ഉരുവിടേണ്ടത് അംബേദ്കറുടെ പേരുതന്നെ
പാർലമെന്റ് ശീതകാല സമ്മേളനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെക്കുറിച്ചു നടത്തിയ പരാമർശം വലിയ കോലാഹലങ്ങൾക്കു കാരണമായിരിക്കുകയാണ്. “അംബേദ്കർ, അംബേദ്കർ, അംബേദ്കർ... ഇപ്പോൾ ഇതൊരു ഫാഷനായിരിക്കുകയാണ്. ഇങ്ങനെ പറയുന്നതിനു പകരം ഭഗവാന്റെ നാമം ഇത്രയുംതവണ ഉച്ചരിച്ചിരുന്നെങ്കിൽ അവരിപ്പോൾ സ്വർഗത്തിൽ പോകുമായിരുന്നു”, ഭരണഘടനാശില്പിയായ ബി.ആർ.
അംബേദ്കറെക്കുറിച്ച് അമിത് ഷാ ചൊവ്വാഴ്ച രാജ്യസഭയിൽ നടത്തിയ ഈ പരാമർശത്തിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അമിത് ഷാ അംബേദ്കറെയും ഭരണഘടനയെയുമാണ് അപമാനിച്ചതെന്നും പരസ്യമായി മാപ്പു പറയണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂർണരൂപം കേൾക്കണമെന്നും അതിൽ കോൺഗ്രസ് പാർട്ടിയുടെ അംബേദ്കർ നിലപാടിനെയാണ് അമിത്ഷാ വിമർശിച്ചതെന്നുമാണ് ബിജെപിയുടെ വാദം.
എല്ലാ രാജ്ഭവനുകളും കേന്ദ്രീകരിച്ച് പ്രതിഷേധമാർച്ച് സംഘടിപ്പിക്കുമെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞപ്പോൾ, വിദ്വേഷം പ്രചരിപ്പിക്കുന്നതിലൂടെ വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ദുഷ്പ്രവൃത്തികൾ മറയ്ക്കാൻ സാധിക്കുമെന്നാണു കോൺഗ്രസ് തെറ്റിദ്ധരിക്കുന്നതെന്നും ജനങ്ങൾക്കു സത്യമറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ആദ്യമായല്ല ബിജെപി നേതാക്കൾ അംബേദ്കറുടെ പേരിൽ വിവാദപരാമർശം നടത്തുന്നത്. ഭരണഘടനയുടെ ആമുഖം തിരുത്തുകയും അതിൽനിന്നു സോഷ്യലിസ്റ്റ് എന്ന പദം ഒഴിവാക്കുകയും ചെയ്തതു വിവാദങ്ങൾക്കിടയാക്കിയിരുന്നു. 2018ൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ ഡോ. ഭീംറാവു അംബേദ്കറെന്ന പേരു ഭീംറാവു രാംജി അംബേദ്കറെന്നാക്കിയതും ചർച്ചയായിരുന്നു. അംബേദ്കറെ രാമഭക്തനാക്കി ചിത്രീകരിക്കാനുള്ള ബിജെപിയുടെ അജണ്ട തിരിച്ചറിഞ്ഞ നിരവധി ജനാധിപത്യവിശ്വാസികൾ പ്രതിഷേധിച്ചിരുന്നു. അംബേദ്കറുടെ കൊച്ചുമകനായ പ്രകാശ് അംബേദ്കറുമുണ്ടായിരുന്നു ബിജെപിക്ക് എതിർനിൽക്കാൻ.
അംബേദ്കർ വിമർശനം തുടങ്ങുന്നത്
ബിജെപി പിന്തുണയ്ക്കുന്ന പ്രത്യയശാസ്ത്രത്തിന് ഒരുകാലത്തും ഉൾക്കൊള്ളാൻ സാധിക്കാത്ത വ്യക്തിയും ആദർശവുമാണ് ഡോ. ബി.ആർ. അംബേദ്കർ. ബിജെപിയുടെയും മറ്റു ഹിന്ദുത്വ-സവർണ പാർട്ടികളുടെയും അംബേദ്കർ വിയോജിപ്പിനു പിന്നിൽ ചരിത്രപരമായ നിരവധി കാരണങ്ങളുണ്ട്. ബ്രിട്ടീഷ് നിർമിതവും ഹിന്ദുത്വ രാഷ്ട്രീയപാർട്ടികൾ പിന്തുണയ്ക്കുന്നതുമായ സവർണ പ്രത്യയശാസ്ത്രത്തെ ഏറ്റവും വിമർശിച്ച വ്യക്തിയാണ് അംബേദ്കർ (1892-1956). മഹാരാഷ്ട്രയിലെ അസ്പൃശ്യരായ മഹർ ജാതിയിൽ ജനിച്ച അദ്ദേഹം തന്റെ ജാതിയിൽ കേവലം ഒരു ശതമാനം മാത്രം സാക്ഷരരായിരുന്ന കാലത്താണ് ബോംബെയിൽനിന്ന് ബിഎയും ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽനിന്ന് എംഎയും പിഎച്ച്ഡിയും ലണ്ടൻ സർവകലാശാലയിൽനിന്ന് ഡിഎസ്സിയും ലണ്ടനിലെ ഗ്രേസ് ഇന്നിൽനിന്നു നിയമപരീക്ഷയും പാസായത്.
