കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കാരൻ എബിൻ ആന്റണി ബിഗ്സ്ക്രീനിൽ നായകനായി അരങ്ങേറ്റം കുറിച്ചത് ഇംഗ്ലീഷ് സിനിമയിൽ. അമേരിക്കയിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത "സ്പോക്കൺ' എന്ന ചിത്രത്തിൽ ടെയ്ലർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് എബിന്റെ ഹോളിവുഡ് അരങ്ങേറ്റം.
ടെനിൽ റാൻസം രചനയും സംവിധാനവും നിർവ്വഹിച്ച ഹൊറർ സസ്പെൻസ് ത്രില്ലർ സിനിമയിൽ ഒരു സംഗീതജ്ഞന്റെ വേഷത്തിലാണ് എബിൻ എത്തുന്നത്.
വിദ്യാലയ കലാവേദികളിൽ നൃത്തം, നാടകം, മിമിക്രി തുടങ്ങിയ മേഖലയിൽ തിളങ്ങിയ എബിന് ആന്റണി ചെന്നൈയിലാണ് വളർന്നത്. സിനിമാ അഭിനയം പാഷനായി മനസിൽ കൊണ്ടു നടന്നിരുന്ന എബിൻ എൻജിനിയറിംഗ് പഠനത്തിനിടയിൽ നൂറിലേറെ മലയാളം, തമിഴ്, ഇംഗ്ലീഷ് സിനിമകൾക്കും കാർട്ടൂണുകൾക്കും ഡബ്ബ് ചെയ്തും തിരക്കഥകൾ എഴുതിയുമാണ് സിനിമാ മേഖലയിലേക്ക് ചുവടു വെച്ചത്.
അമേരിക്കയിൽ ഉപരിപഠനാർത്ഥം എത്തിയപ്പോഴാണ് എബിന് വീണ്ടും അഭിനയിക്കാനുള്ള മോഹം ഉടലെടുത്തത്. പഠനത്തിന് ശേഷം അഭിനയം കൂടുതൽ മികവുറ്റതാക്കാൻ ലോസാഞ്ചൽസിലുള്ള ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ ആക്ടിംഗ് പഠിച്ചു. ലിയനാർഡോ ഡികാപ്രിയോയെ പോലുള്ള പല പ്രഗത്ഭരായ ഓസ്കാർ, എമി അവാർഡ് ജേതാക്കളുടെ ആക്ടിംഗ് കോച്ചായ ലാരി മോസിന്റെയും ടിം ഫിലിപ്സിന്റെയും കീഴിൽ ഇപ്പോൾ അഭിനയം പരിശീലിച്ചു കൊണ്ടിരിക്കയാണ് എബിൻ.
അതുപോലെ തന്നെ യൂണിവേഴ്സിറ്റി മുൻ സോക്കർ താരവും മിക്സഡ് മാർഷ്യൽ ആർട്ടിസ്റ്റും നർത്തകനും കൂടിയാണ് എബിൻ. ടോം ലെവിന്റെ "പാർട്ടി " എന്ന നോവലിനെ ആസ്പദമാക്കി കെവിൻ സ്റ്റീവൻസൺ സംവിധാനം ചെയ്ത " ബട്ടർഫ്ലൈസ് " ആണ് എബിന്റെ അടുത്ത സിനിമ. ഈ വർഷം "ബട്ടർഫ്ലൈസ്" റിലീസ് ചെയ്യും.
ഹോളിവുഡ് സിനിമകളിൽ അഭിനയിക്കുമ്പോഴും മാതൃഭാഷയായ മലയാളത്തിലും സ്വദേശ സിനിമകളിലും അഭിനയിച്ച് ശ്രദ്ധേയനാവണം എന്നതാണ് എബിന്റെ ലക്ഷ്യം..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.