യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പോലെ നിലയുറച്ച ചില മുഖങ്ങളുണ്ട്. ഗാംഭീര്യം നിറയുന്ന ശബ്ദവും ആറരയടി പൊക്കവും മെലിഞ്ഞു കൊലുന്നനെയുള്ള രൂപവും നൈസർഗികവും വ്യതിരിക്തവുമായ അഭിനയ ശൈലിയുമായി ഒരു കാലഘട്ടം മുഴുവൻ ഇന്ത്യൻ സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ച രഘുവരൻ.
വാണിജ്യമെന്നോ കലയെന്നോ വ്യത്യാസമില്ലാതെ, മറ്റാർക്കും അനുകരിക്കാനാവാത്ത അഭിനയ സിദ്ധികൊണ്ട് തന്റേതു മാത്രമായ പ്രേക്ഷക വൃന്ദത്തെ നേടിയ നടൻ. സിനിമയോടും ജീവിതത്തോടും പിണങ്ങി നിഷേധിയായി നിന്ന് രഘുവരൻ വെള്ളിത്തിര കീഴടക്കി മറഞ്ഞിട്ട് ഇപ്പോൾ ഒരുപതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
പാലക്കാട് ജില്ലയിൽ ജനിച്ച്, മലയാള സിനിമയിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും തമിഴകത്തിന്റെ സ്വന്തമായിരുന്നു രഘുവരൻ. അതുകൊണ്ടു തന്നെ മലയാളത്തിന് അദ്ദേഹം അതിഥിയും. ഇടവേളകളിലാണ് മലയാളത്തിന്റെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 1983-ൽ രുഗ്മ എന്ന ചിത്രത്തിനു ശേഷം 1990-ൽ പോലീസ് കഥാപാത്രമായി രഘുവരൻ മലയാളത്തിലേക്കു മടങ്ങിയെത്തിയ ചിത്രമായിരുന്നു വ്യൂഹം. പതിവ് ആക്ഷൻ ത്രില്ലറുകളിൽ നിന്നും വ്യത്യസ്തമായി ടെക്നിക്കലി ഏറെ പുതുമയും ഫാസ്റ്റ് ആക്ഷൻ സീക്വൻസുകളും നൽകിയ ചിത്രമായിരുന്നു അത്.
സംഗീത് ശിവൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രമായിരുന്നു വ്യൂഹം. സംവിധായകന്റെ സഹോദരനും പ്രശസ്ത ഛായാഗ്രാഹകനുമായ സന്തോഷ് ശിവനാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത്. 1987-ൽ ഇറങ്ങിയ ലേതൽ വെപ്പണ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ മലയാളം പതിപ്പായി ഒരുക്കിയ വ്യൂഹത്തിലേക്ക് ആദ്യം നായകനായി പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ ആഗസ്റ്റ് 1 എന്ന ചിത്രത്തിനു പിന്നാലെ മറ്റൊരു റീമേക്ക് ചിത്രം ചെയ്യാൻ മമ്മൂട്ടി മടികാണിച്ചതോടെയാണ് നായക കഥാപാത്രമായി രഘുവരൻ എത്തുന്നത്.
ലേതൽ വെപ്പണിൽ മെൽ ഗിബ്സണും ഡാനി ഗ്ലോവറും അവതരിപ്പിച്ച കഥാപാത്രങ്ങളെ വ്യൂഹത്തിൽ ടോണി ലൂയിസ്, മോഹൻ എന്നീ കഥാപാത്രങ്ങളായി യഥാക്രമം രഘുവരനും സുകുമാരനും അവതരിപ്പിച്ചു. ഇവർക്കൊപ്പം ഉർവശി, ബാബു ആന്റണി, മോഹൻ രാജ്, പാർവതി, രാജൻ പി.ദേവ്, ദേവൻ, കനകലത എന്നിവരാണ് മറ്റു താരങ്ങളായി എത്തിയത്. ചിത്രത്തിൽ ഖാലിദ് എന്ന ശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചതു ക്യപ്റ്റൻ രാജുവാണ്. നായകനേക്കാൾ സുന്ദരനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ക്യപ്റ്റൻ രാജുവിന് രഘുവരനൊപ്പം കയ്യടി നേടാൻ സാധിച്ചു.
