"ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോതരം ആശയങ്ങൾ നമ്മളിൽ സ്വാധീനം ചെലുത്തും. അങ്ങനെ മാറിയും തിരിഞ്ഞുമൊക്കെയാണ് നമ്മൾ യഥാർത്ഥ നമ്മളാകുന്നത്.’ തന്റെ മുന്നിലുള്ള ശിഷ്യ സന്പത്തിനോട് വിജയൻ മാഷ് പറയുന്ന വാക്കുകളാണിത്. അതു പറയുന്നത് തന്റെ സ്വന്ത അനുഭവത്തിൽ നിന്നുമാണ്. വിജയൻമാഷ് അതു പകരുന്പോൾ അതിനു പിന്നിൽ നെടുംതൂണായി നിൽക്കുന്നത് മറ്റൊരാളാണ്. വിജയൻ മാഷിന്റെ സഹധർമ്മിണി ശ്യാമള വിജയൻ. ശ്യാമളയും വിജയൻ മാഷും മലയാളികളുടെ മുന്നിൽ ചില പൊയ്മുഖങ്ങളെ പൊളിച്ചെഴുതിയിട്ട്, മലയാളികളെ ചിന്തിപ്പിച്ചിട്ട് രണ്ടു പതിറ്റാണ്ടാകുന്നു. 1998-ൽ ശ്രീനിവാസൻ എഴുത്തും സംവിധാനവും നായകവേഷവും ചെയ്ത ചിത്രമായ ചിന്താവിഷ്ടയായ ശ്യാമളയിലെ കേന്ദ്രകഥാപാത്രങ്ങളാണ് വിജയൻ മാഷും ശ്യമാളയും.
എം.ടിയും ദാമോദരൻ മാഷും കലൂരും ജോണ്പോളുമടങ്ങുന്ന പ്രഗത്ഭർ നിറഞ്ഞു നിന്ന എണ്പതുകളിലാണ് നുറുങ്ങു കഥകളിലൂടെ ആക്ഷേപഹാസ്യത്തിന്റെ രുചിക്കൂട്ടുമായി ശ്രീനിവാസൻ തന്റെ തിരക്കഥകളുമായി മേൽവിലാസം കുറിക്കുന്നത്. മലയാളികളുടെ അസ്ഥിത്വത്തിലൂടെ സഞ്ചരിക്കുന്പോഴും അവന്റെ പൊള്ളത്തരങ്ങളെയാണ് ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്കു മുന്നിൽ ശ്രീനി കൊണ്ടെത്തിച്ചത്. കഥാപാത്രങ്ങളോരോന്നും വീണ്ടും ചർച്ച ചെയ്യപ്പെടാനുള്ളതായിരുന്നു. തിരക്കഥാകൃത്തായും നടനായും തിളങ്ങുന്പോഴും സംവിധായകനായി രണ്ടു ചിത്രങ്ങളിൽ മാത്രമാണ് ശ്രീനിയെത്തിയത്. വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനിലൂടെ മലയാള പുരുഷ മേധാവിത്വ മനോഭാവത്തിനെ കണക്കിനു കളിയാക്കുന്പോൾ ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ പണിയെടുക്കാതെ ജീവിക്കാൻ എതു മാർഗവും തേടുന്ന മലയാളി വർഗത്തിന്റെ മറ്റൊരു മുഖമാണ് കാണിക്കുന്നത്. വിജയൻ മാഷിന്റെ കഥയിലൂടെ സ്ത്രീത്വത്തിന്റെ ശക്തിയേയും ശ്രീനി വരച്ചിടുന്നുണ്ട്.
കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിനോടു ചേരുന്ന പേരായിരുന്നു ശ്യാമളയുടെ അതിജീവിനത്തിന്റെയും പ്രതിരോധത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിനു നൽകിയത്. ശ്യമള ചിന്താവിഷ്ടയായിരുന്നെങ്കിലും പിന്നീട് സ്വന്തം കാലിൽ നിൽക്കുന്നു. ഭർത്താവിന്റെ ന്യായീകരണങ്ങൾക്കുവേണ്ടി മറ്റുള്ളവരോട് വാദിച്ച അവൾ വീട് തൊഴിലിടമാക്കി കുടുംബം പുലർത്തുന്നു. ഒട്ടേറെ മാനങ്ങൾക്കു ഇടം പകരുന്ന രണ്ടു കഥാപാത്രങ്ങളായിരുന്നു ശ്യാമളയും വിജയനും. ശ്യാമളയെ നടി സംഗീത മലയാളികളുടെ മനസിലേക്കു പ്രിതിഷ്ടിച്ചപ്പോൾ വിജയനെന്ന കഥാപാത്രമായി ശ്രീനിവാസൻ തന്നെ കാമറക്കു മുന്നിലെത്തി. അവർക്കൊപ്പം തിലകൻ, നെടുമുടി വേണു, സിദ്ധിഖ്, ഇന്നസെന്റ്, മാമുക്കോയ, സുധീഷ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ നിർണായക വേഷത്തിലെത്തി. വാണിജ്യവിജയത്തിനൊപ്പം നിരൂപക പ്രശംസയും നേടിയ ചിത്രം നിരവധി പുരസ്കാരങ്ങളും നേടി.
അധ്യാപക ജോലിയിൽ നിന്നും അവധിയെടുത്ത് പല ബിസിനിസുകളും ചെയ്യുകയാണ് വിജയൻമാഷ്. അതെല്ലാം സാന്പത്തിക നഷ്ടം മാത്രമുണ്ടാക്കുന്നു. വാടക വീട്ടിലാണു താമസിക്കുന്നതെങ്കിലും കൂട്ടുകാരോടൊപ്പം കള്ളുകുടിക്കാനും ചീട്ടുകളിക്കാനുമാണ് താല്പര്യം. അതുകൊണ്ടു തന്നെ ശ്യാമള ആകെ നെട്ടോട്ടമാണ്. രണ്ടു പെണ്കുട്ടികളെ പഠിപ്പിക്കണം, വീടിന്റെ കാര്യങ്ങൾ നോക്കണം. എങ്കിലും ഭാര്യയോടും മക്കളോടും സ്നേഹമുള്ളവനാണ് വിജയൻ. അച്ഛനും ഭാര്യാപിതാവും കൂടി വിജയനെ നന്നാക്കാൻ വ്രതമെടുപ്പിച്ചു ശബരിമലക്കു വിടുന്നു. തിരച്ചെത്തിയപ്പോഴും വിജയൻ സന്യാസിയായി ജിവിക്കുന്നു. കുടുംബംവിട്ട് സന്യാസത്തിന് ഇറങ്ങിത്തിരിച്ചെങ്കിലും എവിടെയായലും ജീവിക്കാൻ പണിചെയ്യണമെന്ന തിരച്ചറിവിലും കുടുംബത്തെക്കുറിച്ചുള്ള ഓർമ്മയിലും അയാൾ തിരിച്ചുവരുന്നു. എന്നാൽ സ്വന്തം കാലിൽ നിന്നു ജിവിതത്തോടു പോരാടാൻ ശ്യാമളയ്ക്കിന്നു ധൈര്യമുണ്ട്. തിരിച്ചുവന്ന വിജയൻ കുടുംബത്തിൽ കയറിപ്പറ്റാൻ നടത്തുന്ന ശ്രമങ്ങളെല്ലാം അബദ്ധങ്ങളായി. ഒടുവിൽ ശ്യാമളയുടെ മുന്നിൽ തന്റെ തെറ്റുകൾ ഏറ്റുപറഞ്ഞ് അയാൾ പശ്ചാത്തപിക്കുന്നു. വീണ്ടും അധ്യാപകനായി ജോലിയിൽ പ്രവേശിച്ച് ഉത്തരവാദിത്വമുള്ള കുടുംബ നാഥനായി മാറി.
ഒരു സ്ത്രീപക്ഷ സിനിമ തന്നെയാണ് ചിന്താവിഷ്ടയായ ശ്യാമള. അപ്പോഴും സ്ത്രീപക്ഷ സിനിമയെന്നാൽ പ്രതികാരകഥ മാത്രമല്ലെന്നും ചിത്രം കാണിച്ചുതരുന്നു. ശ്രീനിവാസന്റെ രചനാ വൈ ഭവം ഏറെ തിളങ്ങിയപ്പോൾ ചിത്രത്തിലെ ഹാസ്യരംഗങ്ങളും സംഭാഷണങ്ങളും ഇന്നും മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അതേ, വിജയനും ശ്യാമളയും ഇന്നും നമുക്കു ചുറ്റുമുണ്ട്.
തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.