എം.വി. വസന്ത്
വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കണ്ണുകളെല്ലാം ഇനി പാലക്കാട്ടെ പ്രചാരണയുദ്ധത്തിൽ. ത്രികോണപ്പോരിന്റെ നെരിപ്പോടിൽ ചുട്ടുപൊള്ളുകയാണു പാലക്കാട് നിയമസഭാ മണ്ഡലം. വിജയം അനിവാര്യമാണെന്നിരിക്കേ മൂന്നു മുന്നണികളും പതിനെട്ടടവുകളും പുറത്തെടുക്കുന്നു.
വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ട്വിസ്റ്റുകളും വേണ്ടുവോളം. ഇനിയുള്ള ദിവസങ്ങളിൽ പരമാവധി നേതാക്കളെ മണ്ഡലത്തിലെത്തിച്ചു പ്രചാരണം കൊഴിപ്പിക്കാനാണു മുന്നണികളുടെ നീക്കം. മൂന്നു മുന്നണികളുടെയും പ്രമുഖ നേതാക്കൾ പ്രചാരണത്തിനെത്തുമെന്നു മാത്രമല്ല, മിക്കവരും വോട്ടെടുപ്പ് ദിനമായ 20വരെ പ്രചാരണത്തിൽ സജീവവുമാകും. 18നാണു കലാശക്കൊട്ട്.
റോഡ് ഷോ, ബൈക്ക് റാലി, ഫ്ലാഷ്മോബ്, സ്വീകരണ യോഗങ്ങൾ, അവസാനഘട്ട ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പരിപാടികളാണ് അടുത്ത ദിവസങ്ങളിലേക്കു മുന്നണികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ് ചാനൽ അടക്കമുള്ള സമൂഹമാധ്യമങ്ങളിലും സ്ഥാനാർഥികളുടെ പ്രചാരണം കൊഴുക്കുകയാണ്. 18നു കലാശക്കൊട്ട് കൊഴുപ്പിക്കാനായി വ്യത്യസ്ത പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനശേഷം കേരളം ഏറ്റവും കൂടുതൽ ചർച്ചചെയ്തതു പാലക്കാട് മണ്ഡലമായിരുന്നു. ഡോ. പി. സരിൻ കോൺഗ്രസ് വിട്ട് എൽഡിഎഫ് സ്ഥാനാർഥിയായതോടെയാണ് കളം മുറുകിയത്.
യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലം നിലനിർത്താൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിൽ ബിജെപിക്കു നഷ്ടപ്പെട്ട മണ്ഡലം പിടിച്ചെടുക്കാൻ തദ്ദേശീയനും സംസ്ഥാന സെക്രട്ടറിയുമായ സി. കൃഷ്ണകുമാറും രംഗത്തിറങ്ങിയതോടെ പോരാട്ടം കൂടുതൽ കടുത്തു.
വിവാദങ്ങളുടെ പൊടിപൂരം
തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ പാലക്കാട്ട് ട്വിസ്റ്റോട് ട്വിസ്റ്റാണ്. സ്ഥാനാർഥി പ്രഖ്യാപനംതന്നെയാണ് ട്വിസ്റ്റുകളിൽ മുന്നിൽ. മണ്ഡലത്തിൽ സ്ഥാനാർഥിമോഹികൾ പലരുണ്ടായിട്ടും പുറത്തുനിന്നുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച് കോൺഗ്രസ് ആദ്യമേ വെടിപൊട്ടിച്ചു.
സീറ്റ് കിട്ടാതെ വന്നപ്പോൾ പാർട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തെത്തിയ കോൺഗ്രസിന്റെ സമൂഹമാധ്യമ പ്രചാരണ കൺവീനർ പി. സരിനെ സ്ഥാനാർഥിയാക്കി സിപിഎം യുഡിഎഫിനെ മാത്രമല്ല, എൽഡിഎഫിനെയും അന്പരപ്പിച്ചു. ശോഭാ സുരേന്ദ്രനു വേണ്ടി മണ്ഡലത്തിൽ ഉയർന്ന മുറവിളി കേട്ടില്ലെന്നു നടിച്ച് ബിജെപി നേതൃത്വം സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയതും അപ്രതീക്ഷിതമായി.