കഥയുടെ പുതുമയേക്കാൾ അവതരണത്തിലും തിരക്കഥയിലും കൊണ്ടുവന്ന മികവാണു വ്യൂഹത്തിന്റെ വിജയ ഘടകം. മയക്കു മരുന്ന് മാഫിയയെ ഉന്മൂലനം ചെയ്യാൻ കൊച്ചിയിലേക്കെത്തുന്ന പോലീസിന്റെ അണ്ടർ കവർ ഏജന്റാണ് ടോണി ലൂയിസ്. അയാളുടെ ഭാര്യയെ കൊലപ്പെടുത്തിയത് മയക്കു മരുന്ന് മാഫിയ ആയിരുന്നു. നർക്കോട്ടിക് കണ്ട്രോളറിൽ ഓഫീസറായ മോഹന്റെ കാഴിലാണ് ടോണി എത്തുന്നത്. ആദ്യമൊക്കെ ടോണിയോട് ഇഷ്ടക്കേട് തോന്നുമെങ്കിലും പിന്നീട് തന്റെ കുടുംബത്തിലെ ഒരാളായി മോഹൻ അയാളെ അംഗീകരിക്കുന്നു. മോഹന്റെ അനുജത്തി ലക്ഷ്മിക്കു ടോണിയോട് ഇഷ്ടമുണ്ട്.
ഡ്രഗ് ഡീലർ ഖാലിദിന്റെ ആൾക്കാർ മോഹന്റെ വീട്ടിലെത്തി അയാളെ ഭീഷണിപ്പെടുത്തുന്നു. ഒപ്പം ടോണിയേയും അക്രമിക്കുന്നു. അവർ ഹോസ്പിറ്റലിൽ ടോണിയെ കൊലപ്പെടുത്താനായി എത്തുന്നുവെങ്കിലും അവിടെ ലക്ഷ്മി അയാളെ രക്ഷപ്പെടുത്തുന്നു. തുടർന്നു ലക്ഷ്മിയെ ഖാലിദിന്റെ ആൾക്കാർ തട്ടിക്കൊണ്ടുപോകുന്നതോടെ ടോണി അവരെ പിന്തുടർന്ന് ഖാലിദിനേയും കൂട്ടരേയും വകവരുത്തുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. തികച്ചും ഒരു ആക്ഷൻ ത്രില്ലർ മൂഡിൽ കഥ പറയുവാൻ സംഗീത് ശിവനും കൂട്ടർക്കും സാധിച്ചു.
ദൈവത്തിന്റെ വികൃതികളിലെ അൽഫോൻസ് അച്ചനെ പോലെ അത്രമേൽ പ്രേക്ഷകരെ സ്വാധീനിച്ച കഥാപാത്രം മുന്നിൽ നിൽക്കുന്പോൾ രഘുവരന്റെ ശക്തമായ കഥാപാത്രമാണ് ചിത്രത്തിലെ ടോണി ലൂയിസ് എന്നു പറയാനാകില്ല. എങ്കിലും ആർക്കും പിടികൊടുക്കാത്ത വേദനകൾ ഉള്ളിലൊതുക്കി പരുഷമായി നിൽക്കുന്ന കഥാപാത്രത്തെ ഗംഭീരമാക്കാൻ രഘുവരനു സാധിച്ചിരുന്നു. അത്രമേൽ പവർഫുൾ ആക്ടിംഗ് ആ നടനിൽ നിന്നും പ്രേക്ഷകർ കണ്ടു. തമിഴ് ചിത്രം ബാഷയിലെ മാർക് ആന്റണി അടക്കമുള്ള വില്ലൻ കഥാപാത്രങ്ങളിലൊക്കെ പ്രേക്ഷകർ അതുകണ്ടതുമാണ്.
തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.