വ്യത്യസ്തത

ഉയർത്തിയ ബോണറ്റ് ലൈൻ , വലുപ്പം കൂടിയതും ഗൗരവഭാവം നല്കുന്നതുമായ ഗ്രിൽ, സ്കഫ് പ്ലേറ്റും ക്ലാഡിങ്ങുമുള്ള ബന്പറുകൾ, വശങ്ങളിൽ ബോഡി ക്ലാഡിങ് എന്നിവയാണ് എക്സ്എൽ സിക്സിനു വ്യത്യസ്തതയും എസ് യുവി ലുക്കും നൽകുന്ന ഘടകങ്ങൾ. എർട്ടിഗയിൽ നിന്നു വ്യത്യസ്തമായി പൂർണ്ണമായും എൽഇഡി ഉൾപ്പെടുത്തിയ ഹെഡ് ലാംപാണിതിന്. റൂഫ് റയിലുകൾ, ഇരട്ട വർണ്ണ സങ്കലനത്തിലുള്ള ടെയ്ൽ ഗേറ്റ് എന്നിവയും തികച്ചും പുതിയൊരു വാഹനമെന്ന പ്രതീതി എക്സ്എൽ സിക്സിനു നല്കുന്നു. സൈഡ് പാനലുകളും ഡിക്കി ഡോറുകളും ഒഴികെയുള്ള ബാഹ്യഘടകങ്ങളെല്ലാം പുതിയതാണ്. എർട്ടിഗയെക്കാൾ അൽപ്പം നീളവും വീതിയും കൂടുതലുണ്ട് എക്സ്എൽ സിക്സിന്. എർട്ടിഗയുടേതിനേക്കാൾ മേൽത്തരം നിർമിതിയാണ് ഇന്‍റീരിയറിനും. ഡയലുകൾ അടക്കമുള്ള ഡാഷ്ബോർഡ്് ഘടകങ്ങൾ എർട്ടിഗയിലേതു പോലെയാണെങ്കിലും പൂർണ്ണമായും കറുപ്പ് തീം ഉപയോഗിച്ചിരിക്കുന്നത് പ്രീമിയം ലുക്ക് നൽകുന്നു. ലെതർ അപ്ഹോൾസ്റ്ററിയാണ് സീറ്റുകൾക്ക്.


എർട്ടിഗ ഏഴ് സീറ്ററാണെങ്കിൽ ആറ് സീറ്ററാണ് എക്സ്എൽ സിക്സ്. രണ്ടാം നിരയിൽ ബഞ്ച് സീറ്റിനു പകരം ബക്കറ്റ് സീറ്റുകൾ നൽകിയിരിക്കുന്നു. സീറ്റിന് പിന്നിലേയ്ക്ക് തെന്നിനീക്കാനുള്ള സംവിധാനം നൽകിയിരിക്കുന്നതിനാൽ മധ്യ നിരയിലേയ്ക്കു കയറുന്നതും ഇറങ്ങുന്നതും എളുപ്പമാക്കുന്നു. സീറ്റുകളുടെ ചെരിവ് ക്രമീകരിക്കാൻ സൗകര്യമുണ്ടെങ്കിലും ആം റെസ്റ്റിന്‍റെ സ്ഥാനം വ്യത്യാസപ്പെടുത്താൻ കഴിയാത്തത് പോരായ്മയാണ്. അവസാന നിരയിലെയിലെ സീറ്റുകൾ ഉയർത്തി വച്ചിരിക്കുന്പോൾ 209 ലിറ്ററാണ് ലഗേജ് കപ്പാസിറ്റി. ഈ സീറ്റുകൾ മടക്കിയാൽ ഇത് 550 ലിറ്ററായി വർധിക്കും.

എർട്ടിഗയിൽ നിന്നു വ്യത്യസ്തമായി രണ്ടാം നിരസീറ്റുകൾ പൂർണ്ണമായി മടക്കി വയ്ക്കാൻ കഴിയില്ല. എർട്ടിഗയുടെ പോലെ 185/65 ആർ 15 വലുപ്പമുള്ള ടയറുകളും 180 മില്ലി മീറ്റർ ഗ്രൗണ്ട് ക്ലിയറൻ്സുമാണ് എക്സ്എൽ സിക്സിനും. രണ്ട് എയർബാഗുകളും എബിഎസും അടങ്ങുന്നതാണ് വാഹനത്തിന്‍റെ സുരക്ഷാസംവിധാനം. പിൻ സീറ്റുകളിലെ യാത്രക്കാർക്കും എയർബാഗ് സുരക്ഷ നൽകിയിരുന്നെങ്കിൽ നന്നായിരുന്നു.

രണ്ടു വകഭേദങ്ങൾ

സീറ്റ, ആൽഫ എന്നീ രണ്ടു വകഭേദങ്ങളിലാണ് എക്സ്എൽ സിക്സ് ലഭ്യമാക്കിയിരിക്കുന്നത്. എർട്ടിഗയുടെ മുന്തിയ വകഭദത്തിൽ ലഭിക്കുന്ന സൗകര്യങ്ങളായ ക്ലൈമറ്റ് കണ്‍ട്രോൾ എസി, കീലെസ് എൻട്രി, ഇലക്ട്രിക്കലായി മടക്കാവുന്ന ബാഹ്യമിററുകൾ എന്നിവ കൂടാതെ ഡേ ടൈം റണ്ണിങ് ലാംപുകളോടുകൂടിയ ഓട്ടോമാറ്റിക് എൽഇഡിഹെഡ് ലാംപുകൾ, ക്രൂസ് കണ്‍ട്രോൾ, ലെതർ അപ്ഹോൾസ്റ്ററി, റിവേഴ്സ് ക്യാമറ, ഏഴ് ഇഞ്ച് സ്മാർട്ട് പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്‍റ്് സിസ്റ്റം എന്നീ പ്രീമിയം ഫീച്ചറുകളും എക്സ്എൽ സിക്സിലുണ്ട്. എൻജിനും സസ്പെൻഷനുമൊന്നും മാറ്റമില്ല.

എർട്ടിഗയിലുള്ള ഡീസൽ എൻജിൻ ഇതിൽ ലഭ്യമാക്കിയിട്ടില്ലെന്നു മാത്രം.മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ പെട്രോൾ എൻജിനാണ്. പ്രത്യേകം ലിഥിയം അയോണ്‍ ബാറ്ററിയും ഇന്‍റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും അടങ്ങുന്ന ഈ സംവിധാനം പെട്ടെന്നുള്ള വേഗമടുക്കലിനു എൻജിനു പിന്തുണയേകും. എൻജിൻ ശേഷി 103 ബിഎച്ച്പി-138 എൻഎം ആണ്. എർട്ടിഗയ്ക്ക് സമാനമാണ് മൈലേജ്. മാന്വൽ ഗീയർബോക്സുള്ള വകഭേദത്തിന് ലിറ്ററിന് 19.01 കിലോമീറ്റർ മൈലേജ് കന്പനി വാഗ്ദാനം ചെയ്യുന്നു. ഓട്ടോമാറ്റിക് വകഭേദത്തിന് ഇത് ലിറ്ററിന് 17.99 കിലോ മീറ്ററാണ്.

ഐപ്പ് കുര്യൻ