ചേമ്പ് കൃഷി അറിയേണ്ടതെല്ലാം
ഡോ.ജി. സുജ, സി.എസ്. സൂരജ്, ബി. സതീശൻ
Saturday, October 11, 2025 4:59 PM IST
നമ്മുടെ നാട്ടിൽ ഏറെ പ്രിയമുള്ള ചെറുചേന്പിന്റെ കിഴങ്ങും തണ്ടും ഇലയും പോഷക, ഔഷധമൂല്യം നിറഞ്ഞതാണ്. കിഴങ്ങിൽ അന്നജവും (9.6-18.8%) ഭക്ഷ്യനാരും, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസിയം, വിറ്റാമിൻ (അ,ഇ), ധാതുക്കൾ, മാൻഗനീസ്, ഇരുന്പ് എന്നിവ അടങ്ങിയിട്ടുണ്ട്.
ചേന്പിന്റെ അന്നജത്തിന്റെ കണികകളുടെ വലിപ്പം തീരെ കുറവായതിനാൽ ദഹനപ്രക്രിയ എളുപ്പത്തിൽ നടക്കുന്നു. കിഴങ്ങുകളിലെ ഭക്ഷ്യനാര് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും സഹായിക്കുന്നു.
ഇതുകൂടാതെ കിഴങ്ങുകളിലെ വഴുവഴുപ്പ് രക്തത്തിലെ കൊളസ്ട്രോൾ ലെവൽ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ചേന്പിലയിൽ പ്രോട്ടീൻ, ബീറ്റ-കരോട്ടിൻ, ഇരുന്പ്, ഫോളിക് ആസിഡ്, ധാതുക്കളായ കാൽസ്യം, ഫോസ്ഫറസ്, ഇരുന്പ്, വിറ്റാമിൻ ഇ, തയാമിൻ, റൈബോഫ്ളാവിൻ, നിയാസിൻ എന്നിവ അടങ്ങിയിട്ടുണ്ട്.
കാലാവസ്ഥമാറ്റത്തിന്റെ ഈ സന്ദർഭത്തിലും ചേന്പ് പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു. വെള്ളക്കെട്ട്, ലവണരസം എന്നിവ ഒരുപരിധിവരെ ചെറുത്തുനിൽക്കാനുള്ള കഴിവ് ചേന്പിനുണ്ട്.
വിവിധ ഇനങ്ങൾ
കേന്ദ്ര കിഴങ്ങുവിള ഗവേഷണസ്ഥാപനത്തിൽനിന്നും ഒഡീഷയിലെ പ്രാദേശിക കേന്ദ്രത്തിൽ നിന്നുമായി പത്തോളം മുന്തിയ ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മിക്ക ഇനങ്ങളും 6 മുതൽ 8 മാസങ്ങൾ കൊണ്ട് വിളവെടുക്കാവുന്നതാണ്.
5 മുതൽ 6 മാസം കൊണ്ട് വിളവെടുക്കാവുന്ന, ഇലകരച്ചിൽ രോഗത്തെ ചെറുത്തുനിൽക്കാൻ കഴിവുള്ള, ചൊറിച്ചിൽ തീരെ ഇല്ലാത്ത ഇനമായ മുക്തകേശി എടുത്തുപറയേണ്ടതാണ്. കേരളത്തിൽ അനുയോജ്യമായ ശ്രീടീലിയ നല്ല പാചകഗുണമുള്ള ഹ്രസ്വകാല ഇനമാണ് (4 മാസം കൊണ്ട് വിളവെടുക്കാവുന്ന).
ഇതുകൂടാതെ ശ്രീകിരണ്‍, ശ്രീഹീര, ശ്രീരശ്മി, ശ്രീപല്ലവി എന്നിവയും മികച്ച ഇനങ്ങളാണ്. ഒട്ടേറെ നാടൻ ഇനങ്ങളും പ്രചാരത്തിലുണ്ട്. താമരക്കണ്ണൻ, കണ്ണൻചേന്പ്, കുടചേന്പ് എന്നിവ.
നടീൽ സമയം
മഴയെ ആശ്രയിച്ചുള്ള കൃഷിയ്ക്ക് ഏപ്രിൽ മുതൽ ജൂണ്‍ വരെയാണ് നടാൻ ഉത്തമമായ സമയം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ കാലഭേദമന്യേ കൃഷി ചെയ്യാവുന്നതാണ്.
നടീൽവസ്തുക്കൾ
തള്ളചേന്പും വിത്തുചേന്പും നടീൽവസ്തുക്കളായി ഉപയോഗിക്കാമെങ്കിലും, വിത്തുചേന്പ് ഉപയോഗിക്കുന്നതാണ് ഉത്തമം. 20-25 ഗ്രാം തൂക്കം വരുന്ന വിത്തു ചേന്പ് നല്ല നടീൽ വസ്തുവാണ്.
