ക്ലിക്കാകുമോ കിക്ക്സ്
Monday, December 31, 2018 3:11 PM IST
ഇന്ത്യയിൽ നിലവിലുള്ള ഏതൊരു കോംപാക്ട് എസ്യുവി അല്ലെങ്കിൽ ക്രോസോവർ വാഹനങ്ങളേക്കാളും നീളമുള്ള, വീതിയേറിയ വാഹനമാണ് നിസാനിൽനിന്ന് വൈകാതെ വിപണിയിലെത്തുന്ന കിക്ക്സ്.
എസ്യുവിയോ ക്രോസോവറോ?: രൂപംകൊണ്ട് ഒരിക്കലും കിക്ക്സിനെ എസ്യുവി എന്ന് വിളിക്കാൻ പറ്റില്ല. ബോക്സി രൂപമല്ല, വലുപ്പം എസ്യുവിയുടെ അനുപാതത്തിലല്ല. അതുകൊണ്ടുതന്നെ ഈ വാഹനത്തെ ക്രോസോവർ എന്നു വിളിക്കാം. എന്നാൽ, എസ്യുവികളുടെ റൈഡ് ഹൈറ്റ് അഥവാ ഗ്രൗണ്ട് ക്ലിയറൻസ് കിക്ക്സിൽ കടമെടുത്തിട്ടുണ്ട്. കാപ്ചറിനുള്ളതുപോലെ 210 എംഎം ഗ്രൗണ്ട് ക്ലിയറൻസാണ് കിക്ക്സിനു നല്കിയിരിക്കുന്നത്. ഗ്രൗണ്ട് ക്ലിയറൻസിൽ ആകൃഷ്ടരായി എസ്യുവി വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന മോഡലാണ് കിക്ക്സ് എന്ന് നിസംശയം പറയാം.
ശ്രദ്ധിക്കപ്പെടുന്ന ഡിസൈൻ: ആരുടെയും ശ്രദ്ധ പിടിച്ചുപറ്റാനുതകുന്ന ഡിസൈൻ. ഡുവൽ ടോൺ എക്സ്റ്റീരിയർ കളർ സ്കീം, എൽഇഡി ഹെഡ്ലാന്പുകളും ഡിആർഎലുകളും, നിസാന്റെ വി മോഷൻ ഗ്രില്ലും മുൻഭാഗം കൂടുതൽ ആകർഷകമാക്കുന്നു.
മറ്റൊരു വാഹനങ്ങളിലും കാണാത്ത വിധത്തിൽ ബൂമറാംഗ് ടെയിൽ ലാന്പാണ് കിക്ക്സിന്റെ മറ്റൊരു പ്രത്യേകത.
വലുപ്പം: 4384 എംഎം നീളം, 1813 എംഎം വീതി, 1656 എംഎം ഉയരം, 2673 എംഎം വീൽബേസ്, 210 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, 400 ലിറ്റർ ബൂട്ട്.
പ്രീമിയം ഇന്റീരിയർ ഡിസൈൻ: ഒറ്റവാക്കിൽ പ്രീമിയം എന്ന് ഇന്റീരിയർ ഡിസൈനെ വിശേഷിപ്പിക്കാം. ബ്ലാക്ക്-ബ്രൗൺ കളർ സ്കീം ആണ് ഉള്ളിൽ നല്കിയിരിക്കുന്നത്. ബ്രൗൺ പാനൽ ഡാഷ്ബോർഡ്, ലെതർ ഡോർ പാനലുകൾ, കറുത്ത ഡാഷ്ബോർഡ് ടോപ്, ലെതറിൽ പൊതിഞ്ഞ സീറ്റുകളും സ്റ്റിയറിംഗ് വീലുമാണുള്ളത്. കൂടാതെ നിസാന്റെ മറ്റു മോഡലുകളെ അപേക്ഷിച്ച് എൻജിൻ ശബ്ദം ഉള്ളിലേക്ക് കടക്കാത്ത വിധത്തിലുള്ള ഡിസൈനാണ് കിക്ക്സിനുള്ളത്.
സുരക്ഷ: ഡീസൽ എൻജിൻ ഓപ്ഷനിൽ മാത്രമാണ് ടോപ് വേരിയന്റ് കിക്ക്സ് എത്തുക. എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, നാല് എയർബാഗുകൾ എന്നിവയാണ് ടോപ് വേരിയന്റിലുള്ള സുരക്ഷാ മാർഗങ്ങൾ. ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുകി എസ്-ക്രോസ് എന്നിവയുമായി താരതമ്യപ്പെടുത്തിയാൽ ക്രെറ്റയ്ക്ക് ആറ് എയർബാഗുകളും എസ്-ക്രോസിന് രണ്ട് എയർബാഗുകളുമാണുള്ളത്.
360 ഡിഗ്രി പാർക്കിംഗ് അസിസ്റ്റ്: 360 ഡിഗ്രി പാർക്കിംഗ് അസിസ്റ്റ് ആണ് കിക്ക്സ് വാഗ്ദാനം ചെയ്യുന്ന പ്രധാന ഫീച്ചർ. മുന്നിലും പിന്നിലും രണ്ട് ഒൗട്ട്സൈഡ് റിയർ വ്യൂ മിററുകളുടെ താഴെയുമായി നാലു കാമറകളാണ് ഇതിനായി കിക്ക്സിലുള്ളത്.
ഇനിയുമുണ്ട്: 17 ഇഞ്ച് അലോയ് വീലുകൾ, ഓട്ടോ എസി (സ്റ്റാൻഡാർഡ് ഫീച്ചർ), കൂൾഡ് ഗ്ലൗ ബോക്സ്, ക്രൂയിസ് കൺട്രോൾ, കോർണറിംഗ് ഫംഗ്ഷനുള്ള ഫോഗ് ലാന്പുകൾ, 8-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റെയിൻ സെൻസിംഗ് വൈപ്പറുകൾ.
ചിലത് മറന്നു: പ്രധാന എതിരാളിയായ ക്രെറ്റയുടെ ടോപ് വേരിയന്റുമായി താരതമ്യപ്പെടുത്തിയാൽ ഓട്ടോ ഡിമ്മിംഗ് ഇൻസൈഡ് റിയർ വ്യൂ മിറർ, പവേർഡ് ഡ്രൈവർ സീറ്റ്, വയർലെസ് ചാർജർ, സൺറൂഫ് തുടങ്ങിയവ കിക്ക്സിൽ ഇല്ല.
കാപ്ചറിന്റെ എൻജിൻ: റെനോ കാപ്ചറിൽ ഉപയോഗിച്ചിരിക്കുന്ന പവർട്രെയിനുകളാണ് കിക്ക്സിനും നല്കിയിരിക്കുന്നത്. അതായത് 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിൻ. ഡീസൽ എൻജിന് 6 സ്പീഡ് ട്രാൻസ്മിഷനും പെട്രോൾ എൻജിന് 5 സ്പീഡ് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിരിക്കുന്നു.
വില: അടുത്ത മാസം വിപണിയിലെത്തുന്ന കിക്ക്സിന് 10-15 ലക്ഷം രൂപ വില വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഐബി
[email protected]