ഇന്ത്യൻ സാമൂഹിക പരിഷ്കരണം ഒരു മിഥ്യാസങ്കൽപ്പമാണെന്നു ചൂണ്ടിക്കാട്ടിയ അംബേദ്കർ അക്കാലത്തു ഹിന്ദുത്വ വാദികൾ നടത്തുന്ന സാമൂഹിക പരിഷ്കരണത്തെ ശക്തമായി എതിർത്തിരുന്നു. “നീലക്കണ്ണുള്ള എല്ലാ കുട്ടികളെയും കൊല്ലാൻ ബ്രിട്ടീഷ് പാർലമെന്റ് നിയമം പാസാക്കുമെന്നു പ്രതീക്ഷിക്കുന്നതുപോലെയാണ്” എന്നതായിരുന്നു അംബേദ്കറിന്റെ ഒട്ടും മയമില്ലാത്ത താരതമ്യം. ജാതിയെ മൂല്യാടിസ്ഥാനത്തിൽ നിർമിക്കാമെന്ന ആര്യസമാജത്തിന്റെ നാട്യത്തെ അംബേദ്കർ പ്രത്യേകം കളിയാക്കി.
അത്തരം ശ്രമങ്ങളെല്ലാം നിരർഥകമാണെന്ന് അദ്ദേഹം കരുതി. വേദങ്ങളുടെ കാനോനികത ചോദ്യം ചെയ്തുകൊണ്ടാണ് അംബേദ്കർ വിമർശനം തുടങ്ങുന്നത്. അംബേദ്കർക്കു മുന്പ് ഒരു ഇന്ത്യക്കാരനും പുരുഷസൂക്തം അധാർമികമാണെന്നും അതിനു കുറ്റകരമായ ഒരു ഉദ്ദേശ്യമുണ്ടെന്നും അതിന്റെ ഫലം സാമൂഹികവിരുദ്ധമാണെന്നും പറഞ്ഞിട്ടില്ല. തീവ്രഹിന്ദുത്വ ആശയത്തെയും അതിനുള്ളിലെ മനുഷ്യത്വവിരുദ്ധതയെയും ആധികാരികമായി വിമർശിച്ച അംബേദ്കറുടെ ദർശനങ്ങൾ ഒരുകാലത്തും ബിജെപിക്കു ദഹിക്കില്ല.
ബിജെപിയുടെ അസ്വാരസ്യം
അമിത് ഷായുടെ കഴിഞ്ഞദിവസത്തെ പരാമർശത്തിനു പിന്നിൽ ഭയം നിറഞ്ഞതും പരിഹരിക്കാൻ സാധിക്കാത്തതുമായ നിരവധി കാരണങ്ങളുണ്ട്. എക്കാലത്തും അംബേദ്കറുമായുള്ള ബിജെപിയുടെ അസ്വാരസ്യത്തിനു കാരണം അദ്ദേഹം ഹിന്ദുത്വയുടെ സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ അടിത്തറയെ നേരിട്ടു വിമർശിച്ചിരുന്നു എന്നതാണ്. കുറച്ചുനാളായി രാഷ്ട്രീയനേട്ടത്തിനായി ബിജെപി അദ്ദേഹത്തെ ആദരിക്കാൻ ശ്രമിക്കുമ്പോൾതന്നെ, ജാതിയെയും മതത്തെയുംകുറിച്ചുള്ള അംബേദ്കറുടെ വിപ്ലവകരമായ ആശയങ്ങൾ അവരുടെ വിശാലമായ അജണ്ടയുമായി അടിസ്ഥാനപരമായി വിയോജിക്കുന്നുണ്ട്. ഇക്കാരണത്താൽ സംഘപരിവാറിന് ഒരുപരിധിയോളം ഇന്ത്യൻ ബഹുസ്വരതയെ രാഷ്ട്രീയലക്ഷ്യത്തിനായി അംഗീകരിക്കേണ്ടിയും വരുന്നുണ്ട്. അതുപോലെ ബിജെപി അനുയായികൾ തെറ്റിദ്ധരിപ്പിക്കുന്ന ചരിത്ര /സാമൂഹിക വാദങ്ങൾക്ക് വിപരീതദിശയിലാണ് അംബേദ്കർ നിലനിൽക്കുന്നത് എന്നതും അവരുടെ വിയോജിപ്പിനു കാരണമാണ്.
ലോകമെമ്പാടുമുള്ള സർവകലാശാലകളിൽ അംബേദ്കർ പഠനവിഷയമാകുന്നതും ഇന്ത്യയുടെ ഭൂതകാലത്തെയും സമകാലിക അരാഷ്ട്രീയ അവസ്ഥയെയും വിവരിക്കാൻ അംബേദ്കർ ചിന്താപദ്ധതി സഹായകമായി തീരുന്നതും ബിജെപിയുടെ നേതാക്കൾക്ക് ഒട്ടുംതന്നെ പിടിക്കുന്നില്ല.
ഇന്ന് ദളിതരുടെയും പിന്നാക്കജാതികളുടെയും രാഷ്ട്രീയമുന്നേറ്റത്തിന്റെ ഐക്കൺ ആയി മാറുന്നത് അംബേദ്കർ ഒരാൾ മാത്രമാണ്. ജാതി നിലനിർത്തി വളരുന്ന ബിജെപിക്ക് അംബേദ്കർ ആശയങ്ങളെ കടുകുമണിയോളം പോലും വിമർശിക്കാനാകില്ല. മനുസ്മൃതി കത്തിച്ച, താനൊരു ഹിന്ദുവായി മരിക്കില്ല എന്നു പ്രഖ്യാപിച്ച, ഭരണഘടന നിർമിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച അംബേദ്കറെ അംഗീകരിക്കാൻ ഹിന്ദുത്വശക്തികൾക്കു കഴിയില്ല എന്നതിന്റെ സൂചകമാണ് അമിത് ഷാ. ഈ കാരണത്താൽ മുൻജന്മ പാപം, പുണ്യം എന്നീ സങ്കല്പങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യൻ എന്ന പദം അപരിചിതമായിരുന്ന ഇന്ത്യൻ സമൂഹത്തിൽ മനുഷ്യൻ, മനുഷ്യത്വം എന്നിവ അവതരിപ്പിച്ച അംബേദ്കറുടെ പേരാണ് ഏതൊരു പൗരനും ഉരുവിടേണ്ടത് എന്നതിനു യാതൊരു സംശയവുമില്ല.
