മ്യൂസിയത്തെ വെല്ലുന്ന പുരാവസ്തു ശേഖരം ഒരുക്കി മൂവാറ്റുപുഴ ഉദിനാട്ട് സലീം. വിദ്യാഭ്യാസ കാലത്ത് തുടങ്ങിയ പുരാവസ്തുക്കളോട് തോന്നിയ ആകർഷണമാണ് വലിയൊരു പുരാവസ്തു ശേഖരണത്തിലേക്ക് സലീമിനെ നയിച്ചത്.
പുരാവസ്തുക്കൾക്ക് വേണ്ടിയുള്ള അന്വേഷണം സലീം ഇപ്പോഴും തുടരുകയാണ്. അമൂല്യ പുരാവസ്തുക്കളോട് തോന്നിയ ആകർഷണം തന്നെയാണ് ഈയൊരു മേഖലയിൽ സജീവമാകാൻ സലീമിന് പ്രചോദനമായത്. ലക്ഷങ്ങൾ വിലമതിക്കുന്ന പുരാവസ്തുക്കളാണ് സലീമിന്റെ ശേഖരത്തിലുളളത്.
വിദേശത്തെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും ഫേസ്ബുക്ക് കൂട്ടായ്മകൾ ഉപയോഗപ്പെടുത്തിയാണ് പുരാവസ്തുക്കൾ അധികവും ശേഖരിച്ചത്. വില കൊടുത്തും ഇത്തരത്തിൽ പുരാവസ്തുക്കൾ വാങ്ങിയിട്ടുണ്ട്. സലീമിന് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അമൂല്യമായ വസ്തുകൾ നൽകാറുണ്ട്.
പഴക്കമുള്ള നാണയങ്ങള്‍, ഇന്ത്യയുടെ പുരാതന നാണയങ്ങള്‍ വരെ ശേഖരണത്തിന്റെ മൂല്യം വർധിപ്പിക്കുന്നു. ഇതിനു പുറമെ ചോള, ഡല്‍ഹി സുല്‍ത്താനേറ്റ്, ഗുജറാത്ത്, തിരുവിതാംകൂര്‍ മുതലായ എല്ലാ നാട്ടുരാജ്യങ്ങളിലെയും ബ്രിട്ടീഷ് ഇന്ത്യ കമ്പനിയുടെയും നാണയങ്ങളും സലീമിന്റെ പുരാവസ്തു ശേഖരത്തിലുണ്ട്.
വിവിധ രാജ്യങ്ങളിലെ നാണയങ്ങളോടൊപ്പം ഓട്ടക്കാലണകളുടെ വന്‍ ശേഖരവും സലീമിന്റെ ശേഖരത്തെ വ്യത്യസ്ഥമാക്കുന്നു. കാർഷിക സംസ്കൃതിയുടെ ശേഷിപ്പുകളായ കാർഷിക ഉപകരണങ്ങളടക്കം ശേഖരത്തിലുണ്ട്.
ചുമരുകളിൽ നിറയെ പഴയ കാലത്തെ ഘടികാരങ്ങൾ, അലമാരകളുടെ തട്ടുകളിൽ പ്രൗഡഗംഭീരമായ ശിൽപ്പങ്ങൾ, പഴയ കാല കുപ്പികൾ, ഭരണികൾ എന്നിവയും ശേഖരിച്ചിരിക്കുന്നു. വിവിധ തരം കത്തികൾ, പിച്ചാത്തികൾ, വാളുകൾ, കുന്തങ്ങൾ, ഗോത്രവർഗക്കാരുടെ ആയുധങ്ങൾ, വിവിധ നാടുകളിലെ സ്റ്റാമ്പുകൾ, നാണയങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ആദ്യകാലത്തെ ടൈപ്പ്റൈറ്റിംഗ് മെഷീനുകൾ, വ്യത്യസ്തങ്ങളായ ഗ്രാമഫോണുകൾ എന്നിവയും പുരാവസ്തു ശേഖരത്തിനെ മികവുറ്റതാക്കുന്നു.
പഴയ കാമറ, വാച്ചുകൾ, അരഞ്ഞാണം, കോളാമ്പി, നാണയങ്ങൾ, മൺപാത്രങ്ങൾ, മരപ്പെട്ടികൾ, കിണ്ടി, നാരായം, പറ, പഴയ റേഡിയോ, മുള കൊണ്ടുണ്ടാക്കിയ പാത്രങ്ങൾ തുടങ്ങിയ നിരവധി പുരാവസ്തുക്കളും ഇവരുടെ ശേഖരത്തിലുണ്ട്.
ഗൾഫ് ജീവിതത്തിനിടയിൽ ലഭിച്ച 234 വർഷം പഴക്കമുള്ള ഖുർആൻ ഏറ്റവും ചെറിയ ഖുർആൻ എന്നിവയും സലീമിന്റെ ശേഖരത്തിലുണ്ട്. മൂവാറ്റുപുഴ ഇഇസി മാർക്കറ്റ് റോഡിൽ സലഫി മസ്ജിദിന് സമീപം ഓൾഡ് സൂക്ക് എന്ന സ്ഥാപനത്തിൽ പ്രത്യേകം തയാറാക്കി അതിൽ സൂക്ഷിച്ചിരിക്കുകയാണ് പുരാവസ്തുക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.