വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എന്നാൽ ചില ജീവിതങ്ങളെ അതിനായി പാകപ്പെടുത്തിയാലോ? വാക്കുകൾക്കു പോലും നിർവചിക്കാനാവാത്ത വിധം അതു ജീവിതത്തിന്റെ പല ഇടങ്ങളിൽ നൊന്പരം സൃഷ്ടിച്ചേക്കും. ആത്മ നൊന്പരത്തിനൊപ്പം അന്യന്റെ മനസിലേക്കുകൂടി വ്യാപിപ്പിക്കേണ്ടി വരുന്ന ഇരട്ടി നൊന്പരമാകും അത്. രചന എന്ന ചലച്ചിത്ര കാവ്യം മലയാളികൾക്കു സമ്മാനിച്ചത് ആ നൊന്പരമാണ്. രചനയുടെ പിന്നിൽ നിന്നും അതിലേക്കു വ്യാപിച്ചു പോയ ഉണ്ണിയുടേയും ശാരദയുടേയും ശ്രീയേട്ടന്റെയും കഥ!
1983-ൽ മോഹൻ സംവിധാനം ചെയ്തു ഭരത് ഗോപിയും നെടുമുടി വേണുവും ശ്രീദേവിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു രചന. ആന്റണി ഈസ്റ്റ്മാന്റെ കഥയ്ക്ക് ജോണ് പോൾ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടി, പൂർണിമ ജയറാം, ജഗതി ശ്രീകുമാർ, വിജയ് മേനോൻ എന്നിവരും താരങ്ങളായെത്തി. നുറുങ്ങു തമാശകളും രസങ്ങളുമായി പോകുന്ന ആദ്യ പകുതിയിൽ നിന്നും ദുരന്തപര്യവസാനമായ അന്ത്യത്തിലേക്കാണ് ചിത്രം ചെന്നെത്തുന്നത്. മൂന്നു കഥാപാത്രങ്ങൾ, അവരുടെ മാനസിക വ്യവഹാരങ്ങൾ, അതിന്റെ പരിണിത സംഭവങ്ങൾ എന്നിങ്ങനെയാണ് രചന കഥ പറഞ്ഞു പോകുന്നത്.
മലയാളം കണ്ട ഏറ്റവു മികച്ച നടന്മാരിൽ മുൻപന്തിയിലാണ് ഭരത് ഗോപി. കരിയറിൽ ഏറെ നിർണായകമായ സമയത്തെത്തിയ ഭരത് ഗോപി ചിത്രമായിരുന്നു രചന. പത്തിലധികം ചിത്രങ്ങളിലാണ് ആ വർഷം ഭരത് ഗോപി അഭിനയിച്ചത്. ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, കാറ്റത്തെ കിളിക്കൂട്, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ഈറ്റില്ലം, ഈണം തുടങ്ങിയ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളൊക്കെ രചനയ്ക്കൊപ്പം 1983-ൽ പുറത്തിറങ്ങിയതാണ്. ഈ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഇദ്ദേഹം നേടിയിരുന്നു.
ചിത്രത്തിലെ അച്യുതനുണ്ണി എന്ന കഥാപാത്രം നെടുമുടി വേണുവിന് ഏറെ ജനശ്രദ്ധയാണ് അക്കാലത്തു നേടിക്കൊടുത്തത്. കഥാപാത്രത്തെ നോക്കിലും വാക്കിലും നടപ്പിലും കൊണ്ടുവന്ന് ഉണ്ണിയായി ജീവിക്കുകയുമായിരുന്നു നെടുമുടി വേണു. സന്തോഷവും സങ്കടവും വന്നാൽ പൊട്ടിക്കരയുന്ന ശുദ്ധനും ഈ ലോകത്തിന്റെ കള്ളത്തരങ്ങളൊന്നുമറിയാത്ത തനി നാട്ടിൻ പുറത്തുകാരൻ. ശ്രീവിദ്യ- ഭരത് ഗോപി ജോഡിയായിരുന്നു മറ്റൊരു ഹൈലൈറ്റ്. തമാശയും കാര്യവും ഗൗരവുമായി തുടങ്ങി കനലെരിയുന്ന മനസിനുടമയായി ഒടുവിൽ ആ മനസിനു താളം തെറ്റുന്ന കഥാപാത്രമായാണ് ശ്രീവിദ്യ എത്തുന്നത്. കരിയറിന്റെ തുടക്കകാലമായതിനാലാകും മമ്മൂട്ടിയും പൂർണിമ ജയറാമും ചിത്രത്തിൽ സഹകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഭർത്താവിന്റെ പീഡനത്തിനു മുന്നിൽ നിസഹായായ തുളസിയായി പൂർണിമയും സ്ത്രീകളോടുള്ള സമീപനത്തിൽ ഉണ്ണിക്കു നിർദ്ദേശങ്ങൾ നൽകുന്ന സഹപ്രവർത്തകൻ ഗോപിയായി മമ്മൂട്ടിയും എത്തുന്നു.