(ലേഖകൻ കൊല്ലം ഫാത്തിമമാത നാഷണൽ കോളജിലെ ചരിത്രവിഭാഗം അധ്യാപകനാണ്)
ഉരുളില് ഉലഞ്ഞവരെ ഉയര്ത്തണം
പുഞ്ചിരിമട്ടം-മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രസര്ക്കാര് തയാറാകണമായിരുന്നു. ഇക്കാര്യത്തില് നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും അനുമതി നല്കാന് ആവശ്യമായ വ്യവസ്ഥകള് ഇല്ലെങ്കില് നിയമത്തില് ഭേദഗതി വരുത്തുവാന് കേന്ദ്രസര്ക്കാര് ഉണര്ന്നു പ്രവര്ത്തിക്കുകയാണു വേണ്ടത്. പാര്ലമെന്റിലും നിയമസഭയിലും നിയമഭേദഗതിയുണ്ടാകുന്നത് എക്സിക്യൂട്ടീവിന്റെ ജനതാത്പര്യം മുന്നിര്ത്തിയാണെന്നിരിക്കെ, ലോകത്തില്തന്നെ സമാനതകളില്ലാത്ത വയനാട് ഉരുള്പൊട്ടലില് എന്തിനാണ് നിസംഗത കാണിക്കുന്നതെന്നത് ദുരൂഹമാണ്.
ദുരന്തഭൂമിയില് പ്രധാനമന്ത്രി നേരിട്ടു സന്ദർശനം നടത്തി കാര്യങ്ങൾ മനസിലാക്കുകയും മുഖ്യമന്ത്രി അദ്ദേഹത്തെ കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തു. കൂടാതെ, ഓഗസ്റ്റ് 17ന് നിവേദനവും നല്കി. വിശദമായ റിപ്പോര്ട്ട് നവംബര് 13നും നല്കി. ഇന്ത്യയുടെ ഫെഡറല് സംവിധാനത്തില് സംസ്ഥാനങ്ങള് യാഥാര്ഥ്യങ്ങളാണെന്നിരിക്കെ എല്ലാ സംസ്ഥാനങ്ങളിലും ഒരേ ആശയക്കാര് ഭരിക്കണമെന്നത് അപ്രസക്തമാണ്. എന്ഡിഎ മുന്നണി രാജ്യം ഭരിക്കുമ്പോള് കേരളം ഭരിക്കുന്നത് എല്ഡിഎഫ് സര്ക്കാരാണ്. അതിനാല് കേരള സര്ക്കാരിനോടുള്ള വിരോധവും അമര്ഷവും പ്രിയങ്ക ഗാന്ധിയുടെ എംപി എന്ന നിലയിലുള്ള സാന്നിധ്യവുംകൂടിയുള്ള പക കേന്ദ്രത്തിനുണ്ടാകാം.
നീതി കാണിക്കാതെ കേന്ദ്രം
ഒരു ഗ്രാമത്തെയും അതിലെ മനുഷ്യരടക്കമുള്ള സകല ജീവജാലങ്ങളെയും അവരുടെ ജീവനോപാധികളെയും തകര്ത്തു താണ്ഡവമാടിയ അതിഭീകരമായ ഉരുള്പൊട്ടലിനെത്തുടര്ന്നുള്ള രക്ഷാപ്രവര്ത്തനങ്ങളില് പ്രധാനമന്ത്രി സ്ഥലം സന്ദര്ശിച്ചശേഷം നടത്തിയ വെളിപ്പെടുത്തലുകളില് പറഞ്ഞത് വയനാടിനായി എത്ര തുക വേണമെങ്കിലും ആവശ്യംപോലെ തരുമെന്നാണ്.
2023 മുതല് ഇന്ത്യയിലുണ്ടായ പ്രകൃതിദുരന്തങ്ങളില് ഉത്തരാഖണ്ഡ്, ആന്ധ്ര, തമിഴ്നാട്, ത്രിപുര, ഹിമാചല്പ്രദേശ്, ബിഹാര് തുടങ്ങിയ സംസ്ഥാനങ്ങള്ക്ക് പോസ്റ്റ് ഡിസാസ്റ്റര് നീഡ്സ് അസസ്മെന്റ് (പിഡിഎന്എ) പ്രകാരം തുക അനുവദിച്ചത് കേവലം നിവേദനം നല്കിയതിന്റെ ഫലമായല്ല. പ്രധാനമന്ത്രിയും കേന്ദ്ര ഭരണാധികാരികളും നേരില്ക്കണ്ടു മനസിലാക്കിയ കാര്യങ്ങളില് പ്രത്യേക നിവേദനങ്ങളില്ലാതെതന്നെ സഹായധനം അനുവദിക്കേണ്ടതായിരുന്നു. കേന്ദ്രം കേരളത്തിന്റെ 14 ജില്ലകള്ക്കുമായി തരേണ്ടതായ മൊത്തം ദുരിതാശ്വാസ തുകയുടെ ഒരു ഭാഗം മാത്രം തന്നശേഷം കേരളത്തിന് തുക നല്കിയെന്നു പറയുന്നത് തികച്ചും ബാലിശമായ വാദമാണ്. കേന്ദ്രം ഇക്കാര്യത്തില് നീതി കാണിച്ചിട്ടില്ല.
