റെജി ജോസഫ്
എന്തിനാണ് കേരളത്തിലെ മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇത്രയേറെ പേഴ്സണല്‍ സ്റ്റാഫ് എന്ന ചോദ്യം സുപ്രീം കോടതിയില്‍ വരെ എത്തി നിൽക്കുകയാണ്. ഇവരില്‍ പകുതിയോളം പേര് കൈമെയ്യനങ്ങാതെ കൈനിറയെ വേതനം പറ്റുന്നവരാണെന്നു മാത്രമല്ല രണ്ടര വര്‍ഷം കഴിഞ്ഞാല്‍ ആജീവനാന്ത പെന്‍ഷനും ആനുകൂല്യങ്ങള്‍ക്കും യോഗ്യരുമാകും.
ഖജനാവ് കാലിയാണെന്ന് ആവര്‍ത്തിക്കുമ്പോഴും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഇനിയും 50 ശതമാനം വര്‍ധിപ്പിക്കാനാണ് നീക്കം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇതിന് ആലോചനയുണ്ടായെങ്കിലും ജനവിധി ഭയന്ന് നീട്ടിവച്ചന്നെയുള്ളു.
2018ലാണ് അവസാനമായി നിയമസഭാംഗങ്ങളുടെ ശമ്പളം കൂട്ടിയത്. അന്ന് മന്ത്രിമാരുടെ ശമ്പളം 55,012ല്‍നിന്ന് 97,429 രൂപയാക്കി. എംഎല്‍എ ശമ്പളം 39,500ല്‍നിന്ന് 70,000 രൂപയാക്കി. മന്ത്രിമാര്‍ക്ക് ശമ്പളത്തിന് പുറമെ കിലോമീറ്റര്‍ പരിധിയില്ലാത്ത യാത്രാബത്തയുമുണ്ട്.
മന്ത്രിമാര്‍ക്കും സാമാജികര്‍ക്കും വീടുവയ്ക്കാനും വാഹനം വാങ്ങാനും പലിശരഹിത വായ്പ, സര്‍ക്കാര്‍ ചെലവില്‍ വിദേശത്തുള്‍പ്പെടെ ചികിത്സ തുടങ്ങി അനേകം ആനുകൂല്യങ്ങള്‍. മന്ത്രിമാര്‍ക്ക് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെക്കാള്‍ വേതനം കുറവാണെന്നതാണ് ശമ്പളവര്‍ധന നീക്കത്തിനുള്ള ന്യായീകരണം.
ഖജനാവിനു ഭാരമായി പരിവാരപ്പട
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന് 2013-14ല്‍ 94.15 ലക്ഷം രൂപയാണ് ചെലവഴിച്ചതെങ്കില്‍ 2019-20ല്‍ 2.73 കോടിയായി. മറ്റു മന്ത്രിമാരുടെ സ്റ്റാഫിന്റെ ശമ്പളം 26.82 കോടിയില്‍നിന്ന് 34.79 കോടിയായി. പെന്ഷന് 7.13 കോടിയും ഗ്രാറ്റുവിറ്റിയായി 1.79 കോടിയും ചെലവാക്കി.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫുകളുടെ 2023-24ലെ ശമ്പളം 46.26 കോടിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അടുത്തയിടെ വെളിപ്പെടുത്തി. പിണറായി വിജയന് ആദ്യമായി മുഖ്യമന്ത്രിയാപ്പോള്‍ 2016-17ല്‍ 30.64 കോടിയായിരുന്നു പേഴ്സണല്‍ സ്റ്റാഫുകളുടെ ശമ്പളം. 2016-17 നെക്കാള്‍ 2023- 24 ല്‍ പേഴ്സണല്‍ സ്റ്റാഫിന്റെ ശമ്പളത്തില്‍ 66.23 ശതമാനം വര്‍ധന ഉണ്ടായി.
ഒന്നര ലക്ഷം വരെ പറ്റുന്ന പേഴ്സണല്‍ സ്റ്റാഫിനു പ്രത്യേക വിദ്യാഭ്യാസ യോഗ്യത വേണമെന്നില്ല. മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ എസ്എസ്എല്‍സി യോഗ്യതയുള്ള അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുണ്ട്.
പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി തസ്തികകളിലുള്ളവര്‍ക്ക് സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ സ്കെയിലും പദവിയുമുണ്ട്. അസിസ്റ്റ് പ്രൈവറ്റ് സെക്രട്ടറിക്ക് അണ്ടര്‍ സെക്രട്ടറി റാങ്കില്‍ ശമ്പളം.
നിലവിലെ മന്ത്രിമാരും ചീഫ് വിപ്പും നിയമിച്ച 362 സ്റ്റാഫുകള്‍ക്ക് നല്കാന് മാസം 1.42 കോടി രൂപ വേണം. ഇവരില്‍ ചിലര്‍ ജോലി ചെയ്യുന്നത് പാര്‍ട്ടി ഓഫിസുകളിലും മറ്റിടങ്ങളിലുമൊക്കെയാണ്. ചിലര്‍ ആഴ്ചകളോളം സ്വന്തം വീട്ടില്‍ കഴിയുന്നു.
സംസ്ഥാനത്ത് ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് പെന്ഷന് കിട്ടുക 60 വയസിനു ശേഷമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മിനിമം പെന്ഷന് കുറഞ്ഞത് 10 വര്‍ഷത്തെ സര്‍വീസ് വേണം. എന്നാല്‍, രാഷ്ട്രീയതാല്പര്യവും വ്യക്തിതാല്പര്യവും നോക്കി നിയമനം നേടുന്ന പേഴ്സണല്‍ സ്റ്റാഫ് വിരമിച്ചാല്‍ പിറ്റേമാസം മുതല്‍ പെന്ഷന് അര്‍ഹതയുണ്ട്.
അതായത് പതിനെട്ടാം വയസില്‍ പേഴ്സണല്‍ സ്റ്റാഫില്‍ കയറി ഇരുപതാം വയസില്‍ അവിടെ നിന്നിറങ്ങിയാല്‍ മരണം വരെ പെന്ഷന് വാങ്ങാം. ഓരോ പെന്ഷന് പരിഷ്കരണത്തിലും തുക കൂട്ടിക്കിട്ടുകയും ചെയ്യും.
പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പോസ്റ്റിലൊക്കെ വേതനം ലക്ഷത്തിനും മുകളിലാണ്. ഇവര്‍ക്ക് വിമാനയാത്രവരെ സര്‍ക്കാര്‍ ചെലവിലാണ്. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പേഴ്സണല്‍ സ്റ്റാഫില്‍ പുതിയ നിയമനങ്ങളാണ് പതിവ്.
രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ സ്റ്റാഫിനെ നിയമിക്കുന്നവരുമുണ്ട്. ഇതിനൊക്കെ പുറമെ മുഖ്യമ്രന്തിയും മന്ത്രിമാരും സോഷ്യല്‍ മീഡിയ പ്രമോഷനായി മറ്റൊരു ടീമിനെയും നിയമിച്ചിട്ടുണ്ട്.
ഒരാളെയും കൈവിടാതെ
രണ്ടര വര്‍ഷത്തിനുശേഷം മന്ത്രിസ്ഥാനത്തുനിന്ന് ആന്റണി രാജുവും അഹമ്മദ് തേവര്‍കോവിലും രാജിവച്ചപ്പോള്‍ രാഷ്ട്രീയ നിയമനക്കാരായ 37 പഴ്സണല്‍ സ്റ്റാഫ് ആജീവനാന്ത പെന്ഷന് ഉറപ്പാക്കിയിരുന്നു.
പുതുതായി എത്തിയ സ്റ്റാഫിനും രണ്ടരവര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷനായി. 3,450 രൂപ മുതല്‍ ആറായിരം രൂപ വരെയാണ് പെന്ഷന്. ഡിഎ അടക്കം മറ്റ് ആനുകൂല്യങ്ങളും കിട്ടും. ആന്റണി രാജുവിന്റെ സ്റ്റാഫിലെ 21 പേരില്‍ 19 പേര് രാഷ്ട്രീയ നിയമനമായിരുന്നു.