നിലമൊരുക്കൽ
മണ്ണിന്റെ സ്വഭാവത്തെയും പരിപാലനരീതിയെയും ആശ്രയിച്ചു വിവിധതരത്തിൽ നിലമൊരുക്കാവുന്നതാണ്. മണൽപ്രദേശങ്ങളിൽ കുഴികൾ എടുത്തും എക്കൽമണ്ണിൽ പൊക്കത്തിൽ കൂനകൂട്ടിയും പണകൾ എടുത്തും കൃഷിചെയ്യാം.
ജലസേചനസൗകര്യമുള്ള ഇടങ്ങളിൽ വാരങ്ങളും ചാലുകളും എടുത്ത് നടുന്ന രീതിയാണ് നല്ലത്.
നടീൽ രീതി
വിത്തു ചേന്പുകൾ 60ഃ45 സെ.മീറ്റർ അകലത്തിൽ നടാം. ഒരു ഹെക്ടർ സ്ഥലത്തേക്ക് നടാനായി ഏകദേശം 3,7000 വിത്തു ചേന്പുകൾ ആവശ്യമായി വരും. ഇവ 2.57.5 സെ.മി താഴ്ച്ചയിൽ നടാവുന്നതാണ്.
ഈ അകലത്തിൽ നടുകയാണെങ്കിൽ ഏകദേശം 800-1000 കിലോ നടീൽവസ്തുക്കൾ ഒരു ഹെക്ടറിന് ആവശ്യമാണ്.
പുതയിടൽ
വിത്തു ചേന്പുകൾ മുളയ്ക്കുന്നതിന് ഏകദേശം 30-45 ദിവസം വേണ്ടിവരും. മണ്ണിന്റെ താപനില നിയന്ത്രണത്തിനും ജലസംഭരണശേഷി വർധിപ്പിക്കുന്നതിനും കളകൾ വളരാതിരിക്കുന്നതിനും പുതയിടൽ സഹായകമാകുന്നു.
പച്ചിലയോ കരിയിലയോ കൊണ്ട് പുതയിടാം.
ഇടപോക്കൽ
സാധാരണയായി 5-10% വരെ വിത്തു ചേന്പുകൾ മുളയ്ക്കാറില്ല. ഇതിനെ തരണം ചെയ്യുന്നതിന് 2000 മുതൽ 3000 വരെ വിത്തു ചേന്പുകൾ ഒരു ഹെക്ടറിന് എന്ന തോതിൽ ഞാറ്റടിയിൽ അടുപ്പിച്ചു നട്ട് മുളപ്പിച്ച ശേഷം ആവശ്യാനുസരണം ഇടപോക്കലിന് ഉപയോഗിക്കാവുന്നതാണ്.
വളപ്രയോഗവും ഇടകിളയ്ക്കലും
നടുന്നതിനു മുൻപായി ഹെക്ടറിന് 12 ടണ്‍ കാലിവളം ഇട്ട് മണ്ണുമായി ഇളക്കി ചേർക്കേണ്ടതാണ്. ഹെക്ടറിന് 80 കിലോഗ്രാം പാക്യജനകം 25 കിലോഗ്രാം ഭാവഹം, 100 കിലോഗ്രാം ക്ഷാരം എന്ന തോതിൽ രാസവളങ്ങൾ രണ്ടോ മൂന്നോ തവണകളായി ചേർക്കേണ്ടതാണ്.
വിത്തുകൾ മുളച്ച് രണ്ടാഴ്ചക്കുശേഷം മൂന്നിലൊരു ഭാഗം പാക്യജനകവും (60 കിലോ യൂറിയ, അല്ലെങ്കിൽ 135 കിലോ അമോണിയം സൾഫേറ്റ്) ക്ഷാരവും (55 കിലോ മ്യുറിയേറ്റ് ഓഫ് പൊട്ടാഷ്), മുഴുവൻ ഭാവഹവും ( 125 കിലോ മസൂറിഫോസ്) നൽകേണ്ടതാണ്.
ബാക്കി പാക്യജനകവും ക്ഷാരവും ആദ്യത്തെ വളപ്രയോഗത്തിനു ശേഷം ഓരോ മാസം ഇടവിട്ട് രണ്ട് തുല്യ ഭാഗങ്ങളായി നൽകേണ്ടതാണ്. കളപറിക്കലും മണ്ണണച്ചുകൊടുക്കലും രാസവളപ്രയോഗത്തോടൊപ്പം ചെയ്യേണ്ടതാണ്.
മാതൃചെടിയുടെ ചുവട്ടിലുള്ള ചെറിയ ആരോഗ്യകരമല്ലാത്ത കിളിർപ്പുകൾ രണ്ടാമത്തെ കളപറിയ്ക്കലും ഇടകിളയ്ക്കലിനോടൊപ്പം മാറ്റേണ്ടതാണ്.
സിടിസിആർഐ വികസിപ്പിച്ചെടുത്ത കസ്റ്റമൈസ്ഡ് വളങ്ങൾ ഹെക്ടറിന് 600 കിലോഗ്രാം എന്ന തോതിൽ രണ്ടു തവണകളായി നൽകിയാൽ മറ്റ് വളങ്ങൾ ഒഴിവാക്കാം.