ദുരന്തമുഖത്തെ പ്രശ്നങ്ങളെ പരിഹരിക്കാന് കേരള സര്ക്കാര് ആദ്യദിവസങ്ങളില് സമയബന്ധിതമായും മാതൃകാപരമായും പ്രവര്ത്തിച്ചു. എന്നാല്, ഗ്രാമപഞ്ചായത്തും ജില്ലാതല ഡിപ്പാര്ട്ട്മെന്റല് സംവിധനങ്ങളും തുടക്കത്തിലുണ്ടായിരുന്ന ജാഗ്രത പിന്നീട് കാണിച്ചില്ല. സർക്കാർ കാണിച്ച ശുഷ്കാന്തിയില് ഒപ്പം നില്ക്കാനും കാര്യങ്ങള്ക്ക് കൃത്യത വരുത്താനും ഉദ്യോഗസ്ഥര്ക്കു കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിനു നല്കേണ്ട നിവേദനത്തിന് കാലതാമസം വരുത്തിയത് ആരാണെന്നു കണ്ടെത്തി നടപടിയുണ്ടാകേണ്ടതാണ്.
ദുരിതം പെയ്തിറങ്ങി നഷ്ടങ്ങള് മാത്രം പേറേണ്ടിവന്ന ഒരു ജനതയെ രക്ഷിക്കാന് അധികാരികളെല്ലാം ഒരു നിമിഷം പോലും കളയാതെ ഉണര്ന്നു പ്രവര്ത്തിക്കേണ്ടിയിരുന്നു, അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന് നമ്പ്യാര്, സി.പി. മുഹമ്മദ് റിയാസ് എന്നിവരുടെ ബെഞ്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഇക്കാര്യത്തിലുണ്ടായ പാകപ്പിഴ ചൂണ്ടിക്കാട്ടി ശക്തമായി പ്രതികരിച്ചത്.
പരസ്പരം കുറ്റാരോപണമല്ല; മറിച്ച്, കാര്യങ്ങള് നല്ല നിലയില് നടത്താനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുകയാണു വേണ്ടത്. എസ്ഡിആര്എഫില് ലഭിക്കുന്ന തുക കേരളത്തിനാകമാനമുള്ള ദുരന്തനിവാരണ പ്രതിവിധിക്കുള്ളതാണ്. എന്നാല്, ആയതിലേക്ക് വയനാട് ജില്ലയില് ഈ പ്രത്യേക സാഹചര്യത്തില് എത്ര തുക നീക്കിവച്ചുവെന്ന കോടതിയുടെ ചോദ്യത്തിന്, കോടതിയില് ഹാജരായ ചുമതലക്കാരനായ അക്കൗണ്ട്സ് ഓഫീസര് പറഞ്ഞ മറുപടി വളരെ ലാഘവത്തോടെയായിരുന്നു. ഞാന് ചുമതലയേറ്റെടുത്തിട്ട് 12 ദിവസമേ ആയുള്ളൂവെന്നായിരുന്നു ആ മറുപടി. ഇതില് നിന്നു വ്യക്തമാണല്ലോ ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ ജാഗ്രതക്കുറവ്.
ഉദ്യോഗസ്ഥരുടെ പങ്ക്
ഹൈക്കോടതി മുമ്പാകെ ആവശ്യമായ വിവരശേഖരണം നടത്തി നല്കാന് ഉദ്യോഗസ്ഥര് ശ്രമിച്ചില്ല. ഇതിലുണ്ടായ ജാഗ്രതക്കുറവും ഉദാസീനതയും സർക്കാർ ശ്രദ്ധിക്കേണ്ടതല്ലേ? നാടിന്റെ നിയമങ്ങളും ചട്ടങ്ങളും ഉദ്യോഗസ്ഥകരങ്ങളില് പൊതുസമൂഹത്തിന് ഗുണകരമായിട്ടാണോ? ഇക്കാര്യം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തങ്ങളുടെ ഭദ്രതയ്ക്കായി നിയമങ്ങളെയും ചട്ടങ്ങളെയും ആവശ്യാനുസരണം ഉപയോഗപ്പെടുത്തുന്നതിന്റെ നേര്ക്കാഴ്ച കേരളം എത്രയോ തലങ്ങളില് കണ്ടുകഴിഞ്ഞു.
ആദായനികുതി നല്കുന്ന ഉദ്യോഗസ്ഥര് പോലും സാമൂഹ്യക്ഷേമ പെന്ഷന് കൈയിട്ടു വാരിയെടുത്തില്ലേ? ഒരു സർക്കാരിന്റെ പ്രതിച്ഛായ ഉയര്ത്തുന്നതിലും നശിപ്പിക്കുന്നതിലും സര്ക്കാര് ഉദ്യോഗസ്ഥരുടെ പങ്ക് വളരെ വലുതാണ്. ദുരന്തബാധിത പ്രദേശത്തെ സഹായിക്കാന് ആവശ്യമായ ഫണ്ട് കേന്ദ്രം അനുവദിക്കണം. ഇക്കാര്യത്തില് കേരളം നല്കിയ രേഖകൾ പരിശോധിച്ചു കൃത്യത വരുത്തണം. ഇവിടെ അതുണ്ടായില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സര്ക്കാരുകള്ക്ക് മുന്നറിയിപ്പു നല്കിയത്.
ദുരന്തഭൂമിയില് നടപ്പാക്കുന്ന എല്ലാറ്റിനും കൃത്യത വേണമെന്ന ബോധ്യത്തിലാണ് കേന്ദ്രമെങ്കില് നമ്മളതു ചെയ്യണം. ഒരു കാരണത്താലും തന്റെ ജോലിക്കോ വിരമിക്കല് തുക ലഭിക്കുന്നതിലോ ഒരു തട്ടുകേടും സംഭവിക്കാന് പാടില്ലെന്ന നിലയില് ഫയല് ഉന്തുന്ന ഉദ്യോഗസ്ഥസമൂഹമാണ് കേരളത്തിലുള്ളത്. സംഘബോധത്തിന്റെ പ്രേരണയാലുള്ള അഹങ്കാരം അവരില് നാള്ക്കുനാള് വര്ധിക്കുകയാണ്.