അഹമ്മദ് ദേവര്‍കോവിലിന്റെ സ്റ്റാഫിലെ 25 പേരില്‍ ഏഴ് പേര് സര്‍ക്കാര്‍ ഡെപ്യൂട്ടേഷനും ബാക്കി രാഷ്ട്രീയ നിയമനവുമായിരുന്നു. രണ്ട് വര്‍ഷവും ഒരു ദിവസവും സ്റ്റാഫില്‍ ഇടംപിടിച്ചാല്‍ മൂന്ന് വര്‍ഷം സര്‍വീസ് കണക്കാക്കി മിനിമം പെന്ഷന് അര്‍ഹത ഉണ്ടെന്നാണ് നിലവിലെ നിയമം.
അതായത് പാചകക്കാരനു മുതല്‍ അസി. പ്രൈവറ്റ് സെക്രട്ടറിക്കുവരെ പെന്ഷന് കിട്ടും. അഡീഷണല്‍ സെക്രട്ടറിക്ക് സെക്രട്ടറിയേറ്റ് അണ്ടര്‍ സെക്രട്ടറിയുടെ റാങ്കാണ്. രണ്ടര വര്‍ഷ സേവനത്തിനുശേഷം 5,500 രൂപ മാസ പെന്ഷന്.
ഡെപ്യൂട്ടി സെക്രട്ടറി റാങ്കാണ് പ്രൈവറ്റ് സെക്രട്ടറിക്ക്. പെന്ഷന് 6,000 രൂപ. സറണ്ടറായി രണ്ടര മാസത്തെ ശമ്പളം വേറെയും ലഭിക്കും. കൂടാതെ ഗ്രാറ്റുവിറ്റിയും പെന്ഷന് കമ്യൂട്ടേഷനുമൊക്കെയുണ്ട്.
മുന്‍പ് മന്ത്രി സജി ചെറിയാന് രാജിവച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിന് മറ്റ് മന്ത്രിമാരുടെ സ്റ്റാഫിലേക്ക് പുനര്‍നിയമനം നല്‍കിയതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അതൃപ്തി അറിയിച്ചിരുന്നു.
മന്ത്രി മുഹമ്മദ് റിയാസിന്റെയും അബ്ദുറഹിമാന്റെയും വി.എന്‍. വാസവന്റെയും സ്റ്റാഫിലേക്കാണ് സജി ചെറിയാന്റെ സ്റ്റാഫിനെ നിയമിച്ചത്. പുനര്‍നിയമനം ഇവരുടെയെല്ലാം പെന്ഷന് ഉറപ്പാക്കാനായിരുന്നു.
മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ് എന്നിവര്‍ക്ക് നിയമിക്കാവുന്ന പേഴ്സണല്‍ സ്റ്റാഫ് ഇങ്ങനെ.
പ്രൈവറ്റ് സെക്രട്ടറി-1, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി -3, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി -4, പേഴ്സണല്‍ അസിസ്റ്റന്റ്-1, അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റ്- 1, ക്ലാര്‍ക്ക്- 2, അസിസ്റ്റന്റ്-1, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് -2, ടൈപ്പിസ്റ്റ് -2 , അലക്കുകാരന്, തേപ്പുകാരന്, പ്യൂണ്‍, വീട്ടുപണിക്കാര്‍ -13.
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാളെയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരില്‍ രണ്ട് പേരെയും സെക്ഷന്‍ ഓഫീസറെയും സര്‍ക്കാര്‍ സര്‍വീസില്‍നിന്നു ഡപ്യൂട്ടേഷനില്‍ നിയമിക്കണമെന്നു വ്യവസ്ഥയുണ്ട്.
ചെലവു ചുരുക്കലിന്റെ ഭാഗമായി മന്ത്രിക്കും വിപ്പിനും 25 പേരെ വീതം നിയമിച്ചാല്‍ മതിയെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, ഭരണത്തിന്റെ അവസാനകാലത്ത് ചട്ടം ഭേദഗതി ചെയ്ത് മുഖ്യമന്ത്രിക്ക് 37 പേരെ നിയമിക്കാന്‍ അവസരമൊരുക്കി.