ആതെർ എനർജിക്ക് ഫെയിം -2 അംഗീകാരം
Friday, May 10, 2019 3:04 PM IST
ന്യൂഡൽഹി: ഹീറോ മോട്ടോ കോർപ്പിന്റെ പിന്തുണയുള്ള ഇലക്ട്രിക് വാഹനനിർമാതാക്കളായ ആതെർ എനർജിക്ക് ഫെയിം 2 പദ്ധതിയുടെ അംഗീകാരം. കന്പനിയുടെ ആതെർ 450 എന്ന സ്കൂട്ടറിന് ഫെയിം 2 പദ്ധതിവഴിയുള്ള സബ്സിഡി ലഭിക്കും. 27,000 രൂപയാണ് സബ്സിഡിയായി ലഭിക്കുക. ഇതോടെ വാഹനത്തിന്റെ ഓണ്‍റോഡ് വില 1,23,230 രൂപയായി കുറയുമെന്ന് ആതെർ എനർജി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഫെയിം 1 പദ്ധതിപ്രകാരം 22,000 രൂപ സബ്സിഡിയിലായിരുന്നു മുന്‍പ് വാഹനം വിറ്റിരുന്നത്. അന്ന് 1,28,230 രൂപയായിരുന്നു വില.
ഏപ്രിൽ മുതൽ വാഹനത്തിന് നിരവധി ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും സബ്സിഡി കാര്യങ്ങളുടെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ വിതരണം തുടങ്ങുമെന്നും കന്പനി അറിയിച്ചു.