വെള്ളിത്തിരയിൽ ആൾക്കൂട്ടത്തിന്റെ കഥ പറഞ്ഞ സംവിധായകൻ വിട പറയുന്പോൾ അതു തീർക്കുന്ന ശൂന്യത മലയാള സിനിമയിൽ ഒരിക്കലും നികത്താനാവാത്തതാണ്. വലിയ സംഭവ വികാസങ്ങളും സംഘർഷഭരിതമായ കഥാഗതികളും തന്മയത്വത്തോടെ ഐ.വി ശശി തന്റെ സിനിമകളിൽ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. അത്തരമൊരു ചിത്രമായിരുന്നു 1986-ലെത്തിയ വാർത്ത. സമൂഹത്തിലെ പലവിഭാഗത്തിന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ച സംവിധായകൻ വാർത്തയെന്ന ചിത്രത്തിൽ പത്രപ്രവർത്തനവും അധികാര രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖവുമാണ് കാണിച്ചു തന്നത്. പിന്നീടു മലയാള സിനിമയിൽ പലർക്കും ഇത്തരം കഥകൾ പറയാൻ ധൈര്യവും ആർജവും പകർന്നത് വാർത്തയെന്ന ചിത്രമാണെന്നതാണ് സത്യം.
മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ, സീമ, നളിനി, വേണു നാഗവള്ളി, തിക്കുറിശ്ശി, പ്രതാപചന്ദ്രൻ, കുതിരവട്ടം പപ്പു, ടി.ജി രവി, ബാലൻ കെ. നായർ, കുണ്ടറ ജോണി എന്നിങ്ങനെ വന്പൻ താരനിരയിലെത്തിയ ചിത്രം വലിയ വിജയമാണ് അന്നു നേടിയത്. പത്രപ്രവർത്തനത്തിന്റെ എല്ലാ മൂല്യങ്ങളും ഉയർത്തിക്കാണിച്ചപ്പോൾ അഴിമതിക്കാരായ അധികാര വർഗവും സമൂഹത്തിലെ കള്ളപ്പണക്കാരും അതിനെ നേരിട്ട സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ടി.ദാമോദരൻ രചന ഒരുക്കിയ ചിത്രം ഇന്നും പ്രസക്തിയർഹിക്കുന്ന വിഷയങ്ങളാണ് ചിത്രത്തിലൂടെ പറഞ്ഞത്. സത്യസന്ധമായ പത്രപ്രവർത്തനത്തിനെ ചുറ്റുമുള്ള കള്ളനാണയങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവെന്നും അതിനെ ഏതൊക്കെ മാർഗത്തിലൂടെ പരാജയപ്പെടുത്തുന്നുവെന്നും ചിത്രം കാണിച്ചു തരുന്നുണ്ട്.
കഥയുടെ ഇഴയടുപ്പത്തിൽ വൈകാരികതയെ ഫലപ്രദമാക്കി ഉപയോഗിച്ച് പ്രേക്ഷകരെ സിനിമയിലടുപ്പിക്കുന്ന ഐ.വി ശശി ടച്ച് വാർത്തയിലുടനീളം കാണാം. കേരളഭൂമി പത്രത്തിന്റെ പുതിയ എഡിറ്ററായെത്തുകയാണ് മാധവൻ കുട്ടി. അവന്റെ കളിക്കൂട്ടുകാരിയായിരുന്ന രാധയാണ് ജില്ലാ കളക്ടർ. രാഷ്ട്രിയക്കാർ കോളേജ് വിദ്യാർത്ഥികളെ കരുവാക്കുന്നതിനെതിരെ മാധവൻകുട്ടിയുടെ പത്രം ശബ്ദിക്കുന്നിടത്തു നിന്നുമാണ് കഥ വികസിക്കുന്നത്. അതോടെ രാധയുടെ സഹോദരൻ ഉണ്ണിക്കൃഷ്ണൻ പോലും മാധവൻകുട്ടിയുടെ ശത്രുവായി മാറുന്നു. രാധയുടെ അനുജത്തി വാസന്തിക്കു മാധവൻകുട്ടിയുടെ പത്രത്തിൽ ജോലി നൽകുന്നു. മാധവൻ കുട്ടിക്കായി വാസന്തിയെ കല്യാണം ആലോചിക്കുന്നുവെങ്കിലും രാധയാണ് മാധവൻകുട്ടിയുടെ മനസിലെന്നുമുള്ളതെന്ന കാര്യം വാസന്തിയുടെ മനസിലും വിദ്വേഷം വളർത്തുന്നു. മാധവൻകുട്ടിയെ തല്ലാനെത്തുന്ന പരോൾ വാസു പിന്നീടവൾക്ക് രക്ഷകനായി. സ്വകാര്യ പണമിടപാടിന്റെ മറവിൽ കള്ളപ്പണത്തിന്റെ ഇടപാടുള്ള മാണിക്യൻ മുതലാളിയും മാധവൻകുട്ടിയുടെ ശത്രുപക്ഷത്തു നിരന്നു.
