ഇലക്കറിയാക്കാം ഉലുവയില
Tuesday, January 4, 2022 2:31 PM IST
അടുത്ത കാലത്തായി ഉലുവയില നമ്മുടെ ഇലക്കറി വിഭവങ്ങളിലും വിപണിയിലും സ്ഥാനം പിടിക്കുന്നുണ്ട്. മേത്തി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഉലുവയ്ക്ക് ഇലക്കറി, സുഗന്ധവ്യ ഞ്ജനം, തീറ്റപ്പുല്ല് എന്നിങ്ങനെ വിവിധ റോളുകളുണ്ട്.
മേത്തി രണ്ടു തരമുണ്ട്. സാദാ മേത്തിയും ചന്പ മേത്തി അഥവ കസൂരി മേത്തിയും. ഇതിൽ കസൂരി മേത്തിയുടെ ഇലകൾക്കു പ്രത്യേക ഗന്ധമുണ്ട്. ഇതിന്റെ ഉണങ്ങിയ ഇലകൾ വിപണിയിൽ ലഭ്യമാണ്. കസൂരി മേത്തിയുടെ ഇല പൊടിച്ചത് കറികളുടെ സ്വാദ് വർധിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ പ്രധാന ഇലക്കറി വിളയാണിത്.
ഉലുവയിലയിൽ
ഉലുവയിലയിൽ നാര്, വൈറ്റമിൻ-എ,ബി,സി, ധാതുലവണങ്ങൾ, ഇരുന്പ്,കാത്സ്യം,ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് . ഇലകൾ തോരനാക്കാം, പയർവർഗങ്ങൾ ചേർത്തു കറിയാക്കാം, റൊട്ടിയിലും ചേരുവയാക്കാം.
ഏകവർഷിയായ ഉലുവ പെട്ടെന്നു വളരുന്നൊരു ചെടിയാണ്. സാദാ മേത്തിയുടെ പൂക്കൾക്ക് വെള്ള നിറമാണ്. കസൂരി മേത്തിയുടെ പൂക്കൾ മഞ്ഞയും. ഇവ കുറ്റിയായി വളരും. സിഒ1, രാജേന്ദ്ര ക്രാന്തി, പൂസ ഏർലി ബഞ്ചിംഗ് തുടങ്ങിയവയാണു പ്രധാന ഇനങ്ങൾ.
കൃഷിരീതി
ഏതുതരം കാലാവസ്ഥയിലും മണ്ണിലും നന്നായി വളരുന്ന ഒരു വിളയാണ് ഉലുവ. നീർവാർച്ചയുള്ള മണ്ണാണു കൂടുതൽ ഉത്തമം. മറ്റു പയർവിളകളെ അപേക്ഷിച്ച് ഉപ്പു രസമുള്ള മണ്ണിലും നന്നായി വളരും. സമതലങ്ങളിൽ സെപ്റ്റംബർ-നവംബറിലും കുന്നിൻ പ്രദേശങ്ങളിൽ മാർച്ച്- ഏപ്രിലിലും കൃഷി ചെയ്യാം. ഒരു ഹെക്ടറിന് 25 കിലോ വിത്തു വേണ്ടി വരും. കൃഷി ചെയ്യാനു ദ്ദേശിക്കുന്ന സ്ഥലം നന്നായി പരുവ പ്പെടുത്തണം. നടുന്നതിന് ഒരു ദിവസം മുന്പേ വിത്തു വെള്ളത്തിൽ മുക്കി വയ്ക്കണം. ഒരു ഹെക്ടറിന് 25 ടണ് കാലിവളം നല്കാം. വിത്തു വിതയ്ക്കുകയോ, വരികളിൽ ഇടുക യോ ചെയ്യാം.
58 ദിവസം കൊണ്ട് മുള പൊട്ടും. ഒരു മാസത്തിനു ശേഷം ഇല പറിക്കാം. മണ്ണിൽ നിന്ന് രണ്ടുമുതൽ അഞ്ചു വരെ സെന്റീമീറ്റർ ഉയരത്തിൽ മുറിച്ചെടുത്ത് ഉപയോഗിക്കാം. രണ്ടാ ഴ്ച കൂടുന്പോൾ ഉലുവയില വിളവെടുക്കാം. രണ്ടുമൂന്നു തവണ ഇലകൾ പറിച്ച ശേഷം പൂക്കാൻ അനുവദിക്കാം. സാദാ മേത്തി ഹെക്ടറിന് 7-8 ടണ് വരെയും കസൂരി മേത്തി ഹെക്ടറിന് 1-1.5 ടണ് വരെയും വിളവു നൽകും. വിത്തിനായി കൃഷി ചെയ്യുന്പോൾ 70- 160 ദിവസം കൊണ്ടു വിളവെടുക്കാം.
ഫോണ്: 9497697231
ഡോ. ലക്ഷ്മി എസ്.എൽ
ഡോ. ജി. സുജ, ഡോ. മിനി വി., രശ്മി എ.ആർ.
ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രം, കായംകുളം