ഒരു സാധാരണ ക്ലര്ക്കിന്റെ അഭിപ്രായം ഫയലില് കണ്ണുതുറന്ന് വായിച്ചു മനസിലാക്കാന് പോലും തുനിയാത്ത ഐഎഎസ് മിടുക്കന്മാരുടേതാണ് നമ്മുടെ ഭരണകേന്ദ്രം. അവിടെനിന്ന് ആരും നന്മ പ്രതീക്ഷിക്കേണ്ട. “ഒരു ഫയല് ഒരു ജീവിതമാണ്” എന്ന മുഖ്യമന്ത്രിയുടെ വാക്കുകള് കേരളം കേട്ടതാണ്. എന്നാല്, ഓരോ ഫയലും എങ്ങനെ ചെയ്യാതെ കുരുക്കിലാക്കാമെന്ന, തികച്ചും ജനവിരുദ്ധ ഉഗ്യോഗസ്ഥ മനോഭാവത്തെ മാറ്റാതെ ദുരന്തത്തിലോ, മഹാദുരന്തത്തിലോ നമുക്ക് മുന്നോട്ടു പോകാനാകില്ല. ഉദ്യോഗസ്ഥരല്ല ജനാധിപത്യസർക്കാർ എന്നു ബോധ്യപ്പെടുത്താന് സര്ക്കാരിന് ചുമതലയുണ്ട്. ഗൗരവമേറിയ ആവശ്യങ്ങൾ നിര്വഹിക്കാനായി സർക്കാർ ജാഗ്രതയോടെ ഉണര്ന്നു പ്രവര്ത്തിക്കണം.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടും സർക്കാരിന്റെ അലംഭാവവും
ജനസംഖ്യ, സാമ്പത്തികശേഷി, സർക്കാർ ജോലിയിലുള്ള പങ്കാളിത്തം തുടങ്ങി വിവിധ തലങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾ ശോഷിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈസ്തവ പിന്നാക്കാവസ്ഥ കേരളത്തിൽ ചർച്ചാവിഷയമായി മാറിയത്. സർക്കാർ കഴിഞ്ഞാൽ സാമൂഹികസേവന, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഏറ്റവുമധികം സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന വിഭാഗമെങ്കിലും സാമുദായികമായി ക്രൈസ്തവർ ദുർബലരായിക്കൊണ്ടിരിക്കുന്നു. കാർഷിക മേഖലയിൽ പൊതുവായും മലയോര-കുടിയേറ്റ മേഖലകളിൽ പ്രത്യേകിച്ചും തീരദേശ പ്രദേശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന വിവിധ പ്രതിസന്ധികളും ക്രൈസ്തവസമൂഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഈ വിഷയം സമഗ്രമായി പഠനവിഷയമാക്കാനും പ്രതിവിധികൾ കണ്ടെത്താനും ഒരു കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യം ഉയർന്നുവന്നത്.
പാലോളി കമ്മിറ്റിയും ജെ.ബി. കോശി കമ്മീഷനും
2005ൽ മൻമോഹൻ സിംഗ് മന്ത്രിസഭ മുസ്ലിം പിന്നാക്കാവസ്ഥ പഠിക്കാനായി സച്ചാർ കമ്മിറ്റിയെ നിയമിക്കുകയും കമ്മിറ്റി നിർദേശങ്ങൾ കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിദഗ്ധോപദേശങ്ങൾക്കായി കേരള സർക്കാർ പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റിയെ നിയോഗിക്കുകയും തുടർന്ന്, കമ്മിറ്റിയുടെ റിപ്പോർട്ടിന് അനുസൃതമായി മുസ്ലിം ക്ഷേമപദ്ധതികൾ കേരളത്തിൽ ആസൂത്രണം ചെയ്യപ്പെടുകയും നടപ്പാക്കപ്പെടുകയും ചെയ്തതുമാണ് ഇത്തരമൊരു ആവശ്യത്തിന് മാതൃകയായുണ്ടായിരുന്നത്. 2020 നവംബറിലാണ് ക്രൈസ്തവരുടെ ദീർഘകാല ആവശ്യം പരിഗണിച്ച് സംസ്ഥാന മന്ത്രിസഭ ജസ്റ്റീസ് ജെ.ബി. കോശി അധ്യക്ഷനും ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ്, ജേക്കബ് പുന്നൂസ് ഐപിഎസ് എന്നിവർ അംഗങ്ങളുമായി കമ്മീഷനെ നിയോഗിക്കാൻ തീരുമാനിച്ചത്.
വലിയ പ്രതീക്ഷയോടെയാണ് ക്രൈസ്തവസമൂഹം സർക്കാരിന്റെ ഇടപെടലിനെയും കമ്മീഷനെയും കണ്ടത്. രണ്ടര വർഷം നീണ്ട വിശദമായ പഠനമാണ് ജെ.ബി. കോശി കമ്മീഷൻ നടത്തിയത്. 4.87 ലക്ഷം പരാതികൾ കമ്മീഷൻ സ്വീകരിച്ചതിനു പുറമെ, വിവിധ രൂപതകളും സംഘടനകളും ക്രൈസ്തവസഭകളും സമർപ്പിച്ച വിശദമായ റിപ്പോർട്ടുകളും പരിഗണിക്കുകയുണ്ടായി.
തൃശൂർ പാറോക്ക് (PAROC) ഗവേഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ സീറോ മലബാർ സഭ തയാറാക്കിയ റിപ്പോർട്ട് ഉദാഹരണമാണ്. കേരളത്തിലെ ഏഴായിരത്തോളം സീറോ മലബാർ കുടുംബങ്ങളുടെ സാമൂഹിക-സാമ്പത്തിക-തൊഴിൽ-വിദ്യാഭ്യാസ സ്ഥിതിവിവര കണക്കുകൾ ശാസ്ത്രീയമായി അപഗ്രഥിച്ച് തയാറാക്കിയ റിപ്പോർട്ടായിരുന്നു പാറോക്ക് സമർപ്പിച്ചത്. ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ ജെ.ബി. കോശി കമ്മീഷൻ തയാറാക്കിയ വിശദമായ റിപ്പോർട്ടും മുന്നൂറോളം നിർദേശങ്ങളും 2023 മേയിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കപ്പെട്ടു.
