രാജകീയ പ്രൗഢിയോടെ തിരിച്ചു വരവിനൊരുങ്ങി യമഹ ആർഎക്സ് 100
Wednesday, December 21, 2022 12:25 PM IST
ന്യൂഡൽഹി: ഇന്ത്യൻ നിരത്തിൽ രാജകീയ പദവിയിൽ വിലസിയ മോട്ടോർസൈക്കിൾ യമഹ ആർഎക്സ് 100 തിരിച്ചുവരവിനൊരുങ്ങുന്നുവെന്നു റിപ്പോർട്ട്. യമഹ ഉടൻ തന്നെ ആർ എക്സ് 100ഉമായി വരുമെന്ന് യമഹ ഇന്ത്യ ചെയർമാൻ ഈഷിൻ ചിഹാന ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചു.
ചിഹാനയുടെ അഭിപ്രായത്തിൽ, പുതിയ ആർഎക്സ് 100 ൽ അതിന്റെ ഭൗതിക രൂപം മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നിരുന്നാലും, ആർഎക്സ് 100 ന്റെ ആരാധകരുടെ താത്പര്യം കണക്കിലെടുത്ത് പുതിയ മോട്ടോർസൈക്കിൾ ഒരു പെർഫോമൻസ് ഓറിയന്റഡ് ആയിരിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
മുൻ തലമുറ ആർഎക്സ് 100ൽ നിന്ന് വ്യത്യസ്തമായി പുതിയ മോട്ടോർസൈക്കിളിന് രണ്ട് സ്ട്രോക്ക് എൻജിൻ ഉണ്ടായിരിക്കില്ല. കൂടാതെ പഴയ ശബ്ദവും. കാരണം ടു സ്ട്രോക്ക് മോട്ടോർസൈക്കിൾ ഉപയോഗിക്കാൻ ഇന്ന് ഇന്ത്യയിൽ അനുവാദമില്ല. കർശനമായ ബിഎസ്6 എമിഷൻ മാനദണ്ഡങ്ങൾ പാലിച്ചേ പുതിയ ബൈക്ക് പുറത്തിറക്കാനാവുകയുള്ളൂ.
ആർഎക്സ് 100 നിരത്തിൽ നിന്നു പിൻവാങ്ങിയിട്ട് 26 വർഷമായി. ഇപ്പോഴും ഇന്ത്യയിൽ ഒരു ഐക്കണിക്ക് പദവി നിലനിർത്താൻ ആർഎക്സ് 100 ന് കഴിയുന്നുണ്ട്. ഉപയോഗിച്ച ഇരുചക്രവാഹന വിപണിയിൽ അതിന്റെ ഡിമാൻഡ് വളരെ കൂടുതലാണ്, പല ഉടമകളും അവരുടെ ആർഎക്സ് 100 ബൈക്കിന് ഒരു ലക്ഷം രൂപയിലധികം ആവശ്യപ്പെടുന്നു.
യമഹ ആർഎക്സ് 100, 98 സിസി ടു സ്ട്രോക്ക് എൻജിനുള്ള ഭാരം കുറഞ്ഞതും ലളിതവുമായ മോട്ടോർസൈക്കിളായിരുന്നു. 1985 മുതൽ 1996 വരെ ഇത് ഇന്ത്യൻ തെരുവ് ഭരിച്ചിരുന്നു. യമഹ ആർഎക്സ് 100 ഇന്ത്യയിൽ നിരവധി മോട്ടോർസൈക്കിൾ പ്രേമികളെ സൃഷ്ടിച്ച ചുരുക്കം മോട്ടോർസൈക്കിളുകളിൽ ഒന്നാണ്.
ആർഎക്സ് 100ന് വളരെ പെട്ടന്നുതന്നെ ഉയർന്ന വേഗം കൈവരിക്കാൻ കഴിയുമായിരുന്നു. അതിനാൽ ’പോക്കറ്റ് റോക്കറ്റ്’ എന്നും ആർഎക്സ് 100 അറിയപ്പെടുന്നു. 4 സ്പീഡ് ഗിയർ ബോക്സായിരുന്നു ആർഎക്സ് 100 ന്റെ മറ്റൊരു പ്രത്യേകത. ഇന്ത്യയിൽ അതിന്റെ 11 വർഷത്തെ ഉല്പാദനത്തിൽ, പെയിന്റ് സ്കീമും മെച്ചപ്പെടുത്തിയ 12 വോൾട്ട് ചാർജിംഗ് സിസ്റ്റവും ഒഴികെ മറ്റൊന്നും മാറിയില്ല.
1985 നവംബറിലാണ് ഇന്ത്യയിൽ, യമഹ ആർഎക്സ് 100 പുറത്തിറക്കിയത്. ഭാരം കുറഞ്ഞ ശരീരവും ഉയർന്ന പവർ ഔട്ട്പുട്ടും ഉള്ളതിനാൽ ആർഎക്സ് 100 ഏറ്റവും മികച്ച 100 സിസി ബൈക്കാക്കി മാറ്റി.
നിർത്തലായിട്ട് കാൽ നൂറ്റാണ്ടുകഴിഞ്ഞിട്ടും ഈ സവിശേഷതകളുള്ള മറ്റൊരു 100 സിസി മോട്ടോർസൈക്കിൾ ഉണ്ടായിട്ടില്ല. കേവലം 103 കിലോഗ്രാം ഭാരമേ ആർഎക്സ് 100 ന് ഉണ്ടായിരുന്നുള്ളൂ. ഇതാണ് മറ്റേതൊരു ആധുനിക 150-160 സിസി മോട്ടോർസൈക്കിളിനേക്കാളും ആർഎക്സ് 100 നെ പ്രിയങ്കരമാക്കിയത്. കൂടാതെ ശബ്ദവും. ശബ്ദവും ഭാരക്കുറവും റേസിംഗിനുള്ള സാധ്യതയായി തിരിച്ചറിഞ്ഞ റേസർമാർ ആർഎക്സ് 100 നെ പെട്ടെന്ന് സ്വീകരിച്ചു.
രാജ്യത്തുടനീളമുള്ള ആരാധകർ യമഹ ആർഎക്സ് 100നെ ഒരു ഇതിഹാസമായി കണക്കാക്കുന്നു. ശുദ്ധവും കുറഞ്ഞ മലിനീകരണവുമുള്ള ഇരുചക്രവാഹനങ്ങൾ നിർമിക്കാൻ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനാൽ 1996 ൽ ആർഎക്സ് 100 നിർമാണം അവസാനിപ്പിക്കുകയായിരുന്നു. ഇതിഹാസ മോട്ടോർസൈക്കിളിന്റെ ഓണ്റോഡ് വില 1989ൽ ഏകദേശം 19,700 രൂപയായിരുന്നു.
2020 മാർച്ചിലെ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങളുടെ സമയപരിധിക്ക് മുന്പ് ഇന്ത്യയിലെ 110 സിസി, 125 സിസി ബൈക്കുകളുടെ നിർമാണത്തിൽ നിന്ന് യമഹ പിൻവാങ്ങിയിരുന്നു.