യാത്ര പോകാം സുരക്ഷിതമായി
Monday, January 7, 2019 12:32 PM IST
കൗതുകവും സാഹസികതയും നിറഞ്ഞ യാത്രകൾ ഇഷ്ടപ്പെടുന്നവർ എപ്പോഴും ചിന്തിക്കുന്ന രണ്ടു വാക്കുകളാണ് റോഡ് ട്രിപ്. വളരെ പ്രതീക്ഷയോടെയുള്ള യാത്രകൾ അപ്രതീക്ഷിത പ്രശ്നങ്ങളിൽ പലപ്പോഴും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരാറുണ്ട്. കൃത്യമായ പ്ലാനിംഗും വാഹനപരിശോധനയും ഇത്തരം യാത്രകളിൽ അത്യാവശ്യമാണ്. സാധാരണ യാത്രകളിലുണ്ടാകുന്ന ചില പ്രശ്നങ്ങൾ അല്പം കരുതലുണ്ടെങ്കിൽ മാറ്റാവുന്നതേയുള്ളൂ.
ബ്രേക്ക്ഡൗൺ
യാത്രകളിൽ വാഹനങ്ങൾ തകരാറിലായാൽ നല്ല സർവീസ് സെന്ററുകൾ ലഭ്യമായെന്നു വരില്ല. അതുകൊണ്ടുതന്നെ അത്തരം സാഹചര്യം ഉണ്ടാവാതെ നോക്കുകയാണു വേണ്ടത്. യാത്രയ്ക്കു മുന്പ് വാഹനം പരിശോധിക്കുകയോ സർവീസ് ചെയ്യുകയോ വേണം. ബ്രേക്ക്, വീൽ ബയറിംഗ്, ഫാൻ ബെൽറ്റ്, എൻജിൻ ഓയിൽ തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അറിവുണ്ടാകുന്നതും നല്ലതാണ് (ഉദാ: ബാറ്ററി, ടയർ മാറ്റിവയ്ക്കൽ, അമിത ചൂടായിട്ടുള്ള കാർബറേറ്റർ). ടൂൾ കിറ്റ് കൈവശം ഉള്ളതും നല്ലതാണ്.
ടയർ പഞ്ചർ
സ്റ്റെപ്പിനിയായി സാധാരണ ഒരു ടയർ വാഹനത്തിലുണ്ടാകുമെങ്കിലും യാത്രകളിൾ ഒരെണ്ണംകൂടി കരുതുന്നതു നല്ലതാണ്. ബൂട്ട് സ്പേസിൽ ടയർ റീപ്ലേസ്മെന്റ് കിറ്റ് (ജാക്ക്, വീൽ വെഡ്ജസ്, ലംഗ് വ്രെഞ്ച്, സ്പെയർ നട്ടുകൾ, ഫ്ലാഷ്ലൈറ്റ്) ഉണ്ടായിരിക്കണം. പഞ്ചറായ ടയർ മാറ്റിയിട്ടാൽ അടുത്ത റിപ്പയർ ഷോപ്പിൽനിന്നുതന്നെ അറ്റകുറ്റപ്പണി ചെയ്തെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
അസുഖങ്ങൾ
അസുഖങ്ങൾ വന്നാൽ പിന്നീടുള്ള യാത്ര അത്ര സുഖകരമായിരിക്കില്ല. ദീർഘദൂര യാത്ര, കാലാവസ്ഥാമാറ്റം, വഴിവക്കിലെ കടകളിൽനിന്നുള്ള ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം. അതിനാൽ ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം. ഒപ്പം പനി, ഉദരപ്രശ്നങ്ങൾ, വേദനസംഹാരികൾ, ആന്റിസെപ്റ്റിക്, ബാൻഡേജുകൾ എന്നിവയുള്ള ഫസ്റ്റ് എയ്ഡ് കിറ്റും കരുതണം.
വഴി തെറ്റാം
യാത്ര പോകുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഇന്റർനെറ്റിനു വേഗമില്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളാണെങ്കിൽ ഗൂഗിൾ മാപ്പിലെ മൈ മാപ്സ് ഫീച്ചർ ഉപയോഗിച്ച് യാത്രാ മാർഗം ഉണ്ടാക്കിയെടുത്ത് ഓഫ്ലൈൻ മോഡിൽ സൂക്ഷിക്കാം. ഒപ്പം ഒരു പേപ്പർ മാപ്പ് കരുതുന്നതും നല്ലതാണ്.
നിലവാരമില്ലാത്ത ഇന്ധനം
നിലവാരമില്ലാത്തതോ അല്ലെങ്കിൽ മായം ചേർത്തതോ ആയ ഇന്ധനം ഇന്ന് മിക്ക പെട്രോൾ പന്പുകളിലും വിൽക്കാറുണ്ട്. ഇത് മൈലേജിനെയും എൻജിനെയും ബാധിക്കും. ദീർഘദൂര ഓട്ടത്തിനുശേഷം വാഹനത്തിന് അല്പം റെസ്റ്റ് കൊടുക്കുന്നതും നല്ലതാണ്. അംഗീകൃത കന്പനികളുടെ വലിയ പെട്രോൾ പന്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കാം. ഇതിന് വലിയ ട്രക്കുകൾ ഇന്ധനം നിറയ്ക്കുന്ന പന്പുകൾ നിരീക്ഷിക്കാം.
ഐബി
[email protected]