നടപടികളിൽ അലംഭാവം
2008 ഫെബ്രുവരി മാസത്തിൽ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്ന് അന്നത്തെ ഇടതുപക്ഷ മന്ത്രിസഭ വിഷയം ഉടനടി പരിഗണിക്കുകയും കേവലം രണ്ട് മാസങ്ങൾക്കുശേഷം 2008 ഏപ്രിൽ 30ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ, പാലോളി കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാൻ തീരുമാനമെടുക്കുകയും പ്രായോഗിക നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, സമർപ്പിക്കപ്പെട്ട് ഒന്നര വർഷം പിന്നിടുമ്പോഴും കാര്യമായ നടപടിക്രമങ്ങളൊന്നും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല എന്നുള്ളത് കടുത്ത അനീതിയും വിവേചനവുമായേ വിലയിരുത്താൻ കഴിയൂ. ക്രൈസ്തവരുടെ കാര്യത്തിൽ സംഭവിക്കുന്ന ഈ കടുത്ത വിവേചനം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
വാഗ്ദാനങ്ങളും പ്രത്യേക സമിതിയും
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ട് മാസങ്ങളോളം സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാതെ വന്നപ്പോൾ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. നടപടികൾ സ്വീകരിക്കാത്തതും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താതെ രഹസ്യമാക്കി വച്ചിരിക്കുന്നതും വ്യാപകമായി വിമർശിക്കപ്പെട്ടു. തുടർന്ന്, റിപ്പോർട്ടിലെ നിർദേശങ്ങളടങ്ങിയ ഭാഗം മാത്രം അനൗദ്യോഗികമായി പുറത്തുവരികയുണ്ടായി. അപ്രകാരം പുറത്തുവന്ന ഡോക്യുമെന്റിൽ 284 നിർദേശങ്ങളാണ് ഉൾപ്പെട്ടിരുന്നത്. ഓരോ നിർദേശവുമായും ബന്ധപ്പെട്ട ഭരണ വകുപ്പുകളുടെ പരിഗണനയ്ക്കായി പൊതുവായി നൽകിയ ഡോക്യുമെന്റായിരുന്നു അത്.
മേല്പറഞ്ഞ നടപടിക്കു ശേഷവും യാതൊന്നും സംഭവിക്കുകയോ ഔദ്യോഗികമായി പൂർണരൂപത്തിൽ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുകയോ ചെയ്യാതെ വന്നപ്പോൾ വീണ്ടും പ്രതിഷേധ സ്വരങ്ങൾ ഉയർന്നു. കഴിഞ്ഞ ഡിസംബർ 27ന് ന്യൂനപക്ഷ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച ന്യൂനപക്ഷ മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞത് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ ഉടൻ നടപ്പാക്കുമെന്നാണ്. വീണ്ടും ഏതാനും മാസങ്ങൾക്കു ശേഷം 2024 മാർച്ചിൽ പുതിയൊരു നീക്കം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായും പൊതുഭരണവകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളായുമുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചതായിരുന്നു അത്. എല്ലാ രണ്ടാഴ്ചകളിലും കമ്മിറ്റി യോഗം ചേരുമെന്നും ആവശ്യമുള്ള ഘട്ടങ്ങളിൽ മറ്റു വകുപ്പ് സെക്രട്ടറിമാരെയും യോഗത്തിൽ പങ്കെടുപ്പിക്കുമെന്നും അന്ന് അറിയിച്ചിരുന്നു. ഫിഷറീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾക്ക് മുൻഗണന നൽകണമെന്നും കുറഞ്ഞ സമയത്തിനുള്ളിൽ നടപ്പാക്കാൻ കഴിയുന്ന നിർദേശങ്ങൾ കണ്ടെത്തി ഒരു മാസത്തിനുള്ളിൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് പ്രസ്തുത കമ്മിറ്റി നല്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, കമ്മിറ്റി രൂപീകരിക്കപ്പെട്ട് ഒമ്പത് മാസങ്ങൾ പിന്നിട്ടിട്ടും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ പരിഗണന കാത്തുകിടക്കുന്നു. 2023 മാർച്ചിൽ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇത്തരമൊരു കമ്മിറ്റിയെ നിയോഗിച്ചത് ഒരു രാഷ്ട്രീയതന്ത്രം മാത്രമായിരുന്നു എന്ന സംശയത്തെ സാധൂകരിക്കുന്ന അലംഭാവമാണ് ഈ കമ്മിറ്റിയുടെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്.
സഭാ തലവന്മാരും വിവിധ സമുദായ സംഘടനാ നേതൃത്വങ്ങളും മുഖ്യമന്ത്രിക്കു മുന്നിൽ ഈ വിഷയം പലപ്പോഴായി അവതരിപ്പിച്ചിട്ടുണ്ട്. ഉടൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുകയും കമ്മീഷന്റെ നിർദേശങ്ങൾ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും എന്ന അദ്ദേഹത്തിന്റെ ഉറപ്പുകൾ ഇനിയും പാലിക്കപ്പെട്ടിട്ടില്ല.