പിന്നീട് കണ്ടത് പ്രചാരണവിഷയങ്ങളുടെ പെരുമഴയായിരുന്നു. കണ്ണൂരിലെ പി.പി. ദിവ്യ, തൃശൂർപൂരം, മുനന്പം വിഷയം, ഡീൽ വിവാദം, കത്ത് വിവാദം, കൂറുമാറ്റങ്ങൾ, രാജിവയ്ക്കലുകൾ, എൻ.എൻ. കൃഷ്ണദാസിന്റെ നായപ്രയോഗം തുടങ്ങിയവയെല്ലാം പ്രചാരണരംഗത്ത് നിന്നു കത്തി.
അവയെ എല്ലാം അപ്രസക്തമാക്കുന്നതായിരുന്നു പിന്നീട് വന്ന നീലട്രോളിയും സ്പിരിറ്റ് കടത്തും കള്ളവോട്ട് ആരോപണവും. ഏറ്റവും ഒടുവിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദവും പാലക്കാടിനെ പിടിച്ചു കുലുക്കി. സരിൻ അവസരവാദിയാണെന്നും സ്വതന്ത്രർ വയ്യാവേലിയാകുമെന്നുമുള്ള പരാമർശങ്ങൾ ആത്മകഥയിൽ ഉണ്ടെന്ന പ്രചാരണം എൽഡിഎഫിനെ വല്ലാതെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്.
ഇതിനെതിരേയുള്ള വിശദീകരണങ്ങൾ അത്രകണ്ട് ഏശുന്നുമില്ല. കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന ലോഡ്ജിൽ അർധരാത്രി നടത്തിയ റെയ്ഡ് അക്ഷരാർഥത്തിൽ സിപിഎമ്മിനെ തിരിഞ്ഞുകൊത്തിയെന്നുവേണം പറയാൻ. നീലട്രോളിയിൽ കോൺഗ്രസുകാർ കള്ളപ്പണം കടത്തിയെന്ന ആരോപണത്തിൽനിന്ന് എൽഡിഎഫും എൻഡിഎയും പിന്നോട്ടുപോയിട്ടില്ലെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താൻ പോലീസിനു പോലുമായില്ല.
മണ്ഡലത്തിന്റെ കിഴക്കൻമേഖലയിൽ തുടർച്ചയായ ദിവസങ്ങളിൽ പിടികൂടിയ സ്പിരിറ്റ് സംബന്ധിച്ചാണു മറ്റൊരു വിവാദം ഉടലെടുത്തത്. സ്പിരിറ്റെത്തിച്ചതു കോൺഗ്രസെന്നു പറഞ്ഞ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തിയതോടെയാണ് വിവാദം ഉടലെടുത്തത്.
സിപിഎം ജില്ലാ സെക്രട്ടറി ഇതിനു കൂട്ടുപിടിച്ചെത്തിയപ്പോൾ വിവാദം കൊഴുത്തു. അതിനിടെ സ്പിരിറ്റ് എത്തിച്ചത് ആരാണെന്നടക്കമുള്ള വിവരങ്ങൾ യുഡിഎഫ് പുറത്തുവിട്ടതു വിവാദത്തിനു തിരിതാഴ്ത്തി.
അതിനിടെ ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപിയും കോൺഗ്രസും വ്യാപകമായി കള്ള വോട്ട് ചേർത്തതായി ആരോപിച്ചു സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തി. ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ഭരണം കൈയിലുള്ളവർ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നുമായിരുന്നു ഈ വിഷയത്തിൽ യുഡിഎഫ്, എൻഡിഎ പ്രതികരണം.