സാഹിത്യകാരനായ ശ്രീപ്രസാദിന്റെയും ശാരദയുടേയും സന്തോഷകരമായ ജീവിതമാണ്. ശാരദയുടെ ഓഫീസിലെത്തുന്ന പുതിയ ജോലിക്കാരനാണ് അച്യുതനുണ്ണി. പേടിയും വെപ്രാളവും കാരണം ഉണ്ണി ആദ്യമൊക്കെ ചെയ്തതെല്ലാം അബദ്ധങ്ങളായിരുന്നു. ആദ്യം വഴക്കു കേൾക്കാൻ ഇടവന്നെങ്കിലും പിന്നീട് ശാരദ അഭിനന്ദിക്കുന്പോൾ ഉണ്ണി പൊട്ടിക്കരഞ്ഞു പോകുന്നു. ഉണ്ണിയെപ്പറ്റി ശ്രീയേട്ടനോടു ശാരദ പറയുന്നു. ആ കഥാപാത്രത്തിൽ താല്പര്യം തോന്നുന്ന ശ്രീ അയാളോടു കൂടുതൽ അടുത്തിടപെഴകാൻ ശാരദയോട് പറഞ്ഞു. തുടർന്ന് ശാരദയും ഉണ്ണിയും ചായ കുടിക്കാനും സിനിമ കാണാനുമൊക്കെ പോകുന്നുണ്ട്. ഭക്ഷണം കഴിക്കാൻ ക്ഷണപ്രകാരം ചെല്ലുന്പോഴാണ് ശാരദയുടെ ഭർത്താവിനെ ഉണ്ണി കാണുന്നത്. സ്തബദ്ധനായി എല്ലാം തകർന്നവനായി പോകുന്ന ഉണ്ണിയെ പിന്നീട് ഓഫീസിലും കാണാതാകുന്നു. അതു ശാരദയുടെ മനസിനെ ഏറെ വേദനിപ്പിച്ചു. ഒരു തമാശയായി കണ്ട് മറന്നു കളയണമെന്നു ശ്രീ ഉണ്ണിയോട് പറയുന്നു. താൻ സ്നേഹിച്ച ഒരേ ഒരു സ്ത്രീ ശാരദ മാത്രമായിരിക്കും എന്നു പറഞ്ഞ ഉണ്ണിയുടെ മരണവാർത്ത അറിഞ്ഞ് ശാരദയുടെ മാനസിന്റെ താളം തെറ്റി.
പുരസ്കാരത്തിന് അർഹമായ രചന എന്ന തന്റെ ബുക്കിന്റെ പിന്നിലുള്ള കഥ സുഹൃത്തിനോടു ശ്രീപ്രസാദ് പറയുന്ന രീതിയിലായിരുന്നു സിനിമ അവതരിപ്പിച്ചത്. വളരെ ചെറിയൊരു കഥാപശ്ചാത്തലത്തെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. സഞ്ജയ് ദത്ത്, ഐശ്വര്യ റായി കോന്പിനേഷനിൽ 2005-ലെത്തിയ ശബ്ദ് എന്ന ഹിന്ദി ചിത്രവും ഇതേ കഥയാണു പറഞ്ഞത്.
തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.