ജൈവകൃഷി
ജൈവകൃഷിയ്ക്കായി വിത്ത് ചേന്പ് ചാണകം, വേപ്പിൻപിണ്ണാക്ക്, സ്യൂഡോമോണസ് ഫ്ളൂറസെൻസ് (5 ഗ്രാം ഒരു കിലോ വിത്തിന്) എന്നിവ കലർന്ന മിശ്രിതത്തിൽ മുക്കി തണലിൽ സൂക്ഷിക്കണം. എന്നിട്ട് അപ്രകാരം തയാറാക്കിയ വിത്ത് നടാനായി ഉപയോഗിക്കുക.
ഒരു ഹെക്ടർ സ്ഥലത്തേക്ക് കാലിവളം 15 ടണ്‍ (400 ഗ്രാം ഒരു ചെടിക്ക്), വേപ്പിൻപിണ്ണാക്ക് ഒരു ടണ്‍ ഒരു ഹെക്ടറിന് (25- 30 ഗ്രാം ഒരു ചെടിക്ക്), ജീവാണുവളങ്ങളായ അസോസ്പൈറില്ലം, ഫോസ്ഫറസ് ബാക്ടീരിയ എന്നിവ ഹെക്ടറിന് 3 കിലോഗ്രാം വീതവും മൈക്കോറൈസ 5 കിലോഗ്രാമും ചേർക്കണം.
വിത്ത് ചേന്പ് നടുന്നതിനോടൊപ്പം പയർ വിത്തുകൾ ഇടകളിൽ പാകി 45-60 ദിവസം കഴിയുന്പോൾ മണ്ണിനോടൊപ്പം ചേർക്കണം. കൂടാതെ 2 ടണ്‍ ചാരം പച്ചില വളത്തോടൊപ്പം ചേർക്കാൻ ശ്രദ്ധിക്കണം. ചേന്പിലെ ഇലകരിച്ചിൽ രോഗത്തിനെതിരെ മുക്തകേശി ഇനം നടുന്നതാണ് നല്ലത്.
കൂടാതെ ട്രെെക്കോഡെർമ ആസ്പെറെല്ലം പോഷിപ്പിച്ച ചാണകപ്പാലിൽ തയ്യാറാക്കിയ വിത്ത് ചേന്പ് നടാനായി ഉപയോഗിക്കുക. വെർമികംപോസ്റ് 100 ഗ്രാം ചെടിയൊന്നിന് ഇടുക. കരുതൽ നടപടിയായി വെർമിവാഷ് 100 മില്ലി ലിറ്റെർ ഒരു ലിറ്റർ വെള്ളത്തിന് എന്ന കണക്കിൽ രണ്ടാഴ്ച ഇടവിട്ട് തളിയ്ക്കുക.
അല്ലെങ്കിൽ അകോമിൻ 3 മില്ലി ഒരു ലിറ്ററിന് എന്ന തോതിലോ പൊട്ടാസിയം ഫോസ്ഫോണേറ്റ് 3 മില്ലി ഒരു ലിറ്ററിന് എന്ന തോതിലോ നട്ടു ഒരു മാസം കഴിഞ്ഞ്, രണ്ടാഴ്ചയിൽ ഒരിക്കൽ നാലു മാസം വരെ തളിക്കാവുന്നതാണ്. വെണ്ട വിള ഇടവിളയായോ പരിക്രമവിളയായോ ചേന്പിനോടൊപ്പം കൃഷിചെയ്യുന്നതാണ് നല്ലത്.
ജലസേചനം
മഴയെ ആശ്രയിച്ച് ചേന്പ് കൃഷിചെയ്യുന്പോൾ ജലസേചനം നൽകേണ്ടതില്ല. എന്നാൽ മഴ കുറയുന്‍പോഴോ, ഇല്ലാത്തപ്പോഴോ 130-175 ലിറ്റർ വെള്ളം ഒരു ദിവസം ഒരു സെന്റിന് നൽകേണ്ടതാണ്.
വിള സന്പ്രദായങ്ങൾ
വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ വിവിധ ഹ്രസ്വകാല വിളകളായ പച്ചക്കറികൾ (മുളക്, തക്കാളി), ഇലക്കറികൾ (ചീര, മല്ലി),പയർ വർഗത്തിൽപ്പെട്ട ഉഴുന്ന്, ചെറുപയർ മുതലായവ ഇടവിളയായി കൃഷി ചെയ്യാം.
കേരളത്തിൽ ചേന്പ് സാധാരണയായി വാഴ, തെങ്ങ്, കമുക് എന്നിവയ്ക്കിടയിൽ ഇടവിളയായി കൃഷി ചെയ്തുവരുന്നു.
ചുരുക്കത്തിൽ ഹെക്ടറിന് 2.5 ലക്ഷം-2.8 ലക്ഷം രൂപ ലാഭം പ്രതീക്ഷിക്കാവുന്ന കേരളത്തിന്റെ കാലാവസ്ഥയ്ക്കും മണ്ണിനും വിളസന്പ്രദായങ്ങൾക്കും യോജിച്ച ഒരു കിഴങ്ങ് വിളയാണ് ചേന്പ്.