ഡീൽ ആരോപണമാണു കത്തിപ്പടർന്ന മറ്റൊന്ന്. വടകരയിലെ സഹായത്തിനു പകരമായി പാലക്കാട്ട് സഹായമെന്ന ഡീലാണ് കോൺഗ്രസും ബിജെപിയും തമ്മിലുള്ളതെന്ന് ഇടതുപക്ഷം ആരോപിക്കുന്നു. മുൻ കോൺഗ്രസുകാരനായ പി. സരിനാണ് ഇതിനു തുടക്കമിട്ടത്.
തദ്ദേശസ്ഥാപനങ്ങളിലേക്ക് അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ ബിജെപിക്കു തുടർഭരണസാധ്യത ഉറപ്പാക്കുന്നതിനാണു ഡീലെന്നു സരിൻ പ്രചാരണയോഗങ്ങളിൽ ആവർത്തിച്ചു പറയുന്നു.
എന്നാൽ, ഡീൽ എൽഡിഎഫും ബിജെപിയും തമ്മിലാണെന്നാണു യുഡിഎഫ് വാദം. പാർട്ടി സ്ഥാനാർഥിയെ നിർത്താതെ മുന്‍പ് പാർട്ടിയെ വെല്ലുവിളിച്ചുനടന്നയാളെ സ്വതന്ത്രപരിവേഷത്തിൽ സിപിഎം രംഗത്തിറക്കുന്നതു ബിജെപിയെ സഹായിക്കാനാണെന്നാണു യുഡിഎഫ് പറയുന്നത്.
ഡീൽ ആരു തമ്മിലായിരുന്നെന്നു വോട്ടെടുപ്പുഫലം വരുന്പോൾ തിരിച്ചറിയാമെന്നു ബിജെപിയും പറയുന്നു. ഒരുകാര്യം ഉറപ്പ്; വിജയിക്കുന്നത് ആരായാലും ഡീലിനെക്കുറിച്ചുള്ള ചർച്ചകൾ തെരഞ്ഞെടുപ്പുഫലം വന്നുകഴിഞ്ഞും തുടരും.
ചുവടുകൾ പിഴയ്ക്കാതെ
സ്ഥാനാർഥിയെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങള്‍ കെട്ടടങ്ങിയതോടെ യുഡിഎഫ് ക്യാമ്പില്‍ ഇപ്പോള്‍ ചിട്ടയിലാണ് കാര്യങ്ങള്‍. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം നിഴല്‍പോലെ മണ്ഡലത്തിലെ മുൻ എംഎൽഎകൂടിയായ ഷാഫി പറമ്പില്‍ എംപിയുണ്ട്.
പാലക്കാട് നഗരസഭയില്‍ ഷാഫിക്കുള്ള സ്വാധീനം നേട്ടമാകുമെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തിലും വൻ മുന്നേറ്റമുണ്ടാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നേരിട്ടാണു വിലയിരുത്തുന്നത്.
എ പ്ലസ് മണ്ഡലമായ പാലക്കാട് വിജയത്തില്‍ കുറഞ്ഞതൊന്നും ഇത്തവണ എന്‍ഡിഎ ലക്ഷ്യമിടുന്നില്ല. കഴിഞ്ഞ തവണ ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ രണ്ടാംസ്ഥാനത്തായിരുന്നു ബിജെപി. ആര്‍എസ്എസാണ് അടിത്തട്ടു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
ബിജെപിക്കു മൂത്താന് സമുദായത്തിലുള്ള സ്വാധീനം പാലക്കാട് നഗരസഭയില്‍ മുതല്‍ക്കൂട്ടാകുമെന്നാണു പ്രതീക്ഷ. മുപ്പതിനായിരത്തിലധികം വോട്ട് പാലക്കാട് നഗരസഭയില്‍നിന്ന് എന്‍ഡിഎ പ്രതീക്ഷിക്കുന്നുണ്ട്.
