ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി) നടപ്പായതോടെ ഇതു സംബന്ധിച്ച രജിസ്ട്രേഷനും റിട്ടേണുകൾ ഫയൽ ചെയ്യാനും ഫെസിലിറ്റേഷൻ സെന്ററുകൾ തുടങ്ങാനും പരിശീലനം സിദ്ധിച്ചവരുടെ സേവനം അനിവാര്യമായി. ഇത്തരം സേവനങ്ങൾ നൽകുന്നവർ നിശ്ചിത യോഗ്യത നേടണമെന്നും ജിഎസ്ടി നിയമത്തിൽ നിഷ്കർഷിച്ചിട്ടുണ്ട്.
നാഷണൽ അക്കാഡമി ഓഫ് കംസ്റ്റംസ്, ഇൻഡയറക്ട് ടാക്സസ് ആൻഡ് നർകോട്ടിക്സി (എൻഎസിഐഎൻ) നാണു രാജ്യവ്യാപകമായി പൊതു പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള ചുമതല. ഈ വർഷം ഡിസംബർ 31നു മുന്‍പ് ഈ പരീക്ഷ പാസായവർക്കു മാത്രമേ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് പ്രാക്ടീഷണർ (ജിഎസ്ടിപി) ആയി എന്റോൾ ചെയ്യാനാകൂ.പരീക്ഷാ നടത്തിപ്പു സംബന്ധിച്ച എൻഎസിഐഎൻ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ജൂൺ നാലു വരെ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷാ ഫീസ് 500 രൂപ. ജൂൺ 14നാണു പരീക്ഷ.
രാജ്യ വ്യാപകമായി 33 കേന്ദ്രങ്ങളിലാണു പരീക്ഷ. ഇതിൽ തിരുവനന്തപുരം മാത്രമാണു കേരളത്തിൽ പരീക്ഷാ കേന്ദ്രമായി അനുവദിച്ചിട്ടുള്ളത്. അയൽ സംസ്ഥാനങ്ങളിൽ ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഒരാൾക്ക് മൂന്നു സെന്ററുകൾ തെരഞ്ഞെടുക്കാം.രണ്ടര മണിക്കൂർ ദൈർഘ്യമുള്ളതാണു പരീക്ഷ. മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും. 200 മാർക്കിൽ 100 മാർക്ക് നേടിയവരെ വിജയികളായി പ്രഖ്യാപിക്കും. നെഗറ്റീവ് മാർക്കില്ല. പരീക്ഷ പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമാണ്.https://nacin.onlineregistrationform.org. ഫോൺ: 0129-2504612.