മണ്ണാർക്കാടിന്റെ മാണിക്യങ്ങൾ
സനൽ ആന്റോ മറ്റത്തിൽ
Wednesday, October 15, 2025 5:16 PM IST
മണ്ണാർക്കാട് പെരിന്പടാരിയിലെ സെന്റ് ഡൊമിനിക്സ് സ്പെഷൽ സ്കൂളിലെത്തുന്നവരെ വരവേല്ക്കുന്നത് കുട്ടികൾ നട്ട കപ്പയും ചേനയും വെണ്ടയും വഴുതനങ്ങയും ഇഞ്ചിയും മഞ്ഞളുമൊക്കെയാണ്.
പച്ചക്കറികൃഷി, ഫലവൃക്ഷങ്ങൾ, മൃഗപരിപാലനം, ഔഷധസസ്യങ്ങൾ, മീൻ വളർത്തൽ എന്നിങ്ങനെ സംയോജിത കൃഷി രീതിയാണ് ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. സ്കൂളിലെ മഴവെള്ള സംഭരണിയിലെ ജലം കൃഷിക്കായി പ്രയോജനപ്പെടുത്തുകയും കൃഷിക്കാവശ്യമായ വളം സ്വയം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
സിസ്റ്റർമാരുടെ നേതൃത്വത്തിൽ കുട്ടികൾ കർഷകരായപ്പോൾ സ്കൂൾ മുറ്റത്തെ കൃഷിയിലൂടെ കൈ എത്തിപ്പിടിച്ചത് ഇത്തവണത്തെ മികച്ച സ്പെഷൽ സ്കൂളിനുള്ള സംസ്ഥാന കർഷക അവാർഡാണ്.
"ആരോഗ്യ സംരക്ഷണം വിഷരഹിത പച്ചക്കറികളിലൂടെ' എന്ന മുദ്രാവാക്യം ഉൾക്കൊണ്ടുകൊണ്ട് സ്കൂൾ പരിസരത്ത് കൃഷി ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിളവുകൾ കുട്ടികളുടെ ഭക്ഷണാവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
കപ്പ, ചേന, ചേന്പ്, തക്കാളി, വെണ്ട, വഴുതന, മുളക്, മത്തൻ, കുന്പളങ്ങ, പയർ, ചീര, മുരിങ്ങ, കോവയ്ക്ക, ഇഞ്ചി, മഞ്ഞൾ, കൂവ എന്നു വേണ്ട എല്ലാ പച്ചക്കറികളും കിഴങ്ങുവർഗങ്ങളും ഇവിടെ വിളയിച്ചെടുക്കുന്നു.
വിവിധയിനം ഔഷധ സസ്യങ്ങളും ഫല വൃക്ഷങ്ങളായ, മാവ്, പ്ലാവ്, സപ്പോർട്ട, നെല്ലി, അവക്കാഡോ, പേരക്ക തുടങ്ങിയവയും ഇവിടെയുണ്ട്. കൃഷിയുടെ ഓരോ വളർച്ചാഘട്ടങ്ങളിലും പൂർണമായും ജൈവവള പ്രയോഗങ്ങളാണ് നടത്തുന്നത്.
അതോടൊപ്പം പച്ചക്കറി കന്പോസ്റ്റ്, ബയോഗ്യാസ് സ്ലറി, ചാണകപ്പൊടി, കോഴിക്കാഷ്ടം, മീൻ വളർത്തുന്ന ടാങ്കിൽ നിന്നുള്ള വെള്ളം എന്നിവ കൃഷിക്ക് ഫലപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നു. കീടങ്ങളെ പ്രതിരോധിക്കാൻ സന്പൂർണ ജൈവ കീടനാശിനി പ്രയോഗമാണ് നടത്തുന്നത്.
കുട്ടികളുടെ ഉന്നമനത്തിനും സമഗ്രമായ വളർച്ചയ്ക്കും ആരോഗ്യ സംരക്ഷണത്തിനും മാനസികോല്ലാസത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് കൃഷിയെ പ്രോത്സാഹിപ്പിച്ചത്.

ജീവിതത്തിൽ ആവശ്യമായ ലൈഫ് സ്കിൽസ് വികസിപ്പിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കാർഷിക മേഖലയിൽ കുട്ടികളെ പങ്കാളികളാക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തി ഒപി പറഞ്ഞു.
ഇവിടുത്തെ കുട്ടികൾ കൃഷിയിൽ ഏർപ്പെടുത്തുന്നതു വഴി സാമൂഹിക-വൈകാരിക വളർച്ച, ഇന്ദ്രിയവികാസം, പ്രാഥമിക ഗാർഹിക തൊഴിൽ വികാസം, ആത്മവിശ്വാസം, സഹനശീലം, ശ്രദ്ധ എന്നിവ ലഭിക്കുന്നു.
മണ്ണാർക്കാട് ഡൊമിനിക്കിൻ സിസ്റ്റേഴ്സ് ഓഫ് ദ ഹോളി ട്രിനിറ്റി സന്യാസിനി സമൂഹത്തിന്റെ കീഴിൽ പെരിന്പടാരിയിൽ മൂന്നേക്കറുള്ള കാന്പസിലെ ഒന്നര ഏക്കറിലാണ് കുട്ടിക്കർഷകർ വിളവ് ഇറക്കിയിരിക്കുന്നത്.
സിസ്റ്റർ റോസ്മി ഒപി, സിസ്റ്റർ ജൂബി ഒപി, പ്രിൻസി, നസീമ, സിമി ഇവരോടൊപ്പം മറ്റ് അധ്യാപകരും 153 കുട്ടി കർഷകരും ചേർന്നാണ് ഇത്തവണ അവാർഡ് നേടിയെടുത്തത്.