വാട്സ്ആപ്പിൽ സ്വീകർത്താവിനെ ഉറപ്പുവരുത്താൻ പുതിയ സംവിധാനം
Tuesday, June 25, 2019 3:50 PM IST
എറിഞ്ഞ കല്ലും അയച്ച മെസേജും തിരിച്ചെടുക്കാൻ പറ്റാത്തത്തത് ആണെന്നാണ് പറയാറ്. എന്നാൽ, ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ്ആപ്പിൽ മെസേജ് തിരിച്ചെടുക്കാൻ സംവിധാനം ഉണ്ടെങ്കിലും പുതിയൊരു സംവിധാനംകൂടി വാട്സ്ആപ്പ് അവതരിപ്പിക്കുകയാണ്. ചിത്രങ്ങൾ അയയ്ക്കുന്പോൾ സ്വീകർത്താവിന്റെ പേര് ഒരിക്കൽക്കൂടി കാണിച്ചുതരുന്ന സംവിധാനമാണ് വാട്സ്ആപ് ഇനി അവതരിപ്പിക്കുക. അബദ്ധത്തിൽ മെസേജ് മാറി അയയ്ക്കപ്പെടാതിരിക്കാനാണ് ഈ ഫീച്ചർ.
ബീറ്റ വേർഷനിൽ പുതിയ ഫീച്ചർ വാട്സ്ആപ് അവതരിപ്പിച്ചിട്ടുണ്ട്. വൈകാതെതന്നെ ലോകവ്യാപകമായി പുതിയ ഫീച്ചർ അവതരിപ്പിക്കും. ഇപ്പോൾ ഒരു വ്യക്തി ചിത്രമോ വീഡിയോയോ മറ്റൊരാൾക്ക് അയയ്ക്കുന്പോൾ മുകളിൽ ഇടതുവശത്ത് സ്വീകർത്താവിന്റെ ഡിസ്പ്ലേ പിക്ചർ മാത്രമേ കാണാൻ കഴിയൂ. ഇത് പലപ്പോഴും ആശയക്കുഴപ്പത്തിനും അബദ്ധം പിണയാനും ഇടയാക്കുന്നുണ്ട്. പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതോടെ ചിത്രത്തിന്റെ ക്യാപ്ഷൻ ഭാഗത്ത് സ്വീകർത്താവിന്റെ പേരും സൂചിപ്പിക്കും. തെറ്റായ ആൾക്ക് സന്ദേശം അയയ്ക്കുന്നത് ഇതോടെ തടയാനാകുമെന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തൽ. ഗ്രൂപ്പ് ചാറ്റിലും ഈ സംവിധാനം ഉപകാരപ്പെടും.
ആൻഡ്രോയ്ഡ് വേർഷനിൽ മാത്രം അവതരിപ്പിക്കപ്പെട്ട പുതിയ സംവിധാനം ഐഒഎസിൽ അവതരിപ്പിക്കുമോ എന്നതിൽ വ്യക്തതയില്ല.