സർക്കാരിന്റെ ആത്മാർഥതയില്ലായ്മ
2020ൽ ജെ.ബി. കോശി കമ്മീഷൻ നിയോഗിക്കപ്പെട്ട കാലം മുതലുള്ള നാലു വർഷത്തിനിടെ ഇടതുപക്ഷ സർക്കാർ പലവിധത്തിൽ നൽകിയ വാഗ്ദാനങ്ങളും ഉറപ്പുകളും ആത്മാർഥതയില്ലാത്തവയായിരുന്നു എന്ന സംശയം മാസങ്ങൾ കഴിയുംതോറും ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കമ്മീഷന്റെ രൂപീകരണ കാലം മുതൽ പലവിധത്തിലുള്ള അലംഭാവങ്ങൾ പ്രകടമായിരുന്നു. ഓഫീസ് സൗകര്യം പോലുമില്ലാതെ കമ്മീഷന്റെ പ്രവർത്തനങ്ങൾ തുടങ്ങേണ്ടിവന്നത് ഉദാഹരണം മാത്രം. ഇതിനകം സർക്കാർ സ്വീകരിച്ചിരിക്കുന്ന രണ്ടു നടപടികളും ഇത്തരത്തിൽ സംശയത്തിന്റെ നിഴലിലാണ്. ഒരു വർഷം മുമ്പുതന്നെ ബന്ധപ്പെട്ട ഭരണവകുപ്പുകൾക്ക് നിർദേശങ്ങൾ കൈമാറുകയും തീരുമാനമെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വീണ്ടും രണ്ടുമാസങ്ങൾക്കു ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ച് ഉടനടി നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവ് നൽകി. സർക്കാർ സ്വീകരിച്ച ഈ രണ്ട് നടപടികൾക്കും പ്രായോഗികമായ ഫലമുണ്ടായില്ല എന്നത് ഗൗരവമായി അന്വേഷിക്കേണ്ട വിഷയം തന്നെയാണ്.
പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും ഇലക്ഷൻ ഘട്ടത്തിലും രംഗം ശാന്തമാക്കാനായും രാഷ്ട്രീയ നേട്ടങ്ങൾക്കായും നടത്തുന്ന നീക്കങ്ങൾ മാത്രമാണോ കഴിഞ്ഞ നാലുവർഷങ്ങളായി കണ്ടുവരുന്നത് എന്ന ആശങ്ക അടിസ്ഥാനമില്ലാത്തതല്ല. പ്രതിഷേധങ്ങളെ ശമിപ്പിക്കാനുള്ള തന്ത്രം മാത്രമാണോ സർക്കാർ സ്വീകരിച്ചിരിക്കുന്ന ഫലരഹിത നടപടികൾ എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടത് സർക്കാർ തന്നെയാണ്. കമ്മീഷനെ നിയമിച്ചതടക്കം ഇക്കാലയളവിൽ സർക്കാർ എടുത്ത തീരുമാനങ്ങളും നൽകിയ നിർദേശങ്ങളും ആത്മാർഥമാണെങ്കിൽ അത് തെളിയിക്കാനുള്ള യുക്തമായ പ്രായോഗിക നടപടികൾ സ്വീകരിക്കുകയും ഒപ്പം കമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപം ഉടനടി പ്രസിദ്ധീകരിക്കുകയും വേണം.
അംബേദ്കറുടെ ചിന്തയും ദർശനവും
“ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നീ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഭരണഘടനയുള്ള എന്റെ രാജ്യമായ ഇന്ത്യയെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു” - ഡോ. ബി.ആർ. അംബേദ്കർ
അനീതി നിറഞ്ഞ സാമൂഹികവ്യവസ്ഥകളെ വെല്ലുവിളിക്കാനും മാറ്റിമറിക്കാനുമുള്ള രാഷ്ട്രീയബോധ്യങ്ങൾക്കുള്ള ശക്തിയുടെ തെളിവാണ് ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതവും പ്രവർത്തനങ്ങളും. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർക്കും സാമൂഹികനീതിക്കുവേണ്ടി പോരാടുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കും അദ്ദേഹം ഒരു രാഷ്ട്രീയചിന്തയും മാതൃകയുമാണ്.
സാമൂഹികനീതി, സമത്വം, ജാതി ഉന്മൂലനം എന്നിവയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു ഡോ. ബി.ആർ. അംബേദ്കറുടെ ചിന്താലോകം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നിലനിൽക്കുന്ന ഒരു സമൂഹത്തെ അദ്ദേഹം വിഭാവനം ചെയ്തു. ഈ തത്വങ്ങളിൽ വേരൂന്നിയതായിരുന്നു അംബേദ്കറുടെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട്. ഒരു ദളിതൻ എന്ന നിലയിൽ അംബേദ്കറുടെ അനുഭവങ്ങൾ ഇന്ത്യൻ സാമൂഹികക്രമത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകളെ ആഴത്തിൽ രൂപപ്പെടുത്തി. കൂടുതൽ തുല്യതയും നീതിയുമുള്ള ഒരു സമൂഹത്തിനായുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അദ്ദേഹം മുഖ്യനേതൃത്വം വഹിച്ചു.
പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ശക്തമായ ഒരു ഭരണഘടനാ ചട്ടക്കൂടിലൂടെ മാത്രമേ സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ പരിഹരിക്കാൻ കഴിയൂ എന്ന് അദ്ദേഹം തീക്ഷ്ണമായി വാദിച്ചു. സാമൂഹികനീതിക്കും സമത്വത്തിനും വേണ്ടിയുള്ള അംബേദ്കറുടെ പ്രതിബദ്ധത ഭരണഘടനാ അസംബ്ലിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാനെന്ന നിലയിൽ അദ്ദേഹം ഭംഗിയായി നിർവഹിച്ചു.
ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നിവയെക്കുറിച്ചുള്ള അംബേദ്കറുടെ ആശയങ്ങൾ ശ്രദ്ധേയമാണ്. ഈ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ഭരണഘടനയുള്ള ഇന്ത്യയെക്കുറിച്ച് അദ്ദേഹം അഭിമാനംകൊണ്ടു. ജനാധിപത്യം വെറുമൊരു ഗവൺമെന്റ് രൂപമല്ല; മറിച്ച്, ഒരു ജീവിതരീതിയാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അത് പ്രധാനമായും സഹപൗരമാരോടുള്ള ബഹുമാനാദരവുകൾ നിറഞ്ഞ മനോഭാവമാണ്. സാമ്പത്തികസമത്വവും നീതിയും കൈവരിക്കുന്നതിന് സോഷ്യലിസം അനിവാര്യമാണെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യൻ ഭരണഘടനയ്ക്കുവേണ്ടിയുള്ള അംബേദ്കറുടെ പ്രവർത്തനങ്ങൾ ഇന്ത്യയെ ഒരു മതേതര ജനാധിപത്യ രാഷ്ട്രമായി മാറാൻ സഹായിച്ചു എന്നു സാമ്പത്തികശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെൻ നിരീക്ഷിക്കുന്നു.
