ആദൂരിലെ കാശു വാരുന്ന കശുമാവ് ഫാം
Wednesday, October 22, 2025 3:06 PM IST
കാസർഗോഡ് ജില്ലയുടെ കിഴക്കൻ മേഖലയിൽ കർണാടക വനാതിർത്തിയോടു ചേർന്നു കിടക്കുന്ന ചെറിയൊരു ഗ്രാമമാണ് ആദൂർ. ഇവിടെ കൃഷിവകുപ്പിനു കീഴിൽ കശുമാവിൻ തൈകളുടെ ഉല്പാദനത്തിനായി അന്‍പതു വർഷത്തോളമായി പ്രവർത്തിക്കുന്ന ഒരു ഫാമുണ്ട്.
വിദൂരമായൊരു സ്ഥലത്തുള്ള ഒരു സാധാരണ സർക്കാർ ഫാമെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. പക്ഷേ കഴിഞ്ഞവർഷം കശുമാവിൻ തൈകളുടെ വില്പനയിലൂടെ മാത്രം ഒരു കോടിയിലേറെ രൂപയുടെ റിക്കാർഡ് വിറ്റുവരവാണ് ആദൂർ-ഗാളിമുഖ കാഷ്യു പ്രൊജനി ഓർച്ചാഡ് എന്ന ഈ സ്ഥാപനം നേടിയത്.
250 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ആദൂർ ഫാമിൽ ഉല്പാദിപ്പിക്കുന്ന മികച്ചയിനം കശുമാവിൻ തൈകൾ ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വിതരണത്തിനെത്തുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം വിവിധ ഇനങ്ങളിൽപ്പെട്ട 1.62 ലക്ഷം കശുമാവിൻ തൈകളാണ് ഇവിടെ ഉല്പാദിപ്പിച്ച് കശുമാവ് വികസന ഏജൻസി മുഖേന സംസ്ഥാനത്തുടനീളം വിതരണം ചെയ്യപ്പെട്ടത്.
ജ·നാടായ കോഴിക്കോട്ടുനിന്നു സ്വന്തം ആഗ്രഹപ്രകാരം ഈ ഗ്രാമത്തിലേക്കു സ്ഥലംമാറ്റം വാങ്ങിയെത്തി നാലുവർഷമായി ഇവിടുത്തെ എല്ലാ പ്രവർത്തനങ്ങളെയും മുന്നിൽനിന്നു നയിക്കുകയാണ് എൻ. സൂരജ് എന്ന യുവ കൃഷി ഓഫീസർ. സംസ്ഥാന കൃഷിവകുപ്പിന്റെ ഈ വർഷത്തെ മികച്ച ഫാം ഓഫീസർക്കുള്ള പുരസ്കാരം സൂരജിനെ തേടിയെത്തിയത് ഇവിടുത്തെ പ്രവർത്തനമികവിനുള്ള അംഗീകാരമായാണ്.
കശുമാവ് വികസന ഓഫീസറുടെ അധിക ചുമതല കൂടി ഏറ്റെടുത്തുകൊണ്ടാണ് സൂരജ് ഇവിടെയെത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാസകീടനാശിനികൾ പൂർണമായും ഒഴിവാക്കി കശുമാവിൻ തൈകൾ വളർത്തിയെടുക്കാനും മികച്ച വിളവുണ്ടാക്കാനും കഴിയുമെന്ന് തെളിയിച്ചതാണ് ആദൂർ ഫാമിന്റെ മാതൃക.
ഒരുപടി കൂടി കടന്ന് രാസവളങ്ങൾ കൂടി ഒഴിവാക്കി ഒരു കാർബണ്‍ ന്യൂട്രൽ ഫാം എന്ന സ്വപ്നത്തിലേക്കും ഇപ്പോൾ അടുക്കുകയാണ്. മലയോരത്തിന്റെ പ്രകൃതിഭംഗിയും ശുദ്ധവായുവും വെള്ളവുമെല്ലാമുള്ള ഇവിടം സർക്കാരിന്റെ ഫാം ടൂറിസം മാപ്പിലും സ്ഥാനം പിടിച്ചുകഴിഞ്ഞു.

ഇവിടെനിന്ന് അധികം അകലെയല്ലാതെ കർണാടകയിലെ പുത്തൂരിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിലിനു കീഴിൽ ഒരു കശുമാവ് ഗവേഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. അവിടെ പുതുതായി വികസിപ്പിച്ചെടുത്ത മികച്ച ഉല്പാദനശേഷിയും വലിപ്പവും മറ്റു ഗുണങ്ങളുമുള്ള നേത്ര ജംബോ, നേത്രഗംഗ, ഉദയ, കർണാടകയിൽ ഏറെ പേരുകേട്ട ഭാസ്കര തുടങ്ങിയ സവിശേഷ ഇനങ്ങളുടെ തൈകൾ ആദൂരിൽ ഉല്പാദിപ്പിക്കുന്നുണ്ട്.
പ്രിയങ്ക, മാടക്കത്തറ, പൂർണിമ, അക്ഷയ, നിഹാര തുടങ്ങി കേരളത്തിൽനിന്നുതന്നെയുള്ള സങ്കരയിനങ്ങളും ഇവിടെ പിറവികൊള്ളുന്നു. സങ്കരയിനം തൈകൾ ബഡ് ചെയ്തു തയാറാക്കുകയും വളർത്തിയെടുക്കുകയും ചെയ്യുന്നതിനായി വിശാലമായ പോളി ഹൗസുകൾ ഇവിടെയുണ്ട്.
കശുമാവിനു പുറമേ ഒട്ടുമാവിൻ തൈകൾ, കുറിയ ഇനം തെങ്ങിൻതൈകൾ, ഒട്ടുപ്ലാവ്, പേര, കുരുമുളക് എന്നുതുടങ്ങി ഡ്രാഗണ്‍ ഫ്രൂട്ട് വരെ തികച്ചും ശാസ്ത്രീയവും ജൈവവുമായ രീതിയിൽ ഇവിടെ പിറവിയെടുക്കുകയും വളരുകയും ചെയ്യുന്നു.
അവയ്ക്കൊപ്പം ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന വിശാലമായ തോട്ടത്തിലെ വിവിധതരം അലങ്കാരച്ചെടികളും ചെണ്ടുമല്ലി കൃഷിയുമെല്ലാം കാഴ്ചക്കാരുടെ മനസ് കവരുന്നു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ കൃഷിവികാസ് യോജനയിൽ 2.77 കോടി രൂപയുടെ പുതിയ പദ്ധതികളാണ് അടുത്തിടെ ഈ സ്ഥാപനത്തെ തേടിയെത്തിയത്.
സൂരജ് (ഫോണ്‍) - 8281142491