രാജ്യത്തെ മൊബൈൽ വരിക്കാരുടെ എണ്ണം 102.5 കോടി കവിഞ്ഞു
Monday, January 7, 2019 12:37 PM IST
കൊച്ചി: രാജ്യത്തെ സ്വകാര്യ മൊബൈൽ വരിക്കാരുടെ എണ്ണം 102.56 കോടി കവിഞ്ഞതായി കഴിഞ്ഞ വർഷം നവംബറിലെ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ സംഘടനയായ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (കോയ്) പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്.
ആകെ 42.11 കോടി വരിക്കാരുമായി വോഡഫോണ്‍ ഐഡിയയാണ് ഏറ്റവും കൂടുതൽ മൊബൈൽ വരിക്കാരുള്ള കന്പനി. വോഡഫോണിന് 21.6 കോടിയും ഐഡിയയ്ക്ക് 20.51 കോടിയും വരിക്കാരാണുള്ളത്. 31.48 കോടി വരിക്കാരുമായി ഭാരതി എയർടെല്ലാണ് രണ്ടാമത്. റിലയൻസ് ജിയോ ഇൻഫോകോമിന് 26.28 കോടി വരിക്കാരുണ്ട്.
രാജ്യത്തെ ടെലികോം മേഖലയെ സംബന്ധിച്ചു സുപ്രധാന വർഷമാണ് കടന്നുപോയതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച കോയ് ഡയറക്ടർ ജനറൽ രാജൻ എസ്. മാത്യൂസ് പറഞ്ഞു.
5ജി അടക്കമുള്ള സാങ്കേതികവിദ്യകളിലേക്കു മാറാനുള്ള വാണിജ്യപരമായ അടിത്തറയിടാൻ ടെലികോം സ്ഥാപനങ്ങൾക്കു കഴിഞ്ഞു. എല്ലാ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള നീക്കത്തിലാണെന്നും ഇതിനകം 10.4 ലക്ഷം കോടി രൂപ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾക്കായി ചെലവിട്ടു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോഡഫോണ്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണത്തിൽ ഇടിവ്
ന്യൂഡൽഹി: വോഡഫോണ്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണത്തിൽ ഇടിവ് തുടരുന്നു. നവംബറിൽ 65 ലക്ഷം വരിക്കാരുടെ കുറവാണ് വോഡഫോണ്‍ ഐഡിയയ്ക്കുണ്ടായിരിക്കുന്നതെന്നാണ് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (കോയ്) പുറത്തുവിട്ട റിപ്പോർട്ട്. ഇതേ കാലയളവിൽ ഭാരതി എയർടെൽ ഒരു ലക്ഷത്തിൽപ്പരം വരിക്കാരെ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണം 102 കോടിയായി ഉയരുകയും ചെയ്തു.
റിലയൻസ് ജിയോ ഇൻഫോകോം കണക്കുകൾ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ അത് ലഭ്യമല്ല. കൂടാതെ ബിഎസ്എൻഎൽ, എംടിഎൻഎൽ, ആർകോം, ടാറ്റ എന്നിവയുടെ വരിക്കാരുടെ കണക്കുകൾ അസോസിയേഷൻ കൂട്ടിയിട്ടുമില്ല.