ഇതു പല കീടങ്ങളേയും കൃഷിയിടത്തിൽ നിന്ന് അകറ്റും. വാരത്തിനിടയിലുള്ള പാത്തികളിൽ അധികം വെള്ളം കെട്ടി നിർത്താറില്ല. വെള്ളം കെട്ടി നിന്നാൽ വള്ളിയും കിഴങ്ങും ചീഞ്ഞു പോകാനിടയാകും. വള്ളികൾക്കിടയിലെ കളകൾ കൈകൊണ്ടാണ് നീക്കം ചെയ്യുന്നത്.
എന്നാൽ വാരത്തിന് വശങ്ങളിലെ കളകൾ നീക്കം ചെയ്യാൻ വളരെ സൂക്ഷമതോടെ കളനാശിനികൾ പ്രയോഗിക്കും. വിള പാകമാകുന്പോൾ വള്ളികൾ ഉണങ്ങും. അതോടെ വിളവെടുപ്പ് തുടങ്ങും. വാരത്തിൽ നിന്നു പറിച്ചെടുത്ത് നേരെ ചാക്കുകളിൽ നിറക്കുന്നതാണ് രീതി. പിന്നെ വിപണികളിലെത്തിക്കും.
മുൻകാലങ്ങളിൽ കർഷകർ നേരിട്ടാണ് നിലങ്ങളിൽ വാരം തയാറാക്കിയിരുന്നത് എന്നാൽ, ഇപ്പോൾ യന്ത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മണ്ണിന്റെ നിലവാരം അനുസരിച്ച് യൂറിയ, പൊട്ടാഷ്, രാജ് ഫോസ് തുടങ്ങിയവയും ഇടവളമായി നൽകാറുണ്ട്.
മൂന്നു മാസക്കാലം ക്രമമായ വളർച്ചയുടെ പച്ചവാരങ്ങളാണ് ഓരോ കൂർക്കപ്പാടവും. ഇക്കാലയളവിൽ സിനിമാ ഷൂട്ടിംഗ് തുടങ്ങി വിവാഹ ഫോട്ടോ ഷൂട്ടിനു വരെ വരവൂരിലെ കൂർക്കപ്പാടങ്ങൾ വേദിയാകാറുണ്ട്. എന്നാൽ, വെള്ളപ്പൊക്കം വലിയ കൂർക്ക കൃഷിക്ക് വലിയ ഭീഷണിയാണ്.