ഇതിനിടയിൽ അധികാരികളുടെ കള്ളത്തരത്തിന്റെ ബലിയാടായി രാധയുടെ ജോലിയും നഷ്ടമാകുന്നു. രാധയുടെ സത്യസന്ധത പുറത്തുകൊണ്ടുവരാനായി മാധവൻകുട്ടി ഇറങ്ങിത്തിരിക്കുന്നു. വാസുവും ഉണ്ണികൃഷ്ണനും മാധവൻ കുട്ടിയുടെ പക്ഷത്തു ചേർന്ന് പത്രത്തിലൂടെ വെളിയിൽ കൊണ്ടുവന്ന കാര്യങ്ങളൊക്കെയും ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. അധികാര വർഗത്തിന്റെ ഉറക്കം നഷ്ടമാകുന്നതോടെ മാധവൻകുട്ടിയേയും കൂട്ടരേയും നശിപ്പിക്കാനായി പോലീസും ഇറങ്ങിത്തിരിച്ചു. തങ്ങൾക്കു കിട്ടിയ തെളിവുകൾ പത്രത്തിലൂടെ ജനങ്ങളെ അറിയിക്കാൻ ഒരുങ്ങിത്തിരിക്കുന്ന മാധവൻ കുട്ടിയേയും വാസുവിനേയും പോലീസ് വെടിവെച്ചു. താൻ കണ്ടെത്തിയ സത്യങ്ങൾ ലോകത്തിനെ അറിയിക്കാനായി തന്റെ തൂലിക നളിനിയെ ഏൽപിച്ച് മാധവൻ കുട്ടി മരിക്കുന്നു. അപ്പോഴേക്കും വാസുവും കൊല്ലപ്പെട്ടിരുന്നു.
ഇന്നു പരിചിതമെങ്കിലും അക്കാലത്തെ കേരള സമൂഹത്തിനു അപരിചിതമായ സംഭവിവാകസങ്ങളായിരുന്നു ചിത്രം കാണിച്ചുതന്നത്. കാലത്തിനു മുന്നേ സഞ്ചരിക്കുന്ന, നാളെയെ നോക്കിക്കണ്ടാണ് ടി. ദാമോദരൻ- ഐ.വി ശശി കൂട്ടുകെട്ട് വാർത്ത ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മുപ്പതു പതിറ്റാണ്ടിനു ശേഷവും ഇന്നും ഏറെ പ്രസക്തയർഹിക്കുന്ന വിഷയങ്ങളാണ് ചിത്രം പറഞ്ഞത്. വാർത്തയിലെ വാസ്തവം തിരിച്ചറിയാൻ, സത്യമെന്തെന്നു കണ്ടെത്താൻ മലയാളികളെ ഇന്നും ചിന്തിപ്പിക്കുന്നതാണ് വാർത്ത എന്ന ചിത്രം. അധികാര രാഷ്ട്രീയ വർഗങ്ങൾ കള്ളപ്പണക്കാർക്കും കരിഞ്ചന്തക്കാർക്കും കൂട്ടുനിൽക്കുന്പോൾ മൂല്യചുതി സംഭവിക്കുന്ന മാധ്യമ ധർമ്മത്തിനു പുനർചിന്തയ്ക്കു വകനൽകാൻ വാർത്ത കാരണമാകുന്നുണ്ട്.
തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.