നീതിക്കും സമത്വത്തിനും വേണ്ടിയുള്ള സാമൂഹിക പ്രസ്ഥാനങ്ങളെയും പോരാട്ടങ്ങളെയും അംബേദ്കറുടെ ചിന്തകൾ ഇപ്പോഴും പ്രചോദിപ്പിക്കുന്നു. വിദ്യാഭ്യാസം, സാമൂഹിക ശക്തീകരണം, സാമൂഹിക പരിവർത്തനം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്നും പ്രസക്തമാണ്. കൂടുതൽ തുല്യതയും നീതിയിലധിഷ്ഠിതവുമായ ഒരു സമൂഹത്തിനായുള്ള അംബേദ്കറുടെ ചിന്ത പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെയും സാമൂഹിക പ്രസ്ഥാനങ്ങളെയും പ്രചോദിപ്പിക്കുന്നത് തുടരുന്നുവെന്ന് പണ്ഡിതനും ആക്ടിവിസ്റ്റുമായ കാഞ്ച ഇലയ്യ എഴുതുന്നു.
അംബേദ്കറും സംഘപരിവാറും
അംബേദ്കറോടുള്ള സംഘപരിവാറിന്റെ വിദ്വേഷം അദ്ദേഹത്തിന്റെ ശക്തമായ ജാതിവിരുദ്ധ പ്രത്യയശാസ്ത്രത്തിൽനിന്നും സമത്വത്തിനും സാമൂഹികനീതിക്കും പ്രാധാന്യം നൽകുന്ന ഇന്ത്യൻ ഭരണഘടന തയാറാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിൽനിന്നുമാണ് ഉടലെടുത്തത്. ജാതിരഹിത സമൂഹത്തിനായുള്ള അംബേദ്കറുടെ ചിന്ത നിലവിലുള്ള സാമൂഹികശ്രേണി നിലനിർത്താൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തിനു ഭീഷണിയാണ്.
അംബേദ്കർ ചിന്തകളെ വളച്ചൊടിക്കാനും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ സ്വന്തമാക്കാനുമുള്ള ചില ശ്രമങ്ങൾ സംഘപരിവാർ നടത്താറുണ്ട്. അതിൽ അംബേദ്കറോടുള്ള അവരുടെ അവജ്ഞ പ്രകടമാണ്. അംബേദ്കറെ ഒരു ഹിന്ദു ദേശീയവാദിയായി അവതരിപ്പിക്കാൻ അവർ ശ്രമിച്ചു. ഇത് അദ്ദേഹത്തിന്റെ വിശ്വാസങ്ങളുടെ തെറ്റായ ആവിഷ്കാരമാണ്. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയുടെ കടുത്ത വിമർശകനായിരുന്ന അംബേദ്കർ. ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്ത് ഹിന്ദുമതത്തെ പൂർണമായും നിരാകരിച്ചിരുന്നു.
സംഘപരിവാറിന്റെ അംബേദ്കർ വിരുദ്ധവികാരം സംഘടനയ്ക്കുള്ളിലെ ദളിത് അംഗങ്ങളോടുള്ള അവരുടെ പെരുമാറ്റത്തിലും പ്രതിഫലിക്കുന്നു. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച സഹ ആർഎസ്എസ് അംഗങ്ങൾതന്നെ എങ്ങനെ വിവേചനം കാണിച്ചുവെന്ന് മുൻ ആർഎസ്എസ് അംഗമായ ഭൻവർ മേഘവൻഷി വിവരിക്കുന്നു. അത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല, ആർഎസ്എസിനുള്ളിലെ ആഴത്തിൽ വേരൂന്നിയ ജാതി പക്ഷപാതങ്ങളെ എടുത്തുകാണിക്കുന്നു.
സംഘപരിവാറിന് അംബേദ്കറോടുള്ള വിദ്വേഷം പ്രത്യയശാസ്ത്രപരം മാത്രമല്ല, തന്ത്രപരം കൂടിയാണ്. സംഘപരിവാറിന്റെ ബ്രാഹ്മണിക്കൽ അജണ്ടയ്ക്കെതിരേ ദളിതുകളെയും മറ്റ് അരികുവത്കരിക്കപ്പെട്ട സമൂഹങ്ങളെയും അണിനിരത്താൻ അംബേദ്കറുടെ ചിന്തകൾക്ക് ശേഷിയുണ്ട്. അംബേദ്കറെ അപമാനിച്ചും അദ്ദേഹത്തിന്റെ ചിന്തകളെ വളച്ചൊടിച്ചും ദളിതുകളുടെയും മറ്റ് അരികുവത്കരിക്കപ്പെട്ട സമൂഹങ്ങളുടെയും സാമൂഹികവും രാഷ്ട്രീയവുമായ അണിചേരലിനെ ദുർബലപ്പെടുത്താൻ സംഘപരിവാർ ശ്രമിക്കുന്നു. ജാതി, സാമൂഹികനീതി, സമത്വം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിൽ പോരാട്ടം തുടരുമ്പോൾ സംഘപരിവാറിന്റെ വിദ്വേഷ പ്രത്യയശാസ്ത്രത്തിനെതിരായ ചെറുത്തുനില്പിന്റെ ശക്തമായ പ്രതീകമായി അംബേദ്കർ തുടരുന്നു.