പത്തനംതിട്ടയിൽനിന്ന് യുഡിഎഫ് ഇറക്കിയ രാഹുൽ, ഒറ്റപ്പാലത്തുനിന്ന് എൽഡിഎഫ് ഇറക്കുമതിചെയ്ത പി. സരിൻ എന്നീ സ്ഥാനാർഥികളേക്കാൾ മികച്ച സ്ഥാനാർഥിയാണ് പാലക്കാടിന്റെ സ്വന്തമായ സി. കൃഷ്ണകുമാർ എന്ന വികാരം ഉണർത്തിയാണ് ബിജെപി പ്രചാരണം.
കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണിയുടെ പ്രചാരണം മുന്നേറുന്നത്. പി. സരിൻ എന്ന പഴയ കോണ്‍ഗ്രസുകാരനിലൂടെ കോൺഗ്രസിലെ അതൃപ്തരില്‍ ഒരുവിഭാഗത്തെ ഒപ്പംകൂട്ടാനാകുമെന്നും അവർ പ്രതീക്ഷ വയ്ക്കുന്നു.
സരിനെ സ്ഥാനാർഥിയാക്കിയതില്‍ ഇടതുപ്രവര്‍ത്തകര്‍ക്ക് ആശയക്കുഴപ്പമുണ്ടാകാതിരിക്കാന്‍ രാഷ്ട്രീയസാഹചര്യം വിശദീകരിച്ചാണ് താഴേത്തട്ടില്‍ എൽഡിഎഫ് കണ്‍വൻഷനുകള്‍ സംഘടിപ്പിക്കുന്നത്. എന്നാൽ പി. സരിന്റെ സ്ഥാനാര്‍ഥിത്വം ഇടതുമുന്നണിയില്‍ നിഷേധവോട്ടുകള്‍ക്ക് ഇടയാക്കുമെന്ന കണക്കുകൂട്ടലിലാണു യുഡിഎഫ്.
പി.വി. അൻവറിന്റെ ഡിഎംകെ സംഘടന വന്പൻ റോഡ്ഷോ നടത്തി രംഗം കൊഴുപ്പിച്ചെങ്കിലും പിന്നീട് സ്ഥാനാർഥിയെ പിൻവലിച്ചു പിന്മാറി. സ്ഥാനാർഥി മിൻഹാജിനെ പിൻവലിച്ച പി.വി. അൻവറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിഎംകെ ജില്ലാ സെക്രട്ടറി ബി. ഷമീർ പാർട്ടി വിട്ടു സ്വതന്ത്രനായി മത്സരരംഗത്തുണ്ട്.
പാലക്കാടിന്റെ പിൻചരിത്രം
2011ൽ സിപിഎമ്മിൽനിന്നു ഷാഫി പറന്പിൽ വഴി കോൺഗ്രസ് പിടിച്ചെടുത്തതാണു പാലക്കാട് മണ്ഡലം. 7,403 വോട്ടായിരുന്നു അന്നു ഷാഫിയുടെ ഭൂരിപക്ഷം. 2016ൽ ഭൂരിപക്ഷം 17,483 ആക്കി ഷാഫി ഉയർത്തി. സിപിഎമ്മിനെ പിന്നിലാക്കി ബിജെപി ആദ്യമായി രണ്ടാം സ്ഥാനത്തെത്തി.
2021ലെ തെരഞ്ഞെടുപ്പിൽ ഷാഫി വിജയം തുടർന്നെങ്കിലും ഭൂരിപക്ഷം 3,859 ആയി ഇടിഞ്ഞു. സിപിഎം അപ്പോഴും മൂന്നാം സ്ഥാനത്ത് തുടർന്നു. വടകരയിൽനിന്നു ഷാഫി എംപിയായതോടെയാണ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഈ പിൻചരിത്രമാണ് പാലക്കാടൻ പോരിനെ ശ്രദ്ധേയമാക്കുന്നത്. പാലക്കാട്ട് മൂന്നു മുന്നണികൾക്കും വിജയം അനിവാര്യമാണെന്നിരിക്കേ ഇനിയും അടവുകൾ പലത് കാണേണ്ടിവരും.