ജോബൻവില്ലയിലെ അമേരിക്കൻ ബ്യൂട്ടി
ജോണ്സണ് വേങ്ങത്തടം
Monday, October 20, 2025 1:22 PM IST
കടൽകടന്നെത്തിയ ഈ ചുവപ്പൻ താരത്തെ കടവൂർ മതിലിൽ ജോബൻവില്ലയിൽ ജോയി ജോർജിന്റെ വീട്ടിൽ ജോറായി വിളയിക്കുന്നു. വീട്ടുമുറ്റത്ത് ഒരുക്കിയിരിക്കുന്ന പോളിഹൗസിൽ പൂത്തുലഞ്ഞ് പാകമെത്തിനിൽക്കുന്ന നൂറുകണക്കിനു ഡ്രാഗണ്‍ ഫ്രൂട്ടുകൾ.
പേരിലും കളറിലുമാണ് ഡ്രാഗന്റെ പത്രാസ്. 52 ബക്കറ്റുകളിൽ 200ലധികം ചെടികളിലാണ് ഡ്രാഗണ്ഫ്രൂട്ടുകൾ വിളഞ്ഞു നിൽക്കുന്നത്. ഡ്രാഗണ്‍ ഫ്രൂട്ട് ചെടികൾ മിക്ക വീടുകളിലുണ്ടെങ്കിലും പാകമായി വിളഞ്ഞുനിൽക്കുന്ന പഴങ്ങൾ കാണുന്നതൊരു കൗതുകം തന്നെയാണ്.
25 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിൽ തിരികെ എത്തിയപ്പോൾ കൗതുകത്തിന് ആരംഭിച്ചതാണ് ഡ്രാഗണ്‍ കൃഷി. ജൈവകൃഷി രീതിയാണ് ജോയി പരീക്ഷിക്കുന്നത്. പ്രവാസജീവിതം എന്നു പറഞ്ഞാൽ സൗദി അറേബ്യയിലും ഖത്തറിലും യുഎഇയിലും ജോലി ചെയ്തു.
കണ്സ്ട്രേഷൻ മേഖലയിൽ സേഫ്റ്റി മാനേജരുമായിരുന്നു. പ്രവാസജീവിതം അവസാനിച്ചു നാലുവർഷം മുന്‍പു നാട്ടിലെത്തിയപ്പോൾ പത്തനംതിട്ട റാന്നിയിൽ ഒരു ഫാം സന്ദർശിച്ചതോടെയാണ് ഒരു കൗതുകത്തിനു കൃഷിയിലേക്കു തിരിഞ്ഞത്.
അകം ചുവന്നു മധുരമുള്ള ഹൈബ്രിഡ് ഇനമായ അമേരിക്കൻ ബ്യൂട്ടി ഡ്രാഗണ്‍ ഫ്രൂട്ടാണ് കൃഷി ചെയ്തിരിക്കുന്നത്. വലുപ്പമുള്ള നീല വീപ്പകൾ രണ്ടായി മുറിച്ച് ആവശ്യത്തിന് ദ്വാരങ്ങൾ ഇട്ടശേഷം നടീൽ മിശ്രിതം ഉപയോഗിച്ചാണ് തൈകൾ നട്ടിരിക്കുന്നത്.
ഒരു മൂട്ടിൽ രണ്ടു മുതൽ നാലുവരെ തൈകൾ നട്ടിട്ടുണ്ട്. ആദ്യഘട്ട കൃഷി വിജയിക്കുമെന്ന് മനസിലായതോടെ 140 തൈകൾ കൂടി വാങ്ങി നട്ടു. ഉണക്കിപ്പൊടിച്ച ചാണകവും ആട്ടിൻ കാഷ്ഠവും പ്രത്യേക അനുപാതത്തിൽ ഇളക്കിയെടുത്താണ് വളമായി നൽകുന്നത്.
വർഷത്തിൽ രണ്ടുതവണ ഇട്ടുകൊടുക്കും. ജൈവവളം മാത്രമേ ഉപയോഗിക്കുകയുള്ളൂ. തുറസായ ഇടങ്ങളിൽ കൃഷി ചെയ്യുന്ന ചെടികൾ മേയ് മാസം മുതൽ പൂക്കുമെങ്കിലും പോളിഹൗസിൽ ജൂണ്‍-ജൂലൈ മാസങ്ങളിലാണു പൂക്കുന്നത്.
ഡിസംബർവരെ കായ്കൾ ലഭിക്കും. രാത്രി എട്ടിനുശേഷമാണ് ഇവ പൂക്കുന്നതെന്നു ജോയി പറയുന്നു. 10 മണിയോടെ എല്ലാ പൂക്കളും വിടരുകയും പുലർച്ചയോടെ വാടുകയും ചെയ്യും. പൂവിരിഞ്ഞു 28 ദിവസത്തിനുള്ളിൽ കായ്കൾ വിളവെടുക്കാം.
ഒരു കായ്ക്ക് ശരാശരി 450 ഗ്രാം മുതൽ 600 ഗ്രാം വരെ തൂക്കം ലഭിക്കും. വിരിയുന്ന പൂക്കൾ എല്ലാം കായ്കളാകും എന്നതാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രത്യേകത. ഇത്തവണ 300 മുതൽ 500വരെ കായ്കൾ വിളവെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം മുതൽ വിപണിയിൽ വിൽക്കാൻ കഴിയുമെന്ന് കരുതുന്നതായി ജോയി പറഞ്ഞു. തൃക്കടവൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിനു സമ്മിശ്രജൈവ കർഷകനായ ജോയിയെ കൃഷിവകുപ്പ് ആദരിച്ചു.
ഭാര്യ ലിജി ജോയിയും ഒപ്പമുണ്ട്. മകൻ ഹാരിസ് ജോയി, മകൾ ഹന്ന ജോയി.
ഫോണ്